മുത്തശ്ശനെന്നാൽ സ്നേഹം, വാത്സല്യ-
ത്തിൻ നിധി കാക്കുന്ന പുണ്യം
കൊഞ്ചിച്ചിരിച്ചു ഞാൻ ചെല്ലും, തേ-
നുമ്മ തന്നെന്നെ പുണരും.
മുറ്റത്തെയൂഞ്ഞാലിൻ മൗനം, നേർത്ത
പുഞ്ചിരിക്കൈ നീട്ടി മായ്ക്കും
മാമ്പൂമണക്കുന്ന കാറ്റിൻ, ചുരുൾ
കൂന്തൽ വീഴും പാത താണ്ടും
കൈ പിടിച്ചെന്നെ നടത്തും, കുയിൽ
പാട്ടിന്റെയീണങ്ങൾ ചേർന്ന് പാടും
പൊൻവെയിൽ മുത്തുകൾ കോർക്കും, പുൽ-
നാമ്പിന്റെ ദാഹമകറ്റും.
കുന്ന് വിഴുങ്ങിടും സൂര്യൻതന്നുടെ
ഗദ്ഗദങ്ങൾക്കു കാതോർക്കും
പൊട്ടാതൊരു പട്ടനൂലും കൊണ്ട-
ക്കാണും മാനമളക്കും.
തേവർക്കു മുന്നിൽ കൈകൂപ്പും, എൻ
ആയുസ്സിനായ് ജപം ചെയ്യും
കാണാമറയത്ത് നിന്നും മുത്തശ്ശി-
യേകും പ്രസാദങ്ങളൂട്ടും
എൻ ചിരിക്കായ് വിണ്ണിൽ വാഴും, വെണ്-
തിങ്കളെ താഴെയിറക്കും
മുത്തശ്ശനേകിടാമെന്നും, എന്നും
വാനോളമെന്നുടെ സ്നേഹം.
നേരുന്നു എൻ മനമിന്ന്, നൂറാ-
ശംസ തൻ മലർച്ചെണ്ട്
ആയിരം പൂർണ്ണേന്ദു കാണാൻ,എന്റെ
കൂട്ട് കൊതിക്കുന്ന നെഞ്ച്.
മുത്തശ്ശനെന്നാൽ സ്നേഹം, വാത്സല്യ-
ത്തിൻ നിധി കാക്കുന്ന പുണ്യം.