വ്യാഴാഴ്‌ച

സന്ദർശനം (2)










കണ്ടു നാം തമ്മിൽ, കോട-
ക്കാർമുകിൽ പേറ്റിൻ പെരും-
നോവുമായ്, മൗനം മരു-
ന്നാക്കിയ സായംകാലം!

ഇത്തിരി തുടുപ്പോടെ-
യൊട്ടുമേ ചന്തം മങ്ങാ-
തെൻ സഖീ നിന്നെ കണ്ടെൻ
ഉള്ളം തുളുമ്പി മോദാൽ!

ഒടുവിൽ നാം കണ്ട ദിന-
മോർക്കുന്നെൻ മനസ്സിനോ
പതിനേഴാണ്ടിൻ മഹാ-
വിസ്മയം ഗതകാലം!

പഠിക്കും കാലത്തൊരേ-
നിരപൂകാത്തോർ നമ്മൾ
മനസ്സാൽ പക്ഷേ, ഒരേ-
നിലം ചേർന്നൊഴുകിയോർ!

ഇടനാഴിയിൽ നമ്മൾ
മിഴിയാൽ തൊട്ടു, ചിരി-
മലർ കൈമാറി, പക്ഷേ;
അറിഞ്ഞീലന്നും തമ്മിൽ!

ഋജുവായ്‌ സമാന്തരം
ചരിപ്പൂ മനസ്സുകൾ
അറിവായ്‌ നമ്മുക്കിട-
വേളകൾക്കിടയ്ക്കെന്നോ.

പലനാളൊരേയിഷ്ട
അനുപല്ലവി പാതി
നിനക്കായ് പാടി; മറു-
പാതിയ്ക്കായ്‌ കാതോർത്തു ഞാൻ!

കാലമാരേയും കൂസാ-
തോടിടും വെപ്രാളത്തിൽ
നാമിരുപേരും ചെന്നു-
ചേർന്നിരു,തീരങ്ങളിൽ!

എങ്കിലും അകലെ നി-
ന്നെൻ സഖീ നിന്നംഗുലി-
ജന്യമാം സ്നേഹാക്ഷര-
സൂനങ്ങളെന്നെ പുൽകി!

ഇന്നതേ കാലം നമ്മു-
ക്കേകിയീ മുഹൂർത്തങ്ങൾ
ചൊല്ലിടാം നമുക്കിനി-
യിത്തിരി സ്വകാര്യങ്ങൾ.

പ്രായത്തിനൊപ്പം ചിന്താ-
ഭാരമുണ്ടെന്നാകിലും
മാറ്റിവച്ചവയെ, നാം
മാറ്റുകൂട്ടിയ ദിനം!

ഒത്തിരിനാളായ് കാത്തു-
വച്ചൊരാ പച്ചക്കര-
ചേലയും ചുറ്റി നമ്മൾ
കൗമാരം വിടാത്തപോൽ!

ഒപ്പത്തിനൊപ്പം തൊട്ടു
പച്ചനിറത്തിൽ പൊട്ടും
പച്ചക്കൽമൂക്കുത്തിയും
പച്ചവളയും സമം!

അത്രമേൽ ധന്യം, ചിര-
കാലമായുള്ള സ്വപ്നം
നമ്മളൊത്തുള്ള നിമി-
ഷങ്ങളാ,ണസുലഭം!

സന്ധ്യപൂവിടാൻ മടി-
കാട്ടുമാ,കടലോര-
ക്കാറ്റ് പായുന്ന മണൽ-
ത്തിട്ടയിൽ കൈകോർത്തു നാം!

പാടുവാനേറേ ബാക്കി-
വച്ചു നാം ഗാനങ്ങളിൽ
നാവിലാദ്യമായോടി-
യെത്തിയ ഗാനം പാടി.

മറന്നു പക്ഷേ; പ്രിയ-
ഗാനപല്ലവി പാതി
പാടുവാൻ, മറുപാതി-
ക്കായ് നിന്നെ കാതോർക്കുവാൻ!

എങ്കിലും പ്രതീക്ഷിക്കാം
നല്ല നാളുകൾ കാലം
നല്കിടും വീണ്ടും നമ്മൾ
കണ്ടിടും സുനിശ്ചയം!

കാക്കുകെൻ സഖീ നിത്യം
കണ്മിഴിതിളക്കവും
പുഞ്ചിരിച്ചൊടികളും,
മനസ്സിന്നീണങ്ങളും.

എന്നുമുണ്ടെന്നുമൊരു
പ്രാർത്ഥന മമ ചിത്തേ-
യെന്നെന്നുമീസൗഹൃദം
ഇവ്വണ്ണം വിരാജിപ്പാൻ!




======================

3 അഭിപ്രായങ്ങൾ: