ചൊവ്വാഴ്ച

ഗാനാർച്ചന 3 - കൊടുങ്ങല്ലൂരമ്മ


ഞൊറിഞ്ഞ പട്ടുചേലയിൽ തിളക്കമാർന്ന ചെന്നിറം
കരത്തിലുണ്ടു് ഭദ്രവാൾ ഗളത്തിലായ് കപാലവും
ഭജിച്ചിടുന്നു നിന്നെ ഞാനിറുത്ത തെച്ചിപ്പൂവുകൾ
പദത്തിലേകി ഭൈരവീ, വരപ്രസാദമേകണേ!

മനസ്സു നീറ്റിടുന്നതാ,മിഹത്തിലെ സമസ്യകൾ
എളുപ്പമാക്കിയെന്നെ നീ മുറയ്ക്കു കാത്തിടേണമേ!
സ്തുതിച്ചിടുന്നൊരെന്നെ നീ മറന്നിടൊല്ലെ ശംഭവീ
തെളിച്ചിടേണമെൻവഴി വെളിച്ചമേകിയുള്ളിലായ്!

ഹൃദന്തമാകുമമ്പലം തുറന്നിടുന്നു ഞാൻ സദാ
കനിഞ്ഞുവന്നിരിക്കണേയതിൽ നിതാന്തജ്യോതിയായ്!
സഹസ്രനാമമെന്നുമാ,നടയ്ക്കൽ വന്നുരച്ചിടാൻ 
കടാക്ഷമേകിയെന്നെ നിന്നടുത്തു ചേർത്തിരുത്തണേ!


കറുത്തധൂമമോടെ വൻവെടിക്കുരത്ത ശബ്ദവും 
ശ്രവിച്ചിടേണേ കാളി നീ രിപുക്കളെയൊടുക്കണേ !
മനപ്രയാസമേകുമെൻ, വിഷാദപർവ്വചര്യകൾ
ക്ഷണം സ്മാപ്തമാകുവാൻ, നിസുംഭനിഗ്രഹേ തൊഴാം.

വ്രതത്തൊടെത്തിടാം നടയ്ക്കലന്നു മുന്നിലെത്തി നീ
പ്രിയത്തൊടെന്നെ പുൽകണേ ശ്ശിവസ്സുതേ നമിച്ചിടാം.
അരയ്ക്കുചേർന്നപൊന്മണിക്കിലുക്കവും ചിലമ്പൊലി-
യെനിക്കു കേൾക്കുവാൻ  വരം
മടിച്ചിടാതെ നൽകണേ!

നിനച്ചിടാതെയെത്തുമാ,പ്രയാസഘട്ടമേതിലും
വിറച്ചിടാതെ നീങ്ങുവാൻ തുണച്ചിടേണ,മീശ്വരീ!
വിളക്കുവച്ചുകുമ്പിടാം സ്മരിച്ചുകൊണ്ടു് ചണ്ഡികേ
വരപ്രസാദമേകിയെൻ മനസ്സു ശാന്തമാക്കണേ!

തടുക്കണേ കടുത്തവ്യാധിയൊക്കെയും കൃപാകരീ!
ജഗത്തിലെന്റെ രക്ഷകീ നിനക്കിതാ മമസ്തുതി!
ക്ഷമിച്ചിടേണമെന്നുടെ മഹാപരാധമൊക്കെയും
നമസ്ക്കരിച്ചിടുന്നു ഞാൻ ശിരസ്സുചേർത്തു നിൻപദേ!===============;==================
Picture Courtesy - Google

തിങ്കളാഴ്‌ച

വൈക്കത്തപ്പാ!വൈക്കം വാഴും സർവ്വശുഭംകര!സർവ്വേശാ!
പ്രാതൽ നൽകാം ആകുംപോലെയാ സവിധേ ഞാൻ!
തൃപ്പാദേ ഞാനരിയൊരു കൂവളദളമാകാം
മൽപ്രാണൻ നിൻതിരുവടിചേരാൻ കനിയേണേ.

(ശംഭോ ശങ്കര! ഭൂതഗണപ്രിയ! ഗൗരീശാ
വൈക്കത്തപ്പാ! മുക്കണ്ണാ! ശിവ! പാലയമാം !)


