വ്യാഴാഴ്‌ച

പോയവർഷം





പിന്നെയും തീർന്നുപോയ്‌ വർഷമൊന്ന്!,കാലം
നിർത്താത്ത പാച്ചിലിൽ തന്നെയിന്ന്!
മഞ്ഞിൻതലോടലായ് വന്നതാണ്, ആ
ഒന്നാം ജനുവരിമാസമിങ്ങ്!
രണ്ടാമതെത്തിയെൻ ഫെബ്രുവരി, അന്നും
നൽകിയെൻ പ്രേമസ്‌മൃതിയെനിക്ക്!
പിന്നെ പരീക്ഷപ്പനിയുമായി,
വന്നതോ മൂന്നാമൻ മാർച്ചുമാസം!
ദോഷം പറഞ്ഞിടാൻ വയ്യ കേട്ടോ, വേനൽ
മൂർച്ചകൂട്ടി നൽകി രണ്ടുമാസം.
പൊള്ളും വിഷുക്കാലമുണ്ടോർമ്മയിൽ, പിഞ്ചു-
വെള്ളരിക്കില്ലായിരുന്നു വെള്ളം
കണ്ണിനെന്നാൽ കുളിരേകിടാനായ്, കണി-
ക്കൊന്നയാൾ ചാർത്തിയിരുന്നു പണ്ടം.
പിന്നാലെ വന്നു പരാതി തീർക്കാ,നെങ്ങും
നിർത്താതെ ജൂണ്മാരിയാർത്തു പെയ്തു.
കിട്ടിയില്ല ഒരുപൊട്ടുപോലും, സൂര്യ-
വെട്ടത്തെ കാർമേഘം കൊണ്ടുപോയി.
പണ്ട്‌ കഥപോലെ ചൊല്ലികേട്ട, വെള്ള-
പ്പൊക്കത്തെ കണ്ടു കണ്ണീരുവാർത്തു.
പ്രളയക്കെടുതി, വറുതിയെല്ലാം, ഉച്ച-
നീചത്വമില്ലാതെ വീതം പകർന്നു.
ബംഗ്ലാവിൽ വാണിരുന്നോരുപോലും, അന്ന്
സഞ്ചാര,മണ്ടാവിലായിരുന്നു
ഏഴകളെന്നെന്നു,മേഴകളായ്, പെയ്തു-
തോരാത്ത മാരിയെ പ്രാകിനിന്നു.
ഈ രണ്ടുകൂട്ടത്തിലുംപ്പെടാത്തോർ, ഗതി-
കെട്ടവർ ആത്മഹൂതിയ്ക്കൊരുങ്ങി.
സ്വാതന്ത്ര്യമോതുമാഗസ്റ്റിലാണാ
ആണ്ടിലെ ഓണത്തിന്റെ വരവ്!
ആകെവലഞ്ഞൊരു നാട്ടിലാണേൽ, തിരു-
വോണത്തിനായിരുന്നു വിലക്ക്!
പൂക്കളമില്ല; വീട്ടുമ്മറത്ത്, നല്ല
തേച്ചുമിനുക്കൽ തകൃതിയായി!
പായസം പോകട്ടെ! ചോറിനായി, റേഷൻ-
കാർഡിന്നരിപോലുമോർമ്മയായി!
എങ്കിലും വന്നൊരാവെള്ളമന്ന്, നൽകി-
യെല്ലാ ജനങ്ങൾക്കും നല്ല പാഠം!
ഒക്ടോബറെത്തി,യെൻ ജന്മനാളിൻ,നറു-
മാധുര്യമേന്തും, കൈക്കുമ്പിളോടെ.
പിന്നത്തെ മാസത്തിൽ വന്നു വിധി, നീതി-
പീഠത്തിനോട് ചിലർ പിണങ്ങി.
രാഷ്ട്രീയസാമൂഹ്യവാർത്തയാലെ, നിത്യം
ചാകരക്കോളുണ്ടു മാധ്യമങ്ങൾ
തമ്മിലടിക്കുവാൻ ഭക്തിയെന്നോ, ലിംഗ-
ഭേദമെന്നോ, ഇല്ല ജാതിയെന്നും!
യുദ്ധമാണെങ്ങുമെന്നുള്ളപോലെ, ജനം
സംതൃപ്‌തരാകാതെ പാച്ചിലായി!
ദീപങ്ങളും മതിൽക്കെട്ടുമായി, നാട്ടിൽ
മത്സരങ്ങൾക്കില്ല പഞ്ഞമെങ്ങും!
മഞ്ഞുകുറഞ്ഞെന്നാലാതിരയ്ക്ക്, മടി-
തെല്ലുമുണ്ടായില്ല നോമ്പുനോൽക്കാൻ
ഉണ്ണിമിശിഹ തൻ പുണ്യനാളാം, ഈ-
യാണ്ടിലെ ക്രിസ്തുമസ്സും കഴിഞ്ഞു.
സന്തോഷസങ്കടസമ്മിശ്രമായ്, ഈ-
യാണ്ടിതാ യാത്രയാകുന്നു രാവിൽ
നമ്മുക്കിന്നാളുകളിൽ ലഭിച്ച, നല്ല
പാഠങ്ങൾ വച്ചിടേണം സ്മൃതിയിൽ
പോയതിലും നല്ലൊരാണ്ടിനായി, നിങ്ങ-
ളേവർക്കുമെന്നുടെയാശംസകൾ!
നീലവാനും, സൂര്യസുസ്മേരവും താല-
മേന്തിടട്ടെ പുത്ത,നാണ്ടിനായി!
സങ്കടമൊക്കെയൊടുങ്ങി,യാനന്ദത്തിൻ
പാലാഴിത്തീരങ്ങൾ കണ്ടിടട്ടെ!
സ്വപ്നങ്ങൾ പൂവണിയട്ടെ, പ്രതീക്ഷ തൻ-
തൈക്കുളിർത്തെന്നൽ തഴുകിടട്ടെ!
കാരുണ്യസ്നേഹകടാക്ഷങ്ങൾ, നിർലോപ-
മാശ്രിതർക്കാശ്വാസമായിടട്ടെ!
സ്നേഹത്താൽ, സൗഹൃദബന്ധങ്ങളാ,ലെങ്ങും
ശാന്തിഗീതങ്ങൾ മുഴങ്ങിടട്ടെ!

=======================================


Posted on Facebook
December 31, 2018 at 10:26 PM

ബുധനാഴ്‌ച

താമസിച്ചെങ്കിലും...











എന്തിത്രവൈകിയെൻ മുല്ലേ, മലരണി
ഞ്ഞെന്റെകണ്ണിൻ കണിയായ്  
വിളങ്ങാൻ 
ഒത്തിരിയാശയോടന്നൊരുനാൾ നിന്നെ
നട്ടതാണെന്നുടെ ഉദ്യാനത്തിൽ
എങ്കിലും നിത്യവിഷാദയായ് നീ വീട്ടു-
മുറ്റത്തെ തേന്മാവിലൊട്ടിനിന്നു, നിന്റെ
മൗനത്തിൽ ഞാനേറെ,നോവുതിന്നു .



മുറ്റത്ത് നിന്നുടെ തോഴനാം മാകന്ദം
തെറ്റാതെ പൂവിടുന്നാണ്ടുതോറും
ഉണ്ണിക്കിടാങ്ങളാം കണ്ണിമാങ്ങക്കൂട്ടം
കൊഞ്ചിചിരിച്ചിടാറുണ്ട് കാറ്റിൽ
എങ്കിലുമെന്നുടെ ഹർഷമെല്ലാം കിനാ-
വള്ളിയാൽ നിന്മെയ്യിൽ കെട്ടിയിട്ടു; ഞാൻ
കന്നിമുല്ലപ്പൂ കിനാവുകണ്ടു.


അപ്പുറത്തുണ്ടൊരു കൊച്ചുപന്തൽ, അച്ഛൻ-
വിത്തിട്ടുവച്ചുള്ള കായ്‌ച്ചെടികൾ
നട്ടതിൻ പിറ്റേന്ന് പൂവിട്ടുപോൽ! എന്നെ-
നിത്യവും കോക്കിരികാട്ടുന്നപോൽ!
നല്ലകൈതൊട്ടാലേ നല്ലതാവൂ; എന്ന്-
ചൊല്ലാതെചൊല്ലിയെൻ വീട്ടുകാരും, നിന്നു
ഒന്നുമറിയാത്തപോലെ നീയും!


മൂവന്തിയാകുമ്പോൾ വീട്ടുമുറ്റം, ചോന്ന-
പൂകൊണ്ടുമൂടിയപോലൊരുങ്ങും
ചേക്കേറും കോകിലകൂജനത്തിൽ മുല്ലേ,
മാകന്ദം നിന്നെ മറന്നുപോകും
യാത്രയോതീടുന്ന സന്ധ്യാർക്കനായ്, മാത്ര-
നേരമൊരുദീപം ഞാൻ തെളിക്കും; അന്നും
നിൻകടാക്ഷം ബാക്കിമോഹമാകും!


വൃശ്ചികത്തിൻകുളിർരാവിലൊന്നിൽ, വീടി-
ന്നുച്ചിയിൽ ചന്ദ്രക്കലയുദിയ്ക്കേ
മഞ്ഞിൽമുങ്ങി,വിറകൊണ്ടുനിന്നു,വിണ്ണിൽ
താരകങ്ങൾ കുഞ്ഞുപൂക്കളെപ്പോൽ.
നീലരാവിൻനിലാപ്പാലിൽമുങ്ങി, ക്ഷണം
പൂവിടുംനീയെന്ന് ഞാൻ കൊതിച്ചു, അന്നും
എന്റെ മോഹം നീ മറന്നുനിന്നു.


ചെമ്പകത്തിൻമദഗന്ധമോടെ,യിളം-
തെന്നലെൻജാലകച്ചില്ലിൽ മുട്ടി
രാവിൻമഷിവീണിരുണ്ടുറങ്ങും വീട്ടു-
കോലയിൽ ഞാനെൻകിനാക്കൾ കോറി
നിദ്രയെ വെന്നിടാനെൻ മിഴികൾ, നിന്റെ
കാവലായേറെ രാച്ചായ മോന്തി; നീയോ?
കള്ളയുറക്കത്തിൻജാടയേന്തി!


വന്നുപോയ് വേനലും, വർഷവും, നിന്നേതോ-
യിന്ദ്രജാലംകാണുംപോൽ തൊടിയും
പിന്നൊരു മഞ്ഞിൻവിഭാതമെത്തി, നിന്റെ
മെയ്യിൽ നീഹാരങ്ങൾ മാലചാർത്തി
വിസ്മയാനന്ദമോടന്നെൻമിഴി, കണ്ടു;
മൊട്ടിട്ടുനിൽക്കുന്ന നിന്നെ കണി; കന്നി-
മൊട്ടേന്തിനിൽക്കുന്ന നിന്റെ മേനി!
--------------------------------------------------------------------

വ്യാഴാഴ്‌ച

സന്ദർശനം (2)










കണ്ടു നാം തമ്മിൽ, കോട-
ക്കാർമുകിൽ പേറ്റിൻ പെരും-
നോവുമായ്, മൗനം മരു-
ന്നാക്കിയ സായംകാലം!

ഇത്തിരി തുടുപ്പോടെ-
യൊട്ടുമേ ചന്തം മങ്ങാ-
തെൻ സഖീ നിന്നെ കണ്ടെൻ
ഉള്ളം തുളുമ്പി മോദാൽ!

ഒടുവിൽ നാം കണ്ട ദിന-
മോർക്കുന്നെൻ മനസ്സിനോ
പതിനേഴാണ്ടിൻ മഹാ-
വിസ്മയം ഗതകാലം!

പഠിക്കും കാലത്തൊരേ-
നിരപൂകാത്തോർ നമ്മൾ
മനസ്സാൽ പക്ഷേ, ഒരേ-
നിലം ചേർന്നൊഴുകിയോർ!

ഇടനാഴിയിൽ നമ്മൾ
മിഴിയാൽ തൊട്ടു, ചിരി-
മലർ കൈമാറി, പക്ഷേ;
അറിഞ്ഞീലന്നും തമ്മിൽ!

ഋജുവായ്‌ സമാന്തരം
ചരിപ്പൂ മനസ്സുകൾ
അറിവായ്‌ നമ്മുക്കിട-
വേളകൾക്കിടയ്ക്കെന്നോ.

പലനാളൊരേയിഷ്ട
അനുപല്ലവി പാതി
നിനക്കായ് പാടി; മറു-
പാതിയ്ക്കായ്‌ കാതോർത്തു ഞാൻ!

കാലമാരേയും കൂസാ-
തോടിടും വെപ്രാളത്തിൽ
നാമിരുപേരും ചെന്നു-
ചേർന്നിരു,തീരങ്ങളിൽ!

എങ്കിലും അകലെ നി-
ന്നെൻ സഖീ നിന്നംഗുലി-
ജന്യമാം സ്നേഹാക്ഷര-
സൂനങ്ങളെന്നെ പുൽകി!

ഇന്നതേ കാലം നമ്മു-
ക്കേകിയീ മുഹൂർത്തങ്ങൾ
ചൊല്ലിടാം നമുക്കിനി-
യിത്തിരി സ്വകാര്യങ്ങൾ.

പ്രായത്തിനൊപ്പം ചിന്താ-
ഭാരമുണ്ടെന്നാകിലും
മാറ്റിവച്ചവയെ, നാം
മാറ്റുകൂട്ടിയ ദിനം!

ഒത്തിരിനാളായ് കാത്തു-
വച്ചൊരാ പച്ചക്കര-
ചേലയും ചുറ്റി നമ്മൾ
കൗമാരം വിടാത്തപോൽ!

ഒപ്പത്തിനൊപ്പം തൊട്ടു
പച്ചനിറത്തിൽ പൊട്ടും
പച്ചക്കൽമൂക്കുത്തിയും
പച്ചവളയും സമം!

അത്രമേൽ ധന്യം, ചിര-
കാലമായുള്ള സ്വപ്നം
നമ്മളൊത്തുള്ള നിമി-
ഷങ്ങളാ,ണസുലഭം!

സന്ധ്യപൂവിടാൻ മടി-
കാട്ടുമാ,കടലോര-
ക്കാറ്റ് പായുന്ന മണൽ-
ത്തിട്ടയിൽ കൈകോർത്തു നാം!

പാടുവാനേറേ ബാക്കി-
വച്ചു നാം ഗാനങ്ങളിൽ
നാവിലാദ്യമായോടി-
യെത്തിയ ഗാനം പാടി.

മറന്നു പക്ഷേ; പ്രിയ-
ഗാനപല്ലവി പാതി
പാടുവാൻ, മറുപാതി-
ക്കായ് നിന്നെ കാതോർക്കുവാൻ!

എങ്കിലും പ്രതീക്ഷിക്കാം
നല്ല നാളുകൾ കാലം
നല്കിടും വീണ്ടും നമ്മൾ
കണ്ടിടും സുനിശ്ചയം!

കാക്കുകെൻ സഖീ നിത്യം
കണ്മിഴിതിളക്കവും
പുഞ്ചിരിച്ചൊടികളും,
മനസ്സിന്നീണങ്ങളും.

എന്നുമുണ്ടെന്നുമൊരു
പ്രാർത്ഥന മമ ചിത്തേ-
യെന്നെന്നുമീസൗഹൃദം
ഇവ്വണ്ണം വിരാജിപ്പാൻ!




======================

തിങ്കളാഴ്‌ച

തനിയെ...

















