വ്യാഴാഴ്‌ച

ജല മൌനം





പച്ച നീരാളമിട്ടു നില്‍ക്കുന്ന 
മൌനമേ ജല മൌനമേ 
നിര്നിമേഷയായ് ഞാനിതാ നിന്റെ 
മുന്നില്‍ നില്‍ക്കുന്നു സുന്ദരിജല സുന്ദരി
നിന്നിലെ നിറവായ മൌനമോ
നിന്റെ നീണ്ട തപസ്യയോ
ഇന്ന് മത്സരതീര്‍പ്പിനായിതാ
കാത്തു നില്‍പ്പൂ പരസ്പരം 

പണ്ട് നിന്‍ നീര്ത്തടങ്ങളില്‍, മര-
ഛായകള്‍ ഉരഗങ്ങളായ്
വാസുകി മഹാ കാളിയന്‍ ആദി- 
ശേഷ ബിംബങ്ങള്‍ തീര്‍ത്തതും 
കുഞ്ഞു കാറ്റിന്റെ ചുംബനം കൊണ്ട്
കോള്‍മയിര്‍ക്കൊള്ളും മേനിയില്‍
അന്ന് കണ്ടങ്ങ്‌ വിസ്മയം പൂണ്ട 
ചിത്രജാലങ്ങള്‍ തേടി ഞാന്‍

പണ്ട് ഞാന്‍ വൃഥാ ചിന്ത തീണ്ടാതെ 
കുഞ്ഞു വെള്ളാരം കല്ലുകള്‍ 
ഒന്ന് മറ്റൊന്നിന്‍ ഒച്ച കേള്‍ക്കാതെ 
നിന്റെ നേരെ എറിയവേ
കുഞ്ഞു കയ്യിന്റെ താഡനം കൊള്ളും
അമ്മ കാണും കുസൃതി പോല്‍
നിന്‍ കവിള്‍ ചൂടും നീര്‍ ചുഴികളും
മന്ദഹാസവും ഓര്‍ത്തു ഞാന്‍ 

      
നിന്‍ കരയിലെന്നാളിലും കരി-
ഗര്‍വ്വ രൂപേണ  വാഴുമാ 
കാട്ടുകല്ലിന്റെ മേനിയില്‍ വര-
പോലെയുണ്ടെന്‍ മനോഗതം.
അന്ന് മൂളി നീ കേട്ടൊരെന്‍   മനോ-
രാജ്യ രാഗ സങ്കല്പങ്ങള്‍
എന്തിനായ് നീര്ത്താളതില്‍   ജല-
രേഖ പോലെ വരച്ചു നീ
  
തെല്ലുമില്ല പരിഭവം എനിയ്ക്കെ  -
ന്നുമേ  എന്‍  പ്രിയ സഖി
ചൊല്ലിടൂ നൂറു നിന്‍ വിശേഷങ്ങള്‍
കുഞ്ഞലകളെന്‍    കാതിലായ്  

പണ്ടൊരു  ഭൂതം നിന്നെയേല്‍പ്പിച്ച
സ്വര്‍ണ്ണ പേടകമൊന്നിലെ 
കല്ല്‌ വച്ചൊരാ കൈ വളകളും
നാഗമാലയും കാട്ടുമോ 

കുഞ്ഞു മീനുകള്‍ കൂട്ടമായ്‌. അവയ്-
ക്കമ്മ മീനതിന്‍ പിന്നിലായ്നീല-
മാനവും   വെള്ളി മേഘവും  കണ്ടാ-
ടും കേളിയിനി വൈകുമോ
നിന്റെ ചേറില്‍ വേരൊട്ടവേ
ഇന്നെന്റെ  ലോകം മറന്നൊരാ 
രണ്ടു താമര ത്തണ്ടുകള്‍   പൂ-
ചൂടി ഞാനിന്നു കാണുമോ?

കാലമേറെ കടന്നുപോയ്ജരാ-
നരയെ മേനി വണങ്ങയായ് 
ഓര്‍മ്മകള്‍ വിളി കേട്ടിടാതേതോ 
ദൂര ദിക്കില്‍ മറഞ്ഞുപോയ്‌ 

നീ ചിരിച്ചൊന്നു  കാണുവാന്‍
തെളി നീരില്‍ അമ്പിളി   കാണുവാന്‍
ഒരാണ്ട് നീണ്ട വഴി താണ്ടി വീണ്ടും 
നിന്നരികിലണഞ്ഞിടാം,ഞാന്‍ 
        നിന്നരികിലണഞ്ഞിടാം. 

