ഞായറാഴ്‌ച

കാലം കവർന്നത്
























നേർത്തലിഞ്ഞൊരു കുങ്കുമ-
ച്ചിമിഴിൽ മറഞ്ഞ സന്ധ്യേ, കനൽ
വീണു പൊള്ളിയ മണ്ണിലെൻ
കനവിൻ നിഴൽ  വിരിയ്ക്കൂ
വിട വാങ്ങും മുൻപെൻ ജാലകത്തിൽ
ഞാൻ മറന്നു വച്ച, മഴ-
നീർമണിക്ക് നീ കൂട് തേടും
ചകോര വർണ്ണമേകൂ

ഓണമായെന്നോതിയകലുമൊ-
രോലവാൽക്കിളിയോ-
ടെന്നുടെ ബാല്യമൊന്നു തിരഞ്ഞിടാ
വ്യഥയോടെ കേണൂ ഞാൻ
ഉത്തരത്തിലെ നെൽക്കതിർക്കുട-
ക്കറ്റയിൽ നിന്നും, ഇത്തിരി
മുത്തടർത്തി ഞാൻ നൽകിടാം
നീയെത്തിടുമെങ്കിൽ


ഉണ്ടൊരോപ്പോളിന്റെ കൈവിരൽ-
ത്തുമ്പുരുമ്മിക്കൊണ്ടന്നൊ-
രുണ്ണിയാൾ പൂ നുള്ളുവാനായീ 
തൊടി നീളെ
 പിഞ്ചുകാൽ വച്ചോടിയന്നെ-
ന്നങ്കണം നീളെ, തുമ്പ-
പ്പൂ  നിറഞ്ഞ കളം വരഞ്ഞതു-
മോർത്തു നിന്നൂ ഞാൻ
















കണ്ടിടാത്തൊരു നാടു തേടി- 
പ്പായും മാനത്തെ, നീയി-
ന്നെന്തിനെന്നുടെ പുസ്തകത്തിൻ 
താളുകൾ കാട്ടി 
അന്നെൻ പീലി പെറ്റൊരു പൈതലെ
കാണാതെ തേങ്ങുമ്പോൾ, പുല്കാ-
നോടിവന്നതുമുമ്മ തന്നതു-
മോർത്തിടുന്നു ഞാൻ 

കുഞ്ഞു പ്ലാവില കോർത്തിണക്കിയ
തൊപ്പി നീ ചൂടിക്കൊണ്ടൊരു
കൊമ്പൻ മീശ വരച്ചിടാനെൻ
കണ്മഷി തേടി
കാൽക്കുളമ്പടികൾ മടിച്ചെ-
ന്നാല പൂകുമ്പോൾ, അന്ന്  
നീ മുകർന്നു മിടിച്ചൊരെൻ പു -
ല്ലാങ്കുഴൽ പാടി





പുഞ്ചിരിയിലൊളിഞ്ഞിരിപ്പത്  
വെണ്മഴുവെന്നും,ഹൃദയ-
ത്തോപ്പിനെയാകെ കവർന്നെങ്ങോ
മറഞ്ഞെന്നും      ‍
കണ്ടിരുന്ന കിനാക്കാളെന്നുടെ
കയ്യുകൾ നീളെ, ചില്ലിൻ
കൈവളകൾ ചിരിച്ചുടഞ്ഞു
മൊഴിഞ്ഞു കൌമാരം




പണ്ടൊരോണത്തിന്നു ചേലിൽ
പൊൻഞൊറിയോടെന്നമ്മ 
മെയ്യിൽ ചാർത്തി തന്ന  ധാവണി-
യെന്നും കാത്തു ഞാൻ 
 പാതി പാടിയവൻ പകർന്നൊരു
പാട്ടിനീരടികൾ, ഇന്നെൻ
കാതിൽ പൊന്മുളയൂതി വന്നൊരു
കാറ്റ് പാടുന്നു





