ചൊവ്വാഴ്ച

അമ്മയോട്
ഉള്ളൊന്ന് നൊന്തെന്റെ കണ്ണ് കലങ്ങുമ്പോള്‍ 
ചേലത്തുമ്പും കൊണ്ടേ വാ
പാടി നീ തീരാത്ത പാട്ടിന്റെ ഈണത്തെ
ഈറന്‍ ചുണ്ടില്‍ മൂളിത്താ, എന്നെ നിന്‍
മാറോടണച്ചിടാന്‍ വാ 

നിന്‍ മിഴിശീലയാല്‍ കെട്ടിയീ മുറ്റത്ത്‌
എന്നെ തിരഞ്ഞിടുമ്പോള്‍
പിന്നിലെന്‍ കാല്തള വായ്‌പൊത്തി ഞാനമ്മേ
നിന്നെപ്പുണര്‍ന്നതല്ലേ, കുഞ്ഞി-
ക്കൈയ്യില്‍ നിന്‍ പാല്‍മുത്തമേകിയ ചുണ്ടിലെ 
തൂമധുരം തരില്ലേ, എന്നെ 
പിന്നെയും പൈതലാക്കില്ലേ 

പാല്‍ പതഞ്ഞങ്ങയ്യോ പോയിട്ടുമോടിയെന്‍
ചാരെയണഞ്ഞിടുമ്പോള്‍
വിങ്ങിക്കരയുമെന്‍ തേങ്ങലിന്‍ താളത്തെ
നെഞ്ചോട്‌ ചേര്‍ത്തതല്ലേ, അമ്മേ 
കണ്പ്പീലിത്തുമ്പില്‍ നിന്നിറ്റുന്ന തുള്ളിയെ
ചുംബിച്ചു മായ്ക്കുകില്ലേ, എന്റെ
സങ്കടം  മാറ്റുകില്ലേ 

കാതിലെന്നോ വീണെന്നുള്ളിലുറങ്ങുമാ
മുത്തശ്ശി തന്‍ കഥയില്‍
താളുകള്‍ക്കപ്പുറത്തെന്നോ മറഞ്ഞൊരാ
ഭൂതം തിരഞ്ഞീടവേ, എന്നെ
പുല്‍കി, തലയിണക്കീഴിലിരുമ്പിനെ
ധൈര്യമായ് നല്‍കിയില്ലേ, അന്നെന്‍ 
 ദുഃസ്വപ്നം മാഞ്ഞതല്ലേ ... അമ്മേ