ബുധനാഴ്‌ച

വേനല് മാരി






നേരം പോയില്ലേ നേരം പോയില്ലേ
എൻ  വീടിൻ  മേലെ മേഘത്തുമ്പി എത്താൻ  വൈകല്ലേ
മേട ചൂടല്ലേ പൊള്ളും തീയിൻ  നോവല്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ



നേരം പോയില്ലേ നേരം പോയില്ലേ
എൻ  വീടിൻ  മേലെ മേഘത്തുമ്പി എത്താൻ  വൈകല്ലേ
മേട ചൂടല്ലേ പൊള്ളും തീയിൻ  നോവല്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ
ഈ മണ്ണിൻ  മാറിൽ  മാരിത്തൂവൽ  പൊഴിയാൻ  വരികില്ലേ


അന്തിക്കിതു വഴി പവിഴത്തിൻ  മണി ചൊരിയാനെത്തീടും
വിണ്ണിൻ  കതിരോൻ  പോകും മുന്നെ നീയും പോരില്ലേ
കൂടും തേടി പോകുന്ന പൂവാൽകിളി തൻ  പാട്ടിന്റെ 
ഈണം കാതിൽ  നിന്നും മറയും മുൻപേ വരികില്ലേ


















പാടത്തിഴയും വാടി തളരും ചെറു കണി വെള്ളരി തൻ 
നീറും നെഞ്ചിൽ  തഴുകാൻ  ലേപം കൊണ്ടു തരികില്ലേ
വേനൽ മാരിപ്പെണ്ണേ താഴെ തൂവും മുന്നേ 
നിന്നോടലിയാൻ നൃത്തം ചെയ്യാൻ മയിലായ് മാറാം ഞാൻ 
ഒരു മയിലായ് മാറാം ഞാൻ 






ചൊവ്വാഴ്ച

കർക്കടകം




തോരാത്ത മിഴിയുമായ്  ചാരെയണഞ്ഞൊരു 
കർക്കടകപ്പുലരി
കൂടൊഴിഞ്ഞെന്നോ പറന്നൊരെൻ പൈങ്കിളി
പാടുന്നതോർത്തു നിന്നു

പൊൻക്കതിർക്കറ്റ പൊഴിച്ച നെല്ലിൻ മണി
ഇത്തിരി ബാക്കിയുണ്ടോ
ചിങ്ങമിങ്ങെത്തീടാൻ നാളേറെയില്ല വ-
ന്നെങ്കിലും പഞ്ഞമാസം

മുറ്റത്ത്‌ മുഗ്ദ്ധഹാസം വിടർത്തീടുന്ന

മുക്കുറ്റി പൂച്ചെടിയേ
ഞെട്ടറ്റു കിട്ടിയ പ്ലാവിലത്തുമ്പിൽ നീ-
യിത്തിരി ചാന്ത്‌ തായോ

അഷ്ടമംഗല്യത്തളികയിൽ സിന്ദൂര-
ച്ചാന്തും കരിമഷിയും
വാഴിലച്ചീന്തൊന്നിൽ വേണം ശീവോതിയ്ക്ക്
ചൂടുവാൻ പത്തു പുഷ്പം

കത്തും വിളക്കിന്റെ മുന്നിലിരുന്നൊരു
മുത്തശ്ശി ചൊല്ലുകയായ്‌
ത്യാഗസ്വരൂപൻ ശ്രീരാമദേവൻ പണ്ട്
രാജ്യം വെടിഞ്ഞ കഥ

