ബുധനാഴ്‌ച

ഉണ്ണി പിറന്നപ്പോള്‍




പാലോലും പുഞ്ചിരി നിന്റെ ചുണ്ടില്‍
പാരിജാതപൂ കവിളിണയില്‍
പാര്‍വണ ചന്ദ്രിക എന്‍ മുറ്റത്തോ
പാലാഴി പൂംതിരയില്‍ ഒഴുകി വന്നോ


എന്നുമെൻ സ്വപ്നത്തിന്‍ കല്പ്പടവില്‍
എണ്ണി ഞാന്‍  തീർത്തു നിമിഷ പൂക്കള്‍
എന്നെയും തേടി നീ വന്ന നേരം
എത്തിയെൻ പാഴ് ഭൂവില്‍ പുതുവസന്തം


ഇന്നെന്റെ മുറ്റത്തെ പൂക്കണി കൊന്നമേല്‍
ഇത്രമേൽ  പൂക്കൾ ചിരി  തൂകി
ഇന്നോളം കാണാത്ത പേരറിയാ പൂക്കൾ
ഇന്നെൻ മനസ്സിൽ സുഗന്ധമേകി



ചേലോലും നിന്‍ മൊഴി തേന്മഴയായ്
ചെന്താമര വദനമെന്‍ സൗഭാഗ്യമായ്
ചൈത്രമാസത്തിലെ രാതിങ്കള്‍ ബിംബമായ്
ചാരുതയായ് എന്റെ ജീവനില്‍ നീ



മുറ്റത്തു നീ അന്നു പിച്ച വച്ചു
മുത്തണി മലർ മൊട്ടിട്ടു നീളെ
മഞ്ചാടി ചെപ്പിന്‍ സ്വരം പൊഴിച്ചു
മാനസ വാടിയില്‍ നീ വിളങ്ങി


വേദനയൊക്കെയും ഞാന്‍ മറക്കും
വാര്‍മഴവില്ലായ് നീ തെളിഞ്ഞാല്‍
വാരിളം പൈതലേ നീ കരഞ്ഞാല്‍
വാടി തളർന്നിടും തല്‍ക്ഷണം ഞാന്‍


താളത്തില്‍ ചാഞ്ചാടും പാവക്കുഞ്ഞിന്‍
താരിളം മെയ്യില്‍ നീ ചേല ചുറ്റി
തുമ്പോല പന്തും കളി വണ്ടിയും
തേടിയതും നമ്മള്‍ ഒന്നായല്ലേ


രാത്രി മഴക്കായ് നാം കാതോറ്ത്തു
രാക്കിളി കൂട്ടത്തോടൊത്തു പാടി
രാഗങ്ങള്‍ ഇമ്പമായ് മൂളി നമ്മള്‍
രാക്കായലോളത്തില്‍ തോണികളായ്


നീറുമെന്‍ നോവില്‍ നീ തൂമരന്ദം
നാളിന്നും നാളെയും എന്നെന്നുമേ
നീളും നടപ്പാത നീളെ നീളെ
നേർന്നിടാം എന്നും സൂനങ്ങള്‍ മാത്രം











ചൊവ്വാഴ്ച

23) അകലത്തെ മഴ






ഇന്നലെ വിളിച്ചപോള്‍ അമ്മ പറയുകയുണ്ടായി അവിടെ മഴ ആണെന്ന്. തീകനളോളം ചൂടാര്‍ന്ന ദിനങ്ങളെ തള്ളി നീക്കുമ്പോള്‍ കാതങ്ങളോളം അകലെ ഉള്ള എന്റെ സ്വപ്നങ്ങളും മോഹങ്ങളും യഥേഷ്ടം വിഹരിയ്ക്കുന്ന, പ്രാണനു തുല്യം ഞാന്‍ സ്നേഹിയ്ക്കുന്ന വീടും, പ്രിയപ്പെട്ട എന്റെ പൂ ചെടികളും മനസ്സില്‍ തെളിഞ്ഞു വരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ജൂണ്‍ മാസത്തില്‍ ആണ് ഞാന്‍ ഗള്‍ഫ്‌ വാസി ആയതു. അവിടത്തെ മണ്ണില്‍ പുതു മഴയുടെ നനു നനുത്ത കാലൂന്നിയതെ ഉള്ളു , സ്നേഹാര്‍ദ്രമായ ആ സ്പര്‍ശത്താല്‍ മണ്ണിന്റെ സൌരഭ്യം തെല്ലൊന്നു പൊങ്ങി പരന്നതെയുള്ളു ; അപ്പോഴേയ്ക്കും ഞാന്‍ വരണ്ട മരുഭൂവിലേയ്ക്ക് പറിച്ചു നടപ്പെട്ടു . എങ്കിലും വീടിനു മുകളിലും ചുറ്റിലും എല്ലാം പെയ്തു തിമിര്‍ത്തു, മുറ്റത്തും തൊടിയില്‍ ഒക്കെയും ഉള്ള ഹരിതാഭയെ തഴുകി ഉണരവേകുന്ന മഴയുടെ ആര്‍ദ്രത എന്റെ അന്തരാത്മവിനെയും തൊട്ടു തലോടുന്നു.

