ബുധനാഴ്‌ച

മഴ

മുത്തും പവിഴവും കോർക്കുവാനായെന്റെ, മുറ്റത്ത്‌

നീലമിറ്റുന്ന നൂല്, മുകിൽ
പറ്റം വിരിച്ചൊരു നീരാളമേന്തുന്ന, മാനത്ത്

മാരിവില്ലിന്റെ പൂവ്, ഭൂമി

മോഹിച്ചൊരേഴു വർണ്ണത്തിൻ ചേല്

ഇറ്റു വീഴുന്ന നീർമുത്തിന്റെയാഴത്തെ

തേടിത്തളരുന്നൊരെൻ മനസ്സ്, കൈ

നീട്ടിത്തൊടുന്നോരാ ഓർമ്മകളിൽ, എന്റെ

ബാല്യത്തിനാണെന്നുമേഴഴക്, മാനം

കണ്ടൊരാ മാരിവില്ലിന്നഴക്

മണ്ണിൻ മുടിപ്പൂക്കൾ ചൂടുന്ന ഗന്ധത്തെ,

മോഹിച്ച കാർമുകിൽ പെണ്‍കിടാവേ

തുള്ളിക്കുതിച്ച് നീ പാഞ്ഞിടുമ്പോൾ, വിട്ടു

തന്നിട്ട് പോകുകെന്നോർമ്മകളെ,കാറ്റി -

ലുലയുന്ന കടലാസ്സ് തോണികളെ
തോരാതെ പെയ്കയോ ഘനശൈത്യമേ, മൌന-

മേറെയുറഞ്ഞ കാർമുകിലാഴമേ

താഴെയടർത്തി നീ വീഴ്ത്തും മലരുകൾ

ചാലുകൾ തേടുന്നെൻ ഹൃത്തടത്തിൽ, നോവിൻ

നീരോടുമാർദ്രമാം മാനസത്തിൽമോഹങ്ങളാണവ സൂനങ്ങളാ മര-

ച്ചില്ലയിൽ മന്ദസ്മിതം പൊഴിച്ചു
എന്തോ നിനച്ചന്ന് നില്ക്കവേ വന്നു നീ

ഞെട്ടറ്റു വീഴ്ത്തിയെൻ മണ്ണിലാകെ, കരിം

ചായം പുരണ്ടെൻ കപോലമാകെവാതായനത്തിലനുവാദ മര്യാദ

പാലിച്ചിടാതെയാ കാറ്റണഞ്ഞു

മഞ്ജീരമുത്തുകൾ കോർത്തൊരെൻ ജാലക -

ക്കമ്പിയിൽ തട്ടി കനവെടുത്തു, നിദ്ര-

രാപാർക്കും പീലിയിൽ നീരുതിർത്തുപിന്നെയും നൃത്തവിലാസങ്ങളോടവൾ

നാട്ടിലാകെ നാശവിത്തെറിഞ്ഞു

ആണ്ടുകളോളം തൻ പേരും പെരുമയുമോതിയൊ

രാൽമര വേരെടുത്തു , കഥ-

യാടി തീരാതെയരങ്ങൊഴിഞ്ഞുഎങ്കിലും എന്നും പ്രിയമീ മഴക്കാല-

നോവിന്റെ രാഗാനുരാഗ മേളം, അവൾ

കൊണ്ടു വന്നീടുന്നു കാതോരമായ്, ഏറെ

പ്രിയമുള്ളോരാൾ മൂളുമിഷ്ട ഗാനം,

പ്രണയാർദ്രമായ് പെയ്യുന്നു വർഷഗീതം.

10 അഭിപ്രായങ്ങൾ:

 1. മഴപ്പോസ്റ്റിന് ആദ്യത്തെ കമന്റ് എന്റെ വകയാണെന്നു തോന്നുന്നല്ലോ... ഇവിടെയും നല്ല മഴ തകര്‍ത്തു പെയ്യുകയാണ് ഇപ്പോള്‍...

  'ബാല്യത്തിലെ മഴക്കാലത്തിനു തന്നെയാണ് എന്നും ഏഴഴക്'

  :)

  മറുപടിഇല്ലാതാക്കൂ
 2. മഴപ്പാട്ട്... ഇഷ്ടമായി.

  http://aswanyachu.blogspot.in/

  മറുപടിഇല്ലാതാക്കൂ
 3. മനോഹരമാമൊരു വർഷഗീതം.

  നല്ല കവിത

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. ഒന്ന് പാടിക്കേള്‍ക്കണമല്ലോ

  മറുപടിഇല്ലാതാക്കൂ
 6. മഴ മഴ,.... പ്രണയത്തിലും വിരഹത്തിലും ഒക്കെ മഴ,... :) ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 7. മഴപ്പാട്ട് വളരെ ഹൃദ്യമായി അവതരിപ്പിച്ചു. ഇവിടെ ഇതാദ്യം. ആശംസകൾ. എഴുതുക അറിയിക്കുക.

  മറുപടിഇല്ലാതാക്കൂ
 8. ഈ വർഷഗീതം സുന്ദരം..!

  "മിഴിയ്ക്കു നീലാഞ്ചാന പുഞ്ചമായും
  ചെവിയ്ക്ക് സംഗീതകസാരമായും
  മെയ്യിന് കര്പ്പൂരകപൂരമായും
  പുലര്‍ന്നുവല്ലോ പുതു വര്‍ഷകാലം"
  -വൈലോപ്പിള്ളി-

  മറുപടിഇല്ലാതാക്കൂ
 9. പിന്നെയും നൃത്തവിലാസങ്ങളോടവൾ
  നാട്ടിലാകെ നാശവിത്തെറിഞ്ഞു

  മഴ ചിലപ്പോള്‍ ഔചിത്യ ബോധമില്ലാത്ത കോമാളിയെപ്പോലെയാണ്. പാവങ്ങളുടെ കുടിലുകളിലേക്ക് ഒളി ഞ്ഞു നോക്കും. ചിലപ്പോള്‍ അവരെ കുടിയിറക്കും. കര്‍ഷകന്റെ വറുതിയിലേക്ക് വിരുന്നുകാരനായെത്തും. കുട ചൂടി പോകുന്ന വഴിയാത്രക്കാരനെ കാറ്റില്‍ നനയ്ക്കും. ശീലക്കുടയുടെ അടിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കും. അസമയത്ത് സ്കൂളിനു അവധി നല്‍കും. വയലേലകളെ കായലുകളാക്കും. തോരാമഴയായി‍ഗ്രാമങ്ങളെ ഒറ്റപ്പെടുത്തും.

  അപ്പോഴും നാ മഴയെ സ്നേഹിക്കുന്നു. ഒരു നിഷ്കളങ്കയായ കുസൃതി കുരുന്നിനെ എന്ന പോലെ. അതിന്റെ കിളിക്കൊഞ്ചലിനായി നാ പിന്നെയും കാതോർക്കുന്നു

  എങ്കിലും എന്നും പ്രിയമീ മഴക്കാല-
  നോവിന്റെ രാഗാനുരാഗ മേളം, അവൾ
  കൊണ്ടു വന്നീടുന്നു കാതോരമായ്, ഏറെ
  പ്രിയമുള്ളോരാൾ മൂളുമിഷ്ട ഗാനം,
  പ്രണയാർദ്രമായ് പെയ്യുന്നു വർഷഗീതം.

  മഴ എന്റെ ഇഷ്ട വിഷയം. മനോഹരമായി അമ്പിളി എഴുതുമ്പോൾ ഒരു മഴ കാണുന്ന സുഖം.

  മറുപടിഇല്ലാതാക്കൂ