ഞായറാഴ്‌ച

വിഷു





ചുംബിച്ചെടുത്തു നീ മീനമേ, മച്ചിന്റെ
നെറ്റിത്തടത്തിലെ കുങ്കുമത്തെ
ഇറ്റു വീഴും ചോന്ന  വേർപ്പിന്റെ മുത്തുകൾ 
തൊട്ടെടുത്തീടുവാൻ മേടമെത്തി 

പച്ചിലത്താളിൽ പുലരിയാം കന്യക 
ചാലിച്ച മഞ്ഞൾ പ്രസാദം പോലെ
പുഞ്ചിരി തൂകുന്നിളകിയാടുന്നെന്റെ 
മുറ്റത്തെ കൊന്നയിൽ കിങ്ങിണികൾ


ചാഞ്ചാടും ചില്ലയിൽ വീട് മേയാ-   
നോടിക്കിതയ്ക്കുന്നുറുമ്പുകളും
പ്ലാമരച്ചില്ലമേൽ വീണുറങ്ങും ഉണ്ണി-
ക്കായ്കളെ കൊഞ്ചിയ്ക്കുമണ്ണാറനും

പുത്തിലഞ്ഞി തൊടും  പൊട്ടുകളും, വെണ്‍-  
പൂ വിളമ്പീടുന്ന  കൈതകളും 
മാമ്പൂമണം പേറി വന്ന കാറ്റും
മാനത്ത് വെള്ളാടിൻ കുഞ്ഞുങ്ങളും 

പാമ്പിന്നരിയിട്ട കാവ് തോറും 
പാട്ടുമായെത്തും വിഷുക്കിളിയും 
വീണ്ടുമെന്നുള്ളം നിറഞ്ഞൊഴുകീ 
വാതിൽക്കലെത്തവേ  മേടമാസം 


എന്റെ കൈരേഖകൾ കോറിയിട്ട  
വെറ്റിലത്താളിൽ സുഗന്ധമോലും 
നൂറ് തേച്ചിന്നു  ചാന്താടി നില്പ്പൂ 
മേടസംക്രാന്തി സൌവ്വർണ്ണ സന്ധ്യ! 

ഒട്ടും കടിപിടി വേണ്ടപോലും 
ഒപ്പമായ് വീതിച്ചു രാപ്പകലെ 
നല്കിടും   നാളെ വിഷുനാളിലായ്
അമ്മ ധരിത്രി തൻ കൈനീട്ടമായ് 

വിത്തുണ്ട്  കൈക്കോട്ടെടുത്തു കൊൾവിൻ
ചൊല്ലും കിളി നീ വിഷുപ്പൈങ്കിളി
കൊണ്ടു വരൂ വിണ്ണിൻ മേട തന്നിൽ-
നിന്നുമീ വേനലാറ്റുന്ന മാരി

താടകളാട്ടിടും കാളകൾ പോൽ,മണി-
നാദമുതിർക്കുന്ന കാലികൾ പോൽ 
വാനിന്റെ കോണിൽ നിരന്നിടുന്നു, മുത്തു-
മാലകൾ സൂക്ഷിയ്ക്കും പേടകം പോൽ

നോവു നല്കി നുകം യാത്ര ചൊല്ലി, ഇന്ന് 
കാലിക്കുളമ്പടിയോർമ്മയായി 
നിദ്ര മറന്നിടാൻ നേരമായി, വിത്ത്
പൊട്ടി മുളയ്ക്കുവാൻ കാലമായി.

  
മേഘം കറുത്തതും കറയായി വാർന്നതും 
വേനൽ മഴയെന്ന് ചൊല്ലി മണ്ണും 
വേളി കഴിഞ്ഞ പുതുപ്പെണ്ണിൻ ഗന്ധവും
മേടച്ചുടു നെടുവീർപ്പുകളും

കോരിത്തരിച്ചിടാൻ നിന്ന മെയ്യും, പ്രേമ-
ലോലമവനേകും ചുംബനവും
പൊന്കിഴിയ്ക്കുള്ളിൽ കരുതി വയ്ക്കും, ഞാൻ
കൈനീട്ടമായ് നാല് നാണയവും 

പാതിരാപൂവുകൾ ബാക്കി വച്ചു 
പാരിന്നു നേദ്യമായ് തന്ന ഗന്ധം
പാതിരാക്കാറ്റു കവർന്നെടുത്തു,സ്വയം 
പാഴ്ക്കിനാവിൽ നഷ്ടമായ നേരം  

