വ്യാഴാഴ്‌ച

സന്ധ്യേ... നീ വിട ചൊല്ലും മുൻപേ ...


കരിമുകിലുരഗച്ചുംബനമേറ്റെൻ 
പനിമതി തൻ കവിൾ പുല്കിയ  നീലം    
തഴുകിയകറ്റാൻ വലതു കരത്തിൽ 
ഗുരുതിയുമായ് നീ വരിക തൃസന്ധ്യേ!

ഉച്ചവെയിൽച്ചുടുമെത്തയിൽ തത്തും 
മുക്കൂറ്റിപ്പൂവിൻ മൂക്കുത്തി-
ക്കല്ലിൻ കണ്ണിൽ വിളങ്ങാനന്തി-
ച്ചോപ്പായ് അണയുക നീയുഷസ്സന്ധ്യേ!

പൊൻവെയിലുണ്ടു മദിച്ചു നടക്കും
പൊന്നോണത്തുമ്പിയ്ക്കും ചിറകിൽ
ചേലോലും ചെമ്പുള്ളികളേകാൻ
കുങ്കുമമായ് ചിമിഴിൽ നീ നിറയൂ 

മാരി വരുംമുന്പേഴുനിറം കൊ-
ണ്ടഴകായ് മഴവിൽ ചിത്രമൊരുക്കാൻ
ഛായത്തളികയിൽ  തൂലിക മുകരും
ആദ്യ നിറക്കൂട്ടായ് നീയണയൂ 

കാവിൻ തിരുനട തീണ്ടീടാൻ ചെ-
മ്പട്ടിൻ പുടവയുടുത്തണയുമ്പോൾ
കാലിൽ തിരയാൽ തീർത്ത ചിലമ്പിൻ
താളത്തിൽ ഞാൻ എന്നെ മറന്നു

മുത്തും പേറി വരുന്നൊരു തിരയെ
മുട്ടി നടന്നു കിതച്ചീടുമ്പോൾ
നെറ്റി വിയർപ്പിൽ ചോപ്പ് പതിച്ചെൻ 
മേനി പുണർന്നെങ്ങോ മറയുന്നു

ഏഴാംകടലിൽ ചേറും ചെളിയും
നീങ്ങാനോടിന്നുരുളി കമിഴ്ന്നു
സ്വർണ്ണത്തിൻ നിറമോലും കതിരിനെ
ഗർഭത്തിൽ വയലേലകൾ  കാത്തു

നാളെയുദിപ്പ് കഴിഞ്ഞിട്ടുച്ചയി-
ലാടിയ കനലുകളാറുമ്പോൾ നീ 
കൊയ്ത്തും മെതിയും തീർത്തു മടങ്ങും
പെണ്ണിന് കാവൽവിളക്കായ് കത്തൂ

ഇത്തിരി പ്രണയത്തേനിൻ മധുരം
മത്തുപിടിപ്പിച്ചപ്പോളെന്റെ
നെറ്റിയിൽ ചാന്താൽ തൊടുകുറി ചാർത്തി-
യടിമുടി വാകപ്പൂവിതൾ തൂകി

കാന്തൻ പ്രിയനവനേകും മുത്തം 
കാണ്‍കെ എങ്ങോ നിന്നണയും നീ 
നേരം തെറ്റിയ നേരമതെങ്കിലും 
കവിളിൽ നാണച്ചോപ്പേകും നീ  

കുഞ്ഞുങ്ങൾ അരമതിലിലിരുന്നി-
ട്ടക്കുത്തിക്കുത്താടും നേരം
എണ്ണി തീരാനൊത്തിരി ബാക്കി
മഞ്ചാടിക്കുരുമണി വിതറുന്നു

കുട്ടിയവൻ തൊട്ടോടിയൊളിയ്ക്കും
തട്ടിയെടുക്കും പട്ടത്തിൻ  നൂൽ
പൊട്ടാതങ്ങനെ  പാറുമ്പോളാ-
ക്കണ്ണിൽ  മിന്നി മറഞ്ഞകലുന്നു 


ഇത്തിരി പോന്നൊരു മിന്നാമിന്നി 
ചുറ്റുവിളക്ക് കൊളുത്താൻ വന്നു
പച്ചവെളിച്ച ത്തുണ്ടിനു പകരം
കുങ്കുമദീപത്തിരി നല്കാമോ?

കെട്ടുകൾ പൊട്ടിച്ചിതുവഴിയെ കാ-
റ്റൊച്ചയനക്കമൊടെത്തും മുൻപേ 
ചപ്പില കൂട്ടിയ കുന്നിന്മേൽ തീ
വച്ചിടുവാൻ കനലിത്തിരി തരുമോ?


മൂടിക്കെട്ടിയ മനസ്സോടെ ഞാൻ 
മൂവന്തിയിലിന്നേകാകിനിയായ്  
ആശകൾ തൻ സ്വർണ്ണോജ്ജ്വലദീപ്തികൾ
ആഴിയാലാഴുന്നത് കാണുകയായ്


പടുതിരി തിന്നാൻ അകലൊരു കാകൻ
ഇരുകണ്ണുകളും നീട്ടിയിരിപ്പൂ 
ജപമണി തൻ സ്പന്ദന താളത്തിൽ
സഖി നീ വരികെൻ തറയിൽ വിളക്കായ്‌


ഒത്തിരി ഓർമ്മച്ചിത്രങ്ങളെ നീ
നിഴലും നിറവും ചേർത്ത് വരച്ചു
അകലുകയോ നീ ഞാനറിയാത്തൊരു 
സുരലോകത്തിൻ വാതിൽ ചാരി! 
അകലുകയോ നീ ഞാനറിയാത്തൊരു 
സുരലോകത്തിൻ വാതിൽ ചാരി!