ചൊവ്വാഴ്ച

യക്ഷിഗോവണിമേലേയാരു പളുങ്കിൻമണികൾ പൊഴിയ്ക്കുന്നു, മെല്ലേ
വീശും കാറ്റിൽ മുറ്റംനിറയെ പൂമണമൊഴുകുന്നു
കാൽപ്പെരുമാറ്റം കാൽത്തള ചാർത്തിച്ചാരേയണയുന്നു, വാതിൽ
താനെതുറന്നുവരുന്നവളാരിത്, എൻപ്രിയസഖിയല്ലോ, അവൾ
എൻപ്രിയസഖിയല്ലോ
മണ്ണിന്മാറിൽ വീണുതളർന്നൊരു പാലപ്പൂ തേങ്ങി, ഇ-
ന്നെന്നെ ചൂടാൻ വരിവണ്ടിൻ നിറമോലും മുടിയെവിടെ
പൂത്തുലയുന്നൊരു പന മുടിയാട്ടിപ്പാടുന്നത്, കേട്ടോ, ചാരെ
നീ അണയാനായ് എന്തേ താമസമോതുക പ്രിയസഖിയേ
ഓതുക പ്രിയസഖിയേ
അന്തിത്തിരിയതു കൽത്തറമേൽ തലതല്ലിമരിയ്ക്കുമ്പോൾ, പൊങ്ങും
ധൂമമിഴഞ്ഞൊരു പാമ്പിൻ പടമായ് കാറ്റോടലിയുമ്പോൾ
കോമരമായ് പട്ടും വളയും കൈത്തണ്ടിൽ പൊൻവാളും, കൊണ്ടാ-
സന്ധ്യ മറഞ്ഞൊരു വഴിയിൽ നിന്നെ നോക്കിയിരുന്നു ഞാൻ, എന്നും
നോക്കിയിരുന്നു ഞാൻ
കുന്നിക്കുരുമണി കാത്തൊരു ചെപ്പിൽ പതിവായ് ഞാൻ പണ്ടേ, എന്നും
തെക്കേമൂലയിൽ നില്ക്കുമിലഞ്ഞിപ്പൂക്കളെയും കാത്തു,
നീയാം മോഹിനിയാളെൻ ചാരെയണയുംനാളരികേ, പുത്തൻ
മാലയൊരെണ്ണം കോർത്തിടവേ കഥ പാടിയിരിയ്ക്കും നാം, പാഴ്-
ക്കനവുകൾ കാണും നാം
ആതിര തൃക്കൈത്താലത്തിൽ വെണ്ചന്ദനമോടെത്തി, പൊൻതിരു-വാഭരണച്ചെല്ലത്തിൽ താരകമാലകൾ കണ്ചിമ്മി
കൊലുസിന്നാകാം വൈഡൂര്യത്തിൻ വെണ്പ്രഭയാവോളം, അതിനായ്
കോലായിൽ കാല്പ്പാദം നീട്ടിയിരുന്നു ഞാൻ തനിയെ, നീയണ-
യൂയെൻ പ്രിയ സഖിയേ
ഉണ്ടൊരു പന പണ്ടേതൊട്ടെൻത്തൊടിയറ്റത്തൊറ്റയ്ക്കായ്, എന്നോ
പണ്ടൊരു മുതുമുത്തഛൻ നട്ടത് നിന്നുടെ വാഴ്ചയ്ക്കായ്
ഇന്നത് പൂങ്കുലയായിരമേന്തിയുലഞ്ഞതു കാഴ്ചയ്ക്കായ്, ഇനി
വന്നു വസിയ്ക്കുക സഖിയേ നീയതിൽ എന്നുടെ കൂട്ടിന്നായ്, എന്നും
എന്നുടെ കൂട്ടിന്നായ്
വാൽക്കണ്ണാടിയെടുത്തതു കനവിൻ മഷി കണ്ണിൽ വരയാൻ, പിന്നെ
വാർമുടി ചീകി വിടർത്തി നടന്നത് നിന്നെപ്പോലാവാൻ,
അന്നനടയ്ക്കരമണിയൊച്ചയ്ക്കായ് പാദസരം തീർത്തു, ഞാനെൻ
പ്രിയ സഖി ചൊല്ലും ഈണങ്ങൾക്കായ് കാൽത്താളം തീർത്തു, നീളെ
കാൽത്താളം തീർത്തു
താമ്പാളത്തിൽ തളിർവെറ്റില ഞാൻ പലകുറി നീർ തൂവി, നിന്നുടെ
വരവും കാത്തൊരു വെള്ളിക്കിണ്ണം നിറയേ നൂറാക്കി
പിച്ചാത്തിപ്പിടി മുറുകേ നല്ലൊരു കമുകിൻ കായയ്ക്കും കിട്ടി
മെത്തയൊരെണ്ണം വെറ്റിലതൻ പൊൻകെട്ടിന്നരികത്തായ്, പൊൻ-
കെട്ടിന്നരികത്തായ്
ഉണ്ടോ പ്രിയ സഖീ ചൊല്ലൂ നീയും എന്നെപ്പോലുള്ളം , നിറയെ
കൊണ്ടു നടപ്പൂ പ്രണയത്തിൻ സുഖനോവിന്നാനന്ദം??
കാതിലവൻ ചൊല്ലും കാര്യങ്ങൾ ആലില മന്ത്രം പോൽ, കാറ്റിൻ
താളത്തോടെവരുന്നത് കേൾക്കാൻ കാതോർത്തീടാൻ വാ, എൻ
കൂടെ കൂടാൻ വാ
പാതിരയേറെപ്പോയി പുള്ളുകൾ പാടിത്തളരാറായ്, കുന്നി-
ന്നക്കരെ പുലരിപ്പെണ്ക്കൊടി സ്വർണ്ണത്താലം നീട്ടാറായ്
കണ്ടില്ലല്ലോ നിന്നേയിനിയും സങ്കടമോടുള്ളം, നിറയെ
കണ്ട കിനാവുകളത്രയുമൊടുവിൽ പാഴായ്പ്പോയെന്നോ, ഒടുവിൽ
പാഴായ്പ്പോയെന്നോ
ആളുകൾ പണ്ട് മൊഴിഞ്ഞു മറന്നൊരു യക്ഷിക്കഥയിൽ നീ, നാരീ
ചേലൊടു ചേലകൾചുറ്റിനടന്നൂ രാവുകളിൽ നീളേ
കണ്ടിട്ടുണ്ടവർ നിന്നുടെ തേറ്റപ്പല്ലും നഖമെല്ലാം, പക്ഷെ
ഹിംസിച്ചീടുകയരുതേ ആരെയുമെൻ പ്രിയസഖി നീയേ
വന്നീടുക സഖി എന്നെങ്കിലുമൊരു രാവിൽ എന്നരികെ
കൊണ്ടേപോകൂ നിന്നുടെ ലോകം പൂകാനായെന്നെ
കൊണ്ടേപോകൂ നിന്നുടെ ലോകം പൂകാനായെന്നെ.