തീർത്ഥമായ് നീ പൊഴിഞ്ഞീടുവാൻ, പൊള്ളും-
വേനലിൻ കൈകോർത്തുനിൽപ്പൂ ഞാൻ
ലേപമായൊന്ന് തലോടിടുവാൻ, മാഞ്ഞു-
പോവാത്തൊരോർമ്മ തൻ നൊമ്പരമായ്...
നൊമ്പരമായ്‌ ...

ജാലകക്കണ്ണുകൾ ചിമ്മിടാൻ, കാറ്റിൻ-
കൈവളപ്പാട്ട് കാതോർത്തു ഞാൻ
പൂമണമെന്തെന്ന് വിസ്മയിക്കാൻ, മുല്ല-
പൂവിട്ടൊരുമ്മറത്തെത്തുകയായ്

നിൻമൗനമോലുന്നൊരൂയലിൽ, പോയൊ-
രോർമ്മ തൻ ഈണങ്ങൾ തേടി ഞാൻ
കോലയിൽ വാൽക്കിണ്ടിനീരിലെ, ഏക-
നറുതുളസീദളമിന്ന് ഞാൻ!

നീയില്ലിനിയെന്ന നേരിനെ, ചില-
വേളകൾ മായ്ക്കുന്നുവെങ്കിലും
എന്നോ നിലച്ചൊരാ,നിൻ സ്വരം, എന്നു-
മെൻ കാതിലിറ്റുന്നു സന്ധ്യകൾ
എന്നുമെന്റെയേകാന്തമാം സന്ധ്യകൾ!

ശനിയാഴ്‌ച

സന്ദർശനം (1)









ഇത്തിരി മാത്രകൾക്കാകിലും മൽ സഖേ,
അത്രമേൽ സുന്ദരമായതീ സംഗമം
നമ്മുടെ ജീവിതത്താളൊന്നിൽ പൊൻമയിൽ-
പ്പീലിതൻ തുണ്ടായതെന്നും മയങ്ങിടും!
ഓർക്കുന്നുവോ ഇറ്റുവീഴാതെ കർക്കട-
മാരിയെ തന്നിലൊളിപ്പിച്ചിട്ടാ മാനം 
ഹർഷമനോജ്ഞമൊരുസ്മിതം തൂകി,യ-
ന്നെയും നിന്നെയും തൊട്ടുനിന്ന ദിനം.

