ഞായറാഴ്‌ച

വിഭാവരിക്ക് ഒരു മുത്തശ്ശൻ കവിത








മുത്തശ്ശനെന്നാൽ സ്നേഹം, വാത്സല്യ-
ത്തിൻ നിധി കാക്കുന്ന പുണ്യം
കൊഞ്ചിച്ചിരിച്ചു ഞാൻ ചെല്ലും, തേ-
നുമ്മ തന്നെന്നെ പുണരും.

മുറ്റത്തെയൂഞ്ഞാലിൻ മൗനം, നേർത്ത
പുഞ്ചിരിക്കൈ നീട്ടി മായ്ക്കും
മാമ്പൂമണക്കുന്ന കാറ്റിൻ, ചുരുൾ
കൂന്തൽ വീഴും പാത താണ്ടും
കൈ പിടിച്ചെന്നെ നടത്തും, കുയിൽ
പാട്ടിന്റെയീണങ്ങൾ ചേർന്ന് പാടും
പൊൻവെയിൽ മുത്തുകൾ കോർക്കും, പുൽ-
നാമ്പിന്റെ ദാഹമകറ്റും.
കുന്ന് വിഴുങ്ങിടും സൂര്യൻതന്നുടെ
ഗദ്ഗദങ്ങൾക്കു കാതോർക്കും
പൊട്ടാതൊരു പട്ടനൂലും കൊണ്ട-
ക്കാണും മാനമളക്കും. 

തേവർക്കു മുന്നിൽ കൈകൂപ്പും, എൻ
ആയുസ്സിനായ് ജപം ചെയ്യും
കാണാമറയത്ത് നിന്നും മുത്തശ്ശി-
യേകും പ്രസാദങ്ങളൂട്ടും 
എൻ ചിരിക്കായ് വിണ്ണിൽ വാഴും, വെണ്-
തിങ്കളെ താഴെയിറക്കും
മുത്തശ്ശനേകിടാമെന്നുംഎന്നും
വാനോളമെന്നുടെ സ്നേഹം.

നേരുന്നു എൻ മനമിന്ന്, നൂറാ-
ശംസ തൻ മലർച്ചെണ്ട്
ആയിരം പൂർണ്ണേന്ദു കാണാൻ,എന്റെ
കൂട്ട് കൊതിക്കുന്ന നെഞ്ച്.
മുത്തശ്ശനെന്നാൽ സ്നേഹം, വാത്സല്യ-
ത്തിൻ നിധി കാക്കുന്ന പുണ്യം.

12 അഭിപ്രായങ്ങൾ:

  1. പ്രിയ കൂട്ടുകാരിയുടെ മകൾ വിഭാവരിക്ക് മുത്തശ്ശന്റെ ജന്മദിനത്തിൽ ചൊല്ലുവാൻ കുറിച്ച വരികൾ

    മറുപടിഇല്ലാതാക്കൂ
  2. ഒറ്റപ്പെടുന്ന വാര്‍ദ്ധക്യങ്ങള്‍ക്ക് എന്നും ഒരു കുളിരാണ് കൊച്ചുകുട്ടികള്‍..

    മറുപടിഇല്ലാതാക്കൂ
  3. രണ്ടാം ബാല്യത്തിലെ കൂട്ടുകാരാണ് മുത്തശ്ശന് പേരക്കുട്ടികൾ ! എന്റെ ബാല്യത്തിന് നിറം പകരാൻ മുത്തശ്ശനമാരൂണ്ടായിരുന്നില്ല:( വല്ലപ്പോഴും വീണുകിട്ടുന്ന ഒഴിവുകാലങ്ങളിൽ മകൾ മുത്ത്ശ്ശന്മാരോടു ഇണങ്ങുന്നത് അത് കൊണ്ട് തന്നെ കൗതുകത്തോടെ നോക്കി കാണുന്നു.
    നല്ല കവിത. എപ്പോഴത്തെയും പോലെ . ഒഴിഞ്ഞുകിടക്കുനൊരു ഊഞ്ഞാൽ മനസ്സിലെവിടെയോ......

    മറുപടിഇല്ലാതാക്കൂ
  4. അക്ഷരങ്ങളെ എത്ര മനോഹരമായി കൊരുത്തിരിക്കുന്നു...സന്ധ്യക്ക് ഓർമ്മകളുടെ കൈപിടിച്ച് വയൽകരയിലൂടെ നടക്കും പോലൊരു സുഖം...

