വ്യാഴാഴ്‌ച

ശൈശവം










കേള്‍ക്കുന്നു കുഞ്ഞിക്കാല്‍ത്തള,യിളം 
തിണ്ണയില്‍ കോറും സ്വരം

തൂവിപ്പോകും പാല്‍ കിണ്ണത്തെ  മറ-
ന്നമ്മ വന്നെത്തി നോക്കവേ

കുഞ്ഞു പുല്‍പ്പായത്തുമ്പിന്റെ,യറ്റം
കാരുന്നുണ്ടുണ്ണിപ്പല്ലുകള്‍

പൂവിരല്‍ത്തുമ്പി,ന്നറ്റ,മൂന്നിക്കൊ-
ണ്ടോമന നീന്തി നീങ്ങുന്നു

തീര്‍ക്കുന്നു കളം ഉണ്ണിക്കൈ രണ്ടും 
കൂന്തലേന്തിടുമെണ്ണയാല്‍

എന്തിനോ തേടുന്നാമിഴികള്‍
കൊച്ചോലപ്പന്തോ?, കിലുക്കമോ?

കൈകളാട്ടുന്ന പാവയോ?
മുത്തശ്ശി തന്‍ താക്കോല്‍ക്കൂട്ടമോ?

ഒന്നു പിന്നെ മലര്‍ന്ന് പുഞ്ചിരി -
തൂകി നോക്കിയാ പങ്കയെ

ആരും  വന്നില്ല ചാരെയെന്നോര്‍ത്തോ
വിതുമ്പിയോമല്‍ ചെഞ്ചുണ്ടുകള്‍

മുത്തശ്ശി വന്നെടുത്തു പൈതലെ
കാട്ടി കുഞ്ഞു കിളികളെ

ആറ്റിരമ്പിലെ പൊന്‍മയും
വീട്ടു മുറ്റത്തെ കുളക്കോഴിയും

തെച്ചിപ്പൂങ്കുലക്കെട്ടില്‍ പാറുന്ന
സപ്തവര്‍ണ്ണ പൂമ്പാറ്റയും

ഒന്നിനോടും ഇണങ്ങിടാതുണ്ണി
കണ്ണുനീര്‍ വാര്‍ക്കും വേളയില്‍

ഓടി നിന്‍ ചാരെയെത്തിയോ, അമ്മ 
പുല്കിയുമ്മകള്‍ നല്‍കിയോ

ആ നെഞ്ചിന്‍ താളത്താരാട്ടാ,ലിമ-
രണ്ടും നിദ്രയെ പുൽകവേ 

സ്വപ്നത്തില്‍ നിന്റെ പുഞ്ചിരി  കാണാ- 
നെത്തിയോ  ചെറുതുമ്പികൾ  

വീണ്ടും മാടി വിളിക്കുന്നു
പോയ ശൈശവത്തിന്നടരുകള്‍ 
എന്റെ ശൈശവത്തിന്നടരുകള്‍ .

അമ്മ കൈകളിലേന്തി നല്കുന്ന
വെണ്ണ ചോറിന്‍ സമ്യദ്ധിയും

അച്ഛന്റെ തോളിലേറി ഉത്തരം
താങ്ങാന്‍ വെമ്പും കുസ്യതിയും

മേഘക്കീറുകള്‍ക്കുളളിലെ ചന്ദ്ര-
ത്തുണ്ടെടുക്കാനാവേശവും

ഒന്നുകൂടിയെന്നുള്‍ക്കാമ്പിൽ   
തുടിച്ചിടുന്നതറിയുന്നു ഞാന്‍
തുടിച്ചിടുന്നതറിയുന്നു ഞാന്‍

ഞായറാഴ്‌ച

10) കീര്‍ത്തിചക്രയും കാര്‍ഗിലും





ഇന്നലെ രാവിലെ ഒരു സഹപ്രവര്‍ത്തകന്‍ അയച്ച ഇ-മെയില്‍സന്ദേശത്തിന്റെ തലക്കെട്ടു ഇങ്ങനെയായിരുന്നു "An Article by Mohanlal - Worth Reading ....... Please read it ". എന്നത്തെയും പോലെ ആ ഇ-മെയിലിനെ സങ്കോചം അശേഷമില്ലതെ പ്രാധാന്യം കുറച്ചു കാണുന്ന സിനിമ-മെയിലുകളുടെ ഗണത്തില്‍ ചേറ്ത്തു പിന്നീടു വായിക്കാന്‍ മാറ്റി വച്ചു . തിരക്കൊഴിഞ്ഞു അതു വായിക്കുമ്പോള്‍ കണ്ണുനീര്‍ മറ കൊണ്ട് പല അക്ഷരങ്ങളിലും എന്റെ നോട്ടം എത്തിയില്ല .