സ്വല്പനേരം വീട്ടരമതിലിന്നുമേൽ
ഓരോ സ്വകാര്യങ്ങൾ ചൊല്ലിയിരുന്നു നാം   
ഉമ്മറത്തിണ്ണതൻ കൈക്കുമ്പിളിൽ വീണ 
പൊന്നിളം  പോക്കുവെയിൽപ്പൂക്കളെണ്ണി നാം
പിന്നെയാ,പുഞ്ചനെൽപ്പാടച്ചൊടിയിലെ- 
യാർദ്രമാം ശീലുകൾ കേൾക്കാനിറങ്ങി നാം  
പിന്നിട്ടു ചെമ്മണ്ണിൻ പാതയൊരെണ്ണ-
മതിന്നോരം പുഞ്ചിരിതൂകുന്ന പൂക്കളും 
സന്ധ്യമയങ്ങുന്നതിൻ മുൻപേ,യുമ്മറ-
മുറ്റം ധൃതിപൂണ്ടൊരുങ്ങുന്ന കാഴ്ചയും
അന്നെന്തോ പെയ്യാത്ത മാനത്തെ കിട്ടിയ
കുഞ്ഞിക്കിളികൾതൻ മത്സരപ്പാച്ചിലും
ഒന്നിലും കൂട്ടുകൂടാനില്ല ഞാനെന്ന-
മട്ടിൽ, മുഖംകേറ്റിവച്ചൊരു പൊന്മയും
പച്ചനിറച്ചേലയ്‌ക്കൊത്തിരി പൂക്കളെ-
യൊട്ടിച്ചുനൽകിയ തോട്ടിൻകരകളും
ബന്ധിച്ചുവയ്ക്കിലും വിട്ടുകൊടുക്കാതെ
തുള്ളിക്കുതിച്ചോടും കൃത്രിമചോലയും
കാകന്മാ,രഞ്ചാറുപേരെയുംകൊണ്ടെങ്ങോ
യാത്രപുറപ്പെടാൻ നിൽക്കുന്നൊരു പയ്യും
എത്തിനോക്കുന്നൊരു കൊറ്റിതൻ ദൃഷ്ടിയിൽ
നെറ്റിപതക്കത്തിൻ വെട്ടമിറ്റും മീനും
ഒറ്റത്തടിപ്പാലമറ്റത്ത് നിൽക്കുമ്പോ-  
ളിത്തിരിസ്നേഹപ്പുല്ലെത്തിപ്പിടിച്ചതും
പണ്ടേകണക്കതുകൊണ്ടുമുറിഞ്ഞിടാൻ 
കണ്ണുമടച്ചല്പനേരം നാം നിന്നതും    
അക്കരെ, പാടത്തിൻ വക്കത്തെ വീട്ടിലെ
പിന്നാമ്പുറത്തൊടി വെട്ടിവിയർത്തതും
എന്തിനാവാമെന്ന ശങ്കയിൽ നോക്കവേ
അങ്ങൊരു താറാവിൻപറ്റത്തെ കണ്ടതും 
നിൽപ്പിരിപ്പില്ലാതെ,യോടുമവറ്റക
കാട്ടുന്ന ചേഷ്ടകൾ കണ്ടുരസിച്ച നാം
എത്രപേരുണ്ടവർ,ക്കെന്തെല്ലാം പേരുക-
ളുണ്ടാവാമീവിധം ശങ്കിച്ചുനിന്നതും
ഉച്ചത്തിൽ പേര്  വിളിച്ചതാകാം, തൊടി
സ്നേഹവാക്കാലെ ശാസിച്ചതാകാം
പെട്ടെന്ന് കേളികളൊക്കെ വെടിഞ്ഞവ-
രൊറ്റവരിതീർത്തു ശാന്തരായ് നിന്നതും
മഞ്ഞക്കാൽപാദങ്ങൾ താളത്തിലൂന്നിക്കൊ-
ണ്ടന്നനട തീർത്തിട്ടങ്ങു മണ്ടുന്നതും
സാകൂതം വീക്ഷിച്ചുനിന്നൊരാ നമ്മളെ
മന്ദാനലൻ വന്നുമെല്ലെപുണർന്നതും
പെട്ടെന്ന് മാനസത്തിൽ വിരുന്നെത്തിയൊ-
രിഷ്ടഗാനം പാടി കൈകോർത്തുനിന്നതും
വിട്ടുതരാ,തോർമ്മച്ചെപ്പിൽ മയങ്ങിയ
പല്ലവിയ്ക്കറ്റത്തെ വാക്കോർത്തെടുത്തതും
വാക്കിൽ തുളുമ്പും പ്രണയത്തിൻ പൂമ്പൊടി
ചാർത്തി, കവിൾത്തടം ചോന്നുതുടുത്തതും
മാനസക്കുമ്പിളിൽ തേൻ ചുരത്തീടുന്നൊ-
രോർമ്മകനിയോ? പ്രണയമെന്നോർത്തതും
മാരിവിത്തൊറ്റപിടി വിതച്ചീടുവാൻ
കാലമായ്, കാർമുകിൽക്കാളകൾ വന്നതും
മിന്നൽനുകമാഴ്ത്തി മാനത്തെപാട-
മുഴുതുമെതിച്ചു,കുതിച്ചു,കിതച്ചതും
കാർക്കൂന്തലിൻ കെട്ടിലാണ്ടുപോയ ചെത്തി-
പ്പൂവിൻ ദളംപോലെ സന്ധ്യ മറഞ്ഞതും
ചേറ്റിൻ മണംപൂണ്ട കാറ്റിൻ കരങ്ങളിൽ  
നാം രണ്ടു വെള്ളാമ്പൽമൊട്ടുകളായതും 
പിരിയുവാൻ നേരമായ്, ഇനിയെന്ന് കാണുമെ-
ന്നൊരു നോവിൻ കടലാഴം ചിരികൊണ്ടടച്ചതും  
എത്രയോ സുന്ദരം നാം കണ്ടൊരാദിനം
നിത്യഹരിത,മതിന്നോർമ്മ,യക്ഷയം!
നമ്മുടെ ജീവിതത്താളൊന്നിൽ പൊൻമയിൽ-
പ്പീലിതൻ തുണ്ടായതെന്നും മയങ്ങിടും!  
   

