ബുധനാഴ്‌ച

നിദ്രഉണ്ണി തന്‍ നിദ്രയ്ക്കു നീല വര്‍ണ്ണം, ചുരുൾ
കൂന്തലിൽ പീലിയോലുന്ന വര്‍ണ്ണം
അമ്മതന്‍ കണ്ണിൽ വരഞ്ഞ ചന്തം, മുകിൽ
പക്ഷി തന്‍ തൂവൽ വിടര്‍ന്ന ചന്തം.

ഉണ്ണിക്കിനാവുകൾ മിന്നി മിന്നി തെളി-
ഞ്ഞുണ്മയോലും താരകങ്ങളായി
പിഞ്ചുകൈ നീട്ടിയെന്നുണ്ണി ചെല്ലേ , മിന്നാ-
മിന്നിയായ് ദൂരെ പറന്നു പോയി

ഉണ്ണി പടിക്കെട്ട് നീന്തി കടന്നതാ,
ഉമ്മറത്തൂണിൽ പിടിച്ചു നില്‍ക്കെ
പൂക്കളിൽ തേനുണ്ട കുഞ്ഞു പൂമ്പാറ്റയെ
നോക്കിയോ നിദ്രയിൽ നീ ചിരിച്ചു

പാല്‍മണൽ നീളെ നീ പാദം പെറുക്കി വ-
ച്ചോടി നടന്നതു കണ്ടു നില്‍ക്കേ
ചാരെയണഞ്ഞമ്മ കാല്‍ത്തള ചാര്‍ത്തിയ
പാദത്തെ കണ്ണോടു ചേർത്തു വച്ചു

അമ്മ തന്‍ കൈവിരൽ തുമ്പിലൂടക്ഷര-
കൂട്ടുകൾ ചാലിച്ചു നിൻ ചിരിയെ
പുസ്തകത്താളിലും ഉൾത്തകിടൊന്നിലും
എത്രയോ കാവ്യങ്ങൾ തീര്‍ത്തു വച്ചു

അമ്മയല്ലോ എന്നും കൂട്ടിരുന്നു, കുഞ്ഞു-
പഞ്ഞി തലയിണ പിന്നെയല്ലോ
മുത്തി വന്നക്കൈ പിടിച്ചിടുമ്പോൾ, തേങ്ങും-
മുത്തിനെ മാറോടു ചേര്‍ത്തതല്ലോ

നോക്കിയിരിക്കരുതെന്നു ചൊല്ലി, നിദ്ര-
പൂകുകിൽ ഉണ്ണി ഹാ! എന്തു ചേലു്
കണ്ണിമ ചേരാതെ നോക്കിടുവാനെന്റെ-
ഉള്ളം കൊതിപ്പപരാധമാണോ ?