വ്യാഴാഴ്‌ച

ശൈശവം


കേള്‍ക്കുന്നു കുഞ്ഞിക്കാല്‍ത്തള,യിളം 
തിണ്ണയില്‍ കോറും സ്വരം

തൂവിപ്പോകും പാല്‍ കിണ്ണത്തെ  മറ-
ന്നമ്മ വന്നെത്തി നോക്കവേ

കുഞ്ഞു പുല്‍പ്പായത്തുമ്പിന്റെ,യറ്റം
കാരുന്നുണ്ടുണ്ണിപ്പല്ലുകള്‍

പൂവിരല്‍ത്തുമ്പി,ന്നറ്റ,മൂന്നിക്കൊ-
ണ്ടോമന നീന്തി നീങ്ങുന്നു

തീര്‍ക്കുന്നു കളം ഉണ്ണിക്കൈ രണ്ടും 
കൂന്തലേന്തിടുമെണ്ണയാല്‍

എന്തിനോ തേടുന്നാമിഴികള്‍
കൊച്ചോലപ്പന്തോ?, കിലുക്കമോ?

കൈകളാട്ടുന്ന പാവയോ?
മുത്തശ്ശി തന്‍ താക്കോല്‍ക്കൂട്ടമോ?

ഒന്നു പിന്നെ മലര്‍ന്ന് പുഞ്ചിരി -
തൂകി നോക്കിയാ പങ്കയെ

ആരും  വന്നില്ല ചാരെയെന്നോര്‍ത്തോ
വിതുമ്പിയോമല്‍ ചെഞ്ചുണ്ടുകള്‍

മുത്തശ്ശി വന്നെടുത്തു പൈതലെ
കാട്ടി കുഞ്ഞു കിളികളെ

ആറ്റിരമ്പിലെ പൊന്‍മയും
വീട്ടു മുറ്റത്തെ കുളക്കോഴിയും

തെച്ചിപ്പൂങ്കുലക്കെട്ടില്‍ പാറുന്ന
സപ്തവര്‍ണ്ണ പൂമ്പാറ്റയും

ഒന്നിനോടും ഇണങ്ങിടാതുണ്ണി
കണ്ണുനീര്‍ വാര്‍ക്കും വേളയില്‍

ഓടി നിന്‍ ചാരെയെത്തിയോ, അമ്മ 
പുല്കിയുമ്മകള്‍ നല്‍കിയോ

ആ നെഞ്ചിന്‍ താളത്താരാട്ടാ,ലിമ-
രണ്ടും നിദ്രയെ പുൽകവേ 

സ്വപ്നത്തില്‍ നിന്റെ പുഞ്ചിരി  കാണാ- 
നെത്തിയോ  ചെറുതുമ്പികൾ  

വീണ്ടും മാടി വിളിക്കുന്നു
പോയ ശൈശവത്തിന്നടരുകള്‍ 
എന്റെ ശൈശവത്തിന്നടരുകള്‍ .

അമ്മ കൈകളിലേന്തി നല്കുന്ന
വെണ്ണ ചോറിന്‍ സമ്യദ്ധിയും

അച്ഛന്റെ തോളിലേറി ഉത്തരം
താങ്ങാന്‍ വെമ്പും കുസ്യതിയും

മേഘക്കീറുകള്‍ക്കുളളിലെ ചന്ദ്ര-
ത്തുണ്ടെടുക്കാനാവേശവും

ഒന്നുകൂടിയെന്നുള്‍ക്കാമ്പിൽ   
തുടിച്ചിടുന്നതറിയുന്നു ഞാന്‍
തുടിച്ചിടുന്നതറിയുന്നു ഞാന്‍