വൈകാതെന്നുടെ ചാരേയണയണമെൻ ദേവാ സന്താപക്കടൽ നീന്താനെന്നും തുണനീയേ!
കണ്ണീരാലൊരുധാരയതേകാം
മുക്കണ്ണാ!
വന്താപങ്ങളിൽ മനസ്സിൻ കുളിരാവേണം നീ! 

(ശംഭോ ശങ്കര! ഭൂതഗണപ്രിയ! ഗൗരീശാ
വൈക്കത്തപ്പാ! മുക്കണ്ണാ! ശിവ! പാലയമാം !)


ഗൗരീശാ നിൻ നാമങ്ങൾ വാഴ്ത്തീടാം ഞാൻ
എന്നാലാവതുപോലെല്ലാം വ്രതമോടെത്താം
വച്ചീടാം മുന്പിന്പേ നടയിൽ വിളക്കും ഞാൻ
നൽകൂ വരമായ് നെടുമംഗല്യം ഭഗവാനേ !

(ശംഭോ ശങ്കര! ഭൂതഗണപ്രിയ! ഗൗരീശാ
വൈക്കത്തപ്പാ! മുക്കണ്ണാ! ശിവ! പാലയമാം !)

==================================Picture courtesy: Google

ചൊവ്വാഴ്ച

ഗാനാർച്ചന 2- കൊടുങ്ങല്ലൂരമ്മ


കൈക്കൂപ്പിനിൽക്കുമ്പോൾ നിനമുന്പിലമ്മേയെൻ-
കണ്ണീർപൊഴിയുന്നതെന്തേ?!
കനിയുകില്ലേയൊരുവേള നീയടിയനിൽ
ഇനിയെന്തുതാമസമമ്മേ?

ദിനവും ജപിച്ചിടുന്നടിയൻ നിൻതിരുനാമ-
മിനിയും നീ കേട്ടിടാഞ്ഞിട്ടോ?,
ഭദ്ര നീ വാഴുന്ന ശ്രീകോവിലിൻ മുന്നിൽ
എന്നും ഞാൻ വന്നിടാഞ്ഞിട്ടോ?
ചൊല്ലു നീയീശ്വരീ, ഭദ്രകാളീ, ജഗ-
ദംബികേ, കർണ്ണകീദേവീ
കനിയുകില്ലേയൊരുവേള നീയടിയനിൽ
ഇനിയെന്തുതാമസമമ്മേ?

ഉറ്റവർപോലുമിന്നത്യമപാരമാം 
ശത്രുതയോടെന്റെ ചുറ്റും
അത്രമേൽ കലിയാർന്നുനിൽക്കും യുഗത്തിലെൻ-
രക്ഷ നീ മാത്രമാണമ്മേ
ശ്രീകുരുംബേശ്വരീ, കാളീ മഹാകാളീ, 
ഭൈരവീ, ശ്രീശംഭുപുത്രീ
കനിയുകില്ലേയൊരുവേള നീയടിയനിൽ
ഇനിയെന്തുതാമസമമ്മേ?


നിറകൺകളോടെ ഞാൻ അർപ്പിക്കുമെൻദുഃഖ-
ഗുരുതി നീ കൈക്കൊണ്ടിടേണേ
അതിൽമുങ്ങും കോമരമാമെന്റെ നെറുകിൽ നിൻ-
ഭദ്രവാൾ തൊട്ടുഴിയേണേ
നിൻചിലമ്പൊച്ച കേട്ടെന്നുടെ വൈരിക-
ളൊക്കെയും പോയ്‌മറയേണേ
അഴലൊക്കെയാറ്റിയെൻ നീറുംമനസ്സിൽ നീ
കുളിർതൂകി കാത്തുകൊള്ളേണേ!

നിൻസ്വദേശം വെടിഞ്ഞേറെപ്രിയമോടെ
വന്നീകൊടുങ്ങല്ലൂർദേശേ
നിത്യചൈതന്യമായ് വാണരുളും ഭക്ത-
വത്സലേ, ശ്രീപരാശാക്തീ
നിൻഭർത്തൃഭക്തിയും, സ്നേഹവും, പാതിവ്ര-
ത്യത്തിന്റെ ശക്തിയും കണ്ടേൻ
മക്കളാം ഞങ്ങൾക്കു സൽമാർഗ്ഗ,മാതൃകാ-
നാരീസങ്കൽപ്പവും നീയേ!


