ചൊവ്വാഴ്ച

യക്ഷി







ഗോവണിമേലേയാരു പളുങ്കിൻമണികൾ പൊഴിയ്ക്കുന്നു, മെല്ലേ
വീശും കാറ്റിൽ മുറ്റംനിറയെ പൂമണമൊഴുകുന്നു
കാൽപ്പെരുമാറ്റം കാൽത്തള ചാർത്തിച്ചാരേയണയുന്നു, വാതിൽ
താനെതുറന്നുവരുന്നവളാരിത്, എൻപ്രിയസഖിയല്ലോ, അവൾ
എൻപ്രിയസഖിയല്ലോ
മണ്ണിന്മാറിൽ വീണുതളർന്നൊരു പാലപ്പൂ തേങ്ങി, ഇ-
ന്നെന്നെ ചൂടാൻ വരിവണ്ടിൻ നിറമോലും മുടിയെവിടെ
പൂത്തുലയുന്നൊരു പന മുടിയാട്ടിപ്പാടുന്നത്, കേട്ടോ, ചാരെ
നീ അണയാനായ് എന്തേ താമസമോതുക പ്രിയസഖിയേ
ഓതുക പ്രിയസഖിയേ
അന്തിത്തിരിയതു കൽത്തറമേൽ തലതല്ലിമരിയ്ക്കുമ്പോൾ, പൊങ്ങും
ധൂമമിഴഞ്ഞൊരു പാമ്പിൻ പടമായ് കാറ്റോടലിയുമ്പോൾ
കോമരമായ് പട്ടും വളയും കൈത്തണ്ടിൽ പൊൻവാളും, കൊണ്ടാ-
സന്ധ്യ മറഞ്ഞൊരു വഴിയിൽ നിന്നെ നോക്കിയിരുന്നു ഞാൻ, എന്നും
നോക്കിയിരുന്നു ഞാൻ
കുന്നിക്കുരുമണി കാത്തൊരു ചെപ്പിൽ പതിവായ് ഞാൻ പണ്ടേ, എന്നും
തെക്കേമൂലയിൽ നില്ക്കുമിലഞ്ഞിപ്പൂക്കളെയും കാത്തു,
നീയാം മോഹിനിയാളെൻ ചാരെയണയുംനാളരികേ, പുത്തൻ
മാലയൊരെണ്ണം കോർത്തിടവേ കഥ പാടിയിരിയ്ക്കും നാം, പാഴ്-
ക്കനവുകൾ കാണും നാം
ആതിര തൃക്കൈത്താലത്തിൽ വെണ്ചന്ദനമോടെത്തി, പൊൻതിരു-വാഭരണച്ചെല്ലത്തിൽ താരകമാലകൾ കണ്ചിമ്മി
കൊലുസിന്നാകാം വൈഡൂര്യത്തിൻ വെണ്പ്രഭയാവോളം, അതിനായ്
കോലായിൽ കാല്പ്പാദം നീട്ടിയിരുന്നു ഞാൻ തനിയെ, നീയണ-
യൂയെൻ പ്രിയ സഖിയേ
ഉണ്ടൊരു പന പണ്ടേതൊട്ടെൻത്തൊടിയറ്റത്തൊറ്റയ്ക്കായ്, എന്നോ
പണ്ടൊരു മുതുമുത്തഛൻ നട്ടത് നിന്നുടെ വാഴ്ചയ്ക്കായ്
ഇന്നത് പൂങ്കുലയായിരമേന്തിയുലഞ്ഞതു കാഴ്ചയ്ക്കായ്, ഇനി