ശനിയാഴ്‌ച

ഒരു അവധിക്കാലത്തിൻറെ ഓർമ്മയ്ക്ക്‌സ്വർണ്ണത്താമര പൂവിട്ട മാനത്തിൻ
മുറ്റത്താരോ  നിവർത്തിട്ടു കമ്പള-
ത്തൊങ്ങൽ തുമ്പിൽ നിന്നിറ്റു വീണിടും 
തുള്ളിയ്ക്കൊപ്പമിളം തിണ്ണ പറ്റി  ഞാൻ

മുത്തിൽ ദ്വാരങ്ങൾ - നൂലുമില്ലതെയാർ
ഇത്ര ചേലോടെ കോർക്കുന്നു മാലകൾ? 
വീട്ടരമതിൽ വാരിടും മുൻപവ-
യേറ്റുവാങ്ങുവാൻ കൈക്കുമ്പിൾ നീട്ടവേ

ആടിമേഘത്തിൻ ചാന്തിറ്റു വീണൊരു 
കായൽ കാണായെൻ മുറ്റത്തി,ലോളവും  
നീർച്ചുഴികളും മുട്ടോളമെത്തിടാൻ 
ചാടി, കാല് നോവുന്ന മീൻ പറ്റവും.

മാരിക്കാറ്റിന്റെ ഭാണ്ഡങ്ങളിൽ   സിംഹ-
ഭാഗം ചോർന്നില്ലിക്കാടിൻ മനസ്സിലെ
പാട്ടിൻ തുമ്പിക്കുരുന്നുകളെ,യാട്ടി-
പ്പായിക്കുന്നത് നോവോടെ കണ്ടു ഞാൻ


ഇറ്റ് വീഴുന്നുടയുന്നു നീർമണി-
മുത്തുകൾ, മഴത്തുള്ളികൾ മുറ്റത്ത്
എത്തിടും ഇടിനാദത്തിൻ ഭീതികൾ
വിട്ടകന്നിടാൻ "അർജ്ജുനനാമങ്ങൾ"

പണ്ടിവിടെയിരുന്നു പകൽപ്പഴം, തിന്നു
പൈങ്കിളിയോടൊത്ത്, മാനത്തെ
അമ്പിളിപ്പെണ്ണിൻ കൂട്ടുപിടിച്ചെത്ര
രാക്കനി തൻ മരന്ദം നുകർന്നതും

മഞ്ഞൾ തേച്ച്, കുളി കഴിഞ്ഞീറനാം
മെയ്യിൽ നീഹാര മാലകളോടെത്തും
സുന്ദരി, നിത്യയൌവ്വനാംഗി, പുലർ-
കന്യയെ കണ്ടു നിർവൃതി കൊണ്ടതും 

ചെങ്കതിർ നെല്ല് ചേറ്റി കൊഴിച്ചന്ന്
സന്ധ്യയീ,പടിവാതിൽക്കൽ വന്നതും
ഇത്തിരി നേരം മിണ്ടീം പറഞ്ഞൊരു
കുങ്കുമ ചെപ്പ് നല്കി മറഞ്ഞതും

ഒറ്റ മാത്രയിൽ വന്നെന്റെ ചിന്തയിൽ
കെട്ടു കെട്ടായനവധി ചിത്രങ്ങൾ
ചായയും, നല്ലടയും പഴവുമായ്‌ 
അമ്മ വാതിൽക്കൽ വന്നു വിളിയ്ക്കവേ.

ഇല്ല, ചാരുകസേരയിൽ പുസ്തക-
ത്താളിനുള്ളിലെ ധ്യാനവിലീനരാം
നാമമന്ത്രങ്ങളെ ജപി,ച്ചുന്നിദ്ര-
മാക്കുവാനിന്ന് മുത്തശ്ശി വീണുപോയ്‌!

