വ്യാഴാഴ്‌ച

ഒരു ചപ്പാത്തികവിത











ചപ്പാത്തിയല്ലെന്റെ,യിഷ്ടഭക്ഷണം, പക്ഷേ
ചപ്പാത്തിയോടെനിക്കുണ്ടൊരിഷ്ടം
വീട്ടുകാരൊക്കെ പലരുചിക്കാ,രെന്നാൽ
വേണ്ടായ്കയില്ല ചപ്പാത്തിയോടായ്
നാട്ടിൽ പരക്കെയായുള്ള ശീലം, രാത്രി
നേരത്തുചപ്പാത്തി തന്നെവേണം
ഉള്ളതുചൊല്ലിടാം ജീവിതത്തി,ലെന്നും,
ഉണ്മകൾക്കുള്ളത് കയ്പ്പ്മാത്രം
കഷ്ടമാണിപ്പണിയെന്നു കുറെ, വീട്ടു-
കൊച്ചമ്മമാർ പറയുന്ന കാലം
തട്ടിയും മുട്ടിയും ജീവിതത്തിൻ, പാത
താണ്ടുവാൻ ബദ്ധപ്പെടുന്ന കാലം
സന്തോഷസന്താപസമ്മിശ്രണം, ഈ
സഞ്ചാരക്ലേശമറിഞ്ഞെൻ മനം.
ഉണ്ട്ചിലദിനം ഹൃത്തിലാകെ, ഉന്തി-
യുന്തികയറ്റുന്ന ചിന്തയേറും
ഒറ്റപ്പെടാനൊരു വെമ്പലോടെ,വീട്ടി-
നൊറ്റതുരുത്തിലേക്കോടിടും ഞാൻ
സമ്മർദ്ദമേറും മനസ്സിനപ്പോൾ,ചെയ്യാൻ
സന്തോഷമുള്ളൊരു ജോലിയുണ്ട്
സങ്കടമൊക്കെയും സങ്കല്പമായ്,മാവിൽ
സംഭരിച്ചീടും സമർത്ഥമായ് ഞാൻ
മർദ്ദിച്ചവശമാക്കീടുന്നു ഞാനെൻ
മനസ്സിൻ വ്യഥകളെല്ലാം ഞൊടിയിൽ
ഒട്ടുനേരം കഴിഞ്ഞെന്നാകിലോ, കിട്ടു-
മൊട്ടുംകുറയാതെ നല്ല മാവും.
കാണാനഴകുള്ളുരുളകളെ, നല്ല
കോലാലൊരുവൃത്തമാക്കിടും ഞാൻ
ചൂടിലെരിച്ചുവേവിച്ചെടുക്കും, നല്ല
ചേലുള്ളചപ്പാത്തിയോരോന്നുമേ!
സന്തോഷസന്താപമേതാകിലും,സമം-
സമ്മാനംപോലെ പകുത്തിടുന്നു
ഒത്തൊരുമിച്ചിരുന്നത്താഴത്തിൻ, രുചി-
ക്കൊപ്പമലിഞ്ഞുചേരുന്നു ഞങ്ങൾ
വീടിന്നടിത്തറയാണ് സ്നേഹം, അതിൽ
വേണമൊരുമനിർലോപമെന്നും
എങ്കിലോ ക്ലേശങ്ങളെല്ലാം തൃണം! നമ്മ
ളെന്നും തിരിച്ചറിയേണ്ട കാര്യം!
-----------------------------------------------

Posted on Facebook on 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