വന്നു വസിയ്ക്കുക സഖിയേ നീയതിൽ എന്നുടെ കൂട്ടിന്നായ്, എന്നും
എന്നുടെ കൂട്ടിന്നായ്
വാൽക്കണ്ണാടിയെടുത്തതു കനവിൻ മഷി കണ്ണിൽ വരയാൻ, പിന്നെ
വാർമുടി ചീകി വിടർത്തി നടന്നത് നിന്നെപ്പോലാവാൻ,
അന്നനടയ്ക്കരമണിയൊച്ചയ്ക്കായ് പാദസരം തീർത്തു, ഞാനെൻ
പ്രിയ സഖി ചൊല്ലും ഈണങ്ങൾക്കായ് കാൽത്താളം തീർത്തു, നീളെ
കാൽത്താളം തീർത്തു
താമ്പാളത്തിൽ തളിർവെറ്റില ഞാൻ പലകുറി നീർ തൂവി, നിന്നുടെ
വരവും കാത്തൊരു വെള്ളിക്കിണ്ണം നിറയേ നൂറാക്കി
പിച്ചാത്തിപ്പിടി മുറുകേ നല്ലൊരു കമുകിൻ കായയ്ക്കും കിട്ടി
മെത്തയൊരെണ്ണം വെറ്റിലതൻ പൊൻകെട്ടിന്നരികത്തായ്, പൊൻ-
കെട്ടിന്നരികത്തായ്
ഉണ്ടോ പ്രിയ സഖീ ചൊല്ലൂ നീയും എന്നെപ്പോലുള്ളം , നിറയെ
കൊണ്ടു നടപ്പൂ പ്രണയത്തിൻ സുഖനോവിന്നാനന്ദം??
കാതിലവൻ ചൊല്ലും കാര്യങ്ങൾ ആലില മന്ത്രം പോൽ, കാറ്റിൻ
താളത്തോടെവരുന്നത് കേൾക്കാൻ കാതോർത്തീടാൻ വാ, എൻ
കൂടെ കൂടാൻ വാ
പാതിരയേറെപ്പോയി പുള്ളുകൾ പാടിത്തളരാറായ്, കുന്നി-
ന്നക്കരെ പുലരിപ്പെണ്ക്കൊടി സ്വർണ്ണത്താലം നീട്ടാറായ്
കണ്ടില്ലല്ലോ നിന്നേയിനിയും സങ്കടമോടുള്ളം, നിറയെ
കണ്ട കിനാവുകളത്രയുമൊടുവിൽ പാഴായ്പ്പോയെന്നോ, ഒടുവിൽ
പാഴായ്പ്പോയെന്നോ
ആളുകൾ പണ്ട് മൊഴിഞ്ഞു മറന്നൊരു യക്ഷിക്കഥയിൽ നീ, നാരീ
ചേലൊടു ചേലകൾചുറ്റിനടന്നൂ രാവുകളിൽ നീളേ
കണ്ടിട്ടുണ്ടവർ നിന്നുടെ തേറ്റപ്പല്ലും നഖമെല്ലാം, പക്ഷെ
ഹിംസിച്ചീടുകയരുതേ ആരെയുമെൻ പ്രിയസഖി നീയേ
വന്നീടുക സഖി എന്നെങ്കിലുമൊരു രാവിൽ എന്നരികെ
കൊണ്ടേപോകൂ നിന്നുടെ ലോകം പൂകാനായെന്നെ
കൊണ്ടേപോകൂ നിന്നുടെ ലോകം പൂകാനായെന്നെ.

