വ്യാഴാഴ്‌ച

സന്ധ്യേ... നീ വിട ചൊല്ലും മുൻപേ ...










കരിമുകിലുരഗച്ചുംബനമേറ്റെൻ 
പനിമതി തൻ കവിൾ പുല്കിയ  നീലം    
തഴുകിയകറ്റാൻ വലതു കരത്തിൽ 
ഗുരുതിയുമായ് നീ വരിക തൃസന്ധ്യേ!

ഉച്ചവെയിൽച്ചുടുമെത്തയിൽ തത്തും 
മുക്കൂറ്റിപ്പൂവിൻ മൂക്കുത്തി-
ക്കല്ലിൻ കണ്ണിൽ വിളങ്ങാനന്തി-
ച്ചോപ്പായ് അണയുക നീയുഷസ്സന്ധ്യേ!

പൊൻവെയിലുണ്ടു മദിച്ചു നടക്കും
പൊന്നോണത്തുമ്പിയ്ക്കും ചിറകിൽ
ചേലോലും ചെമ്പുള്ളികളേകാൻ
കുങ്കുമമായ് ചിമിഴിൽ നീ നിറയൂ 

മാരി വരുംമുന്പേഴുനിറം കൊ-
ണ്ടഴകായ് മഴവിൽ ചിത്രമൊരുക്കാൻ
ഛായത്തളികയിൽ  തൂലിക മുകരും
ആദ്യ നിറക്കൂട്ടായ് നീയണയൂ 

കാവിൻ തിരുനട തീണ്ടീടാൻ ചെ-
മ്പട്ടിൻ പുടവയുടുത്തണയുമ്പോൾ
കാലിൽ തിരയാൽ തീർത്ത ചിലമ്പിൻ
താളത്തിൽ ഞാൻ എന്നെ മറന്നു

മുത്തും പേറി വരുന്നൊരു തിരയെ
മുട്ടി നടന്നു കിതച്ചീടുമ്പോൾ
നെറ്റി വിയർപ്പിൽ ചോപ്പ് പതിച്ചെൻ 
മേനി പുണർന്നെങ്ങോ മറയുന്നു

ഏഴാംകടലിൽ ചേറും ചെളിയും
നീങ്ങാനോടിന്നുരുളി കമിഴ്ന്നു
സ്വർണ്ണത്തിൻ നിറമോലും കതിരിനെ
ഗർഭത്തിൽ വയലേലകൾ  കാത്തു

നാളെയുദിപ്പ് കഴിഞ്ഞിട്ടുച്ചയി-
ലാടിയ കനലുകളാറുമ്പോൾ നീ 
കൊയ്ത്തും മെതിയും തീർത്തു മടങ്ങും
പെണ്ണിന് കാവൽവിളക്കായ് കത്തൂ

ഇത്തിരി പ്രണയത്തേനിൻ മധുരം
മത്തുപിടിപ്പിച്ചപ്പോളെന്റെ
നെറ്റിയിൽ ചാന്താൽ തൊടുകുറി ചാർത്തി-
യടിമുടി വാകപ്പൂവിതൾ തൂകി

കാന്തൻ പ്രിയനവനേകും മുത്തം 
കാണ്‍കെ എങ്ങോ നിന്നണയും നീ 
നേരം തെറ്റിയ നേരമതെങ്കിലും 
കവിളിൽ നാണച്ചോപ്പേകും നീ  

കുഞ്ഞുങ്ങൾ അരമതിലിലിരുന്നി-
ട്ടക്കുത്തിക്കുത്താടും നേരം
എണ്ണി തീരാനൊത്തിരി ബാക്കി
മഞ്ചാടിക്കുരുമണി വിതറുന്നു

കുട്ടിയവൻ തൊട്ടോടിയൊളിയ്ക്കും
തട്ടിയെടുക്കും പട്ടത്തിൻ  നൂൽ
പൊട്ടാതങ്ങനെ  പാറുമ്പോളാ-
ക്കണ്ണിൽ  മിന്നി മറഞ്ഞകലുന്നു 


ഇത്തിരി പോന്നൊരു മിന്നാമിന്നി 
ചുറ്റുവിളക്ക് കൊളുത്താൻ വന്നു
പച്ചവെളിച്ച ത്തുണ്ടിനു പകരം
കുങ്കുമദീപത്തിരി നല്കാമോ?

