ചൊവ്വാഴ്ച

നഷ്ടം







എങ്ങോ പോയ്‌ മറഞ്ഞു
എങ്ങെങ്ങോ പോയ്‌ മറഞ്ഞു ..
പുല്‍ത്തടുക്കിന്‍ കര നീന്തിക്കടന്നിതാ
എങ്ങോ പോയ്‌ മറഞ്ഞു .... കാലം
എങ്ങോ പോയ്‌ മറഞ്ഞു.

ചുണ്ടിലെ തഞ്ചും കുറുമ്പിനാലെ
കുഞ്ഞിക്കൈതൻ വിരല്‍ത്തുമ്പിനാലെ
കൂന്തൽ ചുരുളിലെ എണ്ണയാൽ തീര്‍ത്തൊരാ
ചിത്രവും തേഞ്ഞു മാഞ്ഞു, ഇട-
നാഴിയില്‍ മൌനമുറഞ്ഞു, ശോക
മൂകം വിതുമ്പിപ്പിടഞ്ഞു….

ഉമ്മറത്തൂണിലെ പൊന്നഴിക്കൂട്ടിലെ
ശാരികപ്പൈങ്കിളിപ്പെണ്ണേ
ഇന്നൊരു നല്ലുരുളച്ചോറുമേന്തിയെന്‍
അമ്മ തന്‍ കൈകളെവിടെ, തൊട്ടി
ലാട്ടുന്ന പൂങ്കാറ്റെവിടെ, നീ
പാടുന്ന താരാട്ട് പാട്ടെവിടെ....

ഒന്നു തൊട്ടാല്‍ ചിരി പൂവസന്തം എന്റെ
മുറ്റത്തു വിതറുന്ന തൈമുല്ലേ
എന്‍ പദനിസ്വനം കാതോർത്തു നില്‍ക്കുന്ന
നിന്റെ സുഗന്ധമിന്നെങ്ങു പോയി, ഞാറ്റു-
വേല പൂങ്കാറ്റെങ്ങു കൊണ്ടുപോയി, ഇന്നു
കോലയിൽ ഞാന്‍ മാത്രമായി





അമ്പിളി ജി മേനോന്‍ 

25 അഭിപ്രായങ്ങൾ:

  1. ഒന്നും നഷ്ടപ്പെട്ടിട്ടില്ല അമ്പിളീ ഒന്ന് കണ്ണടച്ചാല്‍ കാണുന്ന ദൂരത്ത് എല്ലാമുണ്ട്, എന്നും .

    സങ്കടക്കവിതക്ക് സലാം

    മറുപടിഇല്ലാതാക്കൂ
  2. ആ ഒരു കാഴ്ച കിട്ടുന്നത് തന്നെ മഹാ കാര്യം... കണ്ണടച്ച് ഇരുട്ടാക്കുന്ന കാഴ്ച...പലരും കാണാക്കാഴ്ച ...ആ കൂട്ടത്തില്‍ ഇടയ്ക്കൊക്കെ ഞാനുംപ്പെടും കേട്ടോ.... താങ്കളുടെ പേര് മാധവന്‍ എന്ന് ആണോ ? ഈ ആദ്യ അഭിപ്രായത്തിനു സന്തോഷം സുഹൃത്തേ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കണ്ണ്തുറന്ന് കാണുന്നകാഴച്ചകളുടെ പരിമിതിയില്ലല്ലോ ,കണ്ണടച്ച് അകക്കണ്ണ് തുറന്ന് കാണുന്ന കാഴ്ച്ചകള്‍ക്ക്...കഴിഞ്ഞതും,കളഞ്ഞ് പോയതും വരാനുള്ളതും..എന്തൊക്കെയാണതില് ഇല്ലാത്തത്..

      മാധവന്‍ എന്ന് വിളിക്കാം അമ്പിളി.

      ഇനിയും വരാം

      ഇല്ലാതാക്കൂ
  3. കാലാന്തരേ പോയ്മറയുന്ന സൌഭഗക്കാഴ്ച്കകള്‍
    ആതുരത്വമുണര്‍ത്തുന്ന വരികള്‍

    മറുപടിഇല്ലാതാക്കൂ
  4. അജിത്‌ നന്ദി ഈ വരവിനും നല്ല വാക്കുകള്‍ക്കും...

    മറുപടിഇല്ലാതാക്കൂ
  5. കാലം പുറകിലേയ്ക്ക് ... കയ്യെത്താത്തത്ര ദൂരേയ്ക്ക് കൊണ്ടു പോയി, എല്ലാം.

    എന്നാലും ആ ഓര്‍മ്മകള്‍ ഉണ്ടല്ലോ നമ്മുടെയെല്ലാം കൂട്ടിന്, അല്ലേ?

    മറുപടിഇല്ലാതാക്കൂ
  6. അതെ ശ്രീ.... നമ്മള്‍ ഇപ്പോള്‍ ഒരുപാട് ദൂരെയാണ് .... തിരികെ നടന്നാലും എത്താത്തത്ര അകലെ.... ആ സുന്ദരമായ ഓര്‍മ്മകള്‍ അകലം കുറച്ചെ ങ്കില്‍ ആയി.... നന്ദി...

    മറുപടിഇല്ലാതാക്കൂ
  7. പോയതെല്ലാം തിരിച്ചു വരും..അമ്പിളി...കാത്തിരിക്കൂ...അല്‍പനേരം കൂടെ..

    മറുപടിഇല്ലാതാക്കൂ
  8. നഷ്ടം എന്നും നഷ്ടം തന്നെ രഘുനാഥന്‍ . നന്ദി ഈ വരവിനും അഭിപ്രായത്തിനും.

