ബുധനാഴ്‌ച

12) ചന്ദ്രോദയം





എന്നുമെന്‍ വീട്ടു മച്ചിന്റെ നെറുകിലായ്
കുളിര്‍ ചന്ദന തൊടു കുറി പോലെ
നീ അണയുന്ന വേളയില്‍ ഞാനോടിയെത്തും
എന്‍ കൊച്ചു ജനവാതിലിന്‍ അഴിയോരം


താലമേന്തും നിന്‍ വീഥിയില്‍ ദിനവും താരാഗണങ്ങള്‍
മുത്തുകുടയേന്തി നില്ക്കും വെണ്മേഘ ജാലങ്ങള്‍
ആരൊരുക്കി അഭ്രപാളിയില്‍ നിനക്കായ്
ആരും കൊതിച്ചുപോം സിംഹാസനം


മന്ദമിളകും കേരത്തലപ്പുകള്ക്കപ്പുറം
എന്നെയും നോക്കി നീ നില്ക്കും
വശ്യമാം നിന്‍ പുഞ്ചിരി ചേലില്
ഞാന്‍ എന്നെ മറന്നെങ്ങോ പോകും


നീ പൊഴിച്ചിടും വൈഡൂര്യ മുത്തുകള്‍
കാന്തിയെന്‍ മിഴികളിലേകി
നീ ചൊരിഞ്ഞിടും പൈംപാല്‍ നിറവില്‍
ഘോര നിശീഥവും വെണ്ശോഭയേറി


നീ നിറഞ്ഞു നില്ക്കിലോ ആനന്ദം
നേര്‍ത്തു പോകിലോ സങ്കടം
ലോപിച്ചു നീ ശൂന്യമാകിലോ എന്‍ മനം
നിശ്ചലം ചേതനാ ശൂന്യം


നിന്നില്‍ എന്നോ പതിച്ച കരിനിഴല്‍
എന്‍ ദുഃഖ പാത്രത്തില്‍ ഏറ്റു ഞാന്‍ വാങ്ങാം
നിന്നില്‍ ഞാനുണ്ട് എന്നില്‍ നീയും
എന്‍ നാമത്തിനാധാരവും നീ


എന്‍ വിരല്‍ തുമ്പിനറ്റം മതി
നിന്‍ വെള്ളി വെട്ടം മറച്ചീടുവാന്‍
ഒരു കൈ ചാണ്‍ ദൂരെ നില്ക്കവേ, നീ
എന്തേ അകന്നു എന്‍ ലോകത്തിനപ്പുറം...



അമ്പിളി ജി മേനോന്‍
ദുബായ്