കാണ്‍കെ കാണ്‍കെ പോകും പുകവണ്ടിയെ
പാടിയെന്നുടെ കണ്മുന്നിൽ നിർത്തുവാൻ
പാട്പെട്ടൊരെൻ മുത്തശ്ശിയെ പുണർ-
ന്നേറെ നേരം കിടന്നു ഞാൻ മെത്തയിൽ

ഉണ്ട്, പണ്ടത്തെപ്പോലിളം ചൂടിന്നും
എണ്ണമറ്റ ചുളിവാർന്ന മെയ്യതിൽ-
നിന്നുമെന്നെ പുണരുന്നു പിന്നെയും 
ഭസ്മ-ചന്ദന ഗന്ധങ്ങളോർമ്മകൾ


പണ്ടു കേട്ട പുരാണ കഥകളി-
ലൊന്നു  കേൾക്കുവാൻ വീണ്ടും കൊതിച്ചു ഞാൻ
ശങ്കരതനയൻ ഷണ്മുഖനവൻ
കൊമ്പൊടിച്ച ഗജാനനൻ തൻ കഥ.

പാട്ടും,പദ്യമാല,കഥ -ശ്ലോകങ്ങ-
ളേറെ ചൊല്ലിയും പാടിപ്പറഞ്ഞുമെൻ
ബാല്യകാലത്തിൻ രാവുകളെ നിദ്ര-
യൂട്ടി കൂട്ടിനായ് നല്ല കിനാക്കളും

പാട്ടുകൾ പാടി തീർന്നിടും മുൻപെത്ര
യാത്രകൾക്കായ് പുറപ്പെട്ടു ഞാൻ വൃഥാ
ബാക്കി പാടുവാൻ പിന്നെ ശ്രമിയ്ക്കിലും
തീർന്നു  പോയെന്റെ വാക്കും വരികളും

പണ്ട് സ്വന്തമായ് ഞാൻ കണ്ടവയ്ക്കിന്ന്
സ്വന്തം  ഛായ - തനിമ,യുമന്യമായ്
നിന്നു ഞാനെന്റെ വീട്ടിലഞ്ചാറു നാൾ 
ഉള്ളു നൊന്തൊരു വാടകക്കാരിയായ്!

എന്മകളിന്നൊരോപ്പോളായ്, സോദര
പുത്രനൊപ്പം കളിയ്ക്കുന്നു,റക്കുവാൻ
'തൃശ്ശിവപേരൂർ പൂര'ത്തിൻ പാട്ടൊന്ന്
പാടിയെന്നിലെ കുഞ്ഞുണർന്നീടുന്നു

ഓർത്തു വയ്ക്കുവാൻ വന്നുചേർന്നു, കുരും-
ബാംബികക്കാവിൽ മോഹിച്ച പോലൊരു
തോർന്നിടാത്ത  മഴയും കുളിരുമാ-
യാർദ്രമായൊരു രാവും ഗുരുതിയും 

കെട്ടുപോയ്‌ കുറെ ചുറ്റുവിളക്കുകൾ
ദീപ്തമാക്കിയെരിഞ്ഞ നെയ്‌നാരുകൾ
നേർത്തലിഞ്ഞു തെളിഞ്ഞുലഞ്ഞു, ഞൊടി-
മാത്ര നേരത്തിൽ നീർ  കുടിച്ചോർമ്മയായ്!

ആലിലക്കിളിക്കൂടു തകർത്തു കൊ-
ണ്ടാലിപ്പൂമ്പഴം പോലെയുതിർന്നിടും
രാമഴപ്പേച്ചിൽ വേറിട്ടുയർന്നേതോ
രാക്കിളിപ്പാട്ട് കാതോർത്തു നിൽക്കവേ 

ഓർത്തുപോയ,കാലത്തിൽ  വന്നെൻറെ-
യാർദ്രമാനസത്തിൽ മുറിപ്പാടായി,
യാത്ര ചൊല്ലി പിരിഞ്ഞുപോയ്‌, പിന്നെയും
പാട്ടിലൂറിടും തേനാം പ്രണയത്തെ

മീനമാസത്തിലശ്വതി നാൾ കഴിഞ്ഞാ-
ർത്തുറഞ്ഞു തുള്ളീടുന്ന കോമരം
തീണ്ടുമീ കാവിൽ പുണ്യാഹമായിടാൻ
പോയ ത്-ലാ മഴ വീണ്ടുമണയുമോ?  

തുള്ളി,വിട്ടൽപ്പ നേരം കനിഞ്ഞേതോ
കൊണ്ടലിൻ നെഞ്ചിലാണ്ടു പോയ, മഴ
മണ്ണിൽ തീർത്ത നീർച്ചാലുകളി,ലേഴു
വർണ്ണങ്ങൾ തേടിയെൻ മനം യാത്രയായ് 

കാറ്റൊഴിഞ്ഞൊരു ചിങ്ങവിഭാത നാ-
ളാഗതമായി,യാദ്യത്തെ പൂക്കള-
പ്പാദസ്പർശത്തിൽ കോൾമയിർകൊണ്ടെന്റെ
വീട്ടുമുറ്റത്തിനൊപ്പം ഹൃദയവും

കാത്തുനിന്നില്ല നല്ത്തിരുവോണത്തിൻ
പൂനിലാവിന്നമൃതാന്നമുണ്ണുവാൻ
നേരമായ് ജന്മഗേഹവും നാടും, വി-
ട്ടേറെ ദൂരം സ്മൃതിഭാണ്ഡമേറ്റുവാൻ!

