ചൊവ്വാഴ്ച

കർക്കടകം




തോരാത്ത മിഴിയുമായ്  ചാരെയണഞ്ഞൊരു 
കർക്കടകപ്പുലരി
കൂടൊഴിഞ്ഞെന്നോ പറന്നൊരെൻ പൈങ്കിളി
പാടുന്നതോർത്തു നിന്നു

പൊൻക്കതിർക്കറ്റ പൊഴിച്ച നെല്ലിൻ മണി
ഇത്തിരി ബാക്കിയുണ്ടോ
ചിങ്ങമിങ്ങെത്തീടാൻ നാളേറെയില്ല വ-
ന്നെങ്കിലും പഞ്ഞമാസം

മുറ്റത്ത്‌ മുഗ്ദ്ധഹാസം വിടർത്തീടുന്ന

മുക്കുറ്റി പൂച്ചെടിയേ
ഞെട്ടറ്റു കിട്ടിയ പ്ലാവിലത്തുമ്പിൽ നീ-
യിത്തിരി ചാന്ത്‌ തായോ

അഷ്ടമംഗല്യത്തളികയിൽ സിന്ദൂര-
ച്ചാന്തും കരിമഷിയും
വാഴിലച്ചീന്തൊന്നിൽ വേണം ശീവോതിയ്ക്ക്
ചൂടുവാൻ പത്തു പുഷ്പം

കത്തും വിളക്കിന്റെ മുന്നിലിരുന്നൊരു
മുത്തശ്ശി ചൊല്ലുകയായ്‌
ത്യാഗസ്വരൂപൻ ശ്രീരാമദേവൻ പണ്ട്
രാജ്യം വെടിഞ്ഞ കഥ

ഇല്ലായ്മ വല്ലായ്മ നാട് നീങ്ങാൻ ചെയ്ക

വായന രാമായണം
വൈകാതെ കാണാം തെളിഞ്ഞ മാനം, ചിരി
തൂകും വയൽപ്പൂക്കളും


21 അഭിപ്രായങ്ങൾ:

  1. ഒരു കർക്കിടകത്തിനപ്പുറം എപ്പോഴും ഒരു ചിങ്ങമുണ്ട്. അസ്സലായിരിക്കുന്നു അംബിളി.

    മറുപടിഇല്ലാതാക്കൂ
  2. നന്ദി പ്രിയ സഖീ മായാ. ചിങ്ങം തെളിയട്ടെ മണ്ണിൽ. സങ്കട മഴ തോരട്ടെ. സന്തോഷം ഈ നല്ല വാക്കുകൾക്ക്. ഈ വരവിന്

    മറുപടിഇല്ലാതാക്കൂ
  3. സന്തോഷം പ്രിയ ജോയ്. ചിങ്ങ സമൃദ്ധിയ്ക്കായി പ്രാർത്ഥിയ്ക്കാം.

    മറുപടിഇല്ലാതാക്കൂ
  4. ചിങ്ങം ഓടി വരും ഈ മനോഹര കവിത വായിച്ചാൽ നല്ല നോസ്ടല്ജിക്ക് ഓർമ്മകൾ പലതും ഇപ്പൊ ഇത് പോലുള്ള കവിതയിൽ മാത്രം കേട്ട് പരിചയം ഉള്ള്ളത്

    മറുപടിഇല്ലാതാക്കൂ
  5. ഈ ആദ്യ വരവിനും നല്ല വാക്കുകൾക്കും സന്തോഷം ബൈജു. കവിത ഇഷ്ട്ടപ്പെട്ടെന്നു കേൾക്കുമ്പോൾ കാറും കോളും ഒഴിഞ്ഞ മാനം കണക്കെ മനസ്സും ചിരി തൂകുന്നു.

    മറുപടിഇല്ലാതാക്കൂ
  6. കവിത ഇഷ്ടമായി
    മനോഹരം
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  7. പൊന്നിന്‍ കതിര്‍ക്കുലയേന്തി മെല്ലെ
    വന്നുപോയ് വന്നുപോയ് ചിങ്ങമാസം

    കുറഞ്ഞത് പാട്ടിലെങ്കിലും അങ്ങനെ വരട്ടേന്നേ...!!

    നല്ല കവിത അമ്പിളീ.

    മറുപടിഇല്ലാതാക്കൂ
  8. സന്തോഷം പ്രിയ അജിത്‌. എന്റെ കവിതയുടെ പതിവ് സന്ദർശകനാണ് ഇപ്പോൾ താങ്കള്. ഒരുപാട് സന്തോഷമുണ്ട് ഈ നല്ല അഭിപ്രായം വായിക്കുമ്പോൾ.... എന്റെ വരികൾ ഇഷ്ട്ടപ്പെട്ടെന്നു അറിയുമ്പോൾ. ഈ പ്രോത്സാഹനങ്ങൾക്ക് എന്നും നന്ദി.

    മറുപടിഇല്ലാതാക്കൂ
  9. മുറ്റത്ത്‌ മുഗ്ദ്ധഹാസം വിടർത്തീടുന്ന
    മുക്കുറ്റി പൂച്ചെടിയേ
    ഞെട്ടറ്റു കിട്ടിയ പ്ലാവിലത്തുമ്പിൽ നീ-
    യിത്തിരി ചാന്ത്‌ തായോ

    മനോഹരമായ ഭാവന. കവിത ആസ്വദ്യകരമാകുന്നത് ഇങ്ങിനെ ലളിതമായി ആശയങ്ങൾ ഗ്രഹിക്കാൻ കഴിയുമ്പോഴാണ്.