    മറുപടിഇല്ലാതാക്കൂ
  5. വിഭാവരി എന്ന പേരും ഇഷ്ടപ്പെട്ടു
    ഈ കവിതയും ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ അമ്പിളീ,
    ഫേസ് ബുക്കിൽ സജീവമായിരുന്ന അമ്പിളി എവിടെപ്പോയി എന്ന് പലപ്പോഴും ഓർത്തിട്ടുണ്ട്. വളരെ താമസിച്ചു ഫേസ് ബുക്കിലും, ബ്ലോഗിലും ഒക്കെ കയറിക്കൂടിയ ആളാണ്‌ ഞാൻ. ഇപ്പോഴും ഇതിനെപ്പറ്റി ഒന്നും വലിയ ഗ്രാഹ്യം ഇല്ല. അതിനാൽ ഞാൻ കാണാത്തതാവും ന്നാണ് കരുതിയെ. യാദൃശ്ചികമായി എച്ച്മുവിന്റെ ബ്ലോഗിൽ വന്നപ്പോൾ കണ്ടു. നിങ്ങളുടെയൊക്കെ എഴുത്തുകൾ വായിക്കാൻ ഇഷ്ടമാണ്.
    " മുത്തശ്ശനെന്നാൽ സ്നേഹം, വാത്സല്യത്തിൻ നിധി കാക്കുന്ന പുണ്യം"
    കവിത ഇഷ്ടമായി. ആശംസകൾ.
    പിന്നെ ഒരു കാര്യം കൂടി സ്നേഹപൂർവം ഓര്പ്പിക്കട്ടെ " രാമായണമാസം..... രാമായണപാരായണം...." ഞാൻ അതിനു തുടക്കമിട്ടതിനു കാരണക്കാരി കൂടിയാണ് അമ്പിളി. അതിന് oru special thanks.

    മറുപടിഇല്ലാതാക്കൂ
  7. മുത്തശ്ശനും മുത്തശ്ശിയുമൊക്കെ ബാല്യത്തിന് കിട്ടുന്ന നിധികളാണ്

    മറുപടിഇല്ലാതാക്കൂ
  8. മുത്തശ്ശനെ കണ്ടു ...ചുളിവാർന്ന വിരൽസ്പർശ്ശം മൂർദ്ധാവിൽ ,,,

    കവിത പോലെതന്നെ കൂട്ടുകാരിയുടെ മകളുടെ പേരും മനോഹരം .

    ഒഴിഞ്ഞു കിടക്കുന്ന ഊഞ്ഞാൻ എന്ന കമന്റിലെ പ്രയോഗവും ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  9. എത്ര കാലായീന്നോ ഈ വഴി ഞാൻ വന്നിട്ട്.
    ഇവടെ ഇപ്പഴും പതിവ് പോലെ തന്നെ.
    പഴയേതോ ഒരു ഗ്രാമത്തിലെ
    അതിലും പഴമ മണക്കണ വീട്ടിലെ
    വീട്ടു മുറ്റത്തെ
    തൊടിയിലെ
    അവിടെ നിറഞ്ഞു പൂത്തു നിക്കണ നാട്ടു പൂക്കളുടെ നിഷ്കളങ്കവും സൗന്ദര്യവും മൃദുസുഗന്ധവും ഒക്കെ നിറഞ്ഞ വാക്കുകൾ കൊണ്ടു കോർത്ത നല്ല മാലകൾ നിറഞ്ഞ ഒരിടം.
    അതാണെനിക്കീ ബ്ലോഗ്.
    വായിക്കും തോറും ഇഷ്ടം കൂടിക്കൊണ്ടേയിരിക്കയാണ് വാക്കുകളോടും അതെഴുതുന്നവളോടും.
    :( പക്ഷെ ന്നെ മറന്നു എന്നൊരു പരാതി ണ്ട്.

    മറുപടിഇല്ലാതാക്കൂ
  10. കഥ പറയുന്ന, കൊഞ്ചിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും, ഒരു ബാല്യകാലസ്വപ്നമായി എന്നുമുണ്ടായിരുന്നു. കൂട്ടുകാരുടെ മുത്തശ്ശനെയും മുത്തശ്ശിയേയും എനിക്ക് കിട്ടിയിരുന്നെങ്കിലെന്ന് കുശുമ്പ് തോന്നിയ ബാല്യം... ! മലയാളം നന്നായി പറയുന്ന വിഭാവരിക്കുട്ടിക്ക് ഈ കവിത മനോഹരമായി ചൊല്ലാൻ കഴിഞ്ഞിട്ടുണ്ടാകും.... ഇനി കാണുമ്പോൾ വിഭക്കുട്ടിയിൽ നിന്നു തന്നെ കേൾക്കാം...

    മറുപടിഇല്ലാതാക്കൂ
  11. നന്നായിട്ടുണ്ട്....
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  12. വാത്സല്യത്തിൻ നിധി കാക്കുന്ന പുണ്യം.

    മറുപടിഇല്ലാതാക്കൂ