കണ്‍നിറഞ്ഞ,മ്മ നിന്നു, പുണർന്നെന്നെ
വണ്ടി വന്നങ്ങു നിന്നതറിയാതെ
എന്നിൽ നിന്നൊരു പൈതലെഴുന്നേറ്റു
ചെന്നു, മൂർദ്ധാവിൽ ചുംബനം കൊള്ളുവാൻ

വിട്ടു തന്നില്ല  'പോയ്‌ വരാ'മെന്നുള്ള 
അത്ര ഭാരമില്ലാത്തൊരീ വാക്കുകൾ
സ്വാർത്ഥമായെന്റെ കണ്ഠത്തിൽ ഗദ്ഗദ-
പാശം കൊണ്ടാരോ ബന്ധിച്ചു വച്ച പോൽ..
ഗദ്ഗദപാശം കൊണ്ടാരോ ബന്ധിച്ചു വച്ച പോൽ!ബുധനാഴ്‌ച

വീണ്ടും മടക്കം

പിന്‍ തിരിഞ്ഞൊന്നു ഞാൻ നോക്കി, എന്‍ രമ്യ
ർമ്മ്യത്തിന്‍ പൂമുഖം ചെമ്മേ,
മങ്ങി തെളിഞ്ഞതേയുള്ളു എന്‍ കാഴ്ച  ,
ൺപീലിയി കോര്‍ത്ത നീര്‍ മുത്താ

ഈ നേരം ഇന്നുതൊട്ടെന്റെമുറ്റം
തൂക്കുവാനെത്തുന്ന കാറ്റും
തുള്ളിക്കൊരു കുടം നീരും പേറി
പെയ്യുവാനെത്തും മുകിലും
ഭാണ്ഡം മുറുക്കുകയായി, എങ്ങോ
തൂത്തു തളിക്കുവാനായി
ഞാനുമിതാ യാത്രയായിഅക്കരെ
കുന്നിറങ്ങാന്‍ നേരമായി

ദൂരങ്ങളേറെ ഉരുണ്ടു നീങ്ങിനിലം-
മുട്ടുന്ന ചക്രമുരഞ്ഞു തേങ്ങി,
എന്‍ നെഞ്ചുടഞ്ഞു പിടഞ്ഞ സ്വരങ്ങ
തെളിഞ്ഞതും തേഞ്ഞതും നീയറിഞ്ഞോ?

ഉണ്ടു കാണില്ലമ്മയെന്നറിയാംമുന്‍പി
പിഞ്ഞാണം മുത്തു നിറഞ്ഞിരിയ്ക്കാം
ഒറ്റ പിടിച്ചോറു കയ്യിലേന്തിമനം
ചുണ്ടകത്താതെ വിതുമ്പുകയാം

ചിങ്ങത്തിലുമുണ്ടോ കോളിളക്കംവാനി
ഇന്ദ്രധനുസ്സിന്‍ ചിലമ്പിളക്കം
വിങ്ങും മനസ്സിന്‍ തനിപ്പകര്‍പ്പായ് ചാറി-
വീഴുന്നു ചുറ്റും മഴനീർക്കണം

ഇന്നിങ്ങു പോരേണമെന്നുള്ളൊരാധിയി
പൊള്ളുന്ന ചിന്തയി ഞാ തപിക്കേ
ഇന്നലെ രാത്രിയി വന്ന കാര്‍മേഘങ്ങ
തട്ടി കടന്നു പോയ്‌ കൌമുദിയെ
ദുഃഖക്കട മഥനം  ചെയ്തു കിട്ടിയ
വെണ്ണയെഴുന്ന കിണ്ണം കണക്കെ 

ഒട്ടു നേരം കഴിഞ്ഞെന്റെ 
ജനലഴി-
യറ്റത്തു  സ്മേരം വിടര്‍ത്തി നിന്നു.

വന്നൊരു പൊന്നോണം കര്‍ക്കടക്കോളിനെ
പൊന്‍വെയി തൂകിയുരുക്കി മാറ്റി
മച്ചകത്തുള്ളൊരു ശ്രീഭഗോതിയ്ക്കായി
മുറ്റത്തു പൂക്കളം ഞാനൊരുക്കി

നല്ല തഴത്തടുക്കൊന്നിലന്നുച്ചയ്ക്ക്
മുട്ടിയുരുമ്മി നാം സദ്യയുണ്ടു
ഇലയി ചിരിച്ച  തുമ്പപ്പൂവിറുത്തു,  നാം
ഇനിയുമോണം വരാന്‍ കനവു കണ്ടു.

അച്ചാറെരിയിച്ച  നാവിന്‌ പായസ-
പ്പാല്‍ മധുരത്തിനാന്ദമേകി
പര്‍പ്പടകത്തിന്റെ ഭാവ ഭേദങ്ങളി
പിന്നെ തകര്‍ച്ചയി നാം രസിച്ചു.
ഒന്നും പറഞ്ഞു ഞാ തീര്‍ത്തില്ലയിപ്പൊഴും
ഒത്തിരി കാര്യങ്ങ ബാക്കിയായി
മണ്ണിന്‍ കുടുക്ക പഴുതിലൂടിട്ടവ
നാണയത്തുട്ടുകളായ് കരുതി

ഗോവണി ചെന്ന് തീരുന്നിടത്തുണ്ടൊരു
നൂറു ചീന്തോലകള്‍ ഓർമ്മകളായ്
ഓടി കിതച്ചു പലവുരു ഞാന്‍ ചിതൽ-
ചേലോടെ വെട്ടിയ മണ്‍വഴിയില്‍

എത്തി പിടിയ്ക്കുവാന്‍ പറ്റുന്നിടത്തൊക്കെ
കൂടുണ്ട്‌ചീത്ത ചിലന്തികളും
എന്റെ കൂട്ടി സ്വസ്ഥമായ് ഞാനിരുന്നില്ല 
എന്നമ്മ വ്യഥയോടെ ഓര്‍ത്തുകാണും.