എൻ മണ്ണിൻ നിശ്വാസ സ്പന്ദനങ്ങൾ
ഏറ്റു പറയും കരിയിലകൾ 
എൻ  ബാല്യ ശൈശവത്തിന്നോർമ്മകൾ
എൻ കാതിലിന്നതിൻ കാൽത്താരികൾ

ഓർമ്മകൾ ചില്ല് വള കിലുക്കും
കാലിൽ കൊലുസുകൾ താളമിടും
ധാവണിത്തുമ്പോ കളി പറയും, കൈ 
വീശി മറഞ്ഞിടും കൌമാരവും

പാടം വരണ്ടത് ബാക്കി വച്ച്, ചേന്നൻ
കൊയ്ത് കുന്നാക്കിയ നെല്മണിയ്ക്ക്
കാവലാവാനീ വഴിയൊരുക്ക്,പഴ-
മ്പാട്ടുമായെത്തും വിഷുക്കിളിയ്ക്ക് 

കാലം മങ്ങിച്ച കണ്‍ക്കാഴ്ച പേറി 
വീടിന്നരമതിൽ തൂണ് ചാരി
പൊൻകണിയ്ക്കുള്ളിൽ തെളിഞ്ഞ തിരി-
യുലഞ്ഞാടുന്നതും കാണാൻ നോക്ക്ക്കുത്തി

ഇനി വിഷുപ്പക്ഷി നീ പാടുമെങ്കിൽ
ഇനിയുമെൻ തൈമുല്ല പൂക്കുമെങ്കിൽ
ഇനി ബാല്യ ശൈശവ കൌമാരത്തിൻ 
ഇനിയും കാണാത്ത കിനാവുണ്ടെങ്കിൽ 

നില്ല് നീ നാഴികമണി മുഴക്കീടുവാൻ 
ചങ്ങല വലിച്ചിടും നാവേ
നിൻ ഗളത്തിൽ തൂങ്ങിയാടുമെൻ കാലത്തെ 
ബന്ധനം ചെയ്തിടട്ടെ, ഞാൻ 
ബന്ധനം ചെയ്തിടട്ടെ.


35 അഭിപ്രായങ്ങൾ:

  1. വിഷു കണ്‍മുന്നിൽ തുറന്നു വയ്ക്കുന്ന ചിത്രങ്ങൾ നിരവധിയാണ്. ഓർമ്മകൾ അളവറ്റതാണ്. മനസ്സിലെ വിചാരങ്ങൾ അക്ഷരക്കൂട്ടുകളായ്‌ അണിനിരത്തുമ്പോൾ ചിലർക്കെങ്കിലും ആ ചിത്രങ്ങൾ കാണാൻ കഴിഞ്ഞെങ്കിൽ, ഓർമ്മകൾ നെഞ്ചേറ്റാൻ കഴിയുമെങ്കിൽ ഞാൻ സംതൃപ്തയായി...ഗതകാലസ്മരണകൾക്ക് മരണമില്ല ... കാലത്തെ ബന്ധനം ചെയ്യാൻ കഴിഞ്ഞെങ്കിൽ കളഞ്ഞു പോയ കൈനീട്ടങ്ങളെ പൊന്കിഴിയിൽ സൂക്ഷിച്ചു നിത്യേന കണികണ്ടേനേ ഞാൻ... എന്നും വിഷു കൊണ്ടാടിയേനെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗൃഹാതുരത തുളുമ്പുന്ന, മനോഹരമായ ഒരു വിഷു കൈനീട്ടം തന്നെ ആയി, ഈ കവിത...

      ഇല്ലാതാക്കൂ
  2. വിഷു ആശംസകള്‍ !!! .. വരികളില്‍ ഗ്രിഹാതുരത്വം നിറഞ്ഞ ഒരു വിഷുക്കാഴ്ച ...

    മറുപടിഇല്ലാതാക്കൂ
  3. ഈ വിഷു ഈ ഗാനത്താല്‍ മനോഹരമായി

    മറുപടിഇല്ലാതാക്കൂ
  4. പ്രതീക്ഷയുടെ ഉണര്‍വും പ്രകൃതിയുടെ വര്‍ണവും ചാലിച്ചൊരുക്കിയതത്രെ മലയാണ തനിമയുള്ള ആഘോഷങ്ങള്‍. കാഴ്‌ചയുടെ കണിയൊരുക്കിയെത്തുന്ന വിഷുവിനെകുറിച്ച്‌ അതിമനോഹരമായി കുറിച്ചിട്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  5. പച്ചിലത്താളിൽ പുലരിയാം കന്യക
    ചാലിച്ച മഞ്ഞൾ പ്രസാദം പോലെ
    പുഞ്ചിരി തൂകുന്നിളകിയാടുന്നെന്റെ
    മുറ്റത്തെ കൊന്നയിൽ കിങ്ങിണികൾ


    അതിമനോഹരമായ വരികൾ. കവിത ഹൃദ്യമായി.അഭിനന്ദനങ്ങൾ

    വിഷു ആശംസകൾ


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ

  6. നന്ദി ഫൈസൽ ...ആദ്യത്തെ കൈനീട്ടത്തിനു .

    മറുപടിഇല്ലാതാക്കൂ
  7. അജിത്തിന്റെ അഭിപ്രായമില്ലാത്ത ബ്ലോഗ്‌ എനിയ്ക്കില്ല ...പിന്നെയാണോ ഈ വിഷു. സന്തോഷം. വിഷു ആശംസകൾ അജിത്‌.

    മറുപടിഇല്ലാതാക്കൂ
  8. എന്റെ ബ്ലോഗിൽ ആദ്യ വരവാണ്... വളരെ സന്തോഷം അബ്ദുൾ അസീസ്‌. സ്നേഹം നിറഞ്ഞ വിഷു ആശംസകൾ. ഈ പിന്തുണയ്ക്ക്‌ നന്ദി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിഷുക്കവിതകള്‍ തേടി നടന്നപ്പോള്‍ എത്തിപ്പെട്ടതാണ്‌.വിഷു ആശംസകള്‍ ..നെറ്റുലകം എന്ന ഒരു പക്തിയില്‍ അമ്പിളിയുടെ ഈ വരികള്‍ പരാമര്‍ശിച്ചിട്ടുണ്ട്‌ .
      http://www.islamonlive.in/nettulakam

      ഇല്ലാതാക്കൂ
  9. പ്രിയ മുഹമ്മദ്‌, എന്റെ പല ഇഷ്ടബ്ലോഗിലെയും നിത്യ സന്ദർശകനാണ് താങ്കൾ. ഇടയ്ക്ക് ആ വഴി ഞാന് വരാറുണ്ട്. മടി, സമയക്കുറവു ഇവകൊണ്ട് ബ്ലോഗ്‌ വായന ഇടയ്ക്ക് കുറഞ്ഞു പോവുന്നു... ഇനി മുടങ്ങാതെ കാണും നമ്മൾ ...നന്ദി...സന്തോഷം ..ഒപ്പം വിഷു ആശംസകളും

    മറുപടിഇല്ലാതാക്കൂ
  10. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  11. വേണ്ടാ വാസനയെന്നോതി
    വാടാതെന്നും നില്ക്കുന്നു
    വേണ്ടതിലധികം പണ്ടങ്ങൾ
    വാരിയണിഞ്ഞൊരു കൊന്നത്തൈ.
    കാറ്റത്താടിടുമളകങ്ങൾ
    മാടിയോതുക്കീട്ടവൾ നിൽപ്പൂ
    താമസമിനിയും വിഷുവെത്താ-
    നാകിലുമടിമുടി ചമയുന്നു... എന്നാണ് ഞാൻ കൊന്നയെ പറ്റി പാടാറുള്ളത് ...എന്റെ കൊന്നപ്പൂങ്കുലയിൽ സുഗന്ധം സൌഗന്ധികമാല്ലാതെ ആരും തന്നില്ല ...നന്ദി സഖീ ...സ്നേഹസുഗന്ധ സമൃദ്ധിയുടെ നാളുകൾ നേരുന്നു

    മറുപടിഇല്ലാതാക്കൂ
  12. ഓർമ്മകൾ ആണ് ഇപ്പൊ ആഘോഷത്തെക്കാൾ
    സുഖം എന്ന് തോന്നിപ്പിക്കുന്ന വരികൾ..
    നല്ല സുഖമുള്ള വായന..ആശംസകൾ അമ്പിളി.

    മേടം ഒന്ന് ഇന്നലെയും വിഷു ഇന്നും ആയി ഇപ്രാവശ്യം
    അല്ലേ ? അതും ഇനി ഓർമയിൽ ഒരു പുതുമ ..

