ചൊവ്വാഴ്ച

കർക്കടകം




തോരാത്ത മിഴിയുമായ്  ചാരെയണഞ്ഞൊരു 
കർക്കടകപ്പുലരി
കൂടൊഴിഞ്ഞെന്നോ പറന്നൊരെൻ പൈങ്കിളി
പാടുന്നതോർത്തു നിന്നു

പൊൻക്കതിർക്കറ്റ പൊഴിച്ച നെല്ലിൻ മണി
ഇത്തിരി ബാക്കിയുണ്ടോ
ചിങ്ങമിങ്ങെത്തീടാൻ നാളേറെയില്ല വ-
ന്നെങ്കിലും പഞ്ഞമാസം

മുറ്റത്ത്‌ മുഗ്ദ്ധഹാസം വിടർത്തീടുന്ന

മുക്കുറ്റി പൂച്ചെടിയേ
ഞെട്ടറ്റു കിട്ടിയ പ്ലാവിലത്തുമ്പിൽ നീ-
യിത്തിരി ചാന്ത്‌ തായോ

അഷ്ടമംഗല്യത്തളികയിൽ സിന്ദൂര-
ച്ചാന്തും കരിമഷിയും
വാഴിലച്ചീന്തൊന്നിൽ വേണം ശീവോതിയ്ക്ക്
ചൂടുവാൻ പത്തു പുഷ്പം

കത്തും വിളക്കിന്റെ മുന്നിലിരുന്നൊരു
മുത്തശ്ശി ചൊല്ലുകയായ്‌
ത്യാഗസ്വരൂപൻ ശ്രീരാമദേവൻ പണ്ട്
രാജ്യം വെടിഞ്ഞ കഥ

ഇല്ലായ്മ വല്ലായ്മ നാട് നീങ്ങാൻ ചെയ്ക

വായന രാമായണം
വൈകാതെ കാണാം തെളിഞ്ഞ മാനം, ചിരി
തൂകും വയൽപ്പൂക്കളും