38 അഭിപ്രായങ്ങൾ:

  1. അതിമനോഹരകവിത

    ബ്ലോഗിലെ കവികളൊന്നും കഴിവില്ലാത്തവരാണെന്ന് പരക്കെ ഒരു ആക്ഷേപമുണ്ട്. അവരൊന്നും ഇതുപോലുള്ള കവിതകള്‍ വായിയ്ക്കുന്നില്ലായിരിയ്ക്കും

    മറുപടിഇല്ലാതാക്കൂ
  2. യക്ഷി വായിച്ചാൽ ഉറപ്പായും വരും

    മറുപടിഇല്ലാതാക്കൂ
  3. ഇത്തരം കവിത്വമുള്ള കവിതകൾ കൊണ്ട് സമ്പന്നമാണ് ഈ ബ്ലോഗ്‌.., ലാളിത്യം കൈ വിടാത്ത ശൈലി. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. നിലാവിന്റെ പൂങ്കാവിൽ
    നിശാപുഷ്പഗന്ധം...

    യക്ഷി വരുന്നുണ്ട്.

    വളരെ നല്ലൊരു കവിത. നല്ല പദവിന്യാസങ്ങൾ.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  5. ഈ കവിത ഞാന്‍ പലതവണ വായിച്ചു. കവിതയിലെ പദസമ്മേളനം വളരെ ഇഷ്ടപ്പെട്ടു. ഭാഷയുടെ ലാവണ്യ സൌന്ദര്യം വെളിവാക്കുന്ന വരികള്‍...ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  6. പ്രിയ അജിത്‌,

    സന്തോഷം.ഈ വാക്കുകളിൽ നിറഞ്ഞിരിയ്ക്കുന്നു പ്രോത്സാഹനവും താങ്കളുടെ അനുഗ്രഹവും.

    മറുപടിഇല്ലാതാക്കൂ
  7. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  8. നന്ദി അക്ബർ. അതീവ സന്തോഷമുണ്ട് ഈ അഭിപ്രായം അറിയുമ്പോൾ.

    മറുപടിഇല്ലാതാക്കൂ

  9. യക്ഷിയുടെ വരവോതി കടന്നു പോയ സൌഗന്ധികാരാമത്തിലെ ഒരു പൂവ് ഇതാ എന്റെ പക്കലും ഏൽപ്പിച്ചു പോയല്ലോ... ഇത്തിരി സൌരഭ്യം. ഇതും എനിയ്ക്ക് പ്രിയം. നന്ദി സഖി.

    മറുപടിഇല്ലാതാക്കൂ
  10. ഡിയർ ബൈജു,

    വരട്ടെ യക്ഷി. യക്ഷിയെ കാണണമെന്ന് എത്ര ആഗ്രഹമെന്നോ എനിയ്ക്കുള്ളിൽ.

    സന്തോഷം ഈ സന്ദർശനത്തിന്.

    മറുപടിഇല്ലാതാക്കൂ
  11. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  12. ഡിയർ അരുണ്‍,

    ആദ്യമായാണെന്നു തോന്നുന്നു താങ്കൾ ഇവിടെ. ആദ്യ വരവിൽ ആയിരം പൂക്കൾ പോലെ ചൊരിഞ്ഞ ഈ സ്നേഹ വാക്കുകൾക്കു നന്ദി സുഹൃത്തേ . വരികളിൽ മറഞ്ഞിരിയ്ക്കുന്ന ഈണത്തെ താങ്കളെ പോലെ ചിലർ മനസ്സിലേയ്ക്കെടുത്തു എന്നറിയുന്നത് അതീവ സന്തോഷം തരുന്നു.

    മറുപടിഇല്ലാതാക്കൂ
  13. ബൈജു മാഷ് പറഞ്ഞതു പോലെ യക്ഷിയെങ്ങാനും ഇതു വായിച്ചാല്‍ ഉറപ്പായും ഫ്ലൈറ്റു പിടിച്ച് അങ്ങു പോരും...

    നല്ല താളത്തില്‍ രസമായി വായിച്ചു പോകാനാകുന്ന മനോഹരമായ കവിത...

    മറുപടിഇല്ലാതാക്കൂ
  14. കവിത വളരെ ഇഷ്ടം ആയി..
    മനോഹരം ആയ ശൈലി..
    വായന യക്ഷിയെ സ്നേഹിക്കാൻ
    പ്രേരിപ്പിക്കുന്നു..അത് കവിതയുടെ വിജയം
    ഭഗവാനെ, അത്
    അപകടം ആണല്ലോ...ഗന്ധര്വനെക്കാള്
    കുഴപ്പക്കാർ അല്ലെ ഇവര്?