ഇല്ലായ്മ വല്ലായ്മ നാട് നീങ്ങാൻ ചെയ്ക

വായന രാമായണം
വൈകാതെ കാണാം തെളിഞ്ഞ മാനം, ചിരി
തൂകും വയൽപ്പൂക്കളും


അടുക്കള








ഇതു എന്റെ സാമ്രാജ്യം
നാലേ നാലു ചുവരും
ഒരു മേല്തട്ടും ഉള്ള
കൂടിയാല് എട്ടടിയുള്ള ഇടം.
ഇതിന്ടെ ജാലക കാഴ്ചയില് അധികവും അറപ്പ്,
ഇത്തിരി അഴകും.
അങ്ങേപ്പുറത്തെ ജീവിതം വീഴ്ത്തിയ പ്രാവ് കാഷ്ഠങ്ങള്,
വഴി തെറ്റി കേറിയിറങ്ങുന്ന മൈനപ്പിടകള്,
അവയുടെ കണ്ണു വെട്ടിച്ച് ഞാന് വളറ്ത്തുന്ന
രണ്ട് ചെടി നാമ്പുകള്,
ഇത്തിരി സുഗന്ധത്തിനായി ഞാന് പുകച്ച
ചന്ദനത്തിരിത്തുണ്ടുകള്,
കൂട്ടിനിടം തേടുന്ന ചാരപ്രാക്കള്,
വെളിച്ചത്തിനും വായുവിനും എത്തിനോക്കാന്
ഇത്തിരി സ്ഥലം.
കണ്ണുകള് ക്ളേശിച്ചാല് മാത്രം കാണാം
ഇളം നീല ചതുര തുണ്ട് മേലെ,
കാറ്റു കനിഞ്ഞാല് രണ്ടേ രണ്ട് മേഘക്കീറും.
എങ്കിലും ഞാന് തൃപ്തയാണ്
കാരണം ഇതെന്റെ സ്വര്ഗ്ഗം
തളര്ന്നും തളരാതെയും
ഞാന് വിചാര ശകലങ്ങള് പകര്ത്തിയ ഇടം,
വളര്ന്നും വളരാതെയും
എന്റെ മനസ്സ് വീര്പ്പുമുട്ടിയ ഇടം,
ഉള്ളിയെ പഴി ചൊല്ലി
ഹ്യദയഭാരം മിഴിനീരാക്കി കളഞ്ഞയിടം
കത്തിമുന കീറിയ വിരലിലിറ്റുന്ന ചോരത്തുള്ളിയില്
ഹ്യദയരക്തത്തിന്റെ ചൂടും ചോപ്പും നിറച്ചയിടം
ആറാനൊരുങ്ങുന്ന കഞ്ഞിചൂടിനാവിയില്
വിങ്ങുന്ന ഗദ്ഗദത്തെ ഉരുക്കിയ ഇടം
ഇവിടം എന്റെ സ്വര്ഗ്ഗം.
അടി, കറപ്പ് പിടിച്ചും അല്ലാതെയുമുള്ള പാത്രങ്ങള്ക്ക്
  ഞാന് തീയിടും
കരിയ്ക്കണോ വേവിക്കണോ ?
എന്റെയിഷ്ട്ടം.
ചേര്ക്കേണ്ടത് തേനോ വിഷമോ?
എന്റെയിഷ്ട്ടം.
കാരണം ഇതെന്റെ മാത്രം സാമ്രാജ്യം.
പൊള്ളുന്ന ചിന്തകള്ക്ക് ഇളംകാറ്റേറ്റു മേയാനുള്ള ഇടം,
എനിക്കിഷ്ടമില്ലാത്തവയുടെ മുഖകാഴ്ചയില് നിന്നുമുള്ള
ഏകാന്ത പ്രയാണത്തിന്റെ അസ്തമന മുനമ്പ്,
ഇത്തിരി സ്വപ്നങ്ങള് രഹസ്യമായി നുണയാന്
തീപ്പുക മണക്കുന്ന നരച്ച കൂടാരം.
അടുക്കള ......
ഇവിടം എനിക്കു സ്വര്ഗ്ഗം.
ഞാന് ചേര്ക്കേണ്ടത് തേനോ വിഷമോ?
അതു കഴിക്കേണ്ടത് ഞാനോ അവരോ?
മനസ്സ് പിരിമുറുക്കുന്നു......
തേനോ വിഷമോ???



അമ്പിളി ജി മേനോന്
ദുബായ്

നഷ്ടം







എങ്ങോ പോയ്‌ മറഞ്ഞു
എങ്ങെങ്ങോ പോയ്‌ മറഞ്ഞു ..
പുല്‍ത്തടുക്കിന്‍ കര നീന്തിക്കടന്നിതാ
എങ്ങോ പോയ്‌ മറഞ്ഞു .... കാലം
എങ്ങോ പോയ്‌ മറഞ്ഞു.