അമ്പിളിക്കല തൻ നഖക്ഷത- 
നൊമ്പരം കൊണ്ടാ, കാർമുകിൽ
പെയ്ത മാരിയിൽ നിന്നുതിർന്നു
പ്രാണസംഗീതം
അത് കൊണ്ട്പോയി, കുഞ്ഞിക്കൈ-
തുഴയാതെ വിട്ടോരാ
കടലാസ്സു തോണികൾ നെഞ്ചിലേറ്റിയ 
കുങ്കുമപ്പൂക്കൾ  
 






പെറ്റു പെരുകിയ വാർഷിക വലയ-
ച്ചെളിപ്പുറ്റിൽ, എൻറെ
സ്വത്തിലെ ,മാണിക്യമാരോ
കട്ടു സൂക്ഷിച്ചു
പുറ്റ് കാക്കും നാഗമേ നീ  
വിട്ടു തന്നാലും, എൻറെ-
കുട്ടിക്കാലത്തിന്റെ മാറ്റത് 
തൊട്ടു മായ്ക്കാതെ
എൻറെ കുട്ടിക്കാലത്തിന്റെ മാറ്റത് 
തൊട്ടു മായ്ക്കാതെ    


11 അഭിപ്രായങ്ങൾ:

  1. മാറ്റ് ഏറിയ കുട്ടിക്കാലം! തിരിഞ്ഞുനോക്കുമ്പോള്‍ സങ്കടങ്ങള്‍ പോലും സന്തോഷാനുഭവങ്ങളായി രൂപാന്തരപ്പെടുന്നു

    മറുപടിഇല്ലാതാക്കൂ
  2. എന്നും കൊതിപ്പിക്കുന്ന ബാല്യം...!!!

    മറുപടിഇല്ലാതാക്കൂ
  3. പുതിയ കാലത്തെ കവികൾക്കിടയിൽ നിന്ന് അന്യം വന്നുകൊണ്ടിരിക്കുന്ന കാവ്യഭാഷയെ പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമത്തെ അഭിനന്ദിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  4. മനോഹരമായ ഭൂതകാലത്തിന്റെ മനോഹരമായ ആവിഷ്കാരം..

    മറുപടിഇല്ലാതാക്കൂ
  5. ഒരോ സ്പർശനവും മാറ്റുകൂട്ടുകയേ ഉള്ളൂ ,,,കാലത്തിന്റെ ക്ലായ് വ്

    മായ്ക്കുന്നുണ്ട് കവിത

    മറുപടിഇല്ലാതാക്കൂ
  6. വികാരങ്ങളെ, ചിന്താ ശകലങ്ങളെ ക്രമമായി ചിട്ടയായി അടുക്കാൻ കഴിഞ്ഞോ എന്നൊരു സംശയം. അത് കൊണ്ട് ആയിരിയ്ക്കും മനസ്സിൽ അത്ര കണ്ട് കയറാത്തത്.കവിത ഗദ്യത്തിലേയ്ക്ക് കൂടുതൽ അടുത്തത്തിന്റെയും ഒരു ചെറിയ അഭംഗി തോന്നി. കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
  7. കവിത ഇഷ്ടപ്പെട്ടു.
    നന്നായിരിക്കുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  8. ലളിതമായ ഭാഷയിൽ ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന കവിത......
    മാറ്റ് കുറയാതെ കുട്ടിക്കാലം തിരിച്ച് കിട്ടാന്‍
    ആഗ്രഹിക്കാത്തവര്‍ കുറയും
    ഇനിയൊരിക്കലും വാരാത്ത നാളുകളുടെ സൗരഭ്യം മാത്രം ഓര്‍ത്തു വയ്ക്കാം
    നന്നായി എഴുതി ..... ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  9. കുഞ്ഞു പ്ലാവില കോർത്തിണക്കിയ
    തൊപ്പി നീ ചൂടിക്കൊണ്ടൊരു
    കൊമ്പൻ മീശ വരച്ചിടാനെൻ
    കണ്മഷി തേടി
    കാൽക്കുളമ്പടികൾ മടിച്ചെ-
    ന്നാല പൂകുമ്പോൾ, അന്ന്
    നീ മുകർന്നു മിടിച്ചൊരെൻ പു -
    ല്ലാങ്കുഴൽ പാടി

    കുട്ടിക്കാലം

    മറുപടിഇല്ലാതാക്കൂ