ചൊവ്വാഴ്ച

അടുക്കള








ഇതു എന്റെ സാമ്രാജ്യം
നാലേ നാലു ചുവരും
ഒരു മേല്തട്ടും ഉള്ള
കൂടിയാല് എട്ടടിയുള്ള ഇടം.
ഇതിന്ടെ ജാലക കാഴ്ചയില് അധികവും അറപ്പ്,
ഇത്തിരി അഴകും.
അങ്ങേപ്പുറത്തെ ജീവിതം വീഴ്ത്തിയ പ്രാവ് കാഷ്ഠങ്ങള്,
വഴി തെറ്റി കേറിയിറങ്ങുന്ന മൈനപ്പിടകള്,
അവയുടെ കണ്ണു വെട്ടിച്ച് ഞാന് വളറ്ത്തുന്ന
രണ്ട് ചെടി നാമ്പുകള്,
ഇത്തിരി സുഗന്ധത്തിനായി ഞാന് പുകച്ച
ചന്ദനത്തിരിത്തുണ്ടുകള്,
കൂട്ടിനിടം തേടുന്ന ചാരപ്രാക്കള്,
വെളിച്ചത്തിനും വായുവിനും എത്തിനോക്കാന്
ഇത്തിരി സ്ഥലം.
കണ്ണുകള് ക്ളേശിച്ചാല് മാത്രം കാണാം
ഇളം നീല ചതുര തുണ്ട് മേലെ,
കാറ്റു കനിഞ്ഞാല് രണ്ടേ രണ്ട് മേഘക്കീറും.
എങ്കിലും ഞാന് തൃപ്തയാണ്
കാരണം ഇതെന്റെ സ്വര്ഗ്ഗം
തളര്ന്നും തളരാതെയും
ഞാന് വിചാര ശകലങ്ങള് പകര്ത്തിയ ഇടം,
വളര്ന്നും വളരാതെയും
എന്റെ മനസ്സ് വീര്പ്പുമുട്ടിയ ഇടം,
ഉള്ളിയെ പഴി ചൊല്ലി
ഹ്യദയഭാരം മിഴിനീരാക്കി കളഞ്ഞയിടം
കത്തിമുന കീറിയ വിരലിലിറ്റുന്ന ചോരത്തുള്ളിയില്
ഹ്യദയരക്തത്തിന്റെ ചൂടും ചോപ്പും നിറച്ചയിടം
ആറാനൊരുങ്ങുന്ന കഞ്ഞിചൂടിനാവിയില്
വിങ്ങുന്ന ഗദ്ഗദത്തെ ഉരുക്കിയ ഇടം
ഇവിടം എന്റെ സ്വര്ഗ്ഗം.
അടി, കറപ്പ് പിടിച്ചും അല്ലാതെയുമുള്ള പാത്രങ്ങള്ക്ക്
  ഞാന് തീയിടും
കരിയ്ക്കണോ വേവിക്കണോ ?
എന്റെയിഷ്ട്ടം.
ചേര്ക്കേണ്ടത് തേനോ വിഷമോ?
എന്റെയിഷ്ട്ടം.
കാരണം ഇതെന്റെ മാത്രം സാമ്രാജ്യം.
പൊള്ളുന്ന ചിന്തകള്ക്ക് ഇളംകാറ്റേറ്റു മേയാനുള്ള ഇടം,
എനിക്കിഷ്ടമില്ലാത്തവയുടെ മുഖകാഴ്ചയില് നിന്നുമുള്ള
ഏകാന്ത പ്രയാണത്തിന്റെ അസ്തമന മുനമ്പ്,
ഇത്തിരി സ്വപ്നങ്ങള് രഹസ്യമായി നുണയാന്
തീപ്പുക മണക്കുന്ന നരച്ച കൂടാരം.
അടുക്കള ......
ഇവിടം എനിക്കു സ്വര്ഗ്ഗം.
ഞാന് ചേര്ക്കേണ്ടത് തേനോ വിഷമോ?
അതു കഴിക്കേണ്ടത് ഞാനോ അവരോ?
മനസ്സ് പിരിമുറുക്കുന്നു......
തേനോ വിഷമോ???



അമ്പിളി ജി മേനോന്
ദുബായ്

16 അഭിപ്രായങ്ങൾ:

  1. അടുക്കളക്കാഴ്ച. മനസ്സ് വിശാലമാക്കിയാല്‍ സ്വര്‍ഗം തീര്‍ക്കാം. മനസ്സ് ഇടുങ്ങിയാല്‍ നരഗവും. കര്‍മ്മ ഫലം തേനോ വിഷമോ ആയി പരിണമിക്കുന്നു. അമ്പിളിയുടെ വ്യത്യസ്തമായ രചന.

    മറുപടിഇല്ലാതാക്കൂ
  2. പതിവ് പോലുള്ള ആദ്യ കമന്റിനു നന്ദി അക്ബര്‍. സത്യത്തില്‍ ഉറക്കം കിട്ടാത്ത രാത്രിയില്‍ ഡയറിയില്‍ കുറിച്ചതാണെന്നേ,... അല്ലാതെ വലിയ രചനയൊന്നുമല്ല ഇതു.

    മറുപടിഇല്ലാതാക്കൂ
  3. first adukkala ennu headline kandappo njan karuthi paajaka kurupp aayirikum ennu ....vayichappo rasam thonni ...nannayiund:)

    മറുപടിഇല്ലാതാക്കൂ
  4. അടുക്കളക്കാഴ്ചകള്‍/ചിന്തകള്‍ ആണല്ലോ ഇത്തവണ.