കാതങ്ങളോളം ദൂരെ ആയിട്ടും എനിക്ക് കാണാം ;
മഴയുടെ നനഞ്ഞ കാലടികള്‍ ഓരോരോ മണല്‍ തരികളിലും പതിയ്ക്കുന്നത്,
അവയുടെ ഹൃദയങ്ങളിലെയ്ക്ക് ആര്‍ദ്രമായ സ്നേഹം പകരുന്നത്,
മാംകൊമ്പുകളിലെ ഉറുമ്പ് കൂടുകള്‍ തച്ചുടയ്ക്കുന്നത്,
പിന്നെ ചില്ലകളിന്മേല്‍ മേല്‍ വിഭ്രാന്ത മനസ്സോടെ അങ്ങിങ്ങു പാഞ്ഞു നടക്കുന്ന
കുഞ്ഞു വലിയ ഉറുമ്പിന്‍ കൂട്ടങ്ങളെ
നഞു ഒട്ടിയ ഊഞ്ഞാല്‍ പടിയുടെ മ്ലാനതയെ ;
മുറ്റത്തെ കുട്ടി കുളങ്ങളില്‍ തീര്‍ക്കുന്ന വൃത്തങ്ങളെ ,
അവയില്‍ ആടി ഉലയുന്ന ബഹു വര്‍ണ്ണകടലാസ്സ്‌ തോണികളെ
പുതു പുത്തന്‍ പുസ്ടകങ്ങളുടെ മണമുള്ള മഴ,
കുട ചൂടി വഴിയിലെ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ടു നടന്നതും
നനഞ്ഞു ഒട്ടി പുതിയ ക്ലാസ്സിലെ ബെന്ചിന്‍ മേല്‍ ഇരുന്നത്....പയ്യെ
പയ്യെ പെയ്തു തുടങിയ മഴയുടെ രൂപവും ഭാവവും മാറുന്നത്......
അങ്ങിനെ എല്ലാം........ഓര്‍മ്മകള്‍ മാത്രം .
പ്രായം കൂടും തോറും മഴയില്‍ പുതിയ അര്‍ത്ഥങ്ങള്‍ കണ്ടു......
മനോ വിചാരങ്ങള്‍ മഴയില്‍ ആറാടി.
ചിലപ്പോള്‍ സ്വപ്നം കാണാന്‍ , മറ്റു ചിലപ്പോള്‍ മടി പിടിച്ച്‌ ഉറങ്ങാന്‍ ,
കോളേജ് കാന്ടീനില്‍ കൂട്ടുകാരികളുമൊത്തു ചുടുചായ ഊതി കുടിച്ചു തമാശ്കള്‍ പങ്കിടാന്‍ ,
വില്ലിയം വേര്‍ഡ്സ്വര്‍ത്ത്‌ - ന്റെ ഭാവനയിലെ മഴയുടെ ചിത്രം എഴുതുവാന്‍ ,
കോളേജ് ലൈബ്രറി വരാന്തയില്‍ നനഞ്ഞ് ഇരുന്നു പാട്ടു പാടാന്‍.....
എല്ലാത്തിനും മഴ പശ്ചാത്തലമായീ.
മഴ പെയ്യുന്നു.... വീണ്ടും വീണ്ടും....
കാര്‍മേഘകൂട് തകര്‍ത്തെറിഞ്ഞ്
സ്വാതന്ത്ര്യല്ബ്ധിയില്‍ അത്യധികം ആഹ്ലാദിച്ച്‌ അത്
മണ്ണിന്റെ മാറിലേയ്ക്കു നിപതിയ്ക്കുന്നു, പരമമായ നിഷ്ക്കളങ്ക്‌തയോടെ, രഹസ്യങ്ങളൊന്നും മറച്ച്‌ വയ്ക്കാതെ, വാ തോരാതെ വര്‍ത്ത്‌മാനം പറഞ്ഞു , എല്ലാവരിലും ഉണര്‍വേകി പെയ്തു തിമിര്‍ക്കുകയാണ്‌..... ആ നീര്‍ മണി മുത്തുകള്‍ ഒരോന്നിലും മുങ്ങാം കുഴിയിട്ട്‌ അവയുടെ ആഴം അളന്നു......അവയില്‍ അലിഞ്ഞു.....ആ ആര്‍ദ്രതയില്‍.....സൌകുമാര്യത്തില്‍ഞാന്‍ സ്വയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ?