ചുണ്ടിലെ തഞ്ചും കുറുമ്പിനാലെ
കുഞ്ഞിക്കൈതൻ വിരല്‍ത്തുമ്പിനാലെ
കൂന്തൽ ചുരുളിലെ എണ്ണയാൽ തീര്‍ത്തൊരാ
ചിത്രവും തേഞ്ഞു മാഞ്ഞു, ഇട-
നാഴിയില്‍ മൌനമുറഞ്ഞു, ശോക
മൂകം വിതുമ്പിപ്പിടഞ്ഞു….

ഉമ്മറത്തൂണിലെ പൊന്നഴിക്കൂട്ടിലെ
ശാരികപ്പൈങ്കിളിപ്പെണ്ണേ
ഇന്നൊരു നല്ലുരുളച്ചോറുമേന്തിയെന്‍
അമ്മ തന്‍ കൈകളെവിടെ, തൊട്ടി
ലാട്ടുന്ന പൂങ്കാറ്റെവിടെ, നീ
പാടുന്ന താരാട്ട് പാട്ടെവിടെ....

ഒന്നു തൊട്ടാല്‍ ചിരി പൂവസന്തം എന്റെ
മുറ്റത്തു വിതറുന്ന തൈമുല്ലേ
എന്‍ പദനിസ്വനം കാതോർത്തു നില്‍ക്കുന്ന
നിന്റെ സുഗന്ധമിന്നെങ്ങു പോയി, ഞാറ്റു-
വേല പൂങ്കാറ്റെങ്ങു കൊണ്ടുപോയി, ഇന്നു
കോലയിൽ ഞാന്‍ മാത്രമായി





അമ്പിളി ജി മേനോന്‍ 

ഞായറാഴ്‌ച

വിഷു





ചുംബിച്ചെടുത്തു നീ മീനമേ, മച്ചിന്റെ
നെറ്റിത്തടത്തിലെ കുങ്കുമത്തെ
ഇറ്റു വീഴും ചോന്ന  വേർപ്പിന്റെ മുത്തുകൾ 
തൊട്ടെടുത്തീടുവാൻ മേടമെത്തി 

പച്ചിലത്താളിൽ പുലരിയാം കന്യക 
ചാലിച്ച മഞ്ഞൾ പ്രസാദം പോലെ
പുഞ്ചിരി തൂകുന്നിളകിയാടുന്നെന്റെ 
മുറ്റത്തെ കൊന്നയിൽ കിങ്ങിണികൾ


ചാഞ്ചാടും ചില്ലയിൽ വീട് മേയാ-   
നോടിക്കിതയ്ക്കുന്നുറുമ്പുകളും
പ്ലാമരച്ചില്ലമേൽ വീണുറങ്ങും ഉണ്ണി-
ക്കായ്കളെ കൊഞ്ചിയ്ക്കുമണ്ണാറനും

പുത്തിലഞ്ഞി തൊടും  പൊട്ടുകളും, വെണ്‍-  
പൂ വിളമ്പീടുന്ന  കൈതകളും 
മാമ്പൂമണം പേറി വന്ന കാറ്റും
മാനത്ത് വെള്ളാടിൻ കുഞ്ഞുങ്ങളും 

പാമ്പിന്നരിയിട്ട കാവ് തോറും 
പാട്ടുമായെത്തും വിഷുക്കിളിയും 
വീണ്ടുമെന്നുള്ളം നിറഞ്ഞൊഴുകീ 
വാതിൽക്കലെത്തവേ  മേടമാസം 


എന്റെ കൈരേഖകൾ കോറിയിട്ട  
വെറ്റിലത്താളിൽ സുഗന്ധമോലും 
നൂറ് തേച്ചിന്നു  ചാന്താടി നില്പ്പൂ 
മേടസംക്രാന്തി സൌവ്വർണ്ണ സന്ധ്യ! 