ശ്രീകുരുംബേശ്വരീ, കാളീ മഹാകാളീ, 
ഭൈരവീ, ശ്രീശംഭുപുത്രീ
കനിയുകില്ലേയൊരുവേള നീയടിയനിൽ
ഇനിയെന്തുതാമസമമ്മേ?
ചൊല്ലു നീയീശ്വരീ, ഭദ്രകാളീ, ജഗ-
ദംബികേ, കർണ്ണകീദേവീ
ചൊല്ലു നീയീശ്വരീ, ഭദ്രകാളീ, ജഗ-
ദംബികേ, കർണ്ണകീദേവീ

===================================


Picture Courtesy - Google

തിങ്കളാഴ്‌ച

ശ്രീമഹാദേവസ്തുതി

ജപിക്കുന്നു നാമം സദാ ദേവദേവാ
കൊളുത്തുന്നു ദീപം നടയ്ക്കൽ നിനക്കായ്
മറക്കാതെ നോൽക്കും വ്രതത്താലെ ദുഖം
തടുക്കേണമേ പാർവ്വതീശാ! നമിക്കാം.


ചിരിക്കുന്ന തിങ്കൾ വിളങ്ങും കപർദ്ദം
കനൽക്കണ്ണുറങ്ങും ലലാടം വിശാലം
ഗളത്തിൽ വിഷത്താൽ കടുംനീലവർണ്ണം
തൊഴുന്നേൻ  ഭവാ! നിന്റെ രൂപം മനോജ്‌ഞം!

അഹത്താലെ മങ്ങും മനക്കണ്ണു
കാണാൻ
നമിക്കുന്നു നിത്യം ഹരാ! നിന്റെ പാദം
ശിരസ്സിൽ തൊടേണം വരത്താലെ ശംഭോ
ഇഹത്തിൽ പരാ! മുക്തിമാർഗ്ഗം നീ മാത്രം!   


വിളിച്ചാൽ വരുംചാരെ ശ്രീ മഹാദേവൻ
സഹർഷം വരങ്ങൾ തരും ഭൂതനാഥൻ
അകറ്റും മനസ്സിൻ തമസ്സും ഭജിച്ചാൽ
ഭവിക്കും ശുഭം പാരിടത്തിൽ സമസ്‌തം !

നമസ്തേ നമസ്തേ മഹാദേവ! ശംഭോ!
നമസ്തേ നമസ്തേ ശിവാ! ദേവദേവാ!
നമസ്തേ നമസ്തേ ഉമാകാന്ത! രുദ്രാ!
നമസ്തേ നമസ്തേ നമസ്തേ നമസ്തേ!


==================================== 
(Picture Courtesy – Google giphy.com)ഞായറാഴ്‌ച

ശിവനാമസ്തുതി


മൃത്യുഞ്ജയാ മഹാദേവാ, നിന്നെ
നിത്യം സ്തുതിക്കുന്നൊരെന്റെ
ഹൃത്തിൻകടുംതുടിയ്ക്കൊപ്പം, നിന്റെ
നൃത്തം കൊതിയ്ക്കുന്നെന്നുള്ളം

(ശംഭോ ശിവാ ചന്ദ്രചൂഡാ, ദേവ-
ദേവാ നമസ്തേ നമസ്തേ!
ശങ്കരാ പാർവതീനാഥാ പാഹി-
പാഹിമാം സർവ്വലോകേശാ!)

നോൽക്കും പ്രദോഷവ്രതത്താ-
ലെന്റെ ദോഷങ്ങൾ തീർക്കും ഭവൻ നീ
മോക്ഷമാർഗ്ഗം തെളിഞ്ഞീടാ-
നക,കൂരിരുൾ നീക്കും ഹരൻ നീ!

