ചൊവ്വാഴ്ച

അടുക്കള








ഇതു എന്റെ സാമ്രാജ്യം
നാലേ നാലു ചുവരും
ഒരു മേല്തട്ടും ഉള്ള
കൂടിയാല് എട്ടടിയുള്ള ഇടം.
ഇതിന്ടെ ജാലക കാഴ്ചയില് അധികവും അറപ്പ്,
ഇത്തിരി അഴകും.
അങ്ങേപ്പുറത്തെ ജീവിതം വീഴ്ത്തിയ പ്രാവ് കാഷ്ഠങ്ങള്,
വഴി തെറ്റി കേറിയിറങ്ങുന്ന മൈനപ്പിടകള്,
അവയുടെ കണ്ണു വെട്ടിച്ച് ഞാന് വളറ്ത്തുന്ന
രണ്ട് ചെടി നാമ്പുകള്,
ഇത്തിരി സുഗന്ധത്തിനായി ഞാന് പുകച്ച
ചന്ദനത്തിരിത്തുണ്ടുകള്,
കൂട്ടിനിടം തേടുന്ന ചാരപ്രാക്കള്,
വെളിച്ചത്തിനും വായുവിനും എത്തിനോക്കാന്
ഇത്തിരി സ്ഥലം.
കണ്ണുകള് ക്ളേശിച്ചാല് മാത്രം കാണാം
ഇളം നീല ചതുര തുണ്ട് മേലെ,
കാറ്റു കനിഞ്ഞാല് രണ്ടേ രണ്ട് മേഘക്കീറും.
എങ്കിലും ഞാന് തൃപ്തയാണ്
കാരണം ഇതെന്റെ സ്വര്ഗ്ഗം
തളര്ന്നും തളരാതെയും
ഞാന് വിചാര ശകലങ്ങള് പകര്ത്തിയ ഇടം,
വളര്ന്നും വളരാതെയും
എന്റെ മനസ്സ് വീര്പ്പുമുട്ടിയ ഇടം,
ഉള്ളിയെ പഴി ചൊല്ലി
ഹ്യദയഭാരം മിഴിനീരാക്കി കളഞ്ഞയിടം
കത്തിമുന കീറിയ വിരലിലിറ്റുന്ന ചോരത്തുള്ളിയില്
ഹ്യദയരക്തത്തിന്റെ ചൂടും ചോപ്പും നിറച്ചയിടം
ആറാനൊരുങ്ങുന്ന കഞ്ഞിചൂടിനാവിയില്
വിങ്ങുന്ന ഗദ്ഗദത്തെ ഉരുക്കിയ ഇടം
ഇവിടം എന്റെ സ്വര്ഗ്ഗം.
അടി, കറപ്പ് പിടിച്ചും അല്ലാതെയുമുള്ള പാത്രങ്ങള്ക്ക്
  ഞാന് തീയിടും
കരിയ്ക്കണോ വേവിക്കണോ ?
എന്റെയിഷ്ട്ടം.
ചേര്ക്കേണ്ടത് തേനോ വിഷമോ?
എന്റെയിഷ്ട്ടം.
കാരണം ഇതെന്റെ മാത്രം സാമ്രാജ്യം.
പൊള്ളുന്ന ചിന്തകള്ക്ക് ഇളംകാറ്റേറ്റു മേയാനുള്ള ഇടം,
എനിക്കിഷ്ടമില്ലാത്തവയുടെ മുഖകാഴ്ചയില് നിന്നുമുള്ള
ഏകാന്ത പ്രയാണത്തിന്റെ അസ്തമന മുനമ്പ്,
ഇത്തിരി സ്വപ്നങ്ങള് രഹസ്യമായി നുണയാന്
തീപ്പുക മണക്കുന്ന നരച്ച കൂടാരം.
അടുക്കള ......
ഇവിടം എനിക്കു സ്വര്ഗ്ഗം.
ഞാന് ചേര്ക്കേണ്ടത് തേനോ വിഷമോ?
അതു കഴിക്കേണ്ടത് ഞാനോ അവരോ?
മനസ്സ് പിരിമുറുക്കുന്നു......
തേനോ വിഷമോ???



അമ്പിളി ജി മേനോന്
ദുബായ്