വ്യാഴാഴ്‌ച

ജല മൌനം

പച്ച നീരാളമിട്ടു നില്‍ക്കുന്ന 
മൌനമേ ജല മൌനമേ 
നിര്നിമേഷയായ് ഞാനിതാ നിന്റെ 
മുന്നില്‍ നില്‍ക്കുന്നു സുന്ദരിജല സുന്ദരി
നിന്നിലെ നിറവായ മൌനമോ
നിന്റെ നീണ്ട തപസ്യയോ
ഇന്ന് മത്സരതീര്‍പ്പിനായിതാ
കാത്തു നില്‍പ്പൂ പരസ്പരം 

പണ്ട് നിന്‍ നീര്ത്തടങ്ങളില്‍, മര-
ഛായകള്‍ ഉരഗങ്ങളായ്
വാസുകി മഹാ കാളിയന്‍ ആദി- 
ശേഷ ബിംബങ്ങള്‍ തീര്‍ത്തതും 
കുഞ്ഞു കാറ്റിന്റെ ചുംബനം കൊണ്ട്
കോള്‍മയിര്‍ക്കൊള്ളും മേനിയില്‍
അന്ന് കണ്ടങ്ങ്‌ വിസ്മയം പൂണ്ട 
ചിത്രജാലങ്ങള്‍ തേടി ഞാന്‍

പണ്ട് ഞാന്‍ വൃഥാ ചിന്ത തീണ്ടാതെ 
കുഞ്ഞു വെള്ളാരം കല്ലുകള്‍ 
ഒന്ന് മറ്റൊന്നിന്‍ ഒച്ച കേള്‍ക്കാതെ 
നിന്റെ നേരെ എറിയവേ
കുഞ്ഞു കയ്യിന്റെ താഡനം കൊള്ളും
അമ്മ കാണും കുസൃതി പോല്‍
നിന്‍ കവിള്‍ ചൂടും നീര്‍ ചുഴികളും
മന്ദഹാസവും ഓര്‍ത്തു ഞാന്‍ 

      
നിന്‍ കരയിലെന്നാളിലും കരി-
ഗര്‍വ്വ രൂപേണ  വാഴുമാ 
കാട്ടുകല്ലിന്റെ മേനിയില്‍ വര-
പോലെയുണ്ടെന്‍ മനോഗതം.
അന്ന് മൂളി നീ കേട്ടൊരെന്‍   മനോ-
രാജ്യ രാഗ സങ്കല്പങ്ങള്‍
എന്തിനായ് നീര്ത്താളതില്‍   ജല-
രേഖ പോലെ വരച്ചു നീ
  
തെല്ലുമില്ല പരിഭവം എനിയ്ക്കെ  -
ന്നുമേ  എന്‍  പ്രിയ സഖി
ചൊല്ലിടൂ നൂറു നിന്‍ വിശേഷങ്ങള്‍
കുഞ്ഞലകളെന്‍    കാതിലായ്  

പണ്ടൊരു  ഭൂതം നിന്നെയേല്‍പ്പിച്ച
സ്വര്‍ണ്ണ പേടകമൊന്നിലെ 
കല്ല്‌ വച്ചൊരാ കൈ വളകളും
നാഗമാലയും കാട്ടുമോ 

കുഞ്ഞു മീനുകള്‍ കൂട്ടമായ്‌. അവയ്-
ക്കമ്മ മീനതിന്‍ പിന്നിലായ്നീല-
മാനവും   വെള്ളി മേഘവും  കണ്ടാ-
ടും കേളിയിനി വൈകുമോ
നിന്റെ ചേറില്‍ വേരൊട്ടവേ
ഇന്നെന്റെ  ലോകം മറന്നൊരാ 
രണ്ടു താമര ത്തണ്ടുകള്‍   പൂ-
ചൂടി ഞാനിന്നു കാണുമോ?

കാലമേറെ കടന്നുപോയ്ജരാ-
നരയെ മേനി വണങ്ങയായ് 
ഓര്‍മ്മകള്‍ വിളി കേട്ടിടാതേതോ 
ദൂര ദിക്കില്‍ മറഞ്ഞുപോയ്‌ 

നീ ചിരിച്ചൊന്നു  കാണുവാന്‍
തെളി നീരില്‍ അമ്പിളി   കാണുവാന്‍
ഒരാണ്ട് നീണ്ട വഴി താണ്ടി വീണ്ടും 
നിന്നരികിലണഞ്ഞിടാം,ഞാന്‍ 
        നിന്നരികിലണഞ്ഞിടാം.