(ദംഭോ ഹൃദംഭോ വൈദംഭോ വേദ-
കാരോ നമസ്തേ നമസ്തേ!
നൃത്യപ്രിയോ നിത്യനർത്തോ,പാഹി
പാഹിമാം ദീനദയാലോ!)


രുതമാറ്റിടുന്നവൻ നീയേ, രുദ്രാ
അഴലാറ്റുവാൻ നിനക്കേകാം
പ്രിയമുള്ള ധാരയിന്നെന്റെ, ഇരു-
മിഴി പെയ്തുതോരുംവരെ ഞാൻ!

(ഭസ്മപ്രിയാ ലോകപാലാ സർവ്വ-
ചാരീ നമസ്തേ നമസ്തേ!
ധന്വീ ജടീ ജ്വാലി ഖഡ്‌ഗീ പാഹി-
പാഹിമാം മേഘനിവാസീ!)

ഈരേഴുലകും നമിക്കും, നിന്റെ
പാദത്തിൽ കാൽത്തളയാവാൻ
ഈശാന!എന്നുമെന്നാശ, നിറ-
വേറ്റണേ ശർവ്വാ! മഹേശാ!

(വിശ്വനാഥാ ലലാടാക്ഷാ ശൃംഗ-
വാസാ നമസ്തേ നമസ്തേ!
ദേവാസുരേശ്വരാ, ദേവാ പാഹി
പാഹിമാം ലോകൈകനാഥാ!)

ഉഗ്രൻ, പശുപതി, ഭീമൻ; ഭവൻ
ശർവ്വൻ  മഹാദേവനും നീ
ഈശാനൻ, കൃത്തിവാസസ്സും, രുദ്രാ
നിന്റെ നാമങ്ങ,ളസംഖ്യം!

(ഉഗ്രതേജാ മഹാതേജാ ഊർധ്വ-
രേതാ നമസ്തേ നമസ്തേ!
സിദ്ധയോഗീ ലോകചാരീ പാഹി-
പാഹിമാം സർവ്വാന്തർയാമീ!)


തെറ്റുകുറ്റങ്ങൾ പൊറുത്തെൻ സ്തുതി-
കൈക്കൊണ്ടനുഗ്രഹിക്കേണേ!
സങ്കടംതീർത്തെന്റെ ഹൃത്തിൽ, ശിവാ
സന്തതം നീ വാണിടേണേ!

(നമസ്തേ നമസ്തേ നമസ്തേ
നമസ്തേ ദയാപരാ ശംഭോ
നമസ്തേ നമസ്തേ നമസ്തേ
നമസ്തേ ശിവാ ദയാസിന്ധോ! 

നമസ്തേ നമസ്തേ നമസ്തേ
നമസ്തേ ദയാപരാ ശംഭോ
നമസ്തേ നമസ്തേ നമസ്തേ
നമസ്തേ ശിവാ ദയാസിന്ധോ!) 
===============================


Picture courtesy – www.vedicfeed.com തിങ്കളാഴ്‌ച

ഗാനാർച്ചന 1 - കൊടുങ്ങല്ലൂരമ്മശ്രീകുരുംബേ, കാവിലമ്മേ ശ്രീലകത്തെൻ കൈകൾകൂപ്പി
ചൊല്ലിടുന്നേൻ നിന്റെ നാമമന്ത്രമെന്നും ദേവിഭദ്രേ!

അല്ലൽ തീരാൻ തൃപ്പദങ്ങൾ കുമ്പിടുന്നേൻ ഭദ്രകാളീ
എന്നുമെന്നും എൻ തുണയ്‌ക്കെന്നന്തികേ വിളങ്ങിടേണേ!

എൻ മനസ്സിൻ താപമെല്ലാം നിൻ നടയ്ക്കിരുത്തിടുന്നേൻ
എന്നുമെന്നും ശാന്തിയേകിയെൻ മനം നീ കാത്തിടേണേ!

ശത്രുസംഹാരത്തിനായെൻ ഹൃത്തടത്തിൽ നിന്നിറുത്ത
തെച്ചിമലരിൻ ദളങ്ങൾ അർച്ചന ചെയ്യുന്നടിയൻ!