ഒരു പട്ടാളക്കാരന്റെ ഭാര്യ വിളിച്ചു കീര്‍ത്തിചക്ര എന്ന സിനിമയിലെ പട്ടാളക്കാരുടെ കഷ്ടതകള്‍ ഏറെ നിറഞ്ഞ ജോലിയെ പറ്റി പരാമര്‍ശിച്ചതിനോടൊപ്പം പറയുകയുണ്ടായി ഇത്രയേറെ കഷ്ടതകള്‍ നിറഞ്ഞതാണു തന്റെ ജോലിയെന്നു ഒരിക്കല്‍ പോലും തന്നോടു പറയാത്ത, കാശ്മീരിലെ പോരാട്ടത്തില്‍ മ്യത്യുവരിച്ച ഭര്‍ത്താവിനെ കുറിച്ചു വളരെ അഭിമാനം തോന്നുന്നു എന്നു . തന്റെ തിരക്കു പിടിച്ച സിനിമാ ജീവിതത്തിനിടയിലും ലാല്‍ എന്ന വ്യക്തി ഒരു സാധാരണ ഫോണ്‍ കാളിനു നല്കിയ പ്രാധാന്യവും പിന്നീടു പട്ടാള ജീവിതത്തിന്റെയും അവര്‍ നമ്മുക്കു നല്കുന്ന സുരക്ഷയുടെയും വിവരണവും അദ്ദേഹത്തോടുളള എന്റെ ബഹുമാനം പതിന്മടങ്ങാക്കി . ലാല്‍ പറയുന്നതു അക്ഷരം പ്രതി ശരിയാണു. ലാലിന്റെ വാക്കുകള്‍ കടമെടുത്തു കൊണ്ട് പറയട്ടെ "രാത്രി അവര്‍ ഉറങ്ങാതെ നില്ക്കുന്നതിനാല്‍ നമ്മള്‍ സുഖമായി ഉറങ്ങുന്നു". യുദ്ധം എന്തെന്ന് അറിയാത്ത ഏറ്റവും സുരക്ഷിതമായ കേരളഭൂവിലിരുന്നു പട്ടാളക്കാരനെ കളിയാക്കുന്ന , വിധവാപെന്‍ഷനു വേണ്ടി നെട്ടോട്ടമോടുന്ന പട്ടാളക്കാരന്റെ ഭാര്യയെ ലോട്ടറിയടിച്ചവളെന്നു അപഹസിക്കുന്ന , അനാഥമായ അവരുടെ കുടുംബാംഗങ്ങളുടെ അപേക്ഷകളെ കീഴറ്റത്തേക്കു തള്ളുന്ന സര്‍ക്കാര്‍ ജോലിക്കാര്‍ നിറഞ്ഞ സമൂഹത്തിന്റെ ഒരു കണ്ണി തന്നെയാണല്ലോ ഞ്ഞാന്‍ എന്നതില്‍ എന്റെ ഉള്ളം തേങ്ങി .ആ ദൗര്‍ഭാഗ്യത്തില്‍ ഞ്ഞാന്‍ എന്നെ ശപിച്ചു . ഭാര്യയേയോ കുട്ടികളെയോ മാതാപിതാക്കളെയോ ഓര്‍ക്കുവാന്‍ സമയമില്ലാതെ നിറതോക്കുകളേന്തി ഒരു വെടിയുണ്ടയുടെ അകലത്തില്‍ ജീവിതവും മരണവും കണ്ട് നില്ക്കുന്ന ആ യോദ്ധാക്കളുടെ ഭിക്ഷയായ സമാധാനത്തിന്റെ പങ്ക് പറ്റി ഞാനും അവരെ സല്യൂട്ട് ചെയ്യുന്നു . പാപം നിറഞ്ഞ സമൂഹത്തിന്റെ കളങ്കക്കറ ഇല്ലാത്ത മനസ്സോടെ ........തികഞ്ഞ അഭിമാനത്തോടെ......... അകമഴിഞ്ഞ ആദരവോടെ .....ഞാന്‍ ഇന്നേ വരെ നേരില്‍ കണ്ടിട്ടില്ലാത്ത ആ രക്ത സാക്ഷി മണ്ഡപങ്ങള്‍ മനസ്സാല്‍ തൊട്ടു നമസ്ക്കരിക്കുന്നു....... ഒരു കോടി നന്ദി സ്മരണ പൂക്കള്‍ അര്‍പ്പിച്ചുകൊള്ളുന്നു. ലാല്‍ ഫോണിലൂടെ കേട്ട അതേ തേങ്ങല്‍ ഞാനും കേള്‍ക്കുകയാണ് ; പക്ഷേ വേറൊരു സ്ത്രീ ജന്മത്തിന്റെ ........ വേറൊരു അമ്മയുടെ .... വേറൊരു പത്നിയുടെ ....




കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിന്റെയും തുടര്‍ന്നുണ്ടായ യുദ്ധത്തിന്റെയും അനന്തര ഫലമായി രക്തസാക്ഷിയാകേണ്ടി വന്ന ഒരാളുടെ വീട്ടുമുറ്റം ടെലിവിഷനില്‍ കണ്ടതു ഓര്‍മ്മയില്‍ തെളിയുന്നു . ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ ഭര്‍ത്താവിന്റെ മ്യതദേഹം നിറകണ്ണുകളോടെ ഏറ്റു വാങ്ങുന്ന ഒരു ഭാര്യയേയും സമീപത്തു ഒരു ആണ്‍കുഞ്ഞിനെയും കാണുകയുണ്ടായി. എവിടെയോ കണ്ട് മറന്ന ഒരു മുഖം പോലെ ........ഒരാവര്‍ത്തി കൂടി ശ്രദ്ധിച്ചപ്പോള്‍ മനസ്സിലേക്കോടി വന്നതു പിന്നിട്ട കാലത്തിന്റെ ഒരു ഏടാണു. നിത... അവളായിരുന്നു അത്. എന്റെ സ്നേഹിത.കലാലയ ജീവിതത്തില്‍ മറക്കാനാവാത്ത മുഖമൊന്നുമായിരുന്നില്ല അതു . അത്ര ആഴത്തിലുള്ള സുഹ്യത്ബന്ധവും ഉണ്ടയിരുന്നില്ല ഞങ്ങള്‍ തമ്മില്‍ എങ്കിലും........... ആ മുഖം ഞാന്‍ മറന്നില്ല . എപ്പോഴും അത്ഭുതഭാവം നിറഞ്ഞ കണ്ണുകളുള്ള ആ കുട്ടിയുടെ രൂപത്തിനു കാലത്തിന്റെ പാച്ചില്‍ അല്പ്പസ്വല്പ്പ വ്യത്യാസമേ വരുത്തിയിരുന്നുള്ളു . നിറഞ്ഞ കണ്ണുകളും തേങ്ങുന്ന ഹ്യദയവുമായി നില്ക്കുന്ന ആ കുട്ടിയുടെ രൂപം കുറച്ചൊന്നുമല്ല എന്നെ ദുഖിപ്പിച്ചതു .അതിലേറെ എന്നില്‍ നോവു പടര്‍ത്തിയതു നിഷ്കളങ്കത മാത്രം നിറഞ്ഞ ഒരു കുഞ്ഞിന്റെ മുഖമായിരുന്നു . കണ്ടാല്‍ 5 വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍ കുഞ്ഞു ചുറ്റും നടക്കുന്നതെന്താണെന്നു തിരിച്ചറിയാതെ അമ്മയുടെ ചാരെ നില്പ്പുണ്ട് . ഇനിയവൾ  അമ്മയുടെ നിഴലിലല്ലേ നില്ക്കുകയുള്ളു . എത്ര കളിപ്പാട്ടങ്ങള്‍ വാങ്ങികൊണ്ട് വരാമെന്നു പറഞ്ഞായിരിക്കും അവളുടെ അച്ഛന്‍ അവസാനമായി വണ്ടി കയറിയിട്ടുണ്ടാകുക ? അച്ഛനില്‍ നിന്നും അന്നു കിട്ടിയ അവസാന മുത്തം അവൾ തിരിച്ചു കൊടുക്കാന്‍ പോകുന്നു .....ഒരു പിടി മണ്ണു അച്ഛന്റെ മേല്‍ വാരിയിട്ടു അച്ഛനെ യാത്രയാക്കുന്നതിനു മുന്പു.........പക്ഷേ അച്ഛന് അതിന്റെ മാധുര്യമറിയുവാന്‍ സാധിക്കില്ലല്ലോ ......അതുണ്ടോ ഈ പിഞ്ചു കുഞ്ഞറിയുന്നു ?