സഖിക്കായ്




വർഷം എന്ന സിനിമയുടെ പാതി സമ്മാനിച്ച കനത്ത സങ്കടം അവളോടു പറഞ്ഞു. അതായിരുന്നു അന്ന് ഞങ്ങളുടെ എഫ് ബി ചാറ്റ്.   ദാരുണമായ ഏത് സംഭവങ്ങളും; അത് മരണമായാലും മറ്റേതുതരത്തിലുള്ള  അനിഷ്ട സംഭവമായാലും അറിഞ്ഞുകഴിഞ്ഞാൽ അവയിലൊക്കെ ഞാനെന്ന അമ്മയെ, മകളെ, ഭാര്യയെ, സുഹൃത്തിനെ, അയല്പക്കകാരിയെ ഇതൊന്നുമല്ലെങ്കിൽ ഞാനെന്ന കേവല മനുഷ്യജന്മത്തെ അതിനിരയായവരുടെ സ്ഥാനത്തു സങ്കൽപ്പിക്കുന്നത് എന്റെ ശീലമായിപ്പോയി. ആ രാത്രി കുറെയേറെ ചിന്തകളോടെ ഉറക്കമില്ലാതെ തീർത്തു. പിറ്റേന്ന് എഫ് ബി യിൽ കേറിയില്ല. അല്ലെങ്കിലും എഫ് ബി എന്നത് മറ്റുപലരുടെയും പോലെ ഒരു പതിവ് ഇടമല്ലായിരുന്നു എനിക്ക്. അതിനാൽ തന്നെ എന്നെ കണ്ടില്ലെങ്കിലും ആരും അന്വേഷിക്കാറുമില്ല. രണ്ടു ദിവസം കഴിഞ്ഞു. അവളുടെ മെസ്സേജ് ഉണ്ട്. "ഞാൻ ഐ സി യു വിലാണ്. ക്രിട്ടിക്കൽ ആണ്. പ്രാർത്ഥിക്കണം." തല മൊത്തം തരിപ്പോടെ ഞാൻ "അയ്യോ എന്ത് പറ്റി കുഞ്ഞേ" എന്ന് ചോദിച്ചപ്പോൾ മറുപടി വന്നു. ഐ ആം ഡയഗ്നോസ്ഡ് വിത്  റ്റി റ്റി പി.ഒന്നും ചോദിയ്ക്കാൻ തോന്നിയില്ല പിന്നെ. അല്ലെങ്കിൽ തന്നെ അവളോട് എങ്ങനെ ചോദിക്കും?! കൂടുതൽ അറിയാൻ പിന്നെ ഗൂഗിൾ, അറിയാവുന്ന ഡോക്ടേഴ്സ്, അങ്ങനെ ഞാൻ അലഞ്ഞു. നാട്ടിൽ അമ്മയെ വിളിച്ചു മൃത്യുഞ്ജപപുഷ്പഞ്ജലിക്കും മറ്റു വഴിപാടിനും ഏൽപ്പിച്ചു. മൃത്യുഞ്ജപപുഷ്പാഞ്ജലി മൃത്യഞ്ജയനായ ശിവനുള്ളതാണ്. കാരൂർ അമ്പലത്തിലെ പടിഞ്ഞാറ് ദിശയിലേക്കു ദർശനമുള്ള അപൂർവ്വ ശിവപ്രതിഷ്ഠ മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചു.രോഗശയ്യയിൽ ഉള്ളവരുടെ  ആയുസ്സിന്റെ ദൈർഘ്യം അറിയാൻ ഈ പുഷ്‌പാഞ്‌ജലി രാവിലെ അർപ്പിച്ചു ഉച്ചയ്ക്ക്  "ഫലം പറച്ചിൽ" എന്ന ഒരു ചടങ്ങും ഉണ്ട്. പൂജാരി പറയുന്ന ഫലം അച്ചെട്ടാണ് എന്നാണ് 'അമ്മ പറയാറ്. ഫലം അറിയാൻ തിടുക്കമായിരുന്നു എനിക്ക്. ഒടുവിൽ 'അമ്മ വിളിച്ചു. "കുറച്ചു മോശം സമയമാണ്. പക്ഷെ ആയുസ്സിന് യാതൊരു കുഴപ്പവും ഉണ്ടാകില്ലാ എന്ന് ഉറപ്പ്" അതെനിക്ക് വല്ലാത്ത ആശ്വാസമായിരുന്നു. ഞാൻ അവൾക്കെഴുതി. "ഒന്നും പേടിക്കണ്ടാ. യാതൊരു അനർത്ഥവും ഉണ്ടാവില്ല" എന്ന്.  പിന്നെ അവൾ വല്ലപ്പോഴും വന്നു പറയുന്ന ഓരോ വാക്കുകളുടെ ബലവും, ചിലപ്പോൾ അതേ ബലത്തിന്റെ അഭാവത്തിൽ മനസ്സ് ചുട്ടുള്ള  പ്രാർത്ഥനയും എന്നെ മുന്നോട്ടു നയിച്ചു എന്നേ  പറയാനാകൂ. മറുവിളി എന്നുകിട്ടും എന്ന് ഒരു ഉറപ്പുമില്ലാതെ മായാവിയേ, മായകുഞ്ഞേ, കുട്ട്യേ  അങ്ങനെ ഓരോ തരത്തിൽ ദിവസവും നീട്ടി വിളിച്ചു എന്റെ മെസ്സേജുകൾ. ഞാനും ഒപ്പം ഉണ്ടെന്ന് കരുതിക്കോളൂ എന്ന് പറയാതെ പറയാൻ, ഞാൻ അപ്പുറത്തെ വീട്ടിലോ മുറിയിലോ ഉള്ള അവളെ വിളിക്കും പോലെ വിളിച്ചുക്കൊണ്ടിരുന്നു.  ആശുപത്രിക്കിടക്കയിൽ ബോധമുള്ള അവസ്ഥയിൽ  അവൾക്കുള്ളിൽ എന്തായിരിക്കും ചിന്തകൾ എന്ന് എനിക്ക് ഊഹിക്കാം. ഞാനും അമ്മയാണ്, ഭാര്യയാണ്, മകളാണ്! അവളുടെ ചിന്തകൾ അവൾ പറഞ്ഞില്ലെങ്കിലും എന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുക്കൊണ്ടിരുന്നു. ഒരു താരാട്ട് നേർത്തുപോകുന്ന വേദനയിൽ ഞാൻ വിങ്ങി. വർണ്ണങ്ങളെ നര വിഴുങ്ങുന്നത് നോക്കിനില്ക്കാൻ മാത്രം വിധിക്കപ്പെട്ടവളുടെ നിസ്സഹായതയിൽ നൊന്തു. ബാഹ്യമായി അവൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മുറിവിനേലും   വേദനയേലും   എത്രയോ വലുതാണ്അവൾ പിടഞ്ഞുനീറുന്ന മനസ്സിന്റെ നോവുകൾ. ഹൃദയം പിളരുന്നതും അതിലെ രക്തം വാർന്നു പോകുന്നതും പലപ്പോഴും  ഉത്തരം കിട്ടാത്ത, വേവലാതിപൂണ്ട ചിന്തകളുടെ കൂർത്തമുനകൾ തറയ്ക്കുമ്പോളല്ലേ ?!   അബോധാവസ്ഥയിൽ കിടക്കുന്ന അവളുടെ പുറംലോകത്താണ് ഞാൻ. എന്റെ കണ്ണിനുമുന്നിൽ ഉള്ളിലെ വിഷമം പുറത്തു കാട്ടാതെ ജീവിതസഖിക്കായി പ്രാർത്ഥിക്കുന്ന  ഒരു ഭർത്താവുണ്ട്, ഒരു പെൺകുഞ്ഞിന്റെ അച്ഛനുണ്ട്, ആ  അച്ഛന്റെകൈപിടിച്ച്  ഒരു പൂമ്പാറ്റകുഞ്ഞുണ്ട്. ഞങ്ങളെല്ലാവർക്കുമിടയിൽ അളവില്ലാത്ത വിധം അകലവും ഉണ്ട്. കാതങ്ങൾക്കിപ്പുറമിരുന്നു ആരെയും വിളിച്ച്  ഒന്നും തിരക്കാനാവാതെ ഒന്നും അറിയാതെ ഒക്കെ ശരിയാവും എന്ന് മനസ്സിനെ പഠിപ്പിച്ച്‌ ദിനങ്ങൾ പോയി. ഒരു ദിവസം ഞാൻ അവൾക്കായി ഒരു വരിയെഴുതി. "മതി കുഞ്ഞേ പേടിപ്പിച്ചത്, വേഗം വരൂ" എന്ന്. അങ്ങനെ ഒരു ദിവസം അസുഖം ഭേദമാകും എന്ന ഘട്ടമെത്തി. ആ ഒരു അറിവ് കുറച്ചൊന്നുമല്ല ആശ്വാസമേകിയത്. 