ഒട്ടും കടിപിടി വേണ്ടപോലും 
ഒപ്പമായ് വീതിച്ചു രാപ്പകലെ 
നല്കിടും   നാളെ വിഷുനാളിലായ്
അമ്മ ധരിത്രി തൻ കൈനീട്ടമായ് 

വിത്തുണ്ട്  കൈക്കോട്ടെടുത്തു കൊൾവിൻ
ചൊല്ലും കിളി നീ വിഷുപ്പൈങ്കിളി
കൊണ്ടു വരൂ വിണ്ണിൻ മേട തന്നിൽ-
നിന്നുമീ വേനലാറ്റുന്ന മാരി

താടകളാട്ടിടും കാളകൾ പോൽ,മണി-
നാദമുതിർക്കുന്ന കാലികൾ പോൽ 
വാനിന്റെ കോണിൽ നിരന്നിടുന്നു, മുത്തു-
മാലകൾ സൂക്ഷിയ്ക്കും പേടകം പോൽ

നോവു നല്കി നുകം യാത്ര ചൊല്ലി, ഇന്ന് 
കാലിക്കുളമ്പടിയോർമ്മയായി 
നിദ്ര മറന്നിടാൻ നേരമായി, വിത്ത്
പൊട്ടി മുളയ്ക്കുവാൻ കാലമായി.

  
മേഘം കറുത്തതും കറയായി വാർന്നതും 
വേനൽ മഴയെന്ന് ചൊല്ലി മണ്ണും 
വേളി കഴിഞ്ഞ പുതുപ്പെണ്ണിൻ ഗന്ധവും
മേടച്ചുടു നെടുവീർപ്പുകളും

കോരിത്തരിച്ചിടാൻ നിന്ന മെയ്യും, പ്രേമ-
ലോലമവനേകും ചുംബനവും
പൊന്കിഴിയ്ക്കുള്ളിൽ കരുതി വയ്ക്കും, ഞാൻ
കൈനീട്ടമായ് നാല് നാണയവും 

പാതിരാപൂവുകൾ ബാക്കി വച്ചു 
പാരിന്നു നേദ്യമായ് തന്ന ഗന്ധം
പാതിരാക്കാറ്റു കവർന്നെടുത്തു,സ്വയം 
പാഴ്ക്കിനാവിൽ നഷ്ടമായ നേരം  

എൻ മണ്ണിൻ നിശ്വാസ സ്പന്ദനങ്ങൾ
ഏറ്റു പറയും കരിയിലകൾ 
എൻ  ബാല്യ ശൈശവത്തിന്നോർമ്മകൾ
എൻ കാതിലിന്നതിൻ കാൽത്താരികൾ

ഓർമ്മകൾ ചില്ല് വള കിലുക്കും
കാലിൽ കൊലുസുകൾ താളമിടും
ധാവണിത്തുമ്പോ കളി പറയും, കൈ 
വീശി മറഞ്ഞിടും കൌമാരവും

പാടം വരണ്ടത് ബാക്കി വച്ച്, ചേന്നൻ
കൊയ്ത് കുന്നാക്കിയ നെല്മണിയ്ക്ക്
കാവലാവാനീ വഴിയൊരുക്ക്,പഴ-
മ്പാട്ടുമായെത്തും വിഷുക്കിളിയ്ക്ക് 

കാലം മങ്ങിച്ച കണ്‍ക്കാഴ്ച പേറി 
വീടിന്നരമതിൽ തൂണ് ചാരി
പൊൻകണിയ്ക്കുള്ളിൽ തെളിഞ്ഞ തിരി-
യുലഞ്ഞാടുന്നതും കാണാൻ നോക്ക്ക്കുത്തി

ഇനി വിഷുപ്പക്ഷി നീ പാടുമെങ്കിൽ
ഇനിയുമെൻ തൈമുല്ല പൂക്കുമെങ്കിൽ
ഇനി ബാല്യ ശൈശവ കൌമാരത്തിൻ 
ഇനിയും കാണാത്ത കിനാവുണ്ടെങ്കിൽ 

നില്ല് നീ നാഴികമണി മുഴക്കീടുവാൻ 
ചങ്ങല വലിച്ചിടും നാവേ
നിൻ ഗളത്തിൽ തൂങ്ങിയാടുമെൻ കാലത്തെ 
ബന്ധനം ചെയ്തിടട്ടെ, ഞാൻ 
ബന്ധനം ചെയ്തിടട്ടെ.


ബുധനാഴ്‌ച

ഒരു തുലാവര്‍ഷ രാത്രിയുടെ ഓര്‍മ്മയില്‍ .............