ചൊവ്വാഴ്ച

സന്ധ്യ







എന്റെ സ്വപ്നങ്ങളെ കുങ്കുമ ചുണ്ടിനാല്‍
ചുംബിച്ചു പോകുവതെങ്ങോ  
നിത്യ സുമംഗലീ സന്ധ്യേ സന്ധ്യേ
ചൊല്ലു നീ പോകുന്നതെങ്ങോ
ചൊല്ലു നീ പോകുന്നതെങ്ങോ



പിന്നില്‍ നീ തൂകിയ കുഞ്ഞിമഞ്ചാടിക
എത്ര ഞാന്‍ കാത്തുവച്ചെന്നും
എണ്ണി ഞാന്‍ തീര്‍ത്തിടും മുന്നേ, എന്‍ മുന്നില്‍ നീ 
വീണ്ടും ചൊരിഞ്ഞെത്ര പോയി, സന്ധ്യേ
ചൊല്ലു  നീ ദൂരെങ്ങു പോയി

എന്‍ മിഴി വാറ്റിയ വെള്ള  വൈഡൂര്യത്തി
പിന്നെയും കുങ്കുമം തൂവി, നീ
എന്‍ പ്രണയത്തിനും എന്‍ വിഷാദത്തിനും
എന്തിന്നൊരേ വര്‍ണ്ണം നല്‍കി ,സന്ധ്യേ 
ചൊല്ലു അലിഞ്ഞെങ്ങു പോയി

എന്‍ ജാലകത്തി നി കൈവിരല്പ്പാടുക
മിന്നി മറഞ്ഞിടും മുന്‍പേ
ചെന്തളി താരി തുടുപ്പൊന്നു കിട്ടുവാ
നിന്നെയും ധ്യാനിച്ചു നിന്നു, ഞാന്‍
നിന്നിലിഞ്ഞിടാന്‍ നിന്നു

ചെമ്പട്ടണിഞ്ഞു നീ പോരും ദിനവുമെന്‍ 
കോവിലി കോമരമാകാ
വെട്ടിപ്പിളര്‍ന്ന നി നെറ്റിയിറ്റിച്ചിടും  
രക്തമെന്നാഴിയില്‍ തൂവാന്‍, രാഗ-
സീമന്ത കുങ്കുമം ചാർത്താൻ


മുറിവേറ്റു കേഴുന്ന സന്ധ്യേ, സന്ധ്യേ
ചൊല്ലു നീ പോകുന്നതെങ്ങോ..?
ഒരു പിന്‍ വിളിയ്ക്കായി കാത്തു നിന്നീടാതെ
പിന്നെയും  നീ പോവതെങ്ങോ, ദൂരെ
പിന്നെയും  നീ പോവതെങ്ങോ






അമ്പിളി ജി മേനോന്‍ 



വ്യാഴാഴ്‌ച

എന്റെ ഉണ്ണിയ്ക്ക്







കുഞ്ഞിക്കാൽ തള മേളം കേള്പ്പൂ
എന്നുണ്ണീ നീ പിച്ച നടപ്പൂ
പിന്തിരിഞ്ഞൊന്നു നീ നോക്കൂ
ഈ അമ്മയൊളിച്ചിതാ നില്പ്പൂ

വാതിൽ തുറന്നീടാം പോരൂ
ഈ മണ്ണില് നീ പിഞ്ചു കാൽ വയ്ക്കൂ
നിൻ പദ മലരിതൾ വീഴ്ത്തൂ
ഇതു വാസന്ത ശ്രീലകമാക്കൂ


കോടക്കാറ് കൊണ്ടലേ താഴെ വരികെന്റെ
ഉണ്ണിയ്ക്കു പൂങ്കണ്ണിൽ മയ്യെഴുതാൻ
പീലിക്കെട്ടിന്നുള്ളിൽ നീ ചേര്ന്നിരിക്കേണം
പെയ്യാൻ വിടില്ല ഞാൻ പൂമിഴിയെ
നീ പെയ്യല്ലെ പെയ്യല്ലെ കാറ്മുകിലേ


പൂവാലി പയ്യേ നീ പാൽ ചുരത്തീടെന്റെ
കുഞ്ഞിനിന്നേകിടാൻ പാൽ കുറുക്ക്
വീട്ടു വളപ്പിലെ പുൽകറുക തുമ്പ്
നീട്ടുന്നു വെക്കം നീ വാ തുറക്ക്
തലയാട്ടി കിണുങ്ങാതെ പാല് ചുരത്ത്