 ഒരേ വീട്ടിൽ, ഒരേ വയറ്റിൽ പിറവികൊള്ളണമെന്നില്ല ഒരാളെ സ്വന്തമെന്ന് കരുതാൻ. പേരിന് ഒരു ബന്ധുവായിരിക്കണമെന്നും ഇല്ല. മനസ്സുകൊണ്ടുള്ള അടുപ്പം മൂലം ഭവിക്കുന്ന ചിലതുണ്ട്. നിർവചനത്തിന്റെ അഭാവം കൊണ്ട് മറ്റുള്ളവർ അറിയാതെപോകുന്ന ചില ബന്ധങ്ങൾ. നിർവചിക്കപ്പെടാത്ത അത്തരം ചില നല്ല ബന്ധങ്ങൾക്ക് ആഴമേറും. പരസ്പരം പറഞ്ഞു ഭംഗികളയാതെ സൂക്ഷിക്കുന്ന അത്തരം എന്തോ ഒന്നുണ്ട് എനിക്കും അവൾക്കുമിടയിൽ. ചിന്തകളിലെ ചില സമാനതകൾക്കുമുപരിയായി എന്തോ ഒന്ന്. ഒപ്പം പഠിച്ചിട്ടുണ്ടെങ്കിലും അന്നൊന്നും അറിഞ്ഞിരുന്നില്ല കൂട്ടിയിണക്കുന്ന എന്തോ ഒന്നുണ്ട് ഞങ്ങൾക്കിടയിലെന്നു. " A Special friendship, a divine one" എന്നൊക്കെ കരുതാനാണ് എനിക്കിഷ്ടം.  അങ്ങനെയുള്ള സഖിയാണ് അകലെ രോഗശയ്യയിൽ. ഒടുവിൽ അവൾ പൊരുതി ജയിച്ചു. അസുഖത്തെ കീഴടക്കി അവൾ മടങ്ങിയെത്തിയത് ഒരു  ധനുമാസത്തിലാണ്.  മഞ്ഞിൽകുളിച്ചു നിൽക്കുന്ന ധനുമാസപൗർണ്ണമിയുടെ പടത്തിനു കീഴെ എഴുതിനല്കാൻ  അവൾക്കായി ഇത്തിരി വരികൾ ഞാൻ കരുതിയിരുന്നു. ഇവിടെ ഞാൻ അതോർത്തെടുക്കുകയാണ്.
"ആതിരയെത്തിടും നാളെ രാവിൽ, താര-
ജാലങ്ങൾ താലം പിടിയ്ക്കും
മകരത്തിൻ മഞ്ഞും  മരന്ദവുമേന്തിയെൻ
പടിതൊട്ട് മന്ദാരം നിൽക്കും
വേലയും പൂരവും തേവരും കോവിലും
ചേർന്നെന്റെ ഗ്രാമം വിളങ്ങും
മൂവന്തിയിൽ നിന്ന് ചാന്ത് പറ്റി,വാക-
പ്പൂമരം ചോന്ന് തുടുക്കും
മേടത്തിൻ കൈനീട്ടം വാങ്ങണം, പൂക്കണി-
കൊന്നപ്പൂ തോരണം വേണം
കർക്കടകത്തിൻ കറുപ്പകന്ന്, ചിങ്ങ-
വെയിൽക്കിളി പാടുമുഷസ്സും വേണം 
ഇനിയും മരിയ്ക്കാത്ത പ്രണയത്തിൻ ദൂതുമായ്‌
പ്രിയമോടെയണയുന്ന മേഘം
ഇടവിടാതെന്നോട് പറയും സ്വകാര്യങ്ങ-
ളറിയുവാൻ സഖിയുമെന്നരികിൽ  വേണം." 

