വ്യാഴാഴ്‌ച

ജല മൌനം





പച്ച നീരാളമിട്ടു നില്‍ക്കുന്ന 
മൌനമേ ജല മൌനമേ 
നിര്നിമേഷയായ് ഞാനിതാ നിന്റെ 
മുന്നില്‍ നില്‍ക്കുന്നു സുന്ദരിജല സുന്ദരി
നിന്നിലെ നിറവായ മൌനമോ
നിന്റെ നീണ്ട തപസ്യയോ
ഇന്ന് മത്സരതീര്‍പ്പിനായിതാ
കാത്തു നില്‍പ്പൂ പരസ്പരം 

പണ്ട് നിന്‍ നീര്ത്തടങ്ങളില്‍, മര-
ഛായകള്‍ ഉരഗങ്ങളായ്
വാസുകി മഹാ കാളിയന്‍ ആദി- 
ശേഷ ബിംബങ്ങള്‍ തീര്‍ത്തതും 
കുഞ്ഞു കാറ്റിന്റെ ചുംബനം കൊണ്ട്
കോള്‍മയിര്‍ക്കൊള്ളും മേനിയില്‍
അന്ന് കണ്ടങ്ങ്‌ വിസ്മയം പൂണ്ട 
ചിത്രജാലങ്ങള്‍ തേടി ഞാന്‍

പണ്ട് ഞാന്‍ വൃഥാ ചിന്ത തീണ്ടാതെ 
കുഞ്ഞു വെള്ളാരം കല്ലുകള്‍ 
ഒന്ന് മറ്റൊന്നിന്‍ ഒച്ച കേള്‍ക്കാതെ 
നിന്റെ നേരെ എറിയവേ
കുഞ്ഞു കയ്യിന്റെ താഡനം കൊള്ളും
അമ്മ കാണും കുസൃതി പോല്‍
നിന്‍ കവിള്‍ ചൂടും നീര്‍ ചുഴികളും
മന്ദഹാസവും ഓര്‍ത്തു ഞാന്‍ 

      
നിന്‍ കരയിലെന്നാളിലും കരി-
ഗര്‍വ്വ രൂപേണ  വാഴുമാ 
കാട്ടുകല്ലിന്റെ മേനിയില്‍ വര-
പോലെയുണ്ടെന്‍ മനോഗതം.
അന്ന് മൂളി നീ കേട്ടൊരെന്‍   മനോ-
രാജ്യ രാഗ സങ്കല്പങ്ങള്‍
എന്തിനായ് നീര്ത്താളതില്‍   ജല-
രേഖ പോലെ വരച്ചു നീ
  
തെല്ലുമില്ല പരിഭവം എനിയ്ക്കെ  -
ന്നുമേ  എന്‍  പ്രിയ സഖി
ചൊല്ലിടൂ നൂറു നിന്‍ വിശേഷങ്ങള്‍
കുഞ്ഞലകളെന്‍    കാതിലായ്  

പണ്ടൊരു  ഭൂതം നിന്നെയേല്‍പ്പിച്ച
സ്വര്‍ണ്ണ പേടകമൊന്നിലെ 
കല്ല്‌ വച്ചൊരാ കൈ വളകളും
നാഗമാലയും കാട്ടുമോ 

കുഞ്ഞു മീനുകള്‍ കൂട്ടമായ്‌. അവയ്-
ക്കമ്മ മീനതിന്‍ പിന്നിലായ്നീല-
മാനവും   വെള്ളി മേഘവും  കണ്ടാ-
ടും കേളിയിനി വൈകുമോ
നിന്റെ ചേറില്‍ വേരൊട്ടവേ
ഇന്നെന്റെ  ലോകം മറന്നൊരാ 
രണ്ടു താമര ത്തണ്ടുകള്‍   പൂ-
ചൂടി ഞാനിന്നു കാണുമോ?

കാലമേറെ കടന്നുപോയ്ജരാ-
നരയെ മേനി വണങ്ങയായ് 
ഓര്‍മ്മകള്‍ വിളി കേട്ടിടാതേതോ 
ദൂര ദിക്കില്‍ മറഞ്ഞുപോയ്‌ 

നീ ചിരിച്ചൊന്നു  കാണുവാന്‍
തെളി നീരില്‍ അമ്പിളി   കാണുവാന്‍
ഒരാണ്ട് നീണ്ട വഴി താണ്ടി വീണ്ടും 
നിന്നരികിലണഞ്ഞിടാം,ഞാന്‍ 
        നിന്നരികിലണഞ്ഞിടാം. 

16 അഭിപ്രായങ്ങൾ:

  1. ഈ കുളം.... ഞങ്ങളുടെ പറമ്പിന്റെ വലിയൊരു ഭാഗത്തെ പച്ച നീരാളം പുതപ്പിച്ചു കിടക്കുകയാണ്.... ഇതിന്റെ കരയ്ക്കിരുന്നാണ് ഞാന്‍ കനവു കണ്ടത്....കവിതകള്‍ വരഞ്ഞത്.... അന്നിവള്‍ നീര്‍ തെളിഞ്ഞു സുന്ദരി ആയിരുന്നു.... മാനത്തെ അമ്പിളിയും ഞാനും മത്സരിച്ചു മുഖം നോക്കുമായിരുന്നു ആ കണ്ണാടി വെള്ളത്തില്‍ ... ...ഞാന്‍ വീട് വിട്ടപ്പോള്‍ മുഖം കേറ്റി പിടിച്ചു നിന്ന് തുടങ്ങിയതാ .... ഓര്‍മകളെ പച്ച പുതപ്പിച്ചു ഇത്തവണയും നാട്ടില്‍ ചെന്നപ്പോള്‍ ചിറി കോട്ടി പരിഭവം നടിച്ചു .... എന്റെ അങ്കലാപ്പുകള്‍ ചിങ്ങം നീട്ടിയ മഴയായി ചാറിയപ്പോള്‍ ...അവള്‍ ചിരിച്ചു...... എന്റെ ഓര്‍മ്മകളെ സഹര്‍ഷം എനിയ്ക്ക് വിട്ടു തന്ന്‌ എന്നോട് ഒത്തിരി കാര്യങ്ങള്‍ മൊഴിഞ്ഞു....:)

    മറുപടിഇല്ലാതാക്കൂ
  2. സുന്ദരം
    ലളിതം
    അതിമനോഹരം

    മറുപടിഇല്ലാതാക്കൂ
  3. പച്ച പുതച്ചു കിടക്കുകയാണല്ലോ...

    കുളങ്ങളൊക്കെ പഴയ പോലെ ആരും ഉപയോഗിയ്ക്കാതായി, അല്ലേ? എന്തായാലും അതിന്റെ ഓര്‍മ്മകള്‍ക്ക് പായലു പിടിച്ചിട്ടില്ലല്ലോ... നല്ലത്!

    വരികള്‍ നൊസ്റ്റാള്‍ജിക്!!!

    മറുപടിഇല്ലാതാക്കൂ
  4. നന്ദി വിനീത് ...സന്തോഷമുണ്ട് ഈ വരികള്‍ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതില്‍ ... നന്ദി ഈ വരവിനും നല്ല വാക്കുകള്‍ക്കും

    മറുപടിഇല്ലാതാക്കൂ
  5. പ്രിയ ശ്രീ, കുളങ്ങള്‍ ഞങ്ങളുടെ സ്ഥലത്തൊക്കെ ഇപ്പോളും ഉപയോഗിയ്ക്കുന്നുണ്ട് ട്ടോ... പ്രത്യേകിച്ച് വേനലില്‍ ഞങ്ങളുടെ പറമ്പിന്റെ തൊണ്ട നനയ്ക്കുന്നത് ഈ സ്നേഹ ജലമാണ്. പിന്നെ മുതിര്‍ന്നവരോ കുട്ടികളോ കുളം കുളിയ്ക്കാനായി ഇപ്പോള്‍ ഉപയോഗിയ്ക്കാതെയായി. ആ ഒരു പരിഭവത്തില്‍ ആണിപ്പോള്‍ പച്ചയണിഞ്ഞു നിലകൊള്ളുന്നത്.അതിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ശ്രീ പറഞ്ഞ പോലെ പായല്‍ പുതയ്ക്കാതെ കുളിര്‍ന്നു നില്‍ക്കുന്നു. കവിത ഇഷ്ട്ടമായി എന്നറിയുമ്പോള്‍ സന്തോഷം കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  6. jalamaunam...peru sundaram.. kavitha manoharam..
    hrudhayam kannadi nokkukayaanu aa kulathil..

    മറുപടിഇല്ലാതാക്കൂ
  7. നിന്റെ നുരകൾ പൂക്കളാക്കും ചന്ദ്രരശ്മി....


    നല്ല കവിത. 'ജാലക'ത്തിൽ കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ...


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ


  8. കാലമേറെ കടന്നുപോയ്, ജരാ-

    നരയെ മേനി വണങ്ങയായ്

    ഓര്‍മ്മകള്‍ വിളി കേട്ടിടാതേതോ

    ദൂര ദിക്കില്‍ മറഞ്ഞുപോയ്‌


    നീ ചിരിച്ചൊന്നു കാണുവാന്‍

    തെളി നീരില്‍ അമ്പിളി കാണുവാന്‍

    ഒരാണ്ട് നീണ്ട വഴി താണ്ടി വീണ്ടും

    നിന്നരികിലണഞ്ഞിടാം,ഞാന്‍

    നിന്നരികിലണഞ്ഞിടാം.


    വളരെ വളരെ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ
  9. ഞാനും കണ്ടു മുകിലെ അമ്പിളിവെട്ടം പോലെ തിളക്കം ആ ഹൃദയത്തിനു....

    മറുപടിഇല്ലാതാക്കൂ
  10. സൌഗന്ധികപ്പൂവേ സന്തോഷം ഈ വരവിനു...ഈ നല്ല അഭിപ്രായത്തിനു....ജാലകത്തില്‍ ഞാന്‍ അതിനു ശ്രമിച്ചു , പക്ഷെ ആകുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  11. വളരെ വളരെ സന്തോഷം അജിത്‌ . നല്ല പ്രചോദനമാണ് ഈ വാക്കുകള്‍. നന്ദി.

    മറുപടിഇല്ലാതാക്കൂ
  12. ഇഷ്ടമായി ലളിതമായ ഈ കവിത. ഒരുപക്ഷേ കവിതയേക്കാള്‍ എനിക്കിഷ്ടമായതു് ആ കുളമാണെന്നും പറയാം. അതിനെ കാണാന്‍, മുഖം നോക്കാന്‍ ഓടി വരാതിരിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും ഇല്ല.

    മറുപടിഇല്ലാതാക്കൂ
  13. സന്തോഷം എഴുത്തുകാരി. ഓടി വരൂ മുഖം നോക്കാന്‍ :)

    മറുപടിഇല്ലാതാക്കൂ
  14. പണ്ട് നിന്‍ നീര്ത്തടങ്ങളില്‍, മര-
    ഛായകള്‍ ഉരഗങ്ങളായ്
    പണ്ട് നിന്‍ നീര്ത്തടങ്ങളില്‍, മര-
    ഛായകള്‍ ഉരഗങ്ങളായ്
    വാസുകി മഹാ കാളിയന്‍ ആദി-
    ശേഷ ബിംബങ്ങള്‍ തീര്‍ത്തതും
    കുഞ്ഞു കാറ്റിന്റെ ചുംബനം കൊണ്ട്
    കോള്‍മയിര്‍ക്കൊള്ളും മേനിയില്‍
    അന്ന് കണ്ടങ്ങ്‌ വിസ്മയം പൂണ്ട
    ചിത്രജാലങ്ങള്‍ തേടി ഞാന്‍