    എല്ലാം നമ്മുടെ മനസ്സിലെ സങ്കല്പങ്ങൾ അല്ലേ?
    അപ്പൊ ഭയവും ഭക്തിയും എല്ലാം അതിൽ തന്നെ.
    പാമ്പിനെ സ്നേഹിച്ച ഒരു കഥ ഒരിക്കൽ ബ്ലോഗില
    വായിച്ചിരുന്നു...

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  15. നന്ദി കലാവല്ലഭൻ. സന്തോഷം ഈ നല്ല അഭിപ്രായം അറിയുമ്പോൾ.

    മറുപടിഇല്ലാതാക്കൂ
  16. ഡിയർ വിന്സെന്റ്, വളരെ സന്തോഷം. എല്ലാം സങ്കൽപ്പങ്ങൾ ആയിരിയ്ക്കാം. മനസ്സിലെ യക്ഷിസ്നേഹം ചെറുപ്പം മുതലേ ഉണ്ട്. കഥകളിൽ ചൊല്ലി കേട്ട യക്ഷി പരിവേഷങ്ങൾ ഒന്നും അംഗീകരിയ്ക്കാത്ത മനസ്സാണ് അന്നും ഇന്നും എന്റേത്. യക്ഷി കാണാനും, യക്ഷിയെ കാണാനുമായൊക്കെ സന്ധ്യ കഴിഞ്ഞ് വീട്ടുമുറ്റത്ത്‌ എന്റെ കുട്ടിക്കാലത്ത് തലമുടി വിടർത്തി നടക്കും.സന്ധ്യ കഴിഞ്ഞു മുടി അഴിച്ചിടരുതെന്നാണ് മുത്തശ്ശിയുടെ താക്കീത്. ചെയ്യരുതെന്ന് പറഞ്ഞവയൊക്കെ ചെയ്തിട്ടും യക്ഷിയെ കണ്ടില്ല ഞാൻ.
    ഡിഗ്രിയ്ക്ക് പഠിയ്ക്കുന്ന കാലത്ത് എഴുതിയ ഒരു കവിതയാണ് ഇത്. ഇപ്പോളാ ബ്ലോഗ്‌ ചെയ്തത് എന്ന് മാത്രം. നന്ദി ഈ വരവിനും നല്ലവാക്കുകള്ക്കും .

    മറുപടിഇല്ലാതാക്കൂ
  17. ഡിയർ ശ്രീ , വളരെ സന്തോഷം. യക്ഷി ഒന്ന് വരാനാണ് എന്റെ കാത്തിരിപ്പ്‌

    മറുപടിഇല്ലാതാക്കൂ
  18. മനോഹരമായിരിക്കുന്നു ഈ കവിത ... പാതിരയേറെപ്പോയി പുള്ളുകൾ പാടിത്തളരാറായ്, കുന്നി- ന്നക്കരെ പുലരിപ്പെണ്ക്കൊടി സ്വർണ്ണത്താലം നീട്ടാറായ് കണ്ടില്ലല്ലോ നിന്നേയിനിയും സങ്കടമോടുള്ളം, നിറയെ കണ്ട കിനാവുകളത്രയുമൊടുവിൽ പാഴായ് പോയെന്നോ, ഒടുവിൽ പാഴായ് പോയെന്നോ
    ആശംസകള്‍.,വീണ്ടും വരാം ....
    സസ്നേഹം ,
    ആഷിക് തിരൂർ

    മറുപടിഇല്ലാതാക്കൂ
  19. ഒരു നല്ല ബ്ലോഗിലേക്ക് വരാന്‍ ഞാനും വൈകി . ഇനിയൊക്കെ ഒന്ന് വായിച്ചു പോകട്ടെ

    മറുപടിഇല്ലാതാക്കൂ
  20. നോട്ടം ബ്ലോഗ്‌ says:

    ഭാവന വിഹരിക്കുന്ന കവിത. നല്ല ബ്ലോഗ്‌ . ആശംസകള്‍ ..

