ചൊവ്വാഴ്ച

23) അകലത്തെ മഴ






ഇന്നലെ വിളിച്ചപോള്‍ അമ്മ പറയുകയുണ്ടായി അവിടെ മഴ ആണെന്ന്. തീകനളോളം ചൂടാര്‍ന്ന ദിനങ്ങളെ തള്ളി നീക്കുമ്പോള്‍ കാതങ്ങളോളം അകലെ ഉള്ള എന്റെ സ്വപ്നങ്ങളും മോഹങ്ങളും യഥേഷ്ടം വിഹരിയ്ക്കുന്ന, പ്രാണനു തുല്യം ഞാന്‍ സ്നേഹിയ്ക്കുന്ന വീടും, പ്രിയപ്പെട്ട എന്റെ പൂ ചെടികളും മനസ്സില്‍ തെളിഞ്ഞു വരുന്നു. ഏഴു വര്‍ഷങ്ങള്‍ക്കു മുന്പ് ഒരു ജൂണ്‍ മാസത്തില്‍ ആണ് ഞാന്‍ ഗള്‍ഫ്‌ വാസി ആയതു. അവിടത്തെ മണ്ണില്‍ പുതു മഴയുടെ നനു നനുത്ത കാലൂന്നിയതെ ഉള്ളു , സ്നേഹാര്‍ദ്രമായ ആ സ്പര്‍ശത്താല്‍ മണ്ണിന്റെ സൌരഭ്യം തെല്ലൊന്നു പൊങ്ങി പരന്നതെയുള്ളു ; അപ്പോഴേയ്ക്കും ഞാന്‍ വരണ്ട മരുഭൂവിലേയ്ക്ക് പറിച്ചു നടപ്പെട്ടു . എങ്കിലും വീടിനു മുകളിലും ചുറ്റിലും എല്ലാം പെയ്തു തിമിര്‍ത്തു, മുറ്റത്തും തൊടിയില്‍ ഒക്കെയും ഉള്ള ഹരിതാഭയെ തഴുകി ഉണരവേകുന്ന മഴയുടെ ആര്‍ദ്രത എന്റെ അന്തരാത്മവിനെയും തൊട്ടു തലോടുന്നു.

കാതങ്ങളോളം ദൂരെ ആയിട്ടും എനിക്ക് കാണാം ;
മഴയുടെ നനഞ്ഞ കാലടികള്‍ ഓരോരോ മണല്‍ തരികളിലും പതിയ്ക്കുന്നത്,
അവയുടെ ഹൃദയങ്ങളിലെയ്ക്ക് ആര്‍ദ്രമായ സ്നേഹം പകരുന്നത്,
മാംകൊമ്പുകളിലെ ഉറുമ്പ് കൂടുകള്‍ തച്ചുടയ്ക്കുന്നത്,
പിന്നെ ചില്ലകളിന്മേല്‍ മേല്‍ വിഭ്രാന്ത മനസ്സോടെ അങ്ങിങ്ങു പാഞ്ഞു നടക്കുന്ന
കുഞ്ഞു വലിയ ഉറുമ്പിന്‍ കൂട്ടങ്ങളെ
നഞു ഒട്ടിയ ഊഞ്ഞാല്‍ പടിയുടെ മ്ലാനതയെ ;
മുറ്റത്തെ കുട്ടി കുളങ്ങളില്‍ തീര്‍ക്കുന്ന വൃത്തങ്ങളെ ,
അവയില്‍ ആടി ഉലയുന്ന ബഹു വര്‍ണ്ണകടലാസ്സ്‌ തോണികളെ
പുതു പുത്തന്‍ പുസ്ടകങ്ങളുടെ മണമുള്ള മഴ,
കുട ചൂടി വഴിയിലെ വെള്ളം തട്ടി തെറിപ്പിച്ചു കൊണ്ടു നടന്നതും
നനഞ്ഞു ഒട്ടി പുതിയ ക്ലാസ്സിലെ ബെന്ചിന്‍ മേല്‍ ഇരുന്നത്....പയ്യെ
പയ്യെ പെയ്തു തുടങിയ മഴയുടെ രൂപവും ഭാവവും മാറുന്നത്......
അങ്ങിനെ എല്ലാം........ഓര്‍മ്മകള്‍ മാത്രം .
പ്രായം കൂടും തോറും മഴയില്‍ പുതിയ അര്‍ത്ഥങ്ങള്‍ കണ്ടു......
മനോ വിചാരങ്ങള്‍ മഴയില്‍ ആറാടി.
ചിലപ്പോള്‍ സ്വപ്നം കാണാന്‍ , മറ്റു ചിലപ്പോള്‍ മടി പിടിച്ച്‌ ഉറങ്ങാന്‍ ,
കോളേജ് കാന്ടീനില്‍ കൂട്ടുകാരികളുമൊത്തു ചുടുചായ ഊതി കുടിച്ചു തമാശ്കള്‍ പങ്കിടാന്‍ ,
വില്ലിയം വേര്‍ഡ്സ്വര്‍ത്ത്‌ - ന്റെ ഭാവനയിലെ മഴയുടെ ചിത്രം എഴുതുവാന്‍ ,
കോളേജ് ലൈബ്രറി വരാന്തയില്‍ നനഞ്ഞ് ഇരുന്നു പാട്ടു പാടാന്‍.....
എല്ലാത്തിനും മഴ പശ്ചാത്തലമായീ.
മഴ പെയ്യുന്നു.... വീണ്ടും വീണ്ടും....
കാര്‍മേഘകൂട് തകര്‍ത്തെറിഞ്ഞ്
സ്വാതന്ത്ര്യല്ബ്ധിയില്‍ അത്യധികം ആഹ്ലാദിച്ച്‌ അത്
മണ്ണിന്റെ മാറിലേയ്ക്കു നിപതിയ്ക്കുന്നു, പരമമായ നിഷ്ക്കളങ്ക്‌തയോടെ, രഹസ്യങ്ങളൊന്നും മറച്ച്‌ വയ്ക്കാതെ, വാ തോരാതെ വര്‍ത്ത്‌മാനം പറഞ്ഞു , എല്ലാവരിലും ഉണര്‍വേകി പെയ്തു തിമിര്‍ക്കുകയാണ്‌..... ആ നീര്‍ മണി മുത്തുകള്‍ ഒരോന്നിലും മുങ്ങാം കുഴിയിട്ട്‌ അവയുടെ ആഴം അളന്നു......അവയില്‍ അലിഞ്ഞു.....ആ ആര്‍ദ്രതയില്‍.....സൌകുമാര്യത്തില്‍ഞാന്‍ സ്വയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോ?






അമ്പിളി ജി മേനോന്‍
ദുബായ്.