    പണ്ട് ഞാന്‍ വൃഥാ ചിന്ത തീണ്ടാതെ
    കുഞ്ഞു വെള്ളാരം കല്ലുകള്‍
    ഒന്ന് മറ്റൊന്നിന്‍ ഒച്ച കേള്‍ക്കാതെ
    നിന്റെ നേരെ എറിയവേ
    കുഞ്ഞു കയ്യിന്റെ താഡനം കൊള്ളും
    അമ്മ കാണും കുസൃതി പോല്‍,
    നിന്‍ കവിള്‍ ചൂടും നീര്‍ ചുഴികളും
    മന്ദഹാസവും ഓര്‍ത്തു ഞാന്‍

    കൈകുമ്പിളിലെടുത്ത ഒരു സ്ഫടിക ഗോളത്തെ എന്നപോലെ ഭൂമിയിലെ പ്രകൃതി വിസ്മയങ്ങളെ, അതിലെ ലാസ്യഭാവങ്ങളെ അതിസൂക്ഷ്മതയോടെ നിരീക്ഷിച്ചും ലാളിച്ചും സ്നേഹിച്ചും കഴിയുന്ന കവിമനസ്സില്‍ താളനിബദ്ധമായ മൂളിപ്പാട്ടായി ജന്മം കൊള്ളുന്നതാണ് അക്ഷരപ്പകര്‍ച്ചയിലെ പല കവിതകളും എന്നു എനിക്ക് തോന്നാറുണ്ട്.

    കാരണം കാല്പനികതയേക്കാള്‍ നേര്‍ കാഴ്ചകളെയാണ് അവ ലളിതമായ ഭാഷയില്‍ പങ്കു വെക്കുന്നതു. പ്രകൃതിയില്‍ സ്വയം മറന്നു ഇന്നലകളിലെ നഷ്ടാനുഭൂതികളെ വീണ്ടെടുക്കാനുള്ള ശ്രമം.

    നാം മറന്നു പോയ ഇഷ്ടങ്ങള്‍, സ്വപ്നങ്ങള്‍ , ബാല്യ ചാപല്യങ്ങള്‍, ശൈശവ കുസൃതികള്‍ എല്ലാം ഒന്നൊന്നായി സര്‍ഗ്ഗഭാവനയുടെ തൂവല്‍ സ്പര്‍ശമുള്ള അക്ഷരങ്ങളിലൂടെ പുനര്‍ജനിക്കുന്നു.

    മറവിയുടെ മഴമേഘങ്ങള്‍ക്കപ്പുറത്തു നിന്നും ഗതകാല സ്മരണകളുടെ പരിമളം പേറുന്ന തണുത്ത കാറ്റായി അവ അനുവാചക മനസ്സുകളെ തഴുകി കടന്നു പോകുന്നു.

    കൃത്രിമത്വം നിഴലിക്കാത്ത ഭാഷയും ലളിതമായ ശൈലിയും അമ്പിളിയുടെ കവിതകളെ എന്നും ആസ്വാദ്യകരമാക്കുന്നു.

    കവിതയുടെ പുതിയ ചക്രവാളങ്ങളിലേക്കു പറന്നുയരാന്‍ അമ്പിളിക്കാവട്ടെ.

    ആശംസകളോടെ.

    മറുപടിഇല്ലാതാക്കൂ

  15. പ്രിയ അക്ബര്‍ എത്ര സന്തോഷം തരുന്നു ഈ വാക്കുകള്‍.. എന്നത്തേയും എന്റെ കവിതകളുടെ പ്രിയ ആസ്വാദകന്‍ ആണ് അക്ബര്‍ . ഒരുപാടു സന്തോഷം ... സ്നേഹം ഈ പ്രോത്സാഹനത്തിനു .

    മറുപടിഇല്ലാതാക്കൂ
  16. കൊള്ളാം നല്ല വരികള്‍ @നന്നായി എഴുതി @PRAVAAHINY

    മറുപടിഇല്ലാതാക്കൂ