
ശാരിക പൈങ്കിളി ശാരിക പൈങ്കിളി
ഇന്നെന്റെ മുറ്റത്ത് വായോ
നീലിച്ച മച്ചുള്ള നാലതിര്‍ വച്ചുള്ള
എന്‍ മണിമുറ്റത്ത് വായോ
ഹരിതം തുളുമ്പുന്ന മൃദു പക്ഷമാട്ടി നീ

കമ്രമാം പാടല ചുണ്ടിന്റെ തുമ്പത്ത്
പരിഭവ കണികയോ പേറി
ഒന്നു രണ്ടല്ലേ ദിനങ്ങളിനിയുള്ളു
വന്നല്ലോ പൊന്‍ ചിങ്ങമാസം
എന്‍ തൊടി നീളെ നീ തുഞ്ചന്റെ പാട്ടിന്റെ
ശീലുകള്‍ പാടി പറക്കൂ
കൊയ്ത്ത് കഴിഞ്ഞൊരു സ്വര്‍ണകതിര്‍ക്കറ്റ
ഇന്നും നിനക്കായി കാത്തു
ഒരു വെള്ളി കിണ്ണത്തില്‍ പൈമ്പാലും
പിന്നെ പഴംനുറുക്കും മാറ്റി വച്ചു
അങ്കണ തേന്മാവിന്‍ ചില്ലമേല്‍ തീര്‍ത്തൊരു
ഊഞ്ഞാലില്‍ ആടുന്ന നേരം
കാറ്റിന്‍ കരതാള ജതിയെ മറന്നു ഞാന്‍
നിന്‍ തൂവല്‍ സ്പന്ദനം ഓറ്ത്തു
ഇല്ലടയ്ക്കില്ല ഞാന്‍ നിന്നെ ഇനിമേലില്‍
ഉത്തര ചോട്ടിലെ കൂട്ടില്‍
എന്‍ മേട മുറ്റത്ത് പാട്ടും കുറുമ്പുമായ്
പാറി പറന്നു നടക്കൂ
എന്നും പാറി പറന്നു നടക്കൂ.

അമ്പിളി ജി മേനോന്‍
ദുബായ്