വെള്ളിയാഴ്‌ച

മകള്‍ക്ക്







അമ്മയ്ക്കണിവയർ തന്നിലന്നാദ്യമായ്
കൈവന്ന സ്വർഗ്ഗാനുഭൂതി  നീയേ
ഉമ്മറത്തിണ്ണയിൽ തിങ്ങും തമസ്സതിൽ 
ഞാന്‍ കണ്ട ജ്യോതിയും നീ മകളെ

കണ്ണടച്ചൊന്നു തുറക്കുന്ന മാത്രയിൽ
മുന്നിലുഷസ്സായ്‌ വിരിഞ്ഞ പൂവേ
ഞാന്‍ കണ്ട സ്വപ്നത്തിൻ തങ്ക ചിലമ്പൊലി
നിന്‍ ചിരിയല്ലാതെ എന്തു വാവേ..!

കൊച്ചരിപ്പല്ലുകൾ പൂ വിടർത്തീടുവാന്‍ 
മത്സരിയ്ക്കും മലർ മൊട്ടു പോലെ
നീ  ചിരിച്ചീടുകിൽ  എന്‍ ഹൃദയാങ്കണം
പൂനിറയും വസന്തർത്തു പോലെ 

നീയെന്റെ ജീവനായ്ജീവന്റെയീണമായ്
എന്നിലണഞ്ഞ സൌഭാഗ്യമല്ലേ
കര്‍ണ്ണങ്ങളിൽ തേനമൃതം പകര്‍ന്നിടാന്‍
അമ്മെയെന്നാദ്യം  വിളിച്ചതല്ലേ

എന്റെ  കൈക്കുമ്പിളിൽ തുള്ളി തുളുമ്പുവാൻ
എന്‍ വിളി കേട്ടു നീ വന്നതല്ലേ
ഓടിവന്നമ്മയെടുക്കുവാൻ കണ്മണീ 
പിച്ച നടന്നന്നു  വീണതല്ലേ 

കാലം കടന്നെത്ര വേഗമിതെങ്ങോട്ടു
പോകുവതെന്നറിയാതെ നില്‍ക്കെ
ഇന്നലെ കൈവെള്ളയിൽ വന്നുദിച്ച നീ
ഇന്നെന്റെ തോൾചേര്‍ന്ന് നില്‍ക്കയല്ലേ

മകളേ വളർന്നിടൂ നിന്‍ നടപ്പാതയിൽ
മുള്ളല്ലപൂക്കൾ നിറഞ്ഞിടട്ടെ..
നിന്‍ മിഴി നന്മകൾ കണ്ടു കണ്ടങ്ങനെ
നേരിന്റെ നേരെ തെളിഞ്ഞിടട്ടെ








അമ്പിളി ജി മേനോന്‍