ബുധനാഴ്‌ച

ഉണ്ണി പിറന്നപ്പോള്‍




പാലോലും പുഞ്ചിരി നിന്റെ ചുണ്ടില്‍
പാരിജാതപൂ കവിളിണയില്‍
പാര്‍വണ ചന്ദ്രിക എന്‍ മുറ്റത്തോ
പാലാഴി പൂംതിരയില്‍ ഒഴുകി വന്നോ


എന്നുമെൻ സ്വപ്നത്തിന്‍ കല്പ്പടവില്‍
എണ്ണി ഞാന്‍  തീർത്തു നിമിഷ പൂക്കള്‍
എന്നെയും തേടി നീ വന്ന നേരം
എത്തിയെൻ പാഴ് ഭൂവില്‍ പുതുവസന്തം


ഇന്നെന്റെ മുറ്റത്തെ പൂക്കണി കൊന്നമേല്‍
ഇത്രമേൽ  പൂക്കൾ ചിരി  തൂകി
ഇന്നോളം കാണാത്ത പേരറിയാ പൂക്കൾ
ഇന്നെൻ മനസ്സിൽ സുഗന്ധമേകി



ചേലോലും നിന്‍ മൊഴി തേന്മഴയായ്
ചെന്താമര വദനമെന്‍ സൗഭാഗ്യമായ്
ചൈത്രമാസത്തിലെ രാതിങ്കള്‍ ബിംബമായ്
ചാരുതയായ് എന്റെ ജീവനില്‍ നീ



മുറ്റത്തു നീ അന്നു പിച്ച വച്ചു
മുത്തണി മലർ മൊട്ടിട്ടു നീളെ
മഞ്ചാടി ചെപ്പിന്‍ സ്വരം പൊഴിച്ചു
മാനസ വാടിയില്‍ നീ വിളങ്ങി


വേദനയൊക്കെയും ഞാന്‍ മറക്കും
വാര്‍മഴവില്ലായ് നീ തെളിഞ്ഞാല്‍
വാരിളം പൈതലേ നീ കരഞ്ഞാല്‍
വാടി തളർന്നിടും തല്‍ക്ഷണം ഞാന്‍


താളത്തില്‍ ചാഞ്ചാടും പാവക്കുഞ്ഞിന്‍
താരിളം മെയ്യില്‍ നീ ചേല ചുറ്റി
തുമ്പോല പന്തും കളി വണ്ടിയും
തേടിയതും നമ്മള്‍ ഒന്നായല്ലേ


രാത്രി മഴക്കായ് നാം കാതോറ്ത്തു
രാക്കിളി കൂട്ടത്തോടൊത്തു പാടി
രാഗങ്ങള്‍ ഇമ്പമായ് മൂളി നമ്മള്‍
രാക്കായലോളത്തില്‍ തോണികളായ്


നീറുമെന്‍ നോവില്‍ നീ തൂമരന്ദം
നാളിന്നും നാളെയും എന്നെന്നുമേ
നീളും നടപ്പാത നീളെ നീളെ
നേർന്നിടാം എന്നും സൂനങ്ങള്‍ മാത്രം