    വിഷു ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  13. സിനി11:08 PM

    കാലത്തെ ബന്ധനം ചെയ്യാൻ ക ഴിഞ്ഞെങ്കിൽ.... ശരിയാണ് നമ്മൾ അറിയാത്തെ ആഗ്രഹിച്ച് പോകുന്നു..ഇന്ന് മനം നിറഞ്ഞിരിക്കുന്നു സഖീ നിൻ മനോഹര വരി ളിലൂെ കണ്ടു ഞാൻ സമ്യദ്ധമായ വിഷുക്കാലവും ബാല്യ കൗമാരങ്ങളും...നേരുന്നു നിനക്കായി സ്നേഹസുഗന്ധ സമ്യദ്ധിയു ടെ നാളുകൾ

    മറുപടിഇല്ലാതാക്കൂ
  14. ആണോ... അതിശയാണല്ലോ... പക്ഷെ ഞാൻ നോക്കിയിട്ട് അത് കാണുന്നില്ല അസീസ്‌. സന്തോഷമുണ്ട് ഓടിവന്നു ഇത് പറയാൻ തോന്നിയതിനു. ഞാൻ ക്ലിക്ക് ചെയ്യുന്നതു തെറ്റായ ലിങ്കിൽ ആണാവോ .. നോക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈയിടെയാണ്‌ ഓണ്‍ ലൈവിലെ വാരാന്ത നെറ്റുലകം കൈകാര്യം ചെയ്യാന്‍ അവസരമുണ്ടായത്‌ ഈയാഴ്‌ചയിലെ തലക്കെട്ട്‌ വികസനത്തിന്റെ ഇരകള്‍.
      നല്‍കിയ ലിങ്കില്‍ ലഭ്യമല്ലെങ്കില്‍ എന്റെ ഫേസ്‌ വാളില്‍ ലഭിയ്‌ക്കും.www.facebook.com/azeezmanjiyil

      ഇല്ലാതാക്കൂ
  15. പ്രിയ വിന്സെന്റ്, താങ്കൾ തിരക്കുകളിലും വന്നു ഈ വിഷുക്കവിതയ്ക്കു കൈനീട്ടവുമായി.
    ഇത്തവണ മലയാളിക്ക് മേടം രണ്ടിലെ വിഷു ആഘോഷിക്കാം.
    സന്തോഷമുണ്ട് ഓർമ്മകളെ കാലത്തിന്റെ തടവിൽ നിന്നും വിട്ടു കിട്ടാൻ ഈ വരികൾ ഉതകിയെന്നുപറയുമ്പോൾ. വിഷു ആശംസകൾ സുഹൃത്തേ.. എന്നും സന്തോഷം...സ്നേഹം .. ഈ സൌഹൃദത്തിനും പിന്തുണയ്ക്കും.

    മറുപടിഇല്ലാതാക്കൂ
  16. പ്രിയ സിനീ ...ഈ വാക്കുകൾ എന്നിൽ ഉണ്ടാക്കുന്ന സന്തോഷത്തിനു അളവില്ല എന്നേ പറയേണ്ടതുള്ളു. ഒരേ പാടത്ത് നിന്ന് കാറ്റും,മഴയും,വെയിലും, വയൽക്കിളിപ്പാട്ടും ഏറ്റുവാങ്ങുമ്പോൾ നമ്മൾ പച്ചനിറച്ചാന്തു തേച്ച കൌമാരപ്രായക്കാരായ നെൽച്ചെടികളായിരുന്നു. ഇന്ന് നമ്മൾ ഏറെ ദൂരത്തായി; വ്യത്യസ്ത തുരുത്തുകളിലായി ... പക്ഷെ അന്ന് കണ്ട കനവുകൾ, ഓര്മ്മകളിലെ അവധിക്കാലങ്ങൾ, മേട നിശ്വാസങ്ങൾ സ്പന്ദിയ്ക്കുന്ന വിഷു നാൾ , കൈനീട്ടങ്ങൾ അങ്ങനെ ചിലത് എപ്പോളും മനസ്സില് കാത്തു...അവയെ താലോലിച്ചു... കാലത്തിന്റെ പാച്ചിലിലും ആ ഓർമ്മകൾ പരസ്പരം പങ്കു വെച്ചു... നന്ദി സഖീ ഈ ആശംസകള്ക്കും സൌഹൃദ സ്നേഹത്തിനും

    മറുപടിഇല്ലാതാക്കൂ
  17. ലളിത മനോഹര പദാവലികള്‍ ........ സംഗീത സാന്ദ്രം

    മറുപടിഇല്ലാതാക്കൂ
  18. ഇന്നിന്റെ വഴിയോരങ്ങളില്‍
    ഈ കാഴ്ചയില്ല;
    ഇന്നലെകള്‍ ചൊല്ലിത്തന്ന
    ഇമ്പമോലും പാട്ടുമില്ല;
    ഇഷ്ടികക്കൂടാരങ്ങളില്‍
    ഇഷ്ടങ്ങള്‍ മറന്നവര്‍ നമ്മള്‍!!!
    ഇഴപിരിഞ്ഞ ബന്ധങ്ങളില്‍
    ഇതളറ്റ കൊന്നപ്പൂക്കള്‍ നമ്മള്‍...

