വെള്ളിയാഴ്‌ച

മേഘപ്പക്ഷികൾ

അമ്പിളിയുരുള വിഴുങ്ങാനോയി-

ന്നംബരമാകെ മേഘപ്പക്ഷികൾ

വീടിൻ തൊടിയുടെ മേലെ കരിനിഴൽ

ചിറക് കുടഞ്ഞ്‌ പറന്നൂ പക്ഷികൾ

മണ്ണിൻ പശ ചാലിച്ചെൻ നാട്ടിൽ

വൃക്ഷത്തിൻ വേരൊട്ടാൻ വന്നവർ

മേട ചൂടിൽ പൊള്ളിയ തനുവിൽ

തീർത്ഥം വീഴ്ത്തി നനയ്ക്കാൻ വന്നവർ

കുംഭ ശതങ്ങളിൽ അമൃതം പോൽ, വിണ്‍-

ഗംഗാ സലിലമൊഴിയ്ക്കാൻ വന്നവർ

താലപ്പൊലിയില്ലാത്തൊരു മേട്ടിൽ

കാട്ടാനപ്പറ്റം പോൽ വന്നവർ

ഞെട്ടിൽ നിന്നൊരു തേൻകനിയെ, തൊ-

ട്ടാട്ടി താഴെയിടാനായ് വന്നവർ

മാങ്കൊമ്പിൽ പണ്ടച്ഛൻ കെട്ടിയൊ-

രൂഞ്ഞാലിൽ നീർ മൌനം തീർത്തവർ

പടികേറിച്ചെന്നരമതിൽ നെറുകിലെ-

യാടും ഭസ്മക്കൂട് നനച്ചവർ

കണ്ടും തൊട്ടും തീരും മുൻപെൻ

ചില്ലിൽ ചിത്രമനേകം പെയ്തവർ

അഴലിൻ നീർമുത്തോടി നടക്കും

കവിളിൻ മഷി മായ്ക്കാനായ് വന്നവർ

പ്രണയത്തിൻ നോവോടെയിരിയ്ക്കെ

പ്രിയനുടെ ദൂതെൻ കൈയ്യിൽ തന്നവർ

വെള്ളാരം കല്ലിൻ ചെറുത്തുണ്ടുകൾ

മുറ്റം നിറയെ വീഴ്ത്തിപ്പാഞ്ഞവർ

ഈറൻ നീൾമുടിത്തുമ്പിൽ ചൂടിയ

തുളസിക്കതിരിൻ മേനിയുലച്ചവർ

ഓലക്കൂര തൻ ഓട്ടക്കണ്ണിൻ

പീലിത്തുമ്പിൽ നിന്നുമടർന്നവർ

പിഞ്ഞാണത്തിൽ കഞ്ഞിക്കധിക-

പ്പറ്റായ് വീണ്ടും വെള്ളം ചേർത്തവർ

ആശകളോടാ ചെറുമൻ നട്ടൊരു

വാഴക്കണ്ണിൻ വേര് പറിച്ചവർ

പലവിധ മൂളിപ്പാട്ടോടെത്തി

പലവിധ കേളികളാടി പോകോർ

പൂക്കളമിട്ടൊരു മുറ്റത്തും, ആ

പച്ച പടർന്നൊരു പാടത്തും

കാവിലെ അരയാൽ കൊമ്പത്തും

ഇന്നാർത്തു പറന്നു നടന്നേ പക്ഷികൾ.

11 അഭിപ്രായങ്ങൾ:

 1. മേഘപ്പക്ഷികള്‍ പല ചിത്രം ചമയ്ക്കുന്നുണ്ട്

  മറുപടിഇല്ലാതാക്കൂ
 2. മേഘമൽഹാർ..

  നല്ല വരികൾ.കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ഓർമ്മിക്കൂ.

  ശുഭാശംസകൾ....

  മറുപടിഇല്ലാതാക്കൂ
 3. മനോഹരം... നല്ല വരികള്‍!

  നാട്ടില്‍ ഇത്തവണ ഇവര്‍ തകര്‍ത്തു പെയ്യുന്നുണ്ട് എന്നാണ് കേട്ടത്.

  മറുപടിഇല്ലാതാക്കൂ
 4. അജ്ഞാതന്‍9:31 AM

  chollanimbamulla varikal... :)

  മറുപടിഇല്ലാതാക്കൂ
 5. കവിതയിലെ വര്‍ണ്ണന മനോഹരമായിട്ടുണ്ട്.
  ഇഷ്ടപ്പെട്ടു വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 6. ലളിതമായ ഭാഷയിൽ ചൊല്ലാനിമ്പമുള്ള മനോഹരമായ കവിത ..... ഉപമകള്‍ നന്നായി.... ആശംസകൾ.....

  മറുപടിഇല്ലാതാക്കൂ
 7. സുന്ദരം ,ലളിതം .... ആശംസകള്‍ ...
  ഈ ഫോണ്ടിന്റെ വലിപ്പം ഒന്ന് കൂട്ടിയാല്‍ വായിക്കാന്‍ കൂടുതല്‍ എളുപ്പമാവും എന്ന് തോന്നുന്നു

  മറുപടിഇല്ലാതാക്കൂ
 8. ഓലക്കൂര തൻ ഓട്ടക്കണ്ണിൻ
  പീലിത്തുമ്പിൽ നിന്നുമടർന്നവർ
  പിഞ്ഞാണത്തിൽ കഞ്ഞിക്കധിക-
  പ്പറ്റായ് വീണ്ടും വെള്ളം ചേർത്തവർ

  ഉഷാറായ ഭാവന.
  ഭംഗിയോടെ വരികള്‍.

  മറുപടിഇല്ലാതാക്കൂ