അമ്പിളി ജി മേനോന്‍
ദുബായ്.

ബുധനാഴ്‌ച

22) എന്റെ ശാരികയ്ക്ക്‌




ശാരിക പൈങ്കിളി ശാരിക പൈങ്കിളി
ഇന്നെന്റെ മുറ്റത്ത്‌ വായോ
നീലിച്ച മച്ചുള്ള നാലതിര്‍ വച്ചുള്ള
എന്‍ മണിമുറ്റത്ത്‌ വായോ

ഹരിതം തുളുമ്പുന്ന മൃദു പക്ഷമാട്ടി നീ
മാമല മേട്ടിലോ പോയി
കമ്രമാം പാടല ചുണ്ടിന്റെ തുമ്പത്ത്
പരിഭവ കണികയോ പേറി

ഒന്നു രണ്ടല്ലേ ദിനങ്ങളിനിയുള്ളു
വന്നല്ലോ പൊന്‍ ചിങ്ങമാസം
എന്‍ തൊടി നീളെ നീ തുഞ്ചന്റെ പാട്ടിന്റെ
ശീലുകള്‍ പാടി പറക്കൂ

കൊയ്ത്ത്‌ കഴിഞ്ഞൊരു സ്വര്‍ണകതിര്‍ക്കറ്റ
ഇന്നും നിനക്കായി കാത്തു
ഒരു വെള്ളി കിണ്ണത്തില്‍ പൈമ്പാലും
പിന്നെ പഴംനുറുക്കും മാറ്റി വച്ചു

അങ്കണ തേന്മാവിന്‍ ചില്ലമേല്‍ തീര്‍ത്തൊരു
ഊഞ്ഞാലില്‍ ആടുന്ന നേരം
കാറ്റിന്‍ കരതാള ജതിയെ മറന്നു ഞാന്‍
നിന്‍ തൂവല്‍ സ്പന്ദനം ഓറ്ത്തു

ഇല്ലടയ്ക്കില്ല ഞാന്‍ നിന്നെ ഇനിമേലില്‍
ഉത്തര ചോട്ടിലെ കൂട്ടില്‍
എന്‍ മേട മുറ്റത്ത്‌ പാട്ടും കുറുമ്പുമായ്
പാറി പറന്നു നടക്കൂ
എന്നും പാറി പറന്നു നടക്കൂ.





അമ്പിളി ജി മേനോന്‍
ദുബായ്

തിങ്കളാഴ്‌ച

21) ചിങ്ങ പുലരിയില്‍




കറുകറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്,
കറു കറുത്തൊരു കാർമുകിൽ, ഇന്നു
കാറ്റടിച്ചേ പോയ്, നിൻ
നനഞ്ഞ പൂന്തുകിലുണക്കുവാനിള-
വെയിലു തന്നേ പോയ്, ചിങ്ങ-
പ്പുലരി പെൺ‌കൊടി കിഴക്കേകോലയിൽ
തിരി തെളിച്ചപ്പോൾ , നിൻ
തുടുത്ത പൂംകവിൾ കുങ്കുമം, അവൾ
തുറന്ന ചെപ്പിൽ നിന്നോ
അവൾ തുറന്ന ചെപ്പിൽ നിന്നോ





പാടം നിറയെ പച്ച വിരിക്കും
ചെറുമി പെണ്കിടാങ്ങള്‍
അന്നു ഞാറ് നടുമ്പോള്‍ ചൊല്ലിയൊരീരടി
നമ്മെ കുറിച്ചല്ലേ
കാവിലെ തേവരെ കാണുവാന്‍ പോയപ്പോള്‍
കാത്തു നിന്നില്ലേ
ഊഞ്ഞാല്‍ കൂട്ടുകാരൊത്ത് നീ ആടിയ നേരം
ഞാന്‍ ഒളിച്ച്‌ നിന്നില്ലേ
കാണാന്‍ കൊതിച്ചു നിന്നില്ലേ


ഇന്നെന്റെ മുറ്റത്തെ ചെമ്പകച്ചില്ലകൾ
പൂമണം തൂകുമ്പോൾ, ജാലക
വാതിലിലൂടിരു മിഴികളും നട്ടു
കാത്തു നിന്നേ ഞാൻ
നനുത്ത പൂവിരൽ നീട്ടി നീ തുമ്പ
പൂവിറുക്കുമ്പോൾ, എന്റെ
മനസ്സിലെ പ്രേമക്കതിരുകൊണ്ടൊരു-
കണിയൊരുക്കീ ഞാൻ, പൂ-
ക്കളമൊരുക്കീ ഞാൻ