ഞാനിട്ട വിത്ത് മുളച്ചു നിന്നു നുക-
പ്പാടുകള്‍ മാഞ്ഞ വയല്ക്കളത്തില്‍
പച്ച നിറമുള്ള ചാന്ത്‌ തേച്ചിന്നൊരു
സുന്ദരി പെണ്ക്കിടാവെന്ന പോലെ

ഇന്നവളേറെ വളര്‍ന്നു കാണും, കെട്ട്
പ്രായമെത്തിക്കാത്ത് നില്‍ക്കയാവും
പിന്നെയൊരു ദിനം വൈകിടാതെ അവ
സ്വര്‍ണ്ണ വിഭൂഷിതയായി  മാറും

കറ്റക കൂനയായ് കുന്നുതീർത്തന്നവ
എന്റെ മുറ്റത്തിന്‍ പടിയിറങ്ങും
ചാഴിയും മറ്റു പ്രാണിക്കീട പറ്റവും
എന്‍ മുള നാഴിയി വാസമാക്കും.
പിന്നെ വെയി മണം മാത്രമാകും
കോലയിൽ വാല്‍ക്കിണ്ടി കാല് തേടും
ഒരു തേക്ക്‌ പാട്ടിന്റെ ഈരടിയ്ക്കായപ്പോ
ശേഷിച്ച കാതുകള്‍ നോമ്പ് നോല്‍ക്കും.
അമ്പിളി ജി മേനോന്‍

വേനല് മാരി


നേരം പോയില്ലേ നേരം പോയില്ലേ
എൻ  വീടിൻ  മേലെ മേഘത്തുമ്പി എത്താൻ  വൈകല്ലേ
മേട ചൂടല്ലേ പൊള്ളും തീയിൻ  നോവല്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേനേരം പോയില്ലേ നേരം പോയില്ലേ
എൻ  വീടിൻ  മേലെ മേഘത്തുമ്പി എത്താൻ  വൈകല്ലേ
മേട ചൂടല്ലേ പൊള്ളും തീയിൻ  നോവല്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ


അന്തിക്കിതു വഴി പവിഴത്തിൻ  മണി ചൊരിയാനെത്തീടും
വിണ്ണിൻ  കതിരോൻ  പോകും മുന്നെ നീയും പോരില്ലേ
കൂടും തേടി പോകുന്ന പൂവാൽകിളി തൻ  പാട്ടിന്റെ 
ഈണം കാതിൽ  നിന്നും മറയും മുൻപേ വരികില്ലേ


പാടത്തിഴയും വാടി തളരും ചെറു കണി വെള്ളരി തൻ 
നീറും നെഞ്ചിൽ  തഴുകാൻ  ലേപം കൊണ്ടു തരികില്ലേ
വേനൽ മാരിപ്പെണ്ണേ താഴെ തൂവും മുന്നേ 
നിന്നോടലിയാൻ നൃത്തം ചെയ്യാൻ മയിലായ് മാറാം ഞാൻ 
ഒരു മയിലായ് മാറാം ഞാൻ 


വ്യാഴാഴ്‌ച

പിൻ നടത്തം
നിൻ കവിൾ ചോപ്പിത്ര പോരാഞ്ഞോ സന്ധ്യേയെൻ
മഞ്ചാടി മണി നീ  കവർന്നെടുത്തു
നിഴലിൻ മഷിക്കൂട്ട് പടരും നിലാവിന്ന് 
തിരി നീട്ടിടാൻ കാത്തു നിന്നിടാതെ
ഓർക്കാനിടം കൊടുക്കാതെന്റെ ചിന്താ-
ഘനം പെയ്ത് തോർന്ന വഴി കടന്ന്   
മുഗ്ദ്ധ നീ പൊന്നുഷസ്സന്ധ്യേയകന്നുവോ
ഒരു പിൻവിളിയ്ക്കായി നിന്നിടാതെ  


കെട്ടഴിഞ്ഞോടുവാൻ വെമ്പിടും പൈക്കിടാ-
മുത്തിന്നു പൈമ്പാലമൃതേകുവാൻ
അന്തിയ്ക്കു മേച്ചിൽപ്പുറത്തു നിന്നെന്നുടെ
നന്ദിനി വൈകാതണഞ്ഞുവെങ്കിൽ
കൂട്ടിലുണ്ടോ കേഴും കുഞ്ഞൊരെണ്ണം ചൊല്ലൂ
കൂട് തേടി പോകും പക്ഷീ
കൊക്കിലൊതുക്കും കനിയിലെ തേൻകണം
വറ്റിടും മുൻപേ നീ ചെല്ലൂ.        


കഞ്ഞിയും കറ്റയും ബാക്കി വച്ചല്ലയോ
നന്ദിനി പയ്യെങ്ങോ പോയി
അമ്മയെ വേർപെട്ട പൈക്കിടാ മുത്തിനെ
കണ്ടില്ലൊരു നോക്ക് ഞാനും 
ഇന്നില്ല കാണുവാൻ ബാക്കിയായിമണ്ണിൽ
കാലിക്കുളമ്പടി ചിത്രം
ഓർത്തെടുക്കാനെനിയ്ക്കാവാതെ നില്ക്കവേ 
കേൾക്കുമോ പൊന്മണി നാദം

മുറ്റത്ത്‌ കാത്തെന്നെ നിൽപ്പുണ്ട് തേന്മാവിൻ
ചില്ലമേലാടുന്ന പൂങ്കുലകൾ
രണ്ടുമൂന്നെണ്ണി ഞാൻ നാൾ തീർക്കവേ കാണാം
കണ്ണിമാങ്ങച്ചുണച്ചുണ്ടുകളെ
മൂന്ന് വിരൽ ചേർത്തെടുത്തോരു ഭസ്മത്തിൻ
കൂട്ടു വരഞ്ഞോരു മേനി
കാട്ടും മിടുക്കോടെ പൂവാലനണ്ണാറ-
ക്കണ്ണനോടും തൊടിയുണ്ടേ

