ശനിയാഴ്‌ച

സന്ദർശനം (1)









ഇത്തിരി മാത്രകൾക്കാകിലും മൽ സഖേ,
അത്രമേൽ സുന്ദരമായതീ സംഗമം
നമ്മുടെ ജീവിതത്താളൊന്നിൽ പൊൻമയിൽ-
പ്പീലിതൻ തുണ്ടായതെന്നും മയങ്ങിടും!
ഓർക്കുന്നുവോ ഇറ്റുവീഴാതെ കർക്കട-
മാരിയെ തന്നിലൊളിപ്പിച്ചിട്ടാ മാനം 
ഹർഷമനോജ്ഞമൊരുസ്മിതം തൂകി,യ-
ന്നെയും നിന്നെയും തൊട്ടുനിന്ന ദിനം.

സ്വല്പനേരം വീട്ടരമതിലിന്നുമേൽ
ഓരോ സ്വകാര്യങ്ങൾ ചൊല്ലിയിരുന്നു നാം   
ഉമ്മറത്തിണ്ണതൻ കൈക്കുമ്പിളിൽ വീണ 
പൊന്നിളം  പോക്കുവെയിൽപ്പൂക്കളെണ്ണി നാം
പിന്നെയാ,പുഞ്ചനെൽപ്പാടച്ചൊടിയിലെ- 
യാർദ്രമാം ശീലുകൾ കേൾക്കാനിറങ്ങി നാം  
പിന്നിട്ടു ചെമ്മണ്ണിൻ പാതയൊരെണ്ണ-
മതിന്നോരം പുഞ്ചിരിതൂകുന്ന പൂക്കളും 
സന്ധ്യമയങ്ങുന്നതിൻ മുൻപേ,യുമ്മറ-
മുറ്റം ധൃതിപൂണ്ടൊരുങ്ങുന്ന കാഴ്ചയും
അന്നെന്തോ പെയ്യാത്ത മാനത്തെ കിട്ടിയ
കുഞ്ഞിക്കിളികൾതൻ മത്സരപ്പാച്ചിലും
ഒന്നിലും കൂട്ടുകൂടാനില്ല ഞാനെന്ന-
മട്ടിൽ, മുഖംകേറ്റിവച്ചൊരു പൊന്മയും
പച്ചനിറച്ചേലയ്‌ക്കൊത്തിരി പൂക്കളെ-
യൊട്ടിച്ചുനൽകിയ തോട്ടിൻകരകളും
ബന്ധിച്ചുവയ്ക്കിലും വിട്ടുകൊടുക്കാതെ
തുള്ളിക്കുതിച്ചോടും കൃത്രിമചോലയും
കാകന്മാ,രഞ്ചാറുപേരെയുംകൊണ്ടെങ്ങോ
യാത്രപുറപ്പെടാൻ നിൽക്കുന്നൊരു പയ്യും
എത്തിനോക്കുന്നൊരു കൊറ്റിതൻ ദൃഷ്ടിയിൽ
നെറ്റിപതക്കത്തിൻ വെട്ടമിറ്റും മീനും
ഒറ്റത്തടിപ്പാലമറ്റത്ത് നിൽക്കുമ്പോ-  
ളിത്തിരിസ്നേഹപ്പുല്ലെത്തിപ്പിടിച്ചതും
പണ്ടേകണക്കതുകൊണ്ടുമുറിഞ്ഞിടാൻ 
കണ്ണുമടച്ചല്പനേരം നാം നിന്നതും    
അക്കരെ, പാടത്തിൻ വക്കത്തെ വീട്ടിലെ
പിന്നാമ്പുറത്തൊടി വെട്ടിവിയർത്തതും
എന്തിനാവാമെന്ന ശങ്കയിൽ നോക്കവേ
അങ്ങൊരു താറാവിൻപറ്റത്തെ കണ്ടതും 
നിൽപ്പിരിപ്പില്ലാതെ,യോടുമവറ്റക
കാട്ടുന്ന ചേഷ്ടകൾ കണ്ടുരസിച്ച നാം
എത്രപേരുണ്ടവർ,ക്കെന്തെല്ലാം പേരുക-
ളുണ്ടാവാമീവിധം ശങ്കിച്ചുനിന്നതും
ഉച്ചത്തിൽ പേര്  വിളിച്ചതാകാം, തൊടി
സ്നേഹവാക്കാലെ ശാസിച്ചതാകാം
പെട്ടെന്ന് കേളികളൊക്കെ വെടിഞ്ഞവ-
രൊറ്റവരിതീർത്തു ശാന്തരായ് നിന്നതും
മഞ്ഞക്കാൽപാദങ്ങൾ താളത്തിലൂന്നിക്കൊ-
ണ്ടന്നനട തീർത്തിട്ടങ്ങു മണ്ടുന്നതും
സാകൂതം വീക്ഷിച്ചുനിന്നൊരാ നമ്മളെ
മന്ദാനലൻ വന്നുമെല്ലെപുണർന്നതും
പെട്ടെന്ന് മാനസത്തിൽ വിരുന്നെത്തിയൊ-
രിഷ്ടഗാനം പാടി കൈകോർത്തുനിന്നതും
വിട്ടുതരാ,തോർമ്മച്ചെപ്പിൽ മയങ്ങിയ
പല്ലവിയ്ക്കറ്റത്തെ വാക്കോർത്തെടുത്തതും
വാക്കിൽ തുളുമ്പും പ്രണയത്തിൻ പൂമ്പൊടി
ചാർത്തി, കവിൾത്തടം ചോന്നുതുടുത്തതും
മാനസക്കുമ്പിളിൽ തേൻ ചുരത്തീടുന്നൊ-
രോർമ്മകനിയോ? പ്രണയമെന്നോർത്തതും
മാരിവിത്തൊറ്റപിടി വിതച്ചീടുവാൻ
കാലമായ്, കാർമുകിൽക്കാളകൾ വന്നതും
മിന്നൽനുകമാഴ്ത്തി മാനത്തെപാട-
മുഴുതുമെതിച്ചു,കുതിച്ചു,കിതച്ചതും
കാർക്കൂന്തലിൻ കെട്ടിലാണ്ടുപോയ ചെത്തി-
പ്പൂവിൻ ദളംപോലെ സന്ധ്യ മറഞ്ഞതും
ചേറ്റിൻ മണംപൂണ്ട കാറ്റിൻ കരങ്ങളിൽ  
നാം രണ്ടു വെള്ളാമ്പൽമൊട്ടുകളായതും 
പിരിയുവാൻ നേരമായ്, ഇനിയെന്ന് കാണുമെ-
ന്നൊരു നോവിൻ കടലാഴം ചിരികൊണ്ടടച്ചതും  
എത്രയോ സുന്ദരം നാം കണ്ടൊരാദിനം
നിത്യഹരിത,മതിന്നോർമ്മ,യക്ഷയം!
നമ്മുടെ ജീവിതത്താളൊന്നിൽ പൊൻമയിൽ-
പ്പീലിതൻ തുണ്ടായതെന്നും മയങ്ങിടും!  
   