കെട്ടുകൾ പൊട്ടിച്ചിതുവഴിയെ കാ-
റ്റൊച്ചയനക്കമൊടെത്തും മുൻപേ 
ചപ്പില കൂട്ടിയ കുന്നിന്മേൽ തീ
വച്ചിടുവാൻ കനലിത്തിരി തരുമോ?


മൂടിക്കെട്ടിയ മനസ്സോടെ ഞാൻ 
മൂവന്തിയിലിന്നേകാകിനിയായ്  
ആശകൾ തൻ സ്വർണ്ണോജ്ജ്വലദീപ്തികൾ
ആഴിയാലാഴുന്നത് കാണുകയായ്


പടുതിരി തിന്നാൻ അകലൊരു കാകൻ
ഇരുകണ്ണുകളും നീട്ടിയിരിപ്പൂ 
ജപമണി തൻ സ്പന്ദന താളത്തിൽ
സഖി നീ വരികെൻ തറയിൽ വിളക്കായ്‌


ഒത്തിരി ഓർമ്മച്ചിത്രങ്ങളെ നീ
നിഴലും നിറവും ചേർത്ത് വരച്ചു
അകലുകയോ നീ ഞാനറിയാത്തൊരു 
സുരലോകത്തിൻ വാതിൽ ചാരി! 
അകലുകയോ നീ ഞാനറിയാത്തൊരു 
സുരലോകത്തിൻ വാതിൽ ചാരി! 

22 അഭിപ്രായങ്ങൾ:

  1. സന്ധ്യയോട് എന്നും പ്രിയം . ജോലി കഴിഞ്ഞ് വീടെത്താനുള്ള നടത്തത്തിൽ സന്ധയുടെ സൌന്ദര്യം ഏറെ ആസ്വദിയ്ക്കാൻ സാധിയ്ക്കാറുണ്ട് . നാട്ടിൽ നിന്നും ഏറെ ദൂരെയാണ് ഞാനെങ്കിലും വീടിനെ കാവി പൂശി, തുളസിത്തറയിൽ വിളങ്ങാൻ മുത്തശ്ശിക്കയ്യിലെ തിരിയറ്റത്ത്‌ചുവന്ന് തുടുത്ത് നിറചൈതന്യമാകുന്ന, ഒടുവിൽ ആഴിയുടെ അറ്റത്തുള്ള ഏതോ ലോകത്തേയ്ക്ക് മറയുന്ന സന്ധ്യയെ മനക്കണ്ണിൽ കാണും ഞാൻ. എന്നും വീട്ടു മുറ്റത്ത്‌ കുങ്കുമം വാരി വിതറുന്ന സന്ധ്യയോടു നിത്യേന മിണ്ടിയും പറഞ്ഞും ഉണ്ടായതാണ് ഈ കവിത.

    മറുപടിഇല്ലാതാക്കൂ
  2. സന്ധ്യയെക്കുറിച്ച് എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത്. ചന്ദനവും കുങ്കുമവും ചാലിച്ചപോലെ, വാക്കുകള്‍ കൊണ്ട് മലയാളിയുടെ ഗൃഹാതുരത്വം പേറുന്ന മനസ്സും ഹൃദയഹാരിയായ മലയാളനാട്ടിലെ പ്രകൃതിയുടെ തിരുമുഖവും വരച്ചു വച്ചിരിക്കുന്നു.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  3. പ്രിയ മുഹമ്മദ്‌,
    നന്ദി. സന്തോഷം.. ഈ പിന്തുണയ്ക്കും നല്ല വാക്കുകൾക്കും.


    മറുപടിഇല്ലാതാക്കൂ
  4. പുലരികൾ പോലെ, സാന്ധ്യശോഭയും മനസ്സിനെ സ്പർശിക്കുന്നു. ആകുലതകൾക്കും, വിഹ്വലതകൾക്കും താത്ക്കാലിക വിരാമമേകി സ്വാസ്ഥ്യത്തിലേക്ക്, സമാധാനത്തിലേക്ക് എല്ലാ മനസ്സുകളും കൂടണയാൻ തിടുക്കം കാട്ടുന്ന സംക്രമസന്ധ്യകൾ..!!!