പടിഞ്ഞാറന്‍ കാറ്റു മുറ്റത്തെ കിണറിനു വലത് ഭാഗത്തുള്ള കണിക്കൊന്നയെ ആട്ടി ഉലച്ചു . പൂമാരി ചൊരിഞ്ഞു എന്റെ മുറ്റം കൂടുതല്‍ ചേലുള്ളതാക്കി . പൂക്കള്‍ നെറുകയില്‍ വീണപ്പോള്‍ കുഞ്ഞി ത്യത്താവ് പുഞ്ചിരിച്ചു കൊണ്ടു ചോദിക്കുന്നതു കേട്ടു " അമ്മേ ഈ കാറ്റെന്തിനാ വരണെ " എന്നു . അമ്മ ചെടി മകളുടെ നെറ്റിയിലേക്കു തല ചായ്ച്ചു പറഞ്ഞു "ഇതാണു മാരിക്കാറ്റു . മകളെ നീ ശിരസ്സുയര്‍ത്തി കാണൂ" . തൃത്താ കുഞ്ഞു കൗതുകത്തോടെ മുകളിലേയ്ക്കു നോക്കി . ഇരുണ്ട വാനം കണ്ട് അതു ചോദിച്ചു " നിന്റെ ചേലൊക്കെ ആരു കൊണ്ട് പോയി ?" ശുണ്ഠി പിടിച്ചു മാനം ചിറി കോട്ടി പറഞ്ഞു " എന്റെ ചേലൊന്നും എവിടേം പോയില്ല " എന്നാല്‍ 'എവിടെ' എന്നായി കുഞ്ഞി ചെടി . പെട്ടെന്നു വാനം തന്നിലൊരു വര വരച്ചു . പിന്നെ അതു വളച്ചു . ഏഴു വര്‍ണ്ണങ്ങള്‍ ചാലിച്ചു അതിനു നിറം കൊടുത്തു . കുഞ്ഞി ചെടിക്കു അത്ഭുതം അടക്കാന്‍ വയ്യ ...... "ഹായ് ! എന്തു ചേലാ നിന്നെ കാണാന്‍ " . അതു കേട്ടു തെല്ലഹങ്കാരത്തില്‍ എളിയില്‍ കയ്യും കുത്തി വാനം നിന്നു . കറുപ്പിലും താന്‍ ഏഴഴകുള്ളവള്‍ എന്നു അവള്‍ തന്റെ കീഴിലുള്ളവര്‍ക്കു കാട്ടി കൊടുത്തു . വാനിന്റെ സൗന്ദര്യത്തില്‍ ലയിച്ചു നില്ക്കുമ്പോള്‍ ആണു ഒരു പൊന്‍ പ്രഭ മണ്ണിന്റെ മാറിലേയ്ക്കു വീണതു . ഭൂമിപ്പെണ്ണിനായി വിണ്ണെറിഞ്ഞു കൊടുത്ത താലിയായി തോന്നി അതു. പിന്നാലെ വന്ന ശബ്ദത്തില്‍ ജാതി തൈകളുടെ കീഴെ കിന്നാരം പറഞ്ഞിരുന്ന രണ്ട് ചകോരങ്ങള്‍ ഓടി മറഞ്ഞു . സന്ധ്യാംബരത്തിനു ഇന്നലെ ഈ ചകോരങ്ങളുടെ വര്‍ണ്ണമായിരുന്നു . കാറ്റിന്റെ സീല്ക്കാരവും കടലിന്റെ ഇരമ്പലും ഇടകലര്‍ന്ന് കേള്‍ക്കാം .







