വ്യാഴാഴ്‌ച

ഒറ്റയ്ക്കൊരാതിര








ആതിരത്തിങ്കളേ,യാടുന്നുവോ, വിണ്ണിൻ-
താരണിമഞ്ചലിലേറി മന്ദം
പാതിരാപ്പൂചൂടുംവേളയിൽ,നിൻ,തിരു-
വാതിരക്കോടി കവർന്നെൻമനം
നിൻമടിത്തട്ടിൽ,താരാട്ടുകേട്ട്, നിന്റെ
പേടമാൻകുഞ്ഞിന്നുറക്കമായി
മണ്ണിലായാലു,മാവിണ്ണതിലും,കുഞ്ഞി-
നെന്നുംപ്രിയ,മമ്മതൻപൂമടി!
മക്കൾക്ക് നന്മയാകും മകീര്യം,നോമ്പ്-
നോൽക്കുന്നൊര,മ്മമാരാണ്നമ്മൾ
അമ്മയെന്നെപിരിഞ്ഞന്നുതൊട്ടെൻ, തിരു-
വാതിരയെ,യാഹരിച്ചു നിഴൽ!
'അമ്മ നട്ടു,നനവൂട്ടിവന്ന, വീട്ടു-
മുറ്റത്തെ മാവിലൊരൂയലുണ്ട്
പാട്ടൊന്നുപാടി,യായത്തിലാടി, യെത്താ-
പോയകാലച്ചില്ലയേറാൻ കൊതി!
പുത്തിലഞ്ഞിപ്പൂപറിച്ചുകൊണ്ട്, എന്റെ-
മുറ്റത്തുലാത്തുന്നു തെന്നലിന്ന്
വെറ്റിലതിന്ന് ചുവന്നിടുവാൻ, തോഴി-
യൊപ്പമില്ലാത്ത,ഞാ,നൊറ്റയിന്ന്!
നേർത്തുതുടങ്ങി നീ വെൺത്തിങ്കളേ,യാത്ര-
യാക്കുന്നു നീയെന്റെ സ്വപ്നങ്ങളെ
നോറ്റിടുന്നിന്നുഞാ,നോർക്കുകില്ലേ,തിരു-
വാതിരനോമ്പിന്നു,നിന്റെകൂടെ!
_______________________________________

Posted on Facebook 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