അങ്ങനെ അകലെ നിന്നാണെങ്കിലും വീണ്ടും ഞങ്ങളുടെ പ്രിയ ഗാനങ്ങളുടെ പല്ലവി പാടാനും,കളിപറയുവാനും, സുഖദുഃഖങ്ങൾ ഒരുമിച്ചു പങ്കുവയ്ക്കുവാനും അവളെ തിരികെ തന്നതിനാണ്  ഈശ്വരനോടുള്ള എന്റെ നന്ദി. 

സംഘടിതയിലേക്ക് മായ ഒരു കുറിപ്പ് ചോദിച്ചപ്പോൾ എനിക്ക് തരാൻ സാധിച്ചത് 10 മിനിറ്റിൽ തട്ടിക്കൂട്ടിയ ഒരു കവിതയാണ്. എന്റെ ഭർത്താവിന്റെ ചില ആരോഗ്യപ്രശ്നങ്ങളാൽ  ആധിപിടിച്ച സമയമായിരുന്നു അത്. 2 വരികൾ കൂടി കിട്ടിയാൽ ഒരു മത്സരത്തിനായി തയ്യാറാക്കിക്കൊണ്ടിരുന്ന ഒരു  ഗാനം പൂർണ്ണമായേനെ! അത് പോലും മനസ്സിൽ വരാൻ കഴിയാത്ത വിധം ആധിപിടിച്ച സമയം. എങ്കിലും ശ്രമിച്ചു.ഒരു സഖിക്കു സാന്ത്വനം പകരും വിധം എഴുതാൻ എന്റെ മുന്നിൽ ഉണ്ടായിരുന്നത് മായയുടെ മുഖവും അന്ന് അനുഭവിച്ച നോവുകളുടെ നീറുന്ന ഓർമ്മകളുമായിരുന്നു. സാന്ത്വനമായതിനാൽ കവിതയ്ക്ക്  ഗൗരവഭാവമില്ലല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നു അത് കൊടുക്കുമ്പോൾ. എല്ലാവരും അസുഖത്തെ കുറിച്ചും വേദനകളെ കുറിച്ചും അനുഭവതീവ്രതയോടെ പറയുമ്പോൾ ഞാൻ ഒരു സാന്ത്വനമാകട്ടെ എന്ന് പിന്നീട് ആശ്വസിച്ചു.  അങ്ങനെ ഒരു അവസരം എനിക്ക് തന്ന  മായയ്ക്കും മിസ് ഷീബയ്ക്കും എന്റെ നന്ദി. സ്നേഹം. അമൃതയെന്ന അനുഗ്രഹീത ചിത്രകാരിയോടും എന്റെ സ്നേഹം. കവിതയ്ക്കായി അമൃത കോറിയ ചിത്രം അതിസുന്ദരം.
ഇനിയും അക്ഷരങ്ങളുടെ ലോകത്തു ഏറെ ശോഭിക്കാൻ നിനക്കാവട്ടെ പ്രിയ സഖീ. നിനക്ക് മുന്നിൽ ജീവിതം നല്ല നിറക്കൂട്ടുകളാൽ ചിത്രങ്ങൾ ഒരുക്കട്ടെ. എന്റെ സ്നേഹവും ആശംസകളും പ്രാർത്ഥനകളും എന്നും നിനക്കൊപ്പം. 
  

ചൊവ്വാഴ്ച

ശ്യാമം... സുന്ദരം










ഇന്ദീവരദലശ്യാമം
ഇന്ദുമുഖദ്യുതിഭംഗം
ഇന്ദ്രകൃപാഭരമേഘം
ഈ മണ്ണിലിന്നാനന്ദവർഷം

തിരുമുടിച്ചുരുളെഴും ചന്തം
തുറക്കുന്നു മയിൽ‌പ്പീലിക്കണ്ണൊരെണ്ണം
തൃച്ചന്ദനാലേപമേനി ദിവ്യം
തൃത്താവിനാലെ തുലാഭാരം, പ്രിയ-
തൃത്താവിനാലെ തുലാഭാരം.

കണ്ണടച്ചാലെന്നിൽ നിന്റെ രൂപം
കാട്ടുകടമ്പുകൾ പൂത്ത ഗന്ധം 
കാതിനു പീയൂഷവേണുഗാനം
കാളിയനില്ലാത്ത രാഗതീരം, കണ്ണാ,
കാളിന്ദി സാക്ഷിയാം നിൻ പ്രണയം.

നിഴലിരുൾ നിറയുമെൻ മുറ്റം
നിത്യസ്മരണയിൽ മഞ്ജുളാൽ മിത്രം
നിലവിടും നീലാബ്‌ധിയായ് പ്രളയം, നീ
നീട്ടുമൊരാലിലയിൽ അഭയം, ഇനി 
നീ തരുമാലിലയെൻ അഭയം.

ചേറിൽ വിരിഞ്ഞതാമീവാരിജം,നിൻ
ചേവടി പുൽകാൻ കൊതിപ്പൂ നിത്യം
ചിന്തകളാകുലം, നൊന്ത മനം, ഞാൻ
ചേരുകിൽ നിന്നിലതെന്റെ പുണ്യം,നിന്നിൽ
ചേരുകിൽ ഞാനതെൻ ജന്മപുണ്യം!