ബുധനാഴ്‌ച

മഴ

മുത്തും പവിഴവും കോർക്കുവാനായെന്റെ, മുറ്റത്ത്‌

നീലമിറ്റുന്ന നൂല്, മുകിൽ
പറ്റം വിരിച്ചൊരു നീരാളമേന്തുന്ന, മാനത്ത്

മാരിവില്ലിന്റെ പൂവ്, ഭൂമി

മോഹിച്ചൊരേഴു വർണ്ണത്തിൻ ചേല്

ഇറ്റു വീഴുന്ന നീർമുത്തിന്റെയാഴത്തെ

തേടിത്തളരുന്നൊരെൻ മനസ്സ്, കൈ

നീട്ടിത്തൊടുന്നോരാ ഓർമ്മകളിൽ, എന്റെ

ബാല്യത്തിനാണെന്നുമേഴഴക്, മാനം

കണ്ടൊരാ മാരിവില്ലിന്നഴക്

മണ്ണിൻ മുടിപ്പൂക്കൾ ചൂടുന്ന ഗന്ധത്തെ,

മോഹിച്ച കാർമുകിൽ പെണ്‍കിടാവേ

തുള്ളിക്കുതിച്ച് നീ പാഞ്ഞിടുമ്പോൾ, വിട്ടു

തന്നിട്ട് പോകുകെന്നോർമ്മകളെ,കാറ്റി -

ലുലയുന്ന കടലാസ്സ് തോണികളെ
തോരാതെ പെയ്കയോ ഘനശൈത്യമേ, മൌന-

മേറെയുറഞ്ഞ കാർമുകിലാഴമേ

താഴെയടർത്തി നീ വീഴ്ത്തും മലരുകൾ

ചാലുകൾ തേടുന്നെൻ ഹൃത്തടത്തിൽ, നോവിൻ

നീരോടുമാർദ്രമാം മാനസത്തിൽമോഹങ്ങളാണവ സൂനങ്ങളാ മര-

ച്ചില്ലയിൽ മന്ദസ്മിതം പൊഴിച്ചു
എന്തോ നിനച്ചന്ന് നില്ക്കവേ വന്നു നീ

ഞെട്ടറ്റു വീഴ്ത്തിയെൻ മണ്ണിലാകെ, കരിം

ചായം പുരണ്ടെൻ കപോലമാകെവാതായനത്തിലനുവാദ മര്യാദ

പാലിച്ചിടാതെയാ കാറ്റണഞ്ഞു

മഞ്ജീരമുത്തുകൾ കോർത്തൊരെൻ ജാലക -

ക്കമ്പിയിൽ തട്ടി കനവെടുത്തു, നിദ്ര-

രാപാർക്കും പീലിയിൽ നീരുതിർത്തുപിന്നെയും നൃത്തവിലാസങ്ങളോടവൾ

നാട്ടിലാകെ നാശവിത്തെറിഞ്ഞു

ആണ്ടുകളോളം തൻ പേരും പെരുമയുമോതിയൊ

രാൽമര വേരെടുത്തു , കഥ-

യാടി തീരാതെയരങ്ങൊഴിഞ്ഞുഎങ്കിലും എന്നും പ്രിയമീ മഴക്കാല-

നോവിന്റെ രാഗാനുരാഗ മേളം, അവൾ

കൊണ്ടു വന്നീടുന്നു കാതോരമായ്, ഏറെ

പ്രിയമുള്ളോരാൾ മൂളുമിഷ്ട ഗാനം,

പ്രണയാർദ്രമായ് പെയ്യുന്നു വർഷഗീതം.