ചൊവ്വാഴ്ച

നഷ്ടം







എങ്ങോ പോയ്‌ മറഞ്ഞു
എങ്ങെങ്ങോ പോയ്‌ മറഞ്ഞു ..
പുല്‍ത്തടുക്കിന്‍ കര നീന്തിക്കടന്നിതാ
എങ്ങോ പോയ്‌ മറഞ്ഞു .... കാലം
എങ്ങോ പോയ്‌ മറഞ്ഞു.

ചുണ്ടിലെ തഞ്ചും കുറുമ്പിനാലെ
കുഞ്ഞിക്കൈതൻ വിരല്‍ത്തുമ്പിനാലെ
കൂന്തൽ ചുരുളിലെ എണ്ണയാൽ തീര്‍ത്തൊരാ
ചിത്രവും തേഞ്ഞു മാഞ്ഞു, ഇട-
നാഴിയില്‍ മൌനമുറഞ്ഞു, ശോക
മൂകം വിതുമ്പിപ്പിടഞ്ഞു….

ഉമ്മറത്തൂണിലെ പൊന്നഴിക്കൂട്ടിലെ
ശാരികപ്പൈങ്കിളിപ്പെണ്ണേ
ഇന്നൊരു നല്ലുരുളച്ചോറുമേന്തിയെന്‍
അമ്മ തന്‍ കൈകളെവിടെ, തൊട്ടി
ലാട്ടുന്ന പൂങ്കാറ്റെവിടെ, നീ
പാടുന്ന താരാട്ട് പാട്ടെവിടെ....

ഒന്നു തൊട്ടാല്‍ ചിരി പൂവസന്തം എന്റെ
മുറ്റത്തു വിതറുന്ന തൈമുല്ലേ
എന്‍ പദനിസ്വനം കാതോർത്തു നില്‍ക്കുന്ന
നിന്റെ സുഗന്ധമിന്നെങ്ങു പോയി, ഞാറ്റു-
വേല പൂങ്കാറ്റെങ്ങു കൊണ്ടുപോയി, ഇന്നു
കോലയിൽ ഞാന്‍ മാത്രമായി





അമ്പിളി ജി മേനോന്‍ 

ഞായറാഴ്‌ച

വിഷു





ചുംബിച്ചെടുത്തു നീ മീനമേ, മച്ചിന്റെ
നെറ്റിത്തടത്തിലെ കുങ്കുമത്തെ
ഇറ്റു വീഴും ചോന്ന  വേർപ്പിന്റെ മുത്തുകൾ 
തൊട്ടെടുത്തീടുവാൻ മേടമെത്തി 

പച്ചിലത്താളിൽ പുലരിയാം കന്യക 
ചാലിച്ച മഞ്ഞൾ പ്രസാദം പോലെ
പുഞ്ചിരി തൂകുന്നിളകിയാടുന്നെന്റെ 
മുറ്റത്തെ കൊന്നയിൽ കിങ്ങിണികൾ


ചാഞ്ചാടും ചില്ലയിൽ വീട് മേയാ-   
നോടിക്കിതയ്ക്കുന്നുറുമ്പുകളും
പ്ലാമരച്ചില്ലമേൽ വീണുറങ്ങും ഉണ്ണി-
ക്കായ്കളെ കൊഞ്ചിയ്ക്കുമണ്ണാറനും

പുത്തിലഞ്ഞി തൊടും  പൊട്ടുകളും, വെണ്‍-  
പൂ വിളമ്പീടുന്ന  കൈതകളും 
മാമ്പൂമണം പേറി വന്ന കാറ്റും
മാനത്ത് വെള്ളാടിൻ കുഞ്ഞുങ്ങളും 

പാമ്പിന്നരിയിട്ട കാവ് തോറും 
പാട്ടുമായെത്തും വിഷുക്കിളിയും 
വീണ്ടുമെന്നുള്ളം നിറഞ്ഞൊഴുകീ 
വാതിൽക്കലെത്തവേ  മേടമാസം 


എന്റെ കൈരേഖകൾ കോറിയിട്ട  
വെറ്റിലത്താളിൽ സുഗന്ധമോലും 
നൂറ് തേച്ചിന്നു  ചാന്താടി നില്പ്പൂ 
മേടസംക്രാന്തി സൌവ്വർണ്ണ സന്ധ്യ! 

