ചൊവ്വാഴ്ച

യക്ഷി


ഗോവണിമേലേയാരു പളുങ്കിൻ മണികൾ പൊഴിയ്ക്കുന്നു, മെല്ലേ
വീശും കാറ്റിൽ മുറ്റം നിറയെ പൂമണമൊഴുകുന്നു
കാൽപ്പെരുമാറ്റം കാൽത്തള ചാർത്തിച്ചാരേയണയുന്നു, വാതിൽ
താനേ തുറന്നു വരുന്നവളാരിത്, എൻ പ്രിയ സഖിയല്ലോ, അവൾ
എൻ പ്രിയ സഖിയല്ലോ

മണ്ണിൻ മാറിൽ വീണു തളർന്നൊരു പാലപ്പൂ തേങ്ങി, ഇ-
ന്നെന്നെ ചൂടാൻ വരി വണ്ടിൻ നിറമോലും മുടിയെവിടെ
പൂത്തുലയുന്നൊരു പന മുടിയാട്ടി പാടുന്നത് കേട്ടോ, ചാരെ
നീ അണയാനായ് എന്തേ താമസമോതുക പ്രിയ സഖിയേ
ഓതുക പ്രിയ സഖിയേ

അന്തിത്തിരിയതു കൽത്തറമേൽ തലതല്ലി മരിയ്ക്കുമ്പോൾ, പൊങ്ങും
ധൂമമിഴഞ്ഞൊരു പാമ്പിൻ പടമായ് കാറ്റോടലിയുമ്പോൾ
കോമരമായ് പട്ടും വളയും കൈത്തണ്ടിൽ പൊൻവാളും, കൊണ്ടാ-
സന്ധ്യ മറഞ്ഞൊരു വഴിയിൽ നിന്നെ നോക്കിയിരുന്നു ഞാൻ, എന്നും
നോക്കിയിരുന്നു ഞാൻ

കുന്നിക്കുരുമണി കാത്തൊരു ചെപ്പിൽ പതിവായ് ഞാൻ പണ്ടേ, എന്നും
തെക്കേ മൂലയിൽ നിൽക്കുമിലഞ്ഞി പൂക്കളെയും കാത്തു,
നീയാം മോഹിനിയാളെൻ ചാരെയണയും നാളരികേ, പുത്തൻ
മാലയൊരെണ്ണം കോർത്തിടവേ കഥ പാടിയിരിയ്ക്കും നാം, പാഴ്-
ക്കനവുകൾ കാണും നാം

ആതിര തൃക്കൈത്താലത്തിൽ വെണ്ചന്ദനമോടെത്തി, പൊൻതിരു-
വാഭരണ ചെല്ലത്തിൽ താരക മാലകൾ കണ്ചിമ്മി
കൊലുസിന്നാകാം വൈഡൂര്യത്തിൻ വെണ്പ്രഭയാവോളം, അതിനായ്
കോലായിൽ കാല്പ്പാദം നീട്ടിയിരുന്നു ഞാൻ തനിയെ, നീയണ-
യൂയെൻ പ്രിയ സഖിയേ

ഉണ്ടൊരു പന പണ്ടേ തൊട്ടെൻത്തൊടിയറ്റത്തൊറ്റയ്ക്കായ്, എന്നോ
പണ്ടൊരു മുതുമുത്തഛൻ നട്ടത് നിന്നുടെ വാഴ്ചയ്ക്കായ്
ഇന്നത് പൂങ്കുലയായിരമേന്തിയുലഞ്ഞതു  കാഴ്ചയ്ക്കായ്, ഇനി
വന്നു വസിയ്ക്കുക സഖിയേ നീയതിൽ എന്നുടെ കൂട്ടിന്നായ്, എന്നും
എന്നുടെ കൂട്ടിന്നായ്

വാൽക്കണ്ണാടിയെടുത്തതു കനവിൻ മഷി കണ്ണിൽ വരയാൻ, പിന്നെ
വാർമുടി ചീകി വിടർത്തി നടന്നത് നിന്നെ പോലാവാൻ,
അന്നനടയ്ക്കരമണിയൊച്ചയ്ക്കായ്  പാദസരം തീർത്തു, ഞാനെൻ
പ്രിയ സഖി ചൊല്ലും ഈണങ്ങൾക്കായ് കാൽത്താളം തീർത്തു, നീളെ
കാൽത്താളം തീർത്തു

താമ്പാളത്തിൽ തളിർവെറ്റില ഞാൻ പല കുറി നീർ തൂവി, നിന്നുടെ
വരവും കാത്തൊരു വെള്ളിക്കിണ്ണം നിറയേ നൂറാക്കി
പിച്ചാത്തിപ്പിടി മുറുകേ നല്ലൊരു കമുകിൻ കായയ്ക്കും കിട്ടി
മെത്തയൊരെണ്ണം  വെറ്റിലതൻ പൊൻകെട്ടിന്നരികത്തായ്, പൊൻ-
കെട്ടിന്നരികത്തായ്

ഉണ്ടോ പ്രിയ സഖീ ചൊല്ലൂ നീയും എന്നെപ്പോലുള്ളം , നിറയെ
കൊണ്ടു നടപ്പൂ പ്രണയത്തിൻ സുഖ നോവിന്നാനന്ദം??
കാതിലവൻ ചൊല്ലും കാര്യങ്ങൾ ആലില മന്ത്രം പോൽ, കാറ്റിൻ
താളത്തോടെ വരുന്നത് കേൾക്കാൻ കാതോർത്തീടാൻ വാ, എൻ
കൂടെ കൂടാൻ വാ

പാതിരയേറെപ്പോയി പുള്ളുകൾ പാടിത്തളരാറായ്, കുന്നി-
ന്നക്കരെ പുലരിപ്പെണ്ക്കൊടി സ്വർണ്ണത്താലം നീട്ടാറായ്
കണ്ടില്ലല്ലോ നിന്നേയിനിയും  സങ്കടമോടുള്ളം, നിറയെ
കണ്ട കിനാവുകളത്രയുമൊടുവിൽ പാഴായ് പോയെന്നോ, ഒടുവിൽ
പാഴായ് പോയെന്നോ

ആളുകൾ പണ്ട് മൊഴിഞ്ഞു മറന്നൊരു യക്ഷിക്കഥയിൽ നീ, നാരീ
ചേലൊടു ചേലകൾ ചുറ്റി നടന്നൂ രാവുകളിൽ നീളേ
കണ്ടിട്ടുണ്ടവർ നിന്നുടെ തേറ്റപ്പല്ലും നഖമെല്ലാം, പക്ഷെ
ഹിംസിച്ചീടുകയരുതേ ആരെയുമെൻ പ്രിയ സഖി നീയേ
വന്നീടുക സഖി എന്നെങ്കിലുമൊരു രാവിൽ  എന്നരികെ
കൊണ്ടേ പോകൂ നിന്നുടെ ലോകം പൂകാനായെന്നെ
കൊണ്ടേ പോകൂ നിന്നുടെ ലോകം പൂകാനായെന്നെ