    സാധാരണ ചിന്തകളില്‍ നിന്നും വ്യത്യസ്തമെങ്കിലും ഇതും നന്നായി

    :)

    മറുപടിഇല്ലാതാക്കൂ
  5. എനിക്കിഷ്ട്ടപ്പെട്ടു..അംബിളി...പതിവിലിത്തിരിയേറെ ഇഷ്ട്ടപ്പെട്ടു. ഇതു പോലൊരു സ്വർഗ്ഗം എനിക്കുമുള്ളതു കൊണ്ടാകാം...!

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ സഖീ മായാ,

    ഈ സ്വര്‍ഗ്ഗത്തിന്റെ പേരിലായാലും അതുമല്ല ഒരു പിടി ഈണങ്ങളുടെ സൌന്ദര്യാസ്വാദകര്‍ എന്നാ പേരിലായാലും പഴമയുടെ കൂട്ടിരുപ്പുകാര്‍ എന്നാ നിലയിലായാലും ഇതൊന്നുമല്ലാതെ അമ്മ, സ്ത്രീ ഇവരുടെ തരളഭാവങ്ങളെ കൈമോശം വരാതെ കാക്കുന്നവരില്‍ നമ്മളെ കാണ്ന്നവരായതിനാലും സഖീ ഈ കൂട്ടും പിന്തുണയും ഞാന്‍ അങ്ങേയറ്റം വിലമതിയ്ക്കുന്നു.. സന്തോഷം.....ഒരുപാട് സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  7. നന്നായി പത്രത്തിലെ അടിയിലെ കരി പോലും എടുത്തു എഴുതി വിഷം പോലും തേനാക്കി മാറ്റുന്ന അടുക്കളകൾ ശരിയാണ് തീയോടു കൊണ്ട് പടപോരുതുന്ന സ്ത്രീ സാമ്രാജ്യങ്ങൾ

    മറുപടിഇല്ലാതാക്കൂ
  8. ഹഹ അടുക്കളയുടെ അധികാരത്തില്‍ നിന്നും ഒരു ചിന്ത :) ...നന്നായി ഈ പരീക്ഷണം .

    മറുപടിഇല്ലാതാക്കൂ
  9. തീപ്പുക മണക്കുന്ന നരച്ച കൂടാരം.

    അടുക്കള വിഭവങ്ങളില്‍ കൂടി ചിന്തകള്‍ വിരിയുന്നു.
    വളരെ മുന്പ് കുടുസ്സായ ചാച്ചിറക്കുകലായിരുന്നു അധികവും അടുക്കളകള്‍.
    അവിടെ കുന്തിച്ചിരുന്ന് തീയൂതി പുകയൂതി കണ്ണുകള്‍ ചുവന്നു തുടിച്ച് പുറത്ത് ചാടിയിരുന്ന ഹൃദയ രക്തം മുണ്ടിന്റെ കോന്തലകൊണ്ടു തുടച്ചും മൂക്കുപിഴിഞ്ഞും ഒരമ്മയെ എപ്പോഴും കാണാം. ഇന്നത്തരം കുടുസ്സിടങ്ങള്‍ ഇല്ലാതായത് വലിയ ആശ്വാസം തന്നെ.
    നന്നായിരിക്കുന്നു.

    പോസ്റ്റുകള്‍ ഇടുന്ന തിയതി എന്തിനാണ് ഒഴിവാക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  10. അടുക്കളയായിരുന്നു അന്നൊക്കെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം
    കരിപിടിച്ചൊരമ്മയും കണ്ണീരുപ്പിട്ട കഞ്ഞിയും

    മറുപടിഇല്ലാതാക്കൂ
  11. അമ്പിളീ,
    എനിക്കുമുണ്ട് ഒരടുക്കള... പക്ഷെ അത് മനസിൻ പാതിയാണെന്ന് പറയാതെ അറിയിച്ചു ഈ വാക്കുകൾ...
    മനോഹരം !

    മറുപടിഇല്ലാതാക്കൂ
  12. അസ്വസ്ഥമായ ഉറക്കമില്ലായ്മയിൽ ഡയറിയിൽ കുറിച്ചിട്ട വരികൾ -
    അസ്വസ്ഥതകളിൽ നിന്നാണ് മൂർച്ചയുള്ള ചിന്തകൾ പിറവികൊള്ളുക. സ്വസ്ഥമായ ഒരുറക്കത്തിനുശേഷം ഉണർന്ന് എഴുതാനിരുന്നാൽ ഒരുപക്ഷേ ഇത്തരം ചിന്തകൾ അകന്നുനിൽക്കും. സ്വന്തം തട്ടകത്തെ നിരീക്ഷിച്ചത് നല്ലൊരു കവിതയായി. താളവും ഈണവും കുറവെങ്കിലും കാവ്യാത്മകമായ ഇമേജറികളാൽ സമൃദ്ധമായത് ഈ കവിതയാണ്....

    മറുപടിഇല്ലാതാക്കൂ
  13. നല്ല നല്ല വരികള്‍...

    മറുപടിഇല്ലാതാക്കൂ
  14. അടുത്തള എന്ന പേരു കേട്ടപ്പോൾ വല്ലോം തിന്നാൻ കിട്ടുമെന്നോർത്ത് വന്നതാ... പരുവമില്ലൈ, കൊഞ്ചം ആസ്വദിച്ചിറുക്ക്...

    ആശംസകള്

    മറുപടിഇല്ലാതാക്കൂ