പടിഞ്ഞാറന്‍ കാറ്റു കൂടുതല്‍ ബലപ്പെടുകയാണു . മുറ്റത്തെ സിമന്റു തറയില്‍ വീണ മാവിലകളെ തൂത്തു വാരുമ്പോള്‍ കുറിഞ്ഞി പൂച്ച കാലുക്ള്‍ക്കിടയിലൂടെ ഓടി . ഒരു അണ്ണാന്‍ കുഞ്ഞിന്റെയടുത്തു യുദ്ധം പ്രഖ്യാപിച്ചു കൊണ്ടുള്ള വരവായിരുന്നു അതു . 'ചില്‍ ചില്‍ ' എന്നു ചീത്ത വിളിച്ചു വിട്ട് കൊടുക്കാന്‍ ഭാവമില്ലതെ അണ്ണാറനും . എന്റെ കണ്ണുകള്‍ മുറ്റത്തെ കാഴ്ച്കളെയും മുറ്റത്തെ കാഴ്ചകള്‍ എന്ടെ നിമിഷങ്ങളെയും ഒപ്പിയെടുക്കാന്‍ മത്സരിച്ചു . അമ്മൂമ്മ തുളസിത്തറയില്‍ വിളക്കു വയ്ച്ചു . അപ്പോഴും സന്ധ്യ ചുവന്നില്ല. നക്ഷത്രം തെളിഞ്ഞില്ല . ചന്ദ്രനും ഉദിച്ചില്ല . മാനം വരച്ച വില്ലോ ? മാഞ്ഞു പോയിരിക്കുന്നു . പെട്ടെന്നൊരു നനുത്ത സ്പര്ശം എന്റെ നെറ്റിമേല്‍ ..... ഒരു കുഞ്ഞു മഴത്തുള്ളി അതിന്റെ തളിര്‍ വിരല്‍ കൊണ്ട് എന്നെ തഴുകി. പിന്നെ ഒന്നിനു മീതെ ഒന്നായി മേലാകെ കുളിര്‍ വാരിയിട്ടു കാര്‍ കൊണ്ടല്‍ വിടവുകളിലൂടെ ചോര്‍ന്നു അവ എന്നില്‍ പെയ്തിറങ്ങി തുടങ്ങി . നനഞ്ഞു കുതിരുന്നതിനു മുന്പെ ഞാന്‍ വരാന്തയിലേക്കോടി കയറി . പിന്നെ കണ്ടതെല്ലാം മഴക്കാഴ്ചകളാണു. ചെറുതും വലുതുമായ മഴനൂലുകള്‍ മുറ്റത്തും മേല്ക്കൂരയിലും ഊര്‍ന്നിറങ്ങി . അവ നിലം പറ്റുമ്പോള്‍ മുറ്റത്തെ കൊച്ചു കുളങ്ങളില്‍ കൊഞ്ചിന്‍ കുഞ്ഞുങ്ങള്‍ ചാടുന്ന പോലെ . ചുറ്റിലും കാറ്റും മഴയും അവയ്ക്കിടയില്‍ കുറ്റാകൂരിരുട്ടും.














മിന്നാമിന്നികള്‍ക്ക് വീട്ടില്‍ കേറാന്‍ അയിത്തം പോലെ . പടി വരെ വന്നെത്തി നോക്കി തിരികെ പോകുന്നു. വെട്ടവും ചൂടും തേടി പ്രാണിക്കൂട്ടങ്ങളുടെ തിക്കും തിരക്കുമാണു കോലായില്‍. മെത്തയില്‍ കുഞ്ഞി തലയിണയും ഇറുക്കി പിടിച്ചു കിടക്കുമ്പോള്‍ കണ്ടു മഴയുടെ തൂലികാവൈഭവം. വള്ളിചെടിയുടെയും കൈവിരലുകളുടെയും കണ്ണുനീര്‍ ചാലുകളുടെയും ചിത്രങ്ങള്‍ എന്റെ ജാലകത്തിന്റെ ചില്ലു പാളികളില്‍ തെളിഞ്ഞു മറഞ്ഞു കൊണ്ടേയിരുന്നു. ഇന്ദ്രലോകത്തിനധിപനായ ദേവേന്ദ്രന്റെ വജ്റായുധത്തിന്റെ ശബ്ദമാണ് ഇടിമുഴക്കമെന്നും അതു കേള്‍ക്കുമ്പോള്‍ ഉള്ള ഉള്‍ ഭീതി അകലാന്‍ അര്‍ജുനന്റെ പത്തു പേരുകള്‍ ചൊല്ലിക്കൊണ്ടിരുന്നാല്‍ മതിയെന്നും അമ്മൂമ്മ ആരോടോ പറയുന്നതു കേള്‍ക്കാം . എപ്പോഴോ മഴയുടെ സംഗീതം എന്നില്‍ നിദ്ര പകര്‍ന്നു . പിന്നെ കുറെ കഴിഞ്ഞു കാല്‍വിരല്‍ തുമ്പിലെ പുതപ്പിന്റെ ചലനത്തില്‍ കണ്തുറന്നപ്പോള്‍ കട്ടിലിനരികിലുണ്ട് അമ്മ . ഇപ്പോള്‍ മഴയുടെ അനക്കമില്ല . അതു അനന്തതയിലെയ്ക്കു പോയ് മറഞ്ഞുവെന്നു തോന്നുന്നു . തന്റെ പദ ചലനത്തില്‍ തരിച്ചു നില്ക്കുന്ന ഭൂമിയ്ക്കു കുളിരും പകര്‍ന്ന് അതു തല്ക്കാലം വിട ചൊല്ലി. ആട്ടം തീര്‍ന്ന കളം കണക്കെ ആയി പ്രക്യതി . മേല്ക്കൂരയിലെ ഓടിന്‍ തുമ്പിലെ അവസാന തുള്ളിയും നിലം പറ്റുന്നതിനു മുന്പെ എനിക്കു ചുറ്റും നിറഞ്ഞു നില്ക്കുന്ന തണുപ്പിന്റെ അങ്ങേയറ്റത്തേയ്ക്കു ഞാന്‍ ഊളയിട്ടു . അത്താഴം മറന്ന് ......... ഘടികാര ചലനം നിര്‍ത്തി വച്ച് ........ മേക്കാന്‍ തവളകളുടെയും ചീവീടിന്‍ പറ്റങ്ങളുടെയും വരാനിരിക്കുന്ന മഴയ്ക്കുള്ള മുന്നറിയിപ്പും ശ്രവിച്ച് ഒരു മഴ നീര്‍ മണിയുടെ അഗാധതയിലേക്കു ഈ തുലാവര്‍ഷ രാത്രിയില്‍ ഞാന്‍ നീങ്ങി ...... ഏകയായി....... ഏകയായി.

