ശനിയാഴ്‌ച

ഏകാന്തം








ഇന്നലെ പെയ്ത മഴയിൽ  കുളിർന്ന  പ്രിയ വസുധതൻ
മുടിത്തുമ്പിലെ തുളസിക്കതിരിനെ തഴുകിയും
ചെറു മഞ്ചാടി മണികൾ വഴിയിലുതിർത്തും
അരിയ മുക്കുറ്റി പൂവിനെ മൃദുവായ് മുകർന്നും
പുൽകറുക ചൂടും നീർമണികളെ ഉടച്ചും
അറിയാത്ത പല പൂവിൻ  സുഗന്ധം പേറിയും
പല വഴി അലഞ്ഞും തിരിഞ്ഞും , പിന്നെ
എണ്ണ മണക്കും അമ്പല നടകൾ  ചുറ്റിയും
കഥകളായിരം മൊഴിഞ്ഞും
അനേക ഋതുശോഭയണിഞ്ഞും വിലസിടുമാ-
ലിലകളിളക്കിയും
കിഴക്കു പൊങ്ങി പരന്ന പൊൻ-
ചിങ്ങ വെയിൽ  പ്രഭയിൽ  കുളിച്ചു നിൽക്കുമെൻ
വീട്ടു തൊടിയിൽ  നടന്നും,
കറുത്ത ചിമ്മിനി വട്ടത്തിൽ  നിന്നുയരും
അമ്മ തൻ  ഇലയട  ഗന്ധവും,
പിന്നെ ഞാൻ കൈവിട്ട സ്വർഗ്ഗാനുഭൂതികളും വഹിച്ചിങ്ങു പോരുക നീ
മനസ്സിൽ  ക്ലാവായ ഓർമ്മകളുമായ് ഞാനിതാ
തുറന്നിടുന്നെൻ ഏകാന്ത ജാലകം നിനക്കായ്.