    നന്നായിരിക്കുന്നു അമ്പിളി.

    മറുപടിഇല്ലാതാക്കൂ
  10. നൊസ്റ്റാള്‍ജിക് :).. പക്ഷെ ഇന്ന് കര്‍ക്കിടകം പണ്ടത്തെപ്പോലെ അത്ര പഞ്ഞമല്ലാത്തത് കൊണ്ടാവാം പലരും കര്‍ക്കിടകം തന്നെ മറന്നുപോവുന്നു ..എന്തായാലും ഓര്‍ത്ത്‌ വെച്ച് നല്ലൊരു കവിതയൊരുക്കിയല്ലോ ,, ഇഷ്ടപെട്ടു .

    മറുപടിഇല്ലാതാക്കൂ
  11. സന്തോഷം പ്രിയ ഫൈസൽ. എന്നത്തേയും പോലെ ഈ വരികളോടുള്ള ഇഷ്ട്ടം എന്നും എനിയ്ക്കുള്ള പ്രോത്സാഹനം. പറഞ്ഞത് ശരിയാണ്. കർക്കടകം ഒരു നൊസ്റ്റാൽജിയ മാത്രം ഇപ്പോൾ.

    മറുപടിഇല്ലാതാക്കൂ
  12. അങ്ങനെ പഞ്ഞമാസം ആയി, അല്ലേ?

    വരികള്‍ നന്നായി

    മറുപടിഇല്ലാതാക്കൂ
  13. പഞ്ഞമാസമെത്തി. വൈകാതെ വരും ചിങ്ങവും. സന്തോഷം ശ്രീ.

    മറുപടിഇല്ലാതാക്കൂ
  14. മനോഹരമായ കവിത.

    കർക്കിടക പുലരിയെ "എൻ പൈങ്കിളി" യുമായി കൂട്ടി യോജിപ്പിക്കാൻ അൽപ്പം പ്രയാസപ്പെട്ടു.

    "വന്നെങ്കിലും പഞ്ഞ മാസം" എന്നത് ശരിയായി മനസ്സിലായില്ല.

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  15. വളരെ നന്നായി..
    ഭംഗിയേറിയ വരികൾ..
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  16. പൊൻക്കതിർക്കറ്റ പൊഴിച്ച നെല്ലിൻ മണി
    ഇത്തിരി ബാക്കിയുണ്ടോ
    ചിങ്ങമിങ്ങെത്തീടാൻ നാളേറെയില്ല വ-
    ന്നെങ്കിലും പഞ്ഞ മാസം

    എല്ലാ ഓര്‍മ്മകളും ചെന്നെത്തി നില്‍ക്കുന്നത് കുട്ടിക്കാലത്തിലേക്ക്.
    നല്ല വരികള്‍.

    മറുപടിഇല്ലാതാക്കൂ
  17. അജ്ഞാതന്‍7:03 PM

    മീണ്ടും ബ്ലോഗ് എഴുത്ത് തുടങ്ങിയെന്നു വായിച്ചത് ഇപ്പോഴാണ്. ഓടി വന്നു നോക്കിയതാണ്. അതേ, കര്‍ക്കടകം ചിങ്ങത്തിന്റെ മുന്നോടിയെന്നു കാണുന്ന ശുഭചിന്തയാണ് വേണ്ടത്. ഇനിയും കാണാം.

    മറുപടിഇല്ലാതാക്കൂ
  18. പ്രിയ അമ്പിളി,
    എന്തോ ഞാനിന്നു രാവിലെ പതിവില്ലാതെ എന്റെ കിച്ചണിൽ കിടന്ന കലണ്ടറിൽ നോക്കി കർക്കിടകം തുടങ്ങുന്നതും, റംസാൻ എന്നാണെന്നും, ഓണം എന്നാണെന്നും ഒക്കെ പതിവില്ലാതെ അടയാളപ്പെടുത്തിവച്ചു. ഇത്തവണ രാമായണം വായന തുടങ്ങിയാലോ? അതോ നടക്കുമോ എന്നൊക്കെ ചിന്തിച്ച് വെറുതെ ഫേസ് ബുക്കിൽ ഒന്ന് കയറി . ആദ്യം വന്നത് അമ്പിളിയുടെ കവിത. അതിലും കർക്കിടകവും, പാരായണവും, ചിങ്ങവും എല്ലാം ഒത്തുചേർന്ന് വന്നത് കണ്ടപ്പോൾ അതിശയവും, ഒപ്പം ഒരുപാട് സന്തോഷവും തോന്നി. കവിത മനോഹരം. ഇങ്ങിനെയൊക്കെ എഴുതാൻ കഴിയുന്നത്‌ ദൈവാനുഗ്രഹം. എല്ലാ നന്മകളും നേരുന്നു.
    സ്നേഹത്തോടെ ഗീതാ ഓമനക്കുട്ടൻ.

    മറുപടിഇല്ലാതാക്കൂ