ശനിയാഴ്‌ച

സഖിക്കായ്
വർഷം എന്ന സിനിമയുടെ പാതി സമ്മാനിച്ച കനത്ത സങ്കടം അവളോടു പറഞ്ഞു. അതായിരുന്നു അന്ന് ഞങ്ങളുടെ എഫ് ബി ചാറ്റ്.   ദാരുണമായ ഏത് സംഭവങ്ങളും; അത് മരണമായാലും മറ്റേതുതരത്തിലുള്ള  അനിഷ്ട സംഭവമായാലും അറിഞ്ഞുകഴിഞ്ഞാൽ അവയിലൊക്കെ ഞാനെന്ന അമ്മയെ, മകളെ, ഭാര്യയെ, സുഹൃത്തിനെ, അയല്പക്കകാരിയെ ഇതൊന്നുമല്ലെങ്കിൽ ഞാനെന്ന കേവല മനുഷ്യജന്മത്തെ അതിനിരയായവരുടെ സ്ഥാനത്തു സങ്കൽപ്പിക്കുന്നത് എന്റെ ശീലമായിപ്പോയി. ആ രാത്രി കുറെയേറെ ചിന്തകളോടെ ഉറക്കമില്ലാതെ തീർത്തു. പിറ്റേന്ന് എഫ് ബി യിൽ കേറിയില്ല. അല്ലെങ്കിലും എഫ് ബി എന്നത് മറ്റുപലരുടെയും പോലെ ഒരു പതിവ് ഇടമല്ലായിരുന്നു എനിക്ക്. അതിനാൽ തന്നെ എന്നെ കണ്ടില്ലെങ്കിലും ആരും അന്വേഷിക്കാറുമില്ല. രണ്ടു ദിവസം കഴിഞ്ഞു. അവളുടെ മെസ്സേജ് ഉണ്ട്. "ഞാൻ ഐ സി യു വിലാണ്. ക്രിട്ടിക്കൽ ആണ്. പ്രാർത്ഥിക്കണം." തല മൊത്തം തരിപ്പോടെ ഞാൻ "അയ്യോ എന്ത് പറ്റി കുഞ്ഞേ" എന്ന് ചോദിച്ചപ്പോൾ മറുപടി വന്നു. ഐ ആം ഡയഗ്നോസ്ഡ് വിത്  റ്റി റ്റി പി.ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല പിന്നെ. അല്ലെങ്കിൽ തന്നെ അവളോട് എങ്ങനെ ചോദിക്കും?! കൂടുതൽ അറിയാൻ പിന്നെ ഗൂഗിൾ, അറിയാവുന്ന ഡോക്ടേഴ്സ്, അങ്ങനെ ഞാൻ അലഞ്ഞു. നാട്ടിൽ അമ്മയെ വിളിച്ചു മൃത്യുഞ്ജപപുഷ്പഞ്ജലിക്കും മറ്റു വഴിപാടിനും ഏൽപ്പിച്ചു. മൃത്യുഞ്ജപപുഷ്പാഞ്ജലി മൃത്യഞ്ജയനായ ശിവനുള്ളതാണ്. കാരൂർ അമ്പലത്തിലെ പടിഞ്ഞാറ് ദിശയിലേക്കു ദർശനമുള്ള അപൂർവ്വ ശിവപ്രതിഷ്ഠ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചു.രോഗശയ്യയിൽ ഉള്ളവരുടെ  ആയുസ്സിന്റെ ദൈർഘ്യം അറിയാൻ ഈ പുഷ്‌പാഞ്‌ജലി രാവിലെ അർപ്പിച്ചു ഉച്ചയ്ക്ക്  "ഫലം പറച്ചിൽ" എന്ന ഒരു ചടങ്ങും ഉണ്ട്. പൂജാരി പറയുന്ന ഫലം അച്ചെട്ടാണ് എന്നാണ് 'അമ്മ പറയാറ്. ഫലം അറിയാൻ തിടുക്കമായിരുന്നു എനിക്ക്. ഒടുവിൽ 'അമ്മ വിളിച്ചു. "കുറച്ചു മോശം സമയമാണ്. പക്ഷെ ആയുസ്സിന് യാതൊരു കുഴപ്പവും ഉണ്ടാകില്ലാ എന്ന് ഉറപ്പ്" അതെനിക്ക് വല്ലാത്ത ആശ്വാസമായിരുന്നു. ഞാൻ അവൾക്കെഴുതി. "ഒന്നും പേടിക്കണ്ടാ. യാതൊരു അനർത്ഥവും ഉണ്ടാവില്ല" എന്ന്.  