ഉണ്ണിയ്ക്കുറങ്ങീടാൻ പൊന്മുളം തണ്ടിലൂ-
ടൂർന്നുവാ വാസനപ്പൂന്തെന്നലേ
വെറ്റിലത്തണ്ട് മുറുക്കി ചുവപ്പിച്ച്
പാട്ടൊന്നു പാടി വാ നീ ശാരികേ
ചിറകാട്ടി പറന്നു വാ എന്റെ തത്തേ





വെള്ളിയാഴ്‌ച

മകള്‍ക്ക്







അമ്മയ്ക്കണിവയർ തന്നിലന്നാദ്യമായ്
കൈവന്ന സ്വർഗ്ഗാനുഭൂതി  നീയേ
ഉമ്മറത്തിണ്ണയിൽ തിങ്ങും തമസ്സതിൽ 
ഞാന്‍ കണ്ട ജ്യോതിയും നീ മകളെ

കണ്ണടച്ചൊന്നു തുറക്കുന്ന മാത്രയിൽ
മുന്നിലുഷസ്സായ്‌ വിരിഞ്ഞ പൂവേ
ഞാന്‍ കണ്ട സ്വപ്നത്തിൻ തങ്ക ചിലമ്പൊലി
നിന്‍ ചിരിയല്ലാതെ എന്തു വാവേ..!

കൊച്ചരിപ്പല്ലുകൾ പൂ വിടർത്തീടുവാന്‍ 
മത്സരിയ്ക്കും മലർ മൊട്ടു പോലെ
നീ  ചിരിച്ചീടുകിൽ  എന്‍ ഹൃദയാങ്കണം
പൂനിറയും വസന്തർത്തു പോലെ 

നീയെന്റെ ജീവനായ്ജീവന്റെയീണമായ്
എന്നിലണഞ്ഞ സൌഭാഗ്യമല്ലേ
കര്‍ണ്ണങ്ങളിൽ തേനമൃതം പകര്‍ന്നിടാന്‍
അമ്മെയെന്നാദ്യം  വിളിച്ചതല്ലേ

എന്റെ  കൈക്കുമ്പിളിൽ തുള്ളി തുളുമ്പുവാൻ
എന്‍ വിളി കേട്ടു നീ വന്നതല്ലേ
ഓടിവന്നമ്മയെടുക്കുവാൻ കണ്മണീ 
പിച്ച നടന്നന്നു  വീണതല്ലേ 

കാലം കടന്നെത്ര വേഗമിതെങ്ങോട്ടു
പോകുവതെന്നറിയാതെ നില്‍ക്കെ
ഇന്നലെ കൈവെള്ളയിൽ വന്നുദിച്ച നീ
ഇന്നെന്റെ തോൾചേര്‍ന്ന് നില്‍ക്കയല്ലേ

മകളേ വളർന്നിടൂ നിന്‍ നടപ്പാതയിൽ
മുള്ളല്ലപൂക്കൾ നിറഞ്ഞിടട്ടെ..
നിന്‍ മിഴി നന്മകൾ കണ്ടു കണ്ടങ്ങനെ
നേരിന്റെ നേരെ തെളിഞ്ഞിടട്ടെ








അമ്പിളി ജി മേനോന്‍ 




ഞായറാഴ്‌ച

താമര പൊയ്ക


പൊയ്കയില്‍ പൊയ്കയില്‍
വാരിജപ്പൂ വസന്തം, പൂം
തണ്ടിതില്‍ അതിലോലമായ്, ഉയിര്‍ ‍-
ഊര്ന്നതോ എന്റെ മനം.


കല്പ്പടവിന്റെ മൌനം, ചൊല്ലി
ഗാഥയായ് നിന്‍ പ്രണയം,
നീര്ത്തുള്ളിയെ  മാറിലേറ്റും, തളിര്‍ -
താരിലയായി ഞാനും


പാതി വിരിഞ്ഞ പൂവേ, നിന്‍ കവിള്‍
ആരു മുകര്ന്നു മെല്ലെ
വിണ്ണിന്നമരനാണോ, നിന്നെ 
പുല്‍കിയ  തെന്നലാണോ


ഒന്നു തുടുക്കട്ടെ ഞാന്‍, നിന്‍ -
ലജ്ജ തന്‍ശോണിമയില്‍
ഒന്നു കുളിറ്ന്നോട്ടേ ഞാന്‍, നിന്‍ -
സ്വേദത്തിന്‍ മുത്തുകളില്‍ 