കൽപ്പടവേറിയാൽ ഈറൻ മതിൽക്കെട്ടിൽ
സുസ്മിതം തൂകുമാ പുല്ലിൽ
രണ്ടെടുത്തൊന്നിനെ രാമാനാക്കീടണം
മറ്റേതു രാവണനാകും
ഇല്ലയീ യുദ്ധക്കളത്തിൽ വിജയമാ-
രാമന് തോൽവികൾ മാത്രം
സീതയെ കൈവിട്ട രാമരാജ്യത്തിനി
വേണ്ട ജയഭേരിയെങ്ങും

അക്ഷരം കൊത്തിയ കല്ലുപാളിനോവും
നെഞ്ചോടു ചേർത്ത് പടി കയറി
അങ്കണത്തിൻ നടുക്കന്നാദ്യമായ്  പൂത്തു-
ലഞ്ഞോരു ചെന്തളിർ വാക തേടി
ഒട്ടുനേരം ഇടനാഴിയിൽ നിൽക്കവേ
തൊട്ടു വിളിയ്ക്കുന്നോരോർമ്മകളിൽ
കണ്ടുനിന്നീടണം അന്നീ തെളിവാനിൽ
വിട്ടു ഞാൻ പോന്നോരു പക്ഷികളെ

അകലുന്നൊരോണവും അറിയാതെ പ്രണയവും
വിടയോതിടാൻ കാത്തു നിൽക്കേ
ഒറ്റക്കൊലുസ്സിൻ ചിരി മടുത്തിന്നെന്റെ
മറ്റേ കൊലുസ്സ് ഞാൻ തേടിടുന്നു
ഋതുവിൻ നിറച്ചാർത്ത് നിറയും വഴിയിത്
ഇനിബാക്കി കൂടി നടന്നു തീർക്കാൻ
ഇനി വരില്ലേ സ്നേഹമമൃതമായൂട്ടിയൊ-
രിരുകൈകളിൽ ചേർത്തു പുൽകിടുവാൻ 

ചൊവ്വാഴ്ച

കർക്കടകം
തോരാത്ത മിഴിയുമായ്  ചാരെയണഞ്ഞൊരു 
കർക്കടകപ്പുലരി
കൂടൊഴിഞ്ഞെന്നോ പറന്നൊരെൻ പൈങ്കിളി
പാടുന്നതോർത്തു നിന്നു

പൊൻക്കതിർക്കറ്റ പൊഴിച്ച നെല്ലിൻ മണി
ഇത്തിരി ബാക്കിയുണ്ടോ
ചിങ്ങമിങ്ങെത്തീടാൻ നാളേറെയില്ല വ-
ന്നെങ്കിലും പഞ്ഞമാസം

മുറ്റത്ത്‌ മുഗ്ദ്ധഹാസം വിടർത്തീടുന്ന

മുക്കുറ്റി പൂച്ചെടിയേ
ഞെട്ടറ്റു കിട്ടിയ പ്ലാവിലത്തുമ്പിൽ നീ-
യിത്തിരി ചാന്ത്‌ തായോ

അഷ്ടമംഗല്യത്തളികയിൽ സിന്ദൂര-
ച്ചാന്തും കരിമഷിയും
വാഴിലച്ചീന്തൊന്നിൽ വേണം ശീവോതിയ്ക്ക്
ചൂടുവാൻ പത്തു പുഷ്പം

കത്തും വിളക്കിന്റെ മുന്നിലിരുന്നൊരു
മുത്തശ്ശി ചൊല്ലുകയായ്‌
ത്യാഗസ്വരൂപൻ ശ്രീരാമദേവൻ പണ്ട്
രാജ്യം വെടിഞ്ഞ കഥ