    മറുപടിഇല്ലാതാക്കൂ

  21. നോട്ടം ബ്ലോഗ്‌ says:

    നല്ല ഭാവന. വീണ്ടും വായിക്കാന്‍ തോന്നുന്ന കവിത. ആശംസകള്‍ .

    മറുപടിഇല്ലാതാക്കൂ
  22. ഈ ബ്ലോഗില്‍ വരാന്‍ ഞാനെന്തേ ഇത്ര വൈകി...

    നല്ല അടക്കവും ഒതുക്കവും താളവും ഉള്ള കവിത..
    മനോഹരം..

    മറുപടിഇല്ലാതാക്കൂ
  23. //അന്തിത്തിരിയതു കൽത്തറമേൽ തലതല്ലി മരിയ്ക്കുമ്പോൾ, പൊങ്ങും
    ധൂമമിഴഞ്ഞൊരു പാമ്പിൻ പടമായ് കാറ്റോടലിയുമ്പോൾ///

    എന്ത് മനോഹരമായ വാക്കുകൾ.. സുന്ദരമായ കവിത..

    മറുപടിഇല്ലാതാക്കൂ
  24. varaan vaikippoyi Ambili... kavithayude dhoopaarchana hrudayathilekedukkunnu.. snehathode.

    മറുപടിഇല്ലാതാക്കൂ
  25. ഡിയർ ആഷിക്, നന്ദി. ഈ ആദ്യ വരവിനും നല്ല വാക്കുകൾക്കും.

    മറുപടിഇല്ലാതാക്കൂ
  26. ഇഷ്ടായിട്ടോ കവിത ...തിരയുടെ ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  27. ആദ്യമായാണ് ഇവിടെ. ആസ്വദിച്ചത് അക്ഷരങ്ങളല്ല; അക്ഷരങ്ങളിലൂടെ തീര്‍ത്ത വിസ്മയങ്ങളാണ്. ആശയ സമ്പുഷ്ടമാണ് വായിച്ച കവിതകളെല്ലാം തന്നെ. യക്ഷിയും നല്ല ഈണത്തില്‍ ചൊല്ലാന്‍ പാകത്തിലുള്ള കവിതയാണ്. അത് സാധ്യമാകുമെന്ന് കരുതുന്നു.
    നല്ല വായനാനുഭവം ലഭിച്ച സന്തോഷത്തോടെ മടങ്ങിപ്പോകുന്നു. വീണ്ടും വരാം. ആശംസകള്‍.. !!

    മറുപടിഇല്ലാതാക്കൂ

  28. ഹൃദ്യമായ അവതരണം
    ഇഷ്ടായി പക്ഷെ
    ഇവിടെ ബ്ലോഗിൽ ചേരാൻ
    ഉള്ള ബട്ടണ്‍ കൂടി പിടിപ്പിക്കുക
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  29. ഓരോ പെണ്ണിലും ഒരു സുന്ദരി യക്ഷിയുണ്ട്......
    നീ കാത്തിരിക്കുന്ന യക്ഷി..നിന്നിലുണ്ട്..
    അല്ല..അതു നീ തന്നെയാണ് :)

    മറുപടിഇല്ലാതാക്കൂ
  30. ഈ കവിത ഞാന്‍ വായിച്ചില്ലായിരുന്നു. ഒന്നിനൊന്ന് ഉയര്‍ന്നു പോകുന്ന മനോഹരമായ അടക്കവും ഒതുക്കവുമുള്ള വരികള്‍. യക്ഷിയെ സുഹൃത്തായി കൂട്ടാന്‍ ഈ കവിത വായിച്ചു കഴിയുമ്പോള്‍ തോന്നുന്നതില്‍ അത്ഭുതമില്ല. പെട്ടെന്ന് തന്നെ കേള്‍ക്കാന്‍ പാകത്തില്‍ പ്രതീക്ഷിക്കുന്നു.
    നന്നായി ഇഷ്ടായി.