പിന്നെ അവൾ വല്ലപ്പോഴും വന്നു പറയുന്ന ഓരോ വാക്കുകളുടെ ബലവും, ചിലപ്പോൾ അതേ ബലത്തിന്റെ അഭാവത്തിൽ മനസ്സ് ചുട്ടുള്ള  പ്രാർത്ഥനയും എന്നെ മുന്നോട്ടു നയിച്ചു എന്നേ  പറയാനാകൂ. മറുവിളി എന്നുകിട്ടും എന്ന് ഒരു ഉറപ്പുമില്ലാതെ മായാവിയേ, മായകുഞ്ഞേ, കുട്ട്യേ  അങ്ങനെ ഓരോ തരത്തിൽ ദിവസവും നീട്ടി വിളിച്ചു എന്റെ മെസ്സേജുകൾ. ഞാനും ഒപ്പം ഉണ്ടെന്ന് കരുതിക്കോളൂ എന്ന് പറയാതെ പറയാൻ, ഞാൻ അപ്പുറത്തെ വീട്ടിലോ മുറിയിലോ ഉള്ള അവളെ വിളിക്കും പോലെ വിളിച്ചുക്കൊണ്ടിരുന്നു.  ആശുപത്രിക്കിടക്കയിൽ ബോധമുള്ള അവസ്ഥയിൽ  അവൾക്കുള്ളിൽ എന്തായിരിക്കും ചിന്തകൾ എന്ന് എനിക്ക് ഊഹിക്കാം. ഞാനും അമ്മയാണ്, ഭാര്യയാണ്, മകളാണ്! അവളുടെ ചിന്തകൾ അവൾ പറഞ്ഞില്ലെങ്കിലും എന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുക്കൊണ്ടിരുന്നു. ഒരു താരാട്ട് നേർത്തുപോകുന്ന വേദനയിൽ ഞാൻ വിങ്ങി. വർണ്ണങ്ങളെ നര വിഴുങ്ങുന്നത് നോക്കിനില്ക്കാൻ മാത്രം വിധിക്കപ്പെട്ടവളുടെ നിസ്സഹായതയിൽ നൊന്തു. ബാഹ്യമായി അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുറിവിനേലും   വേദനയേലും   എത്രയോ വലുതാണ്അവൾ പിടഞ്ഞുനീറുന്ന മനസ്സിന്റെ നോവുകൾ. ഹൃദയം പിളരുന്നതും അതിലെ രക്തം വാർന്നു പോകുന്നതും പലപ്പോഴും  ഉത്തരം കിട്ടാത്ത, വേവലാതിപൂണ്ട ചിന്തകളുടെ കൂർത്തമുനകൾ തറയ്ക്കുമ്പോളല്ലേ ?!   അബോധാവസ്ഥയിൽ കിടക്കുന്ന അവളുടെ പുറംലോകത്താണ് ഞാൻ. എന്റെ കണ്ണിനുമുന്നിൽ ഉള്ളിലെ വിഷമം പുറത്തു കാട്ടാതെ ജീവിതസഖിക്കായി പ്രാർത്ഥിക്കുന്ന  ഒരു ഭർത്താവുണ്ട്, ഒരു പെൺകുഞ്ഞിന്റെ അച്ഛനുണ്ട്, ആ  അച്ഛന്റെകൈപിടിച്ച്  ഒരു പൂമ്പാറ്റകുഞ്ഞുണ്ട്. ഞങ്ങളെല്ലാവർക്കുമിടയിൽ അളവില്ലാത്ത വിധം അകലവും ഉണ്ട്. കാതങ്ങൾക്കിപ്പുറമിരുന്നു ആരെയും വിളിച്ച്  ഒന്നും തിരക്കാനാവാതെ ഒന്നും അറിയാതെ ഒക്കെ ശരിയാവും എന്ന് മനസ്സിനെ പഠിപ്പിച്ച്‌ ദിനങ്ങൾ പോയി. ഒരു ദിവസം ഞാൻ അവൾക്കായി ഒരു വരിയെഴുതി. "മതി കുഞ്ഞേ പേടിപ്പിച്ചത്, വേഗം വരൂ" എന്ന്. അങ്ങനെ ഒരു ദിവസം അസുഖം ഭേദമാകും എന്ന ഘട്ടമെത്തി. ആ ഒരു അറിവ് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. 

