ബുധനാഴ്‌ച

ഒരു തുലാവര്‍ഷ രാത്രിയുടെ ഓര്‍മ്മയില്‍ .............

പടിഞ്ഞാറന്‍ കാറ്റു മുറ്റത്തെ കിണറിനു വലത് ഭാഗത്തുള്ള കണിക്കൊന്നയെ ആട്ടി ഉലച്ചു . പൂമാരി ചൊരിഞ്ഞു എന്റെ മുറ്റം കൂടുതല്‍ ചേലുള്ളതാക്കി . പൂക്കള്‍ നെറുകയില്‍ വീണപ്പോള്‍ കുഞ്ഞി ത്യത്താവ് പുഞ്ചിരിച്ചു കൊണ്ടു ചോദിക്കുന്നതു കേട്ടു " അമ്മേ ഈ കാറ്റെന്തിനാ വരണെ " എന്നു . അമ്മ ചെടി മകളുടെ നെറ്റിയിലേക്കു തല ചായ്ച്ചു പറഞ്ഞു "ഇതാണു മാരിക്കാറ്റു . മകളെ നീ ശിരസ്സുയര്‍ത്തി കാണൂ" . തൃത്താ കുഞ്ഞു കൗതുകത്തോടെ മുകളിലേയ്ക്കു നോക്കി . ഇരുണ്ട വാനം കണ്ട് അതു ചോദിച്ചു " നിന്റെ ചേലൊക്കെ ആരു കൊണ്ട് പോയി ?" ശുണ്ഠി പിടിച്ചു മാനം ചിറി കോട്ടി പറഞ്ഞു " എന്റെ ചേലൊന്നും എവിടേം പോയില്ല " എന്നാല്‍ 'എവിടെ' എന്നായി കുഞ്ഞി ചെടി . പെട്ടെന്നു വാനം തന്നിലൊരു വര വരച്ചു . പിന്നെ അതു വളച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു അതിനു നിറം കൊടുത്തു . കുഞ്ഞി ചെടിക്കു അത്ഭുതം അടക്കാന്‍ വയ്യ ...... "ഹായ് ! എന്തു ചേലാ നിന്നെ കാണാന്‍ " . അതു കേട്ടു തെല്ലഹങ്കാരത്തില്‍ എളിയില്‍ കയ്യും കുത്തി വാനം നിന്നു . കറുപ്പിലും താന്‍ ഏഴഴകുള്ളവള്‍ എന്നു അവള്‍ തന്റെ കീഴിലുള്ളവര്‍ക്കു കാട്ടി കൊടുത്തു . വാനിന്റെ സൗന്ദര്യത്തില്‍ ലയിച്ചു നില്ക്കുമ്പോള്‍ ആണു ഒരു പൊന്‍ പ്രഭ മണ്ണിന്റെ മാറിലേയ്ക്കു വീണതു . ഭൂമിപ്പെണ്ണിനായി വിണ്ണെറിഞ്ഞു കൊടുത്ത താലിയായി തോന്നി അതു. പിന്നാലെ വന്ന ശബ്ദത്തില്‍ ജാതി തൈകളുടെ കീഴെ കിന്നാരം പറഞ്ഞിരുന്ന രണ്ട് ചകോരങ്ങള്‍ ഓടി മറഞ്ഞു . സന്ധ്യാംബരത്തിനു ഇന്നലെ ഈ ചകോരങ്ങളുടെ വര്‍ണ്ണമായിരുന്നു . കാറ്റിന്റെ സീല്ക്കാരവും കടലിന്റെ ഇരമ്പലും ഇടകലര്‍ന്ന് കേള്‍ക്കാം .പടിഞ്ഞാറന്‍ കാറ്റു കൂടുതല്‍ ബലപ്പെടുകയാണു . മുറ്റത്തെ സിമന്റു തറയില്‍ വീണ മാവിലകളെ തൂത്തു വാരുമ്പോള്‍ കുറിഞ്ഞി പൂച്ച കാലുക്ള്‍ക്കിടയിലൂടെ ഓടി . ഒരു അണ്ണാന്‍ കുഞ്ഞിന്റെയടുത്തു യുദ്ധം പ്രഖ്യാപിച്ചു കൊണ്ടുള്ള വരവായിരുന്നു അതു . 'ചില്‍ ചില്‍ ' എന്നു ചീത്ത വിളിച്ചു വിട്ട് കൊടുക്കാന്‍ ഭാവമില്ലതെ അണ്ണാറനും . എന്റെ കണ്ണുകള്‍ മുറ്റത്തെ കാഴ്ച്കളെയും മുറ്റത്തെ കാഴ്ചകള്‍ എന്ടെ നിമിഷങ്ങളെയും ഒപ്പിയെടുക്കാന്‍ മത്സരിച്ചു . അമ്മൂമ്മ തുളസിത്തറയില്‍ വിളക്കു വയ്ച്ചു . അപ്പോഴും സന്ധ്യ ചുവന്നില്ല. നക്ഷത്രം തെളിഞ്ഞില്ല . ചന്ദ്രനും ഉദിച്ചില്ല . മാനം വരച്ച വില്ലോ ? മാഞ്ഞു പോയിരിക്കുന്നു . പെട്ടെന്നൊരു നനുത്ത സ്പര്ശം എന്റെ നെറ്റിമേല്‍ ..... ഒരു കുഞ്ഞു മഴത്തുള്ളി അതിന്റെ തളിര്‍ വിരല്‍ കൊണ്ട് എന്നെ തഴുകി. പിന്നെ ഒന്നിനു മീതെ ഒന്നായി മേലാകെ കുളിര്‍ വാരിയിട്ടു കാര്‍ കൊണ്ടല്‍ വിടവുകളിലൂടെ ചോര്‍ന്നു അവ എന്നില്‍ പെയ്തിറങ്ങി തുടങ്ങി . നനഞ്ഞു കുതിരുന്നതിനു മുന്പെ ഞാന്‍ വരാന്തയിലേക്കോടി കയറി . പിന്നെ കണ്ടതെല്ലാം മഴക്കാഴ്ചകളാണു. ചെറുതും വലുതുമായ മഴനൂലുകള്‍ മുറ്റത്തും മേല്ക്കൂരയിലും ഊര്‍ന്നിറങ്ങി . അവ നിലം പറ്റുമ്പോള്‍ മുറ്റത്തെ കൊച്ചു കുളങ്ങളില്‍ കൊഞ്ചിന്‍ കുഞ്ഞുങ്ങള്‍ ചാടുന്ന പോലെ . ചുറ്റിലും കാറ്റും മഴയും അവയ്ക്കിടയില്‍ കുറ്റാകൂരിരുട്ടും.