അച്ഛനില്ലാത്ത ഒരു ബാല്യകാലത്തിന്റെ കയ്പ്പു എറെ അനുഭവിച്ച ഒരാളാണു എന്റെ ഭര്‍ത്താവു . നിറം മങ്ങിയ കുട്ടിക്കാലത്തിന്റെ, ബന്ധുക്കളുടെ കപട സ്നേഹത്തിന്റെ , ജീവിത ചെലവിന്റെ തത്രപ്പാടുകളുടെ ശോക നിര്‍ഭരമായ കഥകള്‍ എനിക്കു അദ്ദേഹത്തില്‍ നിന്നും കിട്ടി . ഈ കുഞ്ഞും ഇങ്ങനെയുള്ള സങ്കടഘട്ടങ്ങളെ അതിജീവിക്കേണ്ടവനല്ലോ എന്നു ഞാന്‍ ആവലാതിയോടെ ഓര്‍ത്തു. അചഛന്റെ സ്നേഹം മതിയാം വണ്ണം അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയ 4 കുട്ടികളെ പോറ്റിയ അമ്മയുടെ മനോധൈര്യം ഞാന്‍ എന്റെ ഭര്‍ത്താവിന്റെ അമ്മയില്‍ കണ്ടു . ജീവിതത്തിന്റെ പ്രതിസന്ധികളില്‍ തളരാതെ മുന്നേറി തന്റെ കുഞ്ഞുങ്ങള്‍ക്ക് അന്നും എന്നും താങ്ങായി നിന്ന ഒരു അമ്മയിലെ നേരും നന്മയും ഞാന്‍ തൊട്ടറിഞ്ഞു . അതേ നേരും നന്മയും അതിന്റെ വെളിച്ചവും എന്റെ സഹപാഠിക്കും കുഞ്ഞിനും ആത്മ വീര്യം നല്കട്ടെ . ആ കുഞ്ഞു മനസ്സു സങ്കടങ്ങള്‍ കൊണ്ട് ഉരുകാതിരിക്കട്ടെ . അതിലെ നന്മയുടെ കണങ്ങള്‍ ചോരാതിരിക്കട്ടെ . ആ പിഞ്ചുപാദങ്ങള്‍ വിറ കൊള്ളാതെ മുന്നേറട്ടെ. കറുപ്പും കാലുഷ്യവും പെരുകിയ ഈ യുഗത്തിന്റെ ചതികുഴികളില്‍ കാലിടറി അവര്‍ വീഴാതിരിക്കട്ടെ. അങ്ങിനെ പ്രാര്‍ത്ഥിക്കുവാനേ.......... എന്റെ പ്രാര്‍ത്ഥനകളില്‍ അവരെ ഉള്‍പ്പെടുത്താനേ എനിക്കു കഴിയൂ . ഒപ്പം തന്നെ മാത്യരാജ്യത്തിനു വേണ്ടി പോരാടി വീര മ്യത്യു വരിച്ച ധീര യോദ്ധാക്കളെ നന്ദി പൂര്‍വ്വം ആദര പൂര്‍വ്വം സ്മരിച്ചുകൊള്ളുന്നു .