ഇല്ലായ്മ വല്ലായ്മ നാട് നീങ്ങാൻ ചെയ്ക

വായന രാമായണം
വൈകാതെ കാണാം തെളിഞ്ഞ മാനം, ചിരി
തൂകും വയൽപ്പൂക്കളും


അടുക്കള
ഇതു എന്റെ സാമ്രാജ്യം
നാലേ നാലു ചുവരും
ഒരു മേല്തട്ടും ഉള്ള
കൂടിയാല് എട്ടടിയുള്ള ഇടം.
ഇതിന്ടെ ജാലക കാഴ്ചയില് അധികവും അറപ്പ്,
ഇത്തിരി അഴകും.
അങ്ങേപ്പുറത്തെ ജീവിതം വീഴ്ത്തിയ പ്രാവ് കാഷ്ഠങ്ങള്,
വഴി തെറ്റി കേറിയിറങ്ങുന്ന മൈനപ്പിടകള്,
അവയുടെ കണ്ണു വെട്ടിച്ച് ഞാന് വളറ്ത്തുന്ന
രണ്ട് ചെടി നാമ്പുകള്,
ഇത്തിരി സുഗന്ധത്തിനായി ഞാന് പുകച്ച
ചന്ദനത്തിരിത്തുണ്ടുകള്,
കൂട്ടിനിടം തേടുന്ന ചാരപ്രാക്കള്,
വെളിച്ചത്തിനും വായുവിനും എത്തിനോക്കാന്
ഇത്തിരി സ്ഥലം.
കണ്ണുകള് ക്ളേശിച്ചാല് മാത്രം കാണാം
ഇളം നീല ചതുര തുണ്ട് മേലെ,
കാറ്റു കനിഞ്ഞാല് രണ്ടേ രണ്ട് മേഘക്കീറും.
എങ്കിലും ഞാന് തൃപ്തയാണ്
കാരണം ഇതെന്റെ സ്വര്ഗ്ഗം
തളര്ന്നും തളരാതെയും
ഞാന് വിചാര ശകലങ്ങള് പകര്ത്തിയ ഇടം,
വളര്ന്നും വളരാതെയും
എന്റെ മനസ്സ് വീര്പ്പുമുട്ടിയ ഇടം,
ഉള്ളിയെ പഴി ചൊല്ലി
ഹ്യദയഭാരം മിഴിനീരാക്കി കളഞ്ഞയിടം
കത്തിമുന കീറിയ വിരലിലിറ്റുന്ന ചോരത്തുള്ളിയില്
ഹ്യദയരക്തത്തിന്റെ ചൂടും ചോപ്പും നിറച്ചയിടം
ആറാനൊരുങ്ങുന്ന കഞ്ഞിചൂടിനാവിയില്
വിങ്ങുന്ന ഗദ്ഗദത്തെ ഉരുക്കിയ ഇടം
ഇവിടം എന്റെ സ്വര്ഗ്ഗം.
അടി, കറപ്പ് പിടിച്ചും അല്ലാതെയുമുള്ള പാത്രങ്ങള്ക്ക്
  ഞാന് തീയിടും
കരിയ്ക്കണോ വേവിക്കണോ ?
എന്റെയിഷ്ട്ടം.
ചേര്ക്കേണ്ടത് തേനോ വിഷമോ?
എന്റെയിഷ്ട്ടം.
കാരണം ഇതെന്റെ മാത്രം സാമ്രാജ്യം.
പൊള്ളുന്ന ചിന്തകള്ക്ക് ഇളംകാറ്റേറ്റു മേയാനുള്ള ഇടം,
എനിക്കിഷ്ടമില്ലാത്തവയുടെ മുഖകാഴ്ചയില് നിന്നുമുള്ള
ഏകാന്ത പ്രയാണത്തിന്റെ അസ്തമന മുനമ്പ്,
ഇത്തിരി സ്വപ്നങ്ങള് രഹസ്യമായി നുണയാന്
തീപ്പുക മണക്കുന്ന നരച്ച കൂടാരം.
അടുക്കള ......
ഇവിടം എനിക്കു സ്വര്ഗ്ഗം.
ഞാന് ചേര്ക്കേണ്ടത് തേനോ വിഷമോ?
അതു കഴിക്കേണ്ടത് ഞാനോ അവരോ?
മനസ്സ് പിരിമുറുക്കുന്നു......
തേനോ വിഷമോ???അമ്പിളി ജി മേനോന്
ദുബായ്

നഷ്ടംഎങ്ങോ പോയ്‌ മറഞ്ഞു
എങ്ങെങ്ങോ പോയ്‌ മറഞ്ഞു ..
പുല്‍ത്തടുക്കിന്‍ കര നീന്തിക്കടന്നിതാ
എങ്ങോ പോയ്‌ മറഞ്ഞു .... കാലം
എങ്ങോ പോയ്‌ മറഞ്ഞു.

ചുണ്ടിലെ തഞ്ചും കുറുമ്പിനാലെ
കുഞ്ഞിക്കൈതൻ വിരല്‍ത്തുമ്പിനാലെ
കൂന്തൽ ചുരുളിലെ എണ്ണയാൽ തീര്‍ത്തൊരാ
ചിത്രവും തേഞ്ഞു മാഞ്ഞു, ഇട-
നാഴിയില്‍ മൌനമുറഞ്ഞു, ശോക
മൂകം വിതുമ്പിപ്പിടഞ്ഞു….

ഉമ്മറത്തൂണിലെ പൊന്നഴിക്കൂട്ടിലെ
ശാരികപ്പൈങ്കിളിപ്പെണ്ണേ
ഇന്നൊരു നല്ലുരുളച്ചോറുമേന്തിയെന്‍
അമ്മ തന്‍ കൈകളെവിടെ, തൊട്ടി
ലാട്ടുന്ന പൂങ്കാറ്റെവിടെ, നീ
പാടുന്ന താരാട്ട് പാട്ടെവിടെ....

ഒന്നു തൊട്ടാല്‍ ചിരി പൂവസന്തം എന്റെ
മുറ്റത്തു വിതറുന്ന തൈമുല്ലേ
എന്‍ പദനിസ്വനം കാതോർത്തു നില്‍ക്കുന്ന
നിന്റെ സുഗന്ധമിന്നെങ്ങു പോയി, ഞാറ്റു-
വേല പൂങ്കാറ്റെങ്ങു കൊണ്ടുപോയി, ഇന്നു
കോലയിൽ ഞാന്‍ മാത്രമായി

അമ്പിളി ജി മേനോന്‍ 

ഞായറാഴ്‌ച

വിഷു

ചുംബിച്ചെടുത്തു നീ മീനമേ, മച്ചിന്റെ
നെറ്റിത്തടത്തിലെ കുങ്കുമത്തെ
ഇറ്റു വീഴും ചോന്ന  വേർപ്പിന്റെ മുത്തുകൾ 
തൊട്ടെടുത്തീടുവാൻ മേടമെത്തി 

പച്ചിലത്താളിൽ പുലരിയാം കന്യക 
ചാലിച്ച മഞ്ഞൾ പ്രസാദം പോലെ
പുഞ്ചിരി തൂകുന്നിളകിയാടുന്നെന്റെ 
മുറ്റത്തെ കൊന്നയിൽ കിങ്ങിണികൾ