തെറ്റുകുറ്റങ്ങൾ പൊറുത്തെൻ അർച്ചന കൈക്കൊണ്ടു നീയെ-
ന്നിഷ്ടവരമേകിയമ്മേ നിത്യവും തുണച്ചിടേണേ!

കഷ്ടകാലം നേരിടുമെന്നുറ്റവർക്കും ബന്ധുജന-
മിത്രസഞ്ചയത്തിനായും നിന്റെ കാൽക്കൽ കുമ്പിടുന്നേൻ!

ആയുരാരോഗ്യങ്ങൾ നൽകി, സൽഗുണസമൃദ്ധിയേകി
ആശ്രിതർക്കാനന്ദമേകി അമ്മേ നീ വിളങ്ങിടുന്നേൻ!

അജ്ഞത കൊണ്ടിന്നുവരെ ചെയ്ത പാപമൊക്കെയുമി-
ന്നേറ്റു ചൊല്ലിടുന്നൊരെന്നെ കൈവിടല്ലേ ശംഭുപുത്രീ!

ആഴ്ചയിൽ ചൊവ്വാദിനത്തിൽ നോമ്പുനോറ്റിട്ടെത്തിടുമ്പോൾ
ശ്രീയെഴും നിൻരൂപമെന്നെ കാട്ടിടേണേ ശ്രീകുരുംബേ!

നിൻ ചിലമ്പിൻ നാദമെന്റെ കർണ്ണപുടം തന്നിലമ്മേ
വന്നുവീഴാൻ വൈകരുതേ, ഭദ്രകാളീ കൈത്തൊഴുന്നേൻ!

നിൻ കരത്താലെൻ ശിരസ്സിലൊന്നു തൊട്ടനുഗ്രഹിച്ചാൽ
തൽക്ഷണേ മോക്ഷം വരിച്ചെൻ ജീവിതം ധന്യം കുരുംബേ!

നന്ദിയോതാൻ വാക്കുകൾ പോരായെനിക്കിന്നമ്മേ,യെന്റെ-
ശിഷ്ടജന്മം നിന്റെ കാൽക്കൽ വച്ചിതാ ഞാൻ കുമ്പിടുന്നേൻ!
=================================


ചിത്രം - (ഗൂഗിളിൽ നിന്നും)
വ്യാഴാഴ്‌ച

ഓം നമഃശിവായ! ശിവസ്തുതിനന്മകൾക്കു വിളനിലമതാകുമൊരു ദേവാ

നന്ദിയുടെ നാഥ! മമ വന്ദനമിതേകാം
നഞ്ഞറിഞ്ഞ കണ്ഠമതിൽനിന്നു മമ ശംഭോ
നൽകിടണേ നിൻകരുണയോലുമൊരു വാണി!

മന്ത്രജപമുണ്ടു തവ കർണ്ണപുടം തന്നിൽ
മന്ദമധുരം പകരാൻ വൻകൃപ തരേണം
മന്ത്രമതിലഞ്ചിതൾപ്പൂവക്ഷരികൾ ചേരും
മംഗളപ്രദാനമെന്നും "ഓം നമഃശിവായ"!

ശിവ!ശിവനെയെന്ന വിളി,യഴലുകളെയാറ്റും
ശിവനെ! തവ കൃപചൊരിയൂ അനവരതമെന്നിൽ
ശിവദ്രുമദളങ്ങൾ പദകമലമതിൽ ചാർത്താം
ശിവമരുളി മമ ഹൃദയ,മതിലമരൂ ദേവാ!

വാരിജദള,സമമെഴുന്ന തവ നേത്രം
വാരിധികണക്കെ ദയതൂകു,മനസ്യൂതം
വാതിലി,ലാഘോരമൃതി താളമിടും നേരം
വാമകരം തന്നിലെ ത്രിശ്ശൂലമെറിയേണം

യതിവരണമടിയനുടെ ദുരിതങ്ങൾക്കെല്ലാം
യമനുവരെ മൃതി വിധിയായ് നൽകിയ മഹേശാ 
യജനമതുമുറയിൽ മമ ഹൃദിയിലങ്ങേയ്ക്കായ്
യജഥയിലെ പിഴവുകളി,ലരുതരുതേ കോപം!   
 ====================================

Picture Courtesy Google (technicavita.org)