    തേടിയലയാനിടമില്ലാതെയീ
    തെരുവുകളിലലയുന്നു നാം
    തൊഴുതുമടങ്ങിയ വിഷുപ്പുലരിയെ
    തേടുമീ നോവിനൊരായിരം ആശംസകള്‍!!!!

    മറുപടിഇല്ലാതാക്കൂ
  19. ഒരേ നോവുകളുള്ളവർ ഉണ്ടെന്നു അനിൽ ഓർമ്മിപ്പിയ്ക്കുന്നു. ആശംസകൾക്കും ഈ ആദ്യ വരവിനും സന്തോഷം

    മറുപടിഇല്ലാതാക്കൂ
  20. കവിത എന്ന് പറയാവുന്ന ഒരു കവിത... അത്യന്താധുനിക കവിതകളുടെ ഇടയിൽ കവിതയുടെ സുഗന്ധം പേറുന്ന ഒരു കവിത... ലളിതമായ ശൈലിയിൽ... സന്തോഷമായി...

    മറുപടിഇല്ലാതാക്കൂ
  21. ഓർമ്മകൾ ചില്ല് വള കിലുക്കും
    കാലിൽ കൊലുസുകൾ താളമിടും
    ധാവണിത്തുമ്പോ കളി പറയും, കൈ
    വീശി മറഞ്ഞിടും കൌമാരവും

    എല്ലാം കഴിഞ്ഞുപോയ ഓര്‍മ്മകള്‍ തന്നെ.
    ഇന്നും വളരെ നേരിയതായി എല്ലാം നുറുമ്പിച്ച് കൂടെയുണ്ടെങ്കിലും ഒന്നിനും തെളിച്ചം ഇല്ല. എങ്കിലും വിത്തും കൈക്കോട്ടും എന്ന് ഇടക്കെപ്പോഴോ സുന്ദരമായി കേള്‍ക്കുന്നു.
    ചേറും ചെളിയും ഒഴമയും(കന്നു പൂട്ട്‌) ഒന്നും മരിച്ചാലും മറക്കില്ല.
    ലളിതമായ കവിത കണിക്കൊന്ന പൊന്നുപോലെ....

    മറുപടിഇല്ലാതാക്കൂ
  22. ഒരുപാടു സന്തോഷം വിനുവേട്ടാ ...ഈ ആദ്യ വരവിനും നല്ല വാക്കുകള്ക്കും

    മറുപടിഇല്ലാതാക്കൂ
  23. പ്രിയ റാംജി, മനസ്സുകളുടെ ഐക്യം ഞാനറിയുന്നു താങ്കളുടെ ഈ വാക്കുകളിൽ ... തിരിച്ചു പിടിയ്ക്കാനാവാത്ത ഒരു കാലത്തിന്റെ ഓർമ്മകളുടെ നോവ്‌ പേറുന്ന മനസ്സുകളുടെ ഐക്യം.. വളരെ സന്തോഷം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാറ്റങ്ങള്‍ അനിവാര്യമാണ്. പക്ഷെ, മാറ്റങ്ങള്‍ക്കിടയില്‍ പ്രകൃതി നിയമങ്ങള്‍ തെറ്റിക്കപ്പെടുമ്പോള്‍ നഷ്ടപ്പെടുന്നത് ഒരിക്കലും തിരിച്ചു കിട്ടാത്ത പലതും ആയിരിക്കുമെന്ന ഒരു തോന്നല്‍ വല്ലാതെ അലട്ടുന്നു....

      ഇല്ലാതാക്കൂ
  24. പ്രിയ റാംജി

    മാറ്റങ്ങളിലും മാറാതെ അങ്ങിനെ ചിലർ...

    മറുപടിഇല്ലാതാക്കൂ
  25. വൈകിക്കിട്ടിയ വിഷുക്കൈനീട്ടം...നല്ല കവിത... :-)

    മറുപടിഇല്ലാതാക്കൂ
  26. vishu kazhinjaalum ee kavitha kanikkonnayaayi peithukondirikum...!!!

    മറുപടിഇല്ലാതാക്കൂ
  27. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  28. വൈകിയെങ്കിലും എന്റെ മനസ്സിന്റെ വേനൽമുറ്റത്ത്‌ സ്നേഹമഴയുമായി വന്ന മുകിലിന് തരാനും എന്റെ കയ്യിൽ സ്നേഹം മാത്രം.

    മറുപടിഇല്ലാതാക്കൂ