ശനിയാഴ്‌ച

ഏകാന്തം
ഇന്നലെ പെയ്ത മഴയിൽ  കുളിർന്ന  പ്രിയ വസുധതൻ
മുടിത്തുമ്പിലെ തുളസിക്കതിരിനെ തഴുകിയും
ചെറു മഞ്ചാടി മണികൾ വഴിയിലുതിർത്തും
അരിയ മുക്കുറ്റി പൂവിനെ മൃദുവായ് മുകർന്നും
പുൽകറുക ചൂടും നീർമണികളെ ഉടച്ചും
അറിയാത്ത പല പൂവിൻ  സുഗന്ധം പേറിയും
പല വഴി അലഞ്ഞും തിരിഞ്ഞും , പിന്നെ
എണ്ണ മണക്കും അമ്പല നടകൾ  ചുറ്റിയും
കഥകളായിരം മൊഴിഞ്ഞും
അനേക ഋതുശോഭയണിഞ്ഞും വിലസിടുമാ-
ലിലകളിളക്കിയും
കിഴക്കു പൊങ്ങി പരന്ന പൊൻ-
ചിങ്ങ വെയിൽ  പ്രഭയിൽ  കുളിച്ചു നിൽക്കുമെൻ
വീട്ടു തൊടിയിൽ  നടന്നും,
കറുത്ത ചിമ്മിനി വട്ടത്തിൽ  നിന്നുയരും
അമ്മ തൻ  ഇലയട  ഗന്ധവും,
പിന്നെ ഞാൻ കൈവിട്ട സ്വർഗ്ഗാനുഭൂതികളും വഹിച്ചിങ്ങു പോരുക നീ
മനസ്സിൽ  ക്ലാവായ ഓർമ്മകളുമായ് ഞാനിതാ
തുറന്നിടുന്നെൻ ഏകാന്ത ജാലകം നിനക്കായ്.


ബുധനാഴ്‌ച

മഴ

മുത്തും പവിഴവും കോർക്കുവാനായെന്റെ, മുറ്റത്ത്‌

നീലമിറ്റുന്ന നൂല്, മുകിൽ
പറ്റം വിരിച്ചൊരു നീരാളമേന്തുന്ന, മാനത്ത്

മാരിവില്ലിന്റെ പൂവ്, ഭൂമി

മോഹിച്ചൊരേഴു വർണ്ണത്തിൻ ചേല്

ഇറ്റു വീഴുന്ന നീർമുത്തിന്റെയാഴത്തെ

തേടിത്തളരുന്നൊരെൻ മനസ്സ്, കൈ

നീട്ടിത്തൊടുന്നോരാ ഓർമ്മകളിൽ, എന്റെ

ബാല്യത്തിനാണെന്നുമേഴഴക്, മാനം

കണ്ടൊരാ മാരിവില്ലിന്നഴക്

മണ്ണിൻ മുടിപ്പൂക്കൾ ചൂടുന്ന ഗന്ധത്തെ,

മോഹിച്ച കാർമുകിൽ പെണ്‍കിടാവേ

തുള്ളിക്കുതിച്ച് നീ പാഞ്ഞിടുമ്പോൾ, വിട്ടു

തന്നിട്ട് പോകുകെന്നോർമ്മകളെ,കാറ്റി -

ലുലയുന്ന കടലാസ്സ് തോണികളെ
തോരാതെ പെയ്കയോ ഘനശൈത്യമേ, മൌന-

മേറെയുറഞ്ഞ കാർമുകിലാഴമേ

താഴെയടർത്തി നീ വീഴ്ത്തും മലരുകൾ

ചാലുകൾ തേടുന്നെൻ ഹൃത്തടത്തിൽ, നോവിൻ

നീരോടുമാർദ്രമാം മാനസത്തിൽമോഹങ്ങളാണവ സൂനങ്ങളാ മര-

ച്ചില്ലയിൽ മന്ദസ്മിതം പൊഴിച്ചു
എന്തോ നിനച്ചന്ന് നില്ക്കവേ വന്നു നീ

ഞെട്ടറ്റു വീഴ്ത്തിയെൻ മണ്ണിലാകെ, കരിം

ചായം പുരണ്ടെൻ കപോലമാകെവാതായനത്തിലനുവാദ മര്യാദ

പാലിച്ചിടാതെയാ കാറ്റണഞ്ഞു

മഞ്ജീരമുത്തുകൾ കോർത്തൊരെൻ ജാലക -

ക്കമ്പിയിൽ തട്ടി കനവെടുത്തു, നിദ്ര-

രാപാർക്കും പീലിയിൽ നീരുതിർത്തുപിന്നെയും നൃത്തവിലാസങ്ങളോടവൾ

നാട്ടിലാകെ നാശവിത്തെറിഞ്ഞു

ആണ്ടുകളോളം തൻ പേരും പെരുമയുമോതിയൊ

രാൽമര വേരെടുത്തു , കഥ-

യാടി തീരാതെയരങ്ങൊഴിഞ്ഞുഎങ്കിലും എന്നും പ്രിയമീ മഴക്കാല-

നോവിന്റെ രാഗാനുരാഗ മേളം, അവൾ

കൊണ്ടു വന്നീടുന്നു കാതോരമായ്, ഏറെ

പ്രിയമുള്ളോരാൾ മൂളുമിഷ്ട ഗാനം,

പ്രണയാർദ്രമായ് പെയ്യുന്നു വർഷഗീതം.

വെള്ളിയാഴ്‌ച

കണിക്കൊന്ന


ഇന്നു ചാരുതയേകി എന് തിരു-

മുറ്റമാകെ വിളങ്ങി നീ

എന്റെ മോഹശതങ്ങളില് നിറ-

കാന്തി കിങ്ങിണി ചാറ്ത്തി നീ

പണ്ടൊരിക്കലിതെന്ന പോല്

പിന്നെയും ഞാന് പൈതലായ്

നീ വിരാജിതമായ മണ്ണിതില്

പിച്ച വച്ചു നടന്നു ഞാന്

കുഞ്ഞു കാറ്റില് പൊഴിഞ്ഞ നിന്-

തളിറ് കിങ്ങിണികള് പെറുക്കവേ

എന്നോടന്നു മൊഴിഞ്ഞ നിന്-

ദള മറ്മ്മരങ്ങളൊരോറ്മ്മയായ്

വന്നു വീണ്ടും ഈ പൊന് വിഷു നാളില്

സ്വയം മറന്നൊന്നു നിന്നു ഞാന്
ഓറ്ത്തു പോകുന്നെന് ബാല്യവും

തളിറ് ചൂടി നിന്ന കൗമാരവും

പൂത്ത വെള്ളരി പാടവും

ചുടു മേട മാസ നിശ്വാസവും

നിന്ടെ പൂക്കണി കാണുവാന്

എന് തൊടിയിലെത്തുന്ന പുലരിയും

വൈഢൂരൃമായിരം ചെപ്പിലേന്തി നിന്-

മുഖ കാന്തി കൂട്ടിയ സന്ധ്യയും

വീണ്ടും മാടി വിളിപ്പൂ നിന്നുടെ

മുഗ്ദ്ധ ലാവണ്യം കാണുവാന്

എത്ര കാതങ്ങളിപ്പുറത്തിന്നും

എന് സ്മൃതീതടമാകവേ

പൊന് പരാഗങ്ങളോലും ആയിരം

കറ്ണ്ണികാരങ്ങളേന്തി നീ.


അമ്പിളി ജി മേനോന്

ദുബായ്