ചാഞ്ചാടും ചില്ലയിൽ വീട് മേയാ-   
നോടിക്കിതയ്ക്കുന്നുറുമ്പുകളും
പ്ലാമരച്ചില്ലമേൽ വീണുറങ്ങും ഉണ്ണി-
ക്കായ്കളെ കൊഞ്ചിയ്ക്കുമണ്ണാറനും

പുത്തിലഞ്ഞി തൊടും  പൊട്ടുകളും, വെണ്‍-  
പൂ വിളമ്പീടുന്ന  കൈതകളും 
മാമ്പൂമണം പേറി വന്ന കാറ്റും
മാനത്ത് വെള്ളാടിൻ കുഞ്ഞുങ്ങളും 

പാമ്പിന്നരിയിട്ട കാവ് തോറും 
പാട്ടുമായെത്തും വിഷുക്കിളിയും 
വീണ്ടുമെന്നുള്ളം നിറഞ്ഞൊഴുകീ 
വാതിൽക്കലെത്തവേ  മേടമാസം 


എന്റെ കൈരേഖകൾ കോറിയിട്ട  
വെറ്റിലത്താളിൽ സുഗന്ധമോലും 
നൂറ് തേച്ചിന്നു  ചാന്താടി നില്പ്പൂ 
മേടസംക്രാന്തി സൌവ്വർണ്ണ സന്ധ്യ! 

ഒട്ടും കടിപിടി വേണ്ടപോലും 
ഒപ്പമായ് വീതിച്ചു രാപ്പകലെ 
നല്കിടും   നാളെ വിഷുനാളിലായ്
അമ്മ ധരിത്രി തൻ കൈനീട്ടമായ് 

വിത്തുണ്ട്  കൈക്കോട്ടെടുത്തു കൊൾവിൻ
ചൊല്ലും കിളി നീ വിഷുപ്പൈങ്കിളി
കൊണ്ടു വരൂ വിണ്ണിൻ മേട തന്നിൽ-
നിന്നുമീ വേനലാറ്റുന്ന മാരി

താടകളാട്ടിടും കാളകൾ പോൽ,മണി-
നാദമുതിർക്കുന്ന കാലികൾ പോൽ 
വാനിന്റെ കോണിൽ നിരന്നിടുന്നു, മുത്തു-
മാലകൾ സൂക്ഷിയ്ക്കും പേടകം പോൽ

നോവു നല്കി നുകം യാത്ര ചൊല്ലി, ഇന്ന് 
കാലിക്കുളമ്പടിയോർമ്മയായി 
നിദ്ര മറന്നിടാൻ നേരമായി, വിത്ത്
പൊട്ടി മുളയ്ക്കുവാൻ കാലമായി.

  
മേഘം കറുത്തതും കറയായി വാർന്നതും 
വേനൽ മഴയെന്ന് ചൊല്ലി മണ്ണും 
വേളി കഴിഞ്ഞ പുതുപ്പെണ്ണിൻ ഗന്ധവും
മേടച്ചുടു നെടുവീർപ്പുകളും

കോരിത്തരിച്ചിടാൻ നിന്ന മെയ്യും, പ്രേമ-
ലോലമവനേകും ചുംബനവും
പൊന്കിഴിയ്ക്കുള്ളിൽ കരുതി വയ്ക്കും, ഞാൻ
കൈനീട്ടമായ് നാല് നാണയവും 

പാതിരാപൂവുകൾ ബാക്കി വച്ചു 
പാരിന്നു നേദ്യമായ് തന്ന ഗന്ധം
പാതിരാക്കാറ്റു കവർന്നെടുത്തു,സ്വയം 
പാഴ്ക്കിനാവിൽ നഷ്ടമായ നേരം  

എൻ മണ്ണിൻ നിശ്വാസ സ്പന്ദനങ്ങൾ
ഏറ്റു പറയും കരിയിലകൾ 
എൻ  ബാല്യ ശൈശവത്തിന്നോർമ്മകൾ
എൻ കാതിലിന്നതിൻ കാൽത്താരികൾ

ഓർമ്മകൾ ചില്ല് വള കിലുക്കും
കാലിൽ കൊലുസുകൾ താളമിടും
ധാവണിത്തുമ്പോ കളി പറയും, കൈ 
വീശി മറഞ്ഞിടും കൌമാരവും

പാടം വരണ്ടത് ബാക്കി വച്ച്, ചേന്നൻ
കൊയ്ത് കുന്നാക്കിയ നെല്മണിയ്ക്ക്
കാവലാവാനീ വഴിയൊരുക്ക്,പഴ-
മ്പാട്ടുമായെത്തും വിഷുക്കിളിയ്ക്ക് 

കാലം മങ്ങിച്ച കണ്‍ക്കാഴ്ച പേറി 
വീടിന്നരമതിൽ തൂണ് ചാരി
പൊൻകണിയ്ക്കുള്ളിൽ തെളിഞ്ഞ തിരി-
യുലഞ്ഞാടുന്നതും കാണാൻ നോക്ക്ക്കുത്തി

ഇനി വിഷുപ്പക്ഷി നീ പാടുമെങ്കിൽ
ഇനിയുമെൻ തൈമുല്ല പൂക്കുമെങ്കിൽ
ഇനി ബാല്യ ശൈശവ കൌമാരത്തിൻ 
ഇനിയും കാണാത്ത കിനാവുണ്ടെങ്കിൽ 

നില്ല് നീ നാഴികമണി മുഴക്കീടുവാൻ 
ചങ്ങല വലിച്ചിടും നാവേ
നിൻ ഗളത്തിൽ തൂങ്ങിയാടുമെൻ കാലത്തെ 
ബന്ധനം ചെയ്തിടട്ടെ, ഞാൻ 
ബന്ധനം ചെയ്തിടട്ടെ.