ബുധനാഴ്‌ച

നിദ്ര







ഉണ്ണി തന്‍ നിദ്രയ്ക്കു നീല വര്‍ണ്ണം, ചുരുൾ
കൂന്തലിൽ പീലിയോലുന്ന വര്‍ണ്ണം
അമ്മതന്‍ കണ്ണിൽ വരഞ്ഞ ചന്തം, മുകിൽ
പക്ഷി തന്‍ തൂവൽ വിടര്‍ന്ന ചന്തം.

ഉണ്ണിക്കിനാവുകൾ മിന്നി മിന്നി തെളി-
ഞ്ഞുണ്മയോലും താരകങ്ങളായി
പിഞ്ചുകൈ നീട്ടിയെന്നുണ്ണി ചെല്ലേ , മിന്നാ-
മിന്നിയായ് ദൂരെ പറന്നു പോയി

ഉണ്ണി പടിക്കെട്ട് നീന്തി കടന്നതാ,
ഉമ്മറത്തൂണിൽ പിടിച്ചു നില്‍ക്കെ
പൂക്കളിൽ തേനുണ്ട കുഞ്ഞു പൂമ്പാറ്റയെ
നോക്കിയോ നിദ്രയിൽ നീ ചിരിച്ചു

പാല്‍മണൽ നീളെ നീ പാദം പെറുക്കി വ-
ച്ചോടി നടന്നതു കണ്ടു നില്‍ക്കേ
ചാരെയണഞ്ഞമ്മ കാല്‍ത്തള ചാര്‍ത്തിയ
പാദത്തെ കണ്ണോടു ചേർത്തു വച്ചു

അമ്മ തന്‍ കൈവിരൽ തുമ്പിലൂടക്ഷര-
കൂട്ടുകൾ ചാലിച്ചു നിൻ ചിരിയെ
പുസ്തകത്താളിലും ഉൾത്തകിടൊന്നിലും
എത്രയോ കാവ്യങ്ങൾ തീര്‍ത്തു വച