    മറുപടിഇല്ലാതാക്കൂ
  31. അതിമനോഹര കവിത, ഭാവനാസാന്ദ്രം, അക്ഷരസുഖം...!!

    മറുപടിഇല്ലാതാക്കൂ
  32. ഇവിടെ ഇങ്ങനെയൊരു യക്ഷി ഉണ്ടായിരുന്നു ലെ..?
    സൂപ്പറായി.....

    മറുപടിഇല്ലാതാക്കൂ
  33. മലയാളത്തിന്റെ കാവ്യഭാവനകളിലും, വാങ്മയങ്ങളിലും വികസിച്ച യക്ഷിസങ്കൽപ്പം അതിമനോഹരമായ ഒരു കാൽപ്പനിക രൂപമാണ്. ഏഴിലം പാലയിൽ എഴുന്നള്ളിയിരിക്കുന്ന യക്ഷി സ്ത്രൈണസൗന്ദര്യത്തിന്റെയും, പ്രണയത്തിന്റേയും, കാമത്തിന്റേയും മൂർത്തിമത് ഭാവമാണ്. ഡ്രാക്കുളയുടേതുപോലുള്ള ചില വൈദേശിക ഇമേജറികൾ ആ സുന്ദരസങ്കൽപ്പത്തിലേക്ക് പിന്നീട് വന്നവർ ലയിപ്പിച്ചപ്പോഴാണ് യക്ഷി ഭീതിയുടെ അടയാളമായത്....

    പറമ്പിന്റെ കോണിൽ ഏതോ മുത്തച്ഛൻ നട്ടു വളർത്തിയ പാലയിൽ കുടിപാർക്കുന്ന യക്ഷിയോട് കവയത്രിയുടെ മനസ്സ് സംവദിക്കുന്നത് അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു.....

    മറുപടിഇല്ലാതാക്കൂ
  34. കവിത വളരെയേറെ ഇഷ്ടപ്പെട്ടു.
    അതിമനോഹരം!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  35. പ്രിയ അമ്പിളി, ഈ ബ്ലോഗിലേക്ക് ആദ്യമായ് ഉള്ള വരവാണ്. പുതിയ ആളായതിനാൽ അധികം ആരെയും അറിയുകയുമില്ല. ഇത്രയും മനോഹരമായി കവിത എഴുതുവാൻ കഴിയുന്നത്‌ ഒരു ദൈവാനുഗ്രഹം തന്നെ. "മുടിയഴിച്ചിട്ട് സന്ധ്യക്ക്‌ നടക്കരുത് , മുടിയഴിച്ചിട്ട് ക്ഷേത്രങ്ങളിൽ കയറരുത് " ഇതൊക്കെ ഞാനും കേട്ടിട്ടുണ്ട്. ഈ നല്ല രചനക്ക് എന്റെ എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  36. പാലപ്പൂമണം ഒഴുകിവരുന്ന നറുനിലാവ് വിരിച്ച ഒരു രാവിൽ തോളോട് തോൾ ചേർന്ന് ഒരാൾ നടക്കുന്നു. ശക്തമായി വീശിയടിച്ച ഒരു കാറ്റ് ചെമ്പരത്തി കാടുകളെ തൊട്ടുണർത്തി. പെട്ടെന്ന് വന്ന തണുപ്പിൽ രോമകൂപങ്ങൾ എഴുന്നേറ്റു നിന്ന്. ചേർന്ന് നടക്കുന്ന ആളെ പെട്ടെന്ന് ചേർത്ത് പിടിച്ചു. പക്ഷെ അവിടെ ആരും ഇല്ലായിരുന്നു.

    വായിക്കുന്നവരിലും കവിത തൊട്ടുണർത്തുന്ന അമ്പിളിയുടെ മാജിക് ഈ കവിതയിൽ ആവോളം ഉണ്ട്.

    മറുപടിഇല്ലാതാക്കൂ