 ഒരേ വീട്ടിൽ, ഒരേ വയറ്റിൽ പിറവികൊള്ളണമെന്നില്ല ഒരാളെ സ്വന്തമെന്ന് കരുതാൻ. പേരിന് ഒരു ബന്ധുവായിരിക്കണമെന്നും ഇല്ല. മനസ്സുകൊണ്ടുള്ള അടുപ്പം മൂലം ഭവിക്കുന്ന ചിലതുണ്ട്. നിർവചനത്തിന്റെ അഭാവം കൊണ്ട് മറ്റുള്ളവർ അറിയാതെപോകുന്ന ചില ബന്ധങ്ങൾ. നിർവചിക്കപ്പെടാത്ത അത്തരം ചില നല്ല ബന്ധങ്ങൾക്ക് ആഴമേറും. പരസ്പരം പറഞ്ഞു ഭംഗികളയാതെ സൂക്ഷിക്കുന്ന അത്തരം എന്തോ ഒന്നുണ്ട് എനിക്കും അവൾക്കുമിടയിൽ. ചിന്തകളിലെ ചില സമാനതകൾക്കുമുപരിയായി എന്തോ ഒന്ന്. ഒപ്പം പഠിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും അറിഞ്ഞിരുന്നില്ല കൂട്ടിയിണക്കുന്ന എന്തോ ഒന്നുണ്ട് ഞങ്ങൾക്കിടയിലെന്നു. " A Special friendship, a divine one" എന്നൊക്കെ കരുതാനാണ് എനിക്കിഷ്ടം.  അങ്ങനെയുള്ള സഖിയാണ് അകലെ രോഗശയ്യയിൽ. ഒടുവിൽ അവൾ പൊരുതി ജയിച്ചു. അസുഖത്തെ കീഴടക്കി അവൾ മടങ്ങിയെത്തിയത് ഒരു  ധനുമാസത്തിലാണ്.  മഞ്ഞിൽകുളിച്ചു നിൽക്കുന്ന ധനുമാസപൗർണ്ണമിയുടെ പടത്തിനു കീഴെ എഴുതിനല്കാൻ  അവൾക്കായി ഇത്തിരി വരികൾ ഞാൻ കരുതിയിരുന്നു. ഇവിടെ ഞാൻ അതോർത്തെടുക്കുകയാണ്.
"ആതിരയെത്തിടും നാളെ രാവിൽ, താര-
ജാലങ്ങൾ താലം പിടിയ്ക്കും
മകരത്തിൻ മഞ്ഞും  മരന്ദവുമേന്തിയെൻ
പടിതൊട്ട് മന്ദാരം നിൽക്കും
വേലയും പൂരവും തേവരും കോവിലും
ചേർന്നെന്റെ ഗ്രാമം വിളങ്ങും
മൂവന്തിയിൽ നിന്ന് ചാന്ത് പറ്റി,വാക-
പ്പൂമരം ചോന്ന് തുടുക്കും
മേടത്തിൻ കൈനീട്ടം വാങ്ങണം, പൂക്കണി-
കൊന്നപ്പൂ തോരണം വേണം
കർക്കടകത്തിൻ കറുപ്പകന്ന്, ചിങ്ങ-
വെയിൽക്കിളി പാടുമുഷസ്സും വേണം 
ഇനിയും മരിയ്ക്കാത്ത പ്രണയത്തിൻ ദൂതുമായ്‌
പ്രിയമോടെയണയുന്ന മേഘം
ഇടവിടാതെന്നോട് പറയും സ്വകാര്യങ്ങ-
ളറിയുവാൻ സഖിയുമെന്നരികിൽ  വേണം." 