മിന്നാമിന്നികള്‍ക്ക് വീട്ടില്‍ കേറാന്‍ അയിത്തം പോലെ . പടി വരെ വന്നെത്തി നോക്കി തിരികെ പോകുന്നു. വെട്ടവും ചൂടും തേടി പ്രാണിക്കൂട്ടങ്ങളുടെ തിക്കും തിരക്കുമാണു കോലായില്‍. മെത്തയില്‍ കുഞ്ഞി തലയിണയും ഇറുക്കി പിടിച്ചു കിടക്കുമ്പോള്‍ കണ്ടു മഴയുടെ തൂലികാവൈഭവം. വള്ളിചെടിയുടെയും കൈവിരലുകളുടെയും കണ്ണുനീര്‍ ചാലുകളുടെയും ചിത്രങ്ങള്‍ എന്റെ ജാലകത്തിന്റെ ചില്ലു പാളികളില്‍ തെളിഞ്ഞു മറഞ്ഞു കൊണ്ടേയിരുന്നു. ഇന്ദ്രലോകത്തിനധിപനായ ദേവേന്ദ്രന്റെ വജ്റായുധത്തിന്റെ ശബ്ദമാണ് ഇടിമുഴക്കമെന്നും അതു കേള്‍ക്കുമ്പോള്‍ ഉള്ള ഉള്‍ ഭീതി അകലാന്‍ അര്‍ജുനന്റെ പത്തു പേരുകള്‍ ചൊല്ലിക്കൊണ്ടിരുന്നാല്‍ മതിയെന്നും അമ്മൂമ്മ ആരോടോ പറയുന്നതു കേള്‍ക്കാം . എപ്പോഴോ മഴയുടെ സംഗീതം എന്നില്‍ നിദ്ര പകര്‍ന്നു . പിന്നെ കുറെ കഴിഞ്ഞു കാല്‍വിരല്‍ തുമ്പിലെ പുതപ്പിന്റെ ചലനത്തില്‍ കണ്തുറന്നപ്പോള്‍ കട്ടിലിനരികിലുണ്ട് അമ്മ . ഇപ്പോള്‍ മഴയുടെ അനക്കമില്ല . അതു അനന്തതയിലെയ്ക്കു പോയ് മറഞ്ഞുവെന്നു തോന്നുന്നു . തന്റെ പദ ചലനത്തില്‍ തരിച്ചു നില്ക്കുന്ന ഭൂമിയ്ക്കു കുളിരും പകര്‍ന്ന് അതു തല്ക്കാലം വിട ചൊല്ലി. ആട്ടം തീര്‍ന്ന കളം കണക്കെ ആയി പ്രക്യതി . മേല്ക്കൂരയിലെ ഓടിന്‍ തുമ്പിലെ അവസാന തുള്ളിയും നിലം പറ്റുന്നതിനു മുന്പെ എനിക്കു ചുറ്റും നിറഞ്ഞു നില്ക്കുന്ന തണുപ്പിന്റെ അങ്ങേയറ്റത്തേയ്ക്കു ഞാന്‍ ഊളയിട്ടു . അത്താഴം മറന്ന് ......... ഘടികാര ചലനം നിര്‍ത്തി വച്ച് ........ മേക്കാന്‍ തവളകളുടെയും ചീവീടിന്‍ പറ്റങ്ങളുടെയും വരാനിരിക്കുന്ന മഴയ്ക്കുള്ള മുന്നറിയിപ്പും ശ്രവിച്ച് ഒരു മഴ നീര്‍ മണിയുടെ അഗാധതയിലേക്കു ഈ തുലാവര്‍ഷ രാത്രിയില്‍ ഞാന്‍ നീങ്ങി ...... ഏകയായി....... ഏകയായി.

അമ്പിളി ജി മേനോന്‍