4 അഭിപ്രായങ്ങൾ:

  1. സന്ദർശനം സന്തോഷഭരിതമായിരുന്നു എന്നതിന് വേറൊന്നും വേണ്ട തെളിവുകൾ. കവിതയിലെ ഓരോ വാക്കുകളിലും ആഹ്ലാദം പ്രകടമാണല്ലോ. ഈ സന്ദർശനത്തന്നിടയിൽ എടുത്ത നാലഞ്ച് ചിത്രങ്ങൾ ഫേസ്ബുക്കിൽ കണ്ടതായോർമ്മിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  2. മനോഹരമായിരിക്കുന്നു.
    ഓര്‍മ്മകള്‍ ഒന്നുമൊഴിയാതെ വയലും തോടും കിളികളും എന്നുവേണ്ട കണ്ണിനും കാതിനും ഇമ്പം പകരുന്ന കാഴ്ചകളും എല്ലാം സുന്ദരമായ വര്‍ണ്ണനകാളാല്‍ ഭംഗിയായ ഗാനം. ആദ്യ കവിതകളെ അപേക്ഷിച്ച് ഇതിനെ അല്പം കൂടി ലളിതമാക്കിയിരിക്കുന്നു വാക്കുകളില്‍ എന്നെനിക്ക് തോന്നി. ചിലപ്പോള്‍ എന്റെ തോന്നലാകും അല്ലെ.

    മറുപടിഇല്ലാതാക്കൂ
  3. ഇതാണ് ഏറ്റവും ഇഷ്ടപെട്ടത് :-)

    "പെട്ടെന്ന് മാനസത്തിൽ വിരുന്നെത്തിയൊ-
    രിഷ്ടഗാനം പാടി കൈകോർത്തുനിന്നതും
    വിട്ടുതരാ,തോർമ്മച്ചെപ്പിൽ മയങ്ങിയ
    പല്ലവിയ്ക്കറ്റത്തെ വാക്കോർത്തെടുത്തതും
    വാക്കിൽ തുളുമ്പും പ്രണയത്തിൻ പൂമ്പൊടി
    ചാർത്തി, കവിൾത്തടം ചോന്നുതുടുത്തതും"

    മറുപടിഇല്ലാതാക്കൂ
  4. സ്മരണയിൽ നിന്നും മായാത്ത
    പഴയ പ്രണയ സംഗമത്തിൻ ഗീതങ്ങൾ ...!

    മറുപടിഇല്ലാതാക്കൂ