അമ്പിളി ജി മേനോന്‍

ചൊവ്വാഴ്ച

അമ്മയോട്




ഉള്ളൊന്ന് നൊന്തെന്റെ കണ്ണ് കലങ്ങുമ്പോള്‍ 
ചേലത്തുമ്പും കൊണ്ടേ വാ
പാടി നീ തീരാത്ത പാട്ടിന്റെ ഈണത്തെ
ഈറന്‍ ചുണ്ടില്‍ മൂളിത്താ, എന്നെ നിന്‍
മാറോടണച്ചിടാന്‍ വാ 

നിന്‍ മിഴിശീലയാല്‍ കെട്ടിയീ മുറ്റത്ത്‌
എന്നെ തിരഞ്ഞിടുമ്പോള്‍
പിന്നിലെന്‍ കാല്തള വായ്‌പൊത്തി ഞാനമ്മേ
നിന്നെപ്പുണര്‍ന്നതല്ലേ, കുഞ്ഞി-
ക്കൈയ്യില്‍ നിന്‍ പാല്‍മുത്തമേകിയ ചുണ്ടിലെ 
തൂമധുരം തരില്ലേ, എന്നെ 
പിന്നെയും പൈതലാക്കില്ലേ 

പാല്‍ പതഞ്ഞങ്ങയ്യോ പോയിട്ടുമോടിയെന്‍
ചാരെയണഞ്ഞിടുമ്പോള്‍
വിങ്ങിക്കരയുമെന്‍ തേങ്ങലിന്‍ താളത്തെ
നെഞ്ചോട്‌ ചേര്‍ത്തതല്ലേ, അമ്മേ 
കണ്പ്പീലിത്തുമ്പില്‍ നിന്നിറ്റുന്ന തുള്ളിയെ
ചുംബിച്ചു മായ്ക്കുകില്ലേ, എന്റെ
സങ്കടം  മാറ്റുകില്ലേ 

കാതിലെന്നോ വീണെന്നുള്ളിലുറങ്ങുമാ
മുത്തശ്ശി തന്‍ കഥയില്‍
താളുകള്‍ക്കപ്പുറത്തെന്നോ മറഞ്ഞൊരാ
ഭൂതം തിരഞ്ഞീടവേ, എന്നെ
പുല്‍കി, തലയിണക്കീഴിലിരുമ്പിനെ
ധൈര്യമായ് നല്‍കിയില്ലേ, അന്നെന്‍ 
 ദുഃസ്വപ്നം മാഞ്ഞതല്ലേ ... അമ്മേ