    വളരെ നന്നായി അവതരിപ്പിച്ചു.



    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  5. എത്ര നിറങ്ങളിലൂടെ സന്ധ്യ നിറം പകര്ന്നാടിയാലും അവസാന കറുപ്പ് നിറം കാത്തിരിക്കുന്നു ഓരോ ജന്മത്തിലും, കവിത ഈണം വാക്കുകൾ വരികൾ സന്ധ്യയുടെ ഒരു മൂക ദുഃഖം കവിത മനോഹരമായി പകര്ത്തി

    മറുപടിഇല്ലാതാക്കൂ
  6. കാവില്‍ തിരുനട തീണ്ടിടാന്‍ ,
    ചെമ്പട്ടിന്‍ പുടവയുടുത്തണയുമ്പോള്‍ ,
    കാലില്‍ തിരയാല്‍ തീര്‍ത്ത ചിലമ്പിന്‍
    താലത്താല്‍ ഞാന്‍ എന്നെ മറന്നു ----എന്ത് രസമായിരിക്കും അല്ലെ ഇങ്ങിനെ സ്വയം മറന്നിരിക്കാന്‍ .. നല്ല കവിത പതിവുപോലെ

    മറുപടിഇല്ലാതാക്കൂ
  7. ആഹാ... വരികള്‍ മനോഹരം

    " മാരി വരുംമുന്പേഴുനിറം കൊ-
    ണ്ടഴകായ് മഴവിൽ ചിത്രമൊരുക്കാൻ
    ഛായത്തളികയിൽ തൂലിക മുകരും
    ആദ്യ നിറക്കൂട്ടായ് നീയണയൂ "

    സൂപ്പര്‍ബ്!

    മറുപടിഇല്ലാതാക്കൂ
  8. ഒരു നാലുമണിക്കാറ്റ് എഴുതിയ ആമുഖം പോലെ.

    മറുപടിഇല്ലാതാക്കൂ
  9. അമ്പിളി,
    വിട പറയുന്നതിനു മുന്‍പേയുള്ള സന്ധ്യയുടെ ചിത്രം ഇതിലും മനോഹരമായി മറ്റേതൊരു ചിത്രകാരനും ക്യാന്‍വാസില്‍ പകര്‍ത്താന്‍ കഴിയും എന്ന് തോന്നുന്നില്ല. അത്രയും സുന്ദരമായിരിക്കുന്നു.
    കരിമുകിലുരഗച്ചുംബനമേറ്റെൻ
    പനിമതി തൻ കവിൾ പുല്കിയ നീലം
    തഴുകിയകറ്റാൻ വലതു കരത്തിൽ
    ഗുരുതിയുമായ് നീ വരിക തൃസന്ധ്യേ!

    സന്ധ്യയെ സ്വാഗതം ചെയ്യുന്നതു മുതല്‍ കാവി പൂശിയ വീടും തുളസിത്തറയും ആയി നല്ലൊരു വായന സമ്മാനിച്ചു.

    ജാലകത്തില്‍ അധികം സഞ്ചരിക്കാറില്ലാത്തതിനാല്‍ പുതിയ പോസ്റ്റുകള്‍ അറിയാറില്ല. ഫോളോ ഓപ്ഷന്‍ ഇവിടെ കാണാനുമില്ല.

    മറുപടിഇല്ലാതാക്കൂ
  10. 'കരിമുകിലുരഗച്ചുംബനമേറ്റെൻ
    പനിമതി തൻ കവിൾ പുല്കിയ നീലം
    തഴുകിയകറ്റാൻ വലതു കരത്തിൽ
    ഗുരുതിയുമായ് നീ വരിക തൃസന്ധ്യേ!'