അമ്പിളി ജി മേനോന്‍

ബുധനാഴ്‌ച

18) നിന്നെയും കാത്തു






എല്ലാ ഋതുവിലും വിരിഞ്ഞു നില്ക്കുന്നൊരു
പൂവായി ഞാന്‍ മാറിയെങ്കില്‍
വര്‍ണം മങ്ങാതെ വദനം വാടാതെ
ദലങ്ങള്‍ പൊഴിയാതെ നിന്നേയും കാത്തു ഞാന്‍ നില്‍ക്കും
ഹരിതം തരിയും ചോരാത്ത
ഇനിയും വെയിലില്‍ വാടാത്ത
ഒരു ചെറു തണ്ടിനറ്റത്ത് ഞാന്‍ ഒട്ടും
നിന്നെ പ്രതീക്ഷിച്ചു മാത്രം

ഇളം കാറ്റില്‍ ഞാന്‍ ആലോലമാടും
പുലറ്മഞ്ഞിന്‍ കുളിറ് ചൂടി നില്‍ക്കും
മഴമേഘത്തിന്‍ ഇളനീര്‍ കുടിക്കും
ധരയാം മാതാവിന്‍ അമൃതാന്നമുണ്ണും
എന്നില്‍ കിനിയും പൂന്തേനിനായ്
ചെറു തുമ്പി തന്‍ ഇളംചുണ്ട് ചേരും
ദല മൃദുത്വം ഞെരിച്ചൊന്നമറ്ത്താന്‍
വക്ര നഖവുമായ് കരിവണ്ടു പാറും

പച്ചില കൂടൊന്നു തീറ്ക്കും
അതിലിരു കണ്ണിമ പൊത്തി ഞാന്‍ നില്‍ക്കും
സന്ധ്യയും രജനിയും നറുനിലാവും
വെണ്പുലരിയും ചങ്ങാത്തമേകും
ജന്മങ്ങള്ക്കപ്പുറമെങ്ങുനിന്നോ
ജനി മ്യതികള്‍ തീണ്ടാ ഭൂവില്‍ നിന്നോ
നിന്‍ പദ നിസ്വനത്തിനായ് കാതോര്‍ത്തു നില്‍ക്കും
ഋതുഭേദ കല്‍പ്പനകള്‍ ഭേദിച്ച് ഞാന്‍.



അമ്പിളി ജി മേനോന്‍
ദുബായ്

12) ചന്ദ്രോദയം





എന്നുമെന്‍ വീട്ടു മച്ചിന്റെ നെറുകിലായ്
കുളിര്‍ ചന്ദന തൊടു കുറി പോലെ
നീ അണയുന്ന വേളയില്‍ ഞാനോടിയെത്തും
എന്‍ കൊച്ചു ജനവാതിലിന്‍ അഴിയോരം


താലമേന്തും നിന്‍ വീഥിയില്‍ ദിനവും താരാഗണങ്ങള്‍
മുത്തുകുടയേന്തി നില്ക്കും വെണ്മേഘ ജാലങ്ങള്‍
ആരൊരുക്കി അഭ്രപാളിയില്‍ നിനക്കായ്
ആരും കൊതിച്ചുപോം സിംഹാസനം


മന്ദമിളകും കേരത്തലപ്പുകള്ക്കപ്പുറം
എന്നെയും നോക്കി നീ നില്ക്കും
വശ്യമാം നിന്‍ പുഞ്ചിരി ചേലില്
ഞാന്‍ എന്നെ മറന്നെങ്ങോ പോകും


നീ പൊഴിച്ചിടും വൈഡൂര്യ മുത്തുകള്‍
കാന്തിയെന്‍ മിഴികളിലേകി
നീ ചൊരിഞ്ഞിടും പൈംപാല്‍ നിറവില്‍
ഘോര നിശീഥവും വെണ്ശോഭയേറി


നീ നിറഞ്ഞു നില്ക്കിലോ ആനന്ദം
നേര്‍ത്തു പോകിലോ സങ്കടം
ലോപിച്ചു നീ ശൂന്യമാകിലോ എന്‍ മനം
നിശ്ചലം ചേതനാ ശൂന്യം


നിന്നില്‍ എന്നോ പതിച്ച കരിനിഴല്‍
എന്‍ ദുഃഖ പാത്രത്തില്‍ ഏറ്റു ഞാന്‍ വാങ്ങാം
നിന്നില്‍ ഞാനുണ്ട് എന്നില്‍ നീയും
എന്‍ നാമത്തിനാധാരവും നീ


എന്‍ വിരല്‍ തുമ്പിനറ്റം മതി
നിന്‍ വെള്ളി വെട്ടം മറച്ചീടുവാന്‍
ഒരു കൈ ചാണ്‍ ദൂരെ നില്ക്കവേ, നീ
എന്തേ അകന്നു എന്‍ ലോകത്തിനപ്പുറം...



അമ്പിളി ജി മേനോന്‍
ദുബായ്