അങ്ങനെ അകലെ നിന്നാണെങ്കിലും വീണ്ടും ഞങ്ങളുടെ പ്രിയ ഗാനങ്ങളുടെ പല്ലവി പാടാനും,കളിപറയുവാനും, സുഖദുഃഖങ്ങൾ ഒരുമിച്ചു പങ്കുവയ്ക്കുവാനും അവളെ തിരികെ തന്നതിനാണ്  ഈശ്വരനോടുള്ള എന്റെ നന്ദി. 

സംഘടിതയിലേക്ക് മായ ഒരു കുറിപ്പ് ചോദിച്ചപ്പോൾ എനിക്ക് തരാൻ സാധിച്ചത് 10 മിനിറ്റിൽ തട്ടിക്കൂട്ടിയ ഒരു കവിതയാണ്. എന്റെ ഭർത്താവിന്റെ ചില ആരോഗ്യപ്രശ്നങ്ങളാൽ  ആധിപിടിച്ച സമയമായിരുന്നു അത്. 2 വരികൾ കൂടി കിട്ടിയാൽ ഒരു മത്സരത്തിനായി തയ്യാറാക്കിക്കൊണ്ടിരുന്ന ഒരു  ഗാനം പൂർണ്ണമായേനെ! അത് പോലും മനസ്സിൽ വരാൻ കഴിയാത്ത വിധം ആധിപിടിച്ച സമയം. എങ്കിലും ശ്രമിച്ചു.ഒരു സഖിക്കു സാന്ത്വനം പകരും വിധം എഴുതാൻ എന്റെ മുന്നിൽ ഉണ്ടായിരുന്നത് മായയുടെ മുഖവും അന്ന് അനുഭവിച്ച നോവുകളുടെ നീറുന്ന ഓർമ്മകളുമായിരുന്നു. സാന്ത്വനമായതിനാൽ കവിതയ്ക്ക്  ഗൗരവഭാവമില്ലല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നു അത് കൊടുക്കുമ്പോൾ. എല്ലാവരും അസുഖത്തെ കുറിച്ചും വേദനകളെ കുറിച്ചും അനുഭവതീവ്രതയോടെ പറയുമ്പോൾ ഞാൻ ഒരു സാന്ത്വനമാകട്ടെ എന്ന് പിന്നീട് ആശ്വസിച്ചു.  അങ്ങനെ ഒരു അവസരം എനിക്ക് തന്ന  മായയ്ക്കും മിസ് ഷീബയ്ക്കും എന്റെ നന്ദി. സ്നേഹം. അമൃതയെന്ന അനുഗ്രഹീത ചിത്രകാരിയോടും എന്റെ സ്നേഹം. കവിതയ്ക്കായി അമൃത കോറിയ ചിത്രം അതിസുന്ദരം.
ഇനിയും അക്ഷരങ്ങളുടെ ലോകത്തു ഏറെ ശോഭിക്കാൻ നിനക്കാവട്ടെ പ്രിയ സഖീ. നിനക്ക് മുന്നിൽ ജീവിതം നല്ല നിറക്കൂട്ടുകളാൽ ചിത്രങ്ങൾ ഒരുക്കട്ടെ. എന്റെ സ്നേഹവും ആശംസകളും പ്രാർത്ഥനകളും എന്നും നിനക്കൊപ്പം.