(ചിത്രം ഗൂഗിളിൽ നിന്നും) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
(ചിത്രം ഗൂഗിളിൽ നിന്നും) എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചൊവ്വാഴ്ച

ശ്യാമം... സുന്ദരം










ഇന്ദീവരദലശ്യാമം
ഇന്ദുമുഖദ്യുതിഭംഗം
ഇന്ദ്രകൃപാഭരമേഘം
ഈ മണ്ണിലിന്നാനന്ദവർഷം

തിരുമുടിച്ചുരുളെഴും ചന്തം
തുറക്കുന്നു മയിൽ‌പ്പീലിക്കണ്ണൊരെണ്ണം
തൃച്ചന്ദനാലേപമേനി ദിവ്യം
തൃത്താവിനാലെ തുലാഭാരം, പ്രിയ-
തൃത്താവിനാലെ തുലാഭാരം.

കണ്ണടച്ചാലെന്നിൽ നിന്റെ രൂപം
കാട്ടുകടമ്പുകൾ പൂത്ത ഗന്ധം 
കാതിനു പീയൂഷവേണുഗാനം
കാളിയനില്ലാത്ത രാഗതീരം, കണ്ണാ,
കാളിന്ദി സാക്ഷിയാം നിൻ പ്രണയം.

നിഴലിരുൾ നിറയുമെൻ മുറ്റം
നിത്യസ്മരണയിൽ മഞ്ജുളാൽ മിത്രം
നിലവിടും നീലാബ്‌ധിയായ് പ്രളയം, നീ
നീട്ടുമൊരാലിലയിൽ അഭയം, ഇനി 
നീ തരുമാലിലയെൻ അഭയം.

ചേറിൽ വിരിഞ്ഞതാമീവാരിജം,നിൻ
ചേവടി പുൽകാൻ കൊതിപ്പൂ നിത്യം
ചിന്തകളാകുലം, നൊന്ത മനം, ഞാൻ
ചേരുകിൽ നിന്നിലതെന്റെ പുണ്യം,നിന്നിൽ
ചേരുകിൽ ഞാനതെൻ ജന്മപുണ്യം!

ഞായറാഴ്‌ച

വിഭാവരിക്ക് ഒരു മുത്തശ്ശൻ കവിത








മുത്തശ്ശനെന്നാൽ സ്നേഹം, വാത്സല്യ-
ത്തിൻ നിധി കാക്കുന്ന പുണ്യം
കൊഞ്ചിച്ചിരിച്ചു ഞാൻ ചെല്ലും, തേ-
നുമ്മ തന്നെന്നെ പുണരും.

മുറ്റത്തെയൂഞ്ഞാലിൻ മൗനം, നേർത്ത
പുഞ്ചിരിക്കൈ നീട്ടി മായ്ക്കും
മാമ്പൂമണക്കുന്ന കാറ്റിൻ, ചുരുൾ
കൂന്തൽ വീഴും പാത താണ്ടും
കൈ പിടിച്ചെന്നെ നടത്തും, കുയിൽ
പാട്ടിന്റെയീണങ്ങൾ ചേർന്ന് പാടും
പൊൻവെയിൽ മുത്തുകൾ കോർക്കും, പുൽ-
നാമ്പിന്റെ ദാഹമകറ്റും.
കുന്ന് വിഴുങ്ങിടും സൂര്യൻതന്നുടെ
ഗദ്ഗദങ്ങൾക്കു കാതോർക്കും
പൊട്ടാതൊരു പട്ടനൂലും കൊണ്ട-
ക്കാണും മാനമളക്കും. 

തേവർക്കു മുന്നിൽ കൈകൂപ്പും, എൻ
ആയുസ്സിനായ് ജപം ചെയ്യും
കാണാമറയത്ത് നിന്നും മുത്തശ്ശി-
യേകും പ്രസാദങ്ങളൂട്ടും 
എൻ ചിരിക്കായ് വിണ്ണിൽ വാഴും, വെണ്-
തിങ്കളെ താഴെയിറക്കും
മുത്തശ്ശനേകിടാമെന്നുംഎന്നും
വാനോളമെന്നുടെ സ്നേഹം.

നേരുന്നു എൻ മനമിന്ന്, നൂറാ-
ശംസ തൻ മലർച്ചെണ്ട്
ആയിരം പൂർണ്ണേന്ദു കാണാൻ,എന്റെ
കൂട്ട് കൊതിക്കുന്ന നെഞ്ച്.
മുത്തശ്ശനെന്നാൽ സ്നേഹം, വാത്സല്യ-
ത്തിൻ നിധി കാക്കുന്ന പുണ്യം.