    മറുപടിഇല്ലാതാക്കൂ
  9. പ്രിയപ്പെട്ട അമ്പിളി,

    എല്ലാം അരികിലുണ്ട് എന്ന വിശ്വാസം ഒരിക്കലും നഷ്ടമാകാതിരിക്കട്ടെ !

    നഷ്ടങ്ങളുടെ കണക്കെടുപ്പില്‍ ജീവിക്കാന്‍ മറക്കരുത്.

    വരികള്‍ നന്നായി !

    ആശംസകള്‍ !

    സസ്നേഹം,

    അനു

    മറുപടിഇല്ലാതാക്കൂ
  10. പ്രിയ അനു,

    നന്ദി. ഈ നല്ല വാക്കുകള്‍ക്കും വരവിനും.

    മറുപടിഇല്ലാതാക്കൂ
  11. ഒന്നും നഷ്ടമാവില്ല...പൂക്കളുടെ അഴകും നൈര്‍മ്മല്യവും ഒപ്പം അമ്പിളിയുടെ വിരല്‍ തുമ്പിലെ ഈ അക്ഷര സുഗന്ധവും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയ അക്ബര്‍ എന്നത്തേയും പോലെ സ്നേഹം നിറഞ്ഞ വാക്കുകള്‍ക്ക് സന്തോഷം....

      ഇല്ലാതാക്കൂ
  12. കവിതയേക്കാള്‍ ഈണത്തില്‍ പാടാന്‍ കഴിയുന്ന ലളിതഗാനം പോലെ ഈ വരികള്‍
    സുന്ദരം

    മറുപടിഇല്ലാതാക്കൂ
  13. തെരഞ്ഞാല്‍ ഇന്നും കാണാം നാട്ടില്‍ ഇതൊക്കെ. മനോഹരമായ വരികള്‍..

    മറുപടിഇല്ലാതാക്കൂ
  14. നിസാരന്‍.... താങ്കള്‍ക്കും തോന്നിയോ ഒരു പാട്ടാണ് അതെന്നു....നന്ദി ഈ വരവിനും അഭിപ്രായത്തിനും.

    മറുപടിഇല്ലാതാക്കൂ
  15. മുകിലെ അങ്ങിനെ ഒരു സുഗന്ധമുണ്ടെങ്കില്‍ ...ഒരു മഴയുടെ ശ്രീ രാഗം തൂകി എന്റെ സങ്കടപ്പക്ഷിയുടെ നഷ്ടഗീതത്തിനു അഴകാവൂ.....അഴലിനും ഉണ്ടാകട്ടെ അഴക്‌... സന്തോഷം കേട്ടോ....

    മറുപടിഇല്ലാതാക്കൂ
  16. കവിതകളിൽ ഈണവും താളവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലത്ത്, താളഭംഗം വരാതെ കവിത എഴുതാനാവും എന്ന് തെളിയിക്കുന്ന വരികൾ.....

    മറുപടിഇല്ലാതാക്കൂ
  17. പ്രദീപ്‌ വളരെ സന്തോഷം ഈ നല്ല വാക്കുകള്‍ക്കു.

    മറുപടിഇല്ലാതാക്കൂ
  18. ചുണ്ടിലെ തഞ്ചും കുറുമ്പിനാലെ
    കുഞ്ഞിക്കൈതൻ വിരല്‍ത്തുമ്പിനാലെ
    കൂന്തൽ ചുരുളിലെ എണ്ണയാൽ തീര്‍ത്തൊരാ
    ചിത്രവും തേഞ്ഞു മാഞ്ഞു, ഇട-
    നാഴിയില്‍ മൌനമുറഞ്ഞു, ശോക
    മൂകം വിതുമ്പിപ്പിടഞ്ഞു….ഈ വരികളോട് ഒരു ഇഷ്ടകൂടുതൽ പതിവ് പോലെ മനോഹര കവിത പോയ ദിനങ്ങൾ പ്രിയപ്പെട്ട ഓരോന്നും കൊണ്ട് തന്നെ മറയുന്നു

    മറുപടിഇല്ലാതാക്കൂ
  19. ആദ്യത്തെ നാലുവരികള്‍ ഒന്നൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു . കവിത കൊള്ളാം .

    മറുപടിഇല്ലാതാക്കൂ
  20. നഷ്ടങ്ങള്‍ നഷ്ടപ്പെട്ടത് തന്നെ.
    പിന്നെ അത് ഓര്‍മ്മകള്‍ മാത്രമാകും.
    അതുകഴിഞ്ഞ് അതും നശിക്കും.

    മറുപടിഇല്ലാതാക്കൂ
  21. ഓർമകളും നഷ്ടങ്ങളും കൂട്ടുകാരെന്നു തോന്നുന്നു... കാരണം നേട്ടങ്ങളുടെ ഓർമ്മകൾ നമ്മേ വിട്ടുപോയാലും നഷ്ടങ്ങൾ കൊത്തിയ ഓർമ്മക്കല്ലുകൾ മായില്ല... മായ്ക്കാൻ ഒന്നിനെയും അനുവദിക്കില്ല... ചെളി പൊതിയാൽ മഴയത്തും.... കാരം പൊതിയാൽ വെയിലത്തും... നഷ്ടക്കല്ലുകൾ നിറം വെച്ചുവരും

    അഭിനങ്ങനങ്ങൾ അമ്പിളിച്ചേച്ചി...
    നഷ്ടങ്ങളെ ഓര്മപ്പെടുത്താതിരിക്കാൻ നിങ്ങൾ സ്വപ്നങ്ങളെ കൂട്ടു പിടിക്കു

    മറുപടിഇല്ലാതാക്കൂ