ഒട്ടും കടിപിടി വേണ്ടപോലും 
ഒപ്പമായ് വീതിച്ചു രാപ്പകലെ 
നല്കിടും   നാളെ വിഷുനാളിലായ്
അമ്മ ധരിത്രി തൻ കൈനീട്ടമായ് 

വിത്തുണ്ട്  കൈക്കോട്ടെടുത്തു കൊൾവിൻ
ചൊല്ലും കിളി നീ വിഷുപ്പൈങ്കിളി
കൊണ്ടു വരൂ വിണ്ണിൻ മേട തന്നിൽ-
നിന്നുമീ വേനലാറ്റുന്ന മാരി

താടകളാട്ടിടും കാളകൾ പോൽ,മണി-
നാദമുതിർക്കുന്ന കാലികൾ പോൽ 
വാനിന്റെ കോണിൽ നിരന്നിടുന്നു, മുത്തു-
മാലകൾ സൂക്ഷിയ്ക്കും പേടകം പോൽ

നോവു നല്കി നുകം യാത്ര ചൊല്ലി, ഇന്ന് 
കാലിക്കുളമ്പടിയോർമ്മയായി 
നിദ്ര മറന്നിടാൻ നേരമായി, വിത്ത്
പൊട്ടി മുളയ്ക്കുവാൻ കാലമായി.

  
മേഘം കറുത്തതും കറയായി വാർന്നതും 
വേനൽ മഴയെന്ന് ചൊല്ലി മണ്ണും 
വേളി കഴിഞ്ഞ പുതുപ്പെണ്ണിൻ ഗന്ധവും
മേടച്ചുടു നെടുവീർപ്പുകളും

കോരിത്തരിച്ചിടാൻ നിന്ന മെയ്യും, പ്രേമ-
ലോലമവനേകും ചുംബനവും
പൊന്കിഴിയ്ക്കുള്ളിൽ കരുതി വയ്ക്കും, ഞാൻ
കൈനീട്ടമായ് നാല് നാണയവും 

പാതിരാപൂവുകൾ ബാക്കി വച്ചു 
പാരിന്നു നേദ്യമായ് തന്ന ഗന്ധം
പാതിരാക്കാറ്റു കവർന്നെടുത്തു,സ്വയം 
പാഴ്ക്കിനാവിൽ നഷ്ടമായ നേരം  

എൻ മണ്ണിൻ നിശ്വാസ സ്പന്ദനങ്ങൾ
ഏറ്റു പറയും കരിയിലകൾ 
എൻ  ബാല്യ ശൈശവത്തിന്നോർമ്മകൾ
എൻ കാതിലിന്നതിൻ കാൽത്താരികൾ

ഓർമ്മകൾ ചില്ല് വള കിലുക്കും
കാലിൽ കൊലുസുകൾ താളമിടും
ധാവണിത്തുമ്പോ കളി പറയും, കൈ 
വീശി മറഞ്ഞിടും കൌമാരവും

പാടം വരണ്ടത് ബാക്കി വച്ച്, ചേന്നൻ
കൊയ്ത് കുന്നാക്കിയ നെല്മണിയ്ക്ക്
കാവലാവാനീ വഴിയൊരുക്ക്,പഴ-
മ്പാട്ടുമായെത്തും വിഷുക്കിളിയ്ക്ക് 

കാലം മങ്ങിച്ച കണ്‍ക്കാഴ്ച പേറി 
വീടിന്നരമതിൽ തൂണ് ചാരി
പൊൻകണിയ്ക്കുള്ളിൽ തെളിഞ്ഞ തിരി-
യുലഞ്ഞാടുന്നതും കാണാൻ നോക്ക്ക്കുത്തി

ഇനി വിഷുപ്പക്ഷി നീ പാടുമെങ്കിൽ
ഇനിയുമെൻ തൈമുല്ല പൂക്കുമെങ്കിൽ
ഇനി ബാല്യ ശൈശവ കൌമാരത്തിൻ 
ഇനിയും കാണാത്ത കിനാവുണ്ടെങ്കിൽ 

നില്ല് നീ നാഴികമണി മുഴക്കീടുവാൻ 
ചങ്ങല വലിച്ചിടും നാവേ
നിൻ ഗളത്തിൽ തൂങ്ങിയാടുമെൻ കാലത്തെ 
ബന്ധനം ചെയ്തിടട്ടെ, ഞാൻ 
ബന്ധനം ചെയ്തിടട്ടെ.