    ഹ..അതിമനോഹരം. ഈ വരികള്‍ എന്‍റെ മനസിലുണ്ടാക്കിയ നിറം മാറ്റം പറയാവതല്ല. നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. മനോഹരമായ വരികള്‍. ഹൃദ്യമായ രചന. അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  12. വളരെ പ്രിയം തോന്നുന്നുണ്ട് ഈ കവിതയോട്

    മറുപടിഇല്ലാതാക്കൂ
  13. വളരെ മനോഹരമായിരിക്കുന്നു,ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

  14. കുട്ടിയവൻ തൊട്ടോടിയൊളിയ്ക്കും
    തട്ടിയെടുക്കും പട്ടത്തിൻ നൂൽ
    പൊട്ടാതങ്ങനെ പാറുമ്പോളാ-
    ക്കണ്ണിൽ മിന്നി മറഞ്ഞകലുന്നു

    ഇത്തിരി പോന്നൊരു മിന്നാമിന്നി
    ചുറ്റുവിളക്ക് കൊളുത്താൻ വന്നു
    പച്ചവെളിച്ച ത്തുണ്ടിനു പകരം
    കുങ്കുമദീപത്തിരി നല്കാമോ?
    ------------------------------------------
    >>>ഇന്നെന്തേ സന്ധ്യേ നിൻ പൊൻ താഴികക്കുടം
    അലയാഴി തൻ മാറിലെറിഞ്ഞു<<<...എന്ന് മറ്റൊരു കവിതയിൽ അമ്പിളി സന്ധ്യയോട് ചോദിക്കുന്നുണ്ട്..ഇവിടെ ബാല്യ ചാപല്യങ്ങളുടെ ഇളം മനസ്സിലേക്ക് തിരിച്ചു വന്നു ഒരിക്കൽ കൂടെ സന്ധ്യയുടെ സൗമ്യ ഭാവം വർണിച്ചപ്പോൾ മനസ്സില്, പിന്നിട്ടൊരു സുവർണ കാലത്തിന്റെ നഷ്ട സ്മൃതി കൂടി തിരിച്ചു തന്നു..ഗൃഹാതുരത ഉണർത്തിയ ഒട്ടേറെ വരികൾകൊണ്ട് സമ്പന്നമായൊരു കാവ്യ ശിൽപം...

    മറുപടിഇല്ലാതാക്കൂ
  15. അവസാന വരികള്‍ ഇഷ്ടമായി . സ്നേഹത്തോടെ പ്രവാഹിനി

    മറുപടിഇല്ലാതാക്കൂ
  16. ന്റെമ്മോ, ഈ കവിതയിൽ ഞെട്ടി ട്ടോ...
    ഭാഷയെ പ്രണയിച്ച് ഇങ്ങനെ ഇത്ര മനോഹരമായി വരികളാക്കി, മനുഷ്യനെ രസിപ്പിക്കാനുള്ള മികവിനെ അംഗീകരിക്കാതെ വയ്യ.. ആശംസകൾ,

    മറുപടിഇല്ലാതാക്കൂ
  17. കവിത ഹൃദ്യമായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  18. സന്ധ്യ എന്നും വേദനയും പ്രണയവും ഒക്കെയാണ്. അതൊരു നഷ്ടപ്പെടലാണ്, തിരിച്ചു വരും എന്നറിയാമെങ്കിലും. തിരിച്ചു വരുന്നത് പക്ഷെ ഈ സന്ധ്യല്ലല്ലോ... രാത്രിയുടെയും പകലിന്റെയും വേഴ്ചയാണ് അത്. ഹൃദ്യമായ ഈ കവിത ഒരുപാട് ചിത്രങ്ങൾ മനസ്സിലേക്ക് കോരിയിട്ടു.. വൈലോപ്പിള്ളിയെ ഓർമ്മപ്പെടുത്തുന്ന ഭാഷ.. വളരെ നന്നായിട്ടുണ്ട് അമ്പിളി..

    മറുപടിഇല്ലാതാക്കൂ
  19. സുന്ദരമായ ഒരു പെയിന്റിംഗ് പോലെ, വിടപറയുന്ന തൃസന്ധ്യയെ വരികളിൽ വരഞ്ഞിട്ടിരിക്കുന്നു.... !

    മറുപടിഇല്ലാതാക്കൂ