എത്ര പ്രിയങ്കരം നിന്‍ ‍, പൂ തരും
ചിത്ര വിചിത്ര ഭംഗി
കണ്ടു മയങ്ങി നില്ക്കേ, നിന്നെ
പുല്‍കാന്‍  കൊതിച്ചു പോകും, ഞാന്‍
എന്നെ മറന്നു പോകും




അമ്പിളി ജി മേനോന്‍

ചൊവ്വാഴ്ച

കിങ്ങിണി








പൊന്കണി വയ്ക്കുവാന്‍ എന്‍ തൊടി അറ്റത്തു
പിന്നെയും കൊന്ന ഒരുങ്ങി
പിന്നെയും കൊന്ന ഒരുങ്ങി
കിങ്ങിണി കൊഞ്ചുന്ന ചേലൊന്നു കാണുമ്പോള്
എല്ലാം മറന്നുള്ളം തുള്ളി
ഞാന്‍ എന്നെ മറന്നെങ്ങോ പോയി




നാളെ ഇതു വഴി വീശാന്
നീളും ചേല ഞൊറിയുന്ന കാറ്റേ
നിന്‍ വിരല്‍ തുമ്പു കൊണ്ടെന്റെ
കണിക്കൊന്ന മലരെ തൊടാതെ
കൊന്ന മലരെ തൊടാതെ
കുമ്പിളൊരെണ്ണം ഞാന്‍ തീറ്ക്കാമ്
നീയെത്തിടും മുന്നെ പെറുക്കാന്
ചെറു ചെപ്പിലടച്ചു ഞാന്‍ വയ്ക്കാമ്
പ്രിയനെത്തുമ്പോള്‍ കയ്യില്‍ കൊടുക്കാന്‍



വിണ്‍ ചെരുവില്‍ ഒറ്റ നാണ്യമ്
വിഷുക്കൈനീട്ടമായ് ഇന്നുദിയ്ക്കേ
നിന്റെ വാര്‍ നെറ്റിയില്‍ മെല്ലതു തൊട്ടൊരു
മഞ്ഞളിന്‍ ചന്തത്തില്‍ ഞാന്‍ മയങ്ങി
വെള്ളരി പിഞ്ചൊന്നു പേറുമ്
നല്ല വെള്ളൊട്ടുരുളിയിന്‍ മധ്യേ
ഭംഗിയില്‍ ചാറ്ത്തിടാം നിന്നെ
വരും നല്ല കാലത്തിന്‍ കണിയെ
വരും നല്ല കാലത്തിന്‍ കണിയെ





അമ്പിളി ജി മേനോന്
ദുബായ്

ശനിയാഴ്‌ച

ഏകാന്തം








ഇന്നലെ പെയ്ത മഴയിൽ  കുളിർന്ന  പ്രിയ വസുധതൻ
മുടിത്തുമ്പിലെ തുളസിക്കതിരിനെ തഴുകിയും
ചെറു മഞ്ചാടി മണികൾ വഴിയിലുതിർത്തും
അരിയ മുക്കുറ്റി പൂവിനെ മൃദുവായ് മുകർന്നും
പുൽകറുക ചൂടും നീർമണികളെ ഉടച്ചും
അറിയാത്ത പല പൂവിൻ  സുഗന്ധം പേറിയും
പല വഴി അലഞ്ഞും തിരിഞ്ഞും , പിന്നെ
എണ്ണ മണക്കും അമ്പല നടകൾ  ചുറ്റിയും
കഥകളായിരം മൊഴിഞ്ഞും
അനേക ഋതുശോഭയണിഞ്ഞും വിലസിടുമാ-
ലിലകളിളക്കിയും
കിഴക്കു പൊങ്ങി പരന്ന പൊൻ-
ചിങ്ങ വെയിൽ  പ്രഭയിൽ  കുളിച്ചു നിൽക്കുമെൻ
വീട്ടു തൊടിയിൽ  നടന്നും,
കറുത്ത ചിമ്മിനി വട്ടത്തിൽ  നിന്നുയരും
അമ്മ തൻ  ഇലയട  ഗന്ധവും,
പിന്നെ ഞാൻ കൈവിട്ട സ്വർഗ്ഗാനുഭൂതികളും വഹിച്ചിങ്ങു പോരുക നീ
മനസ്സിൽ  ക്ലാവായ ഓർമ്മകളുമായ് ഞാനിതാ
തുറന്നിടുന്നെൻ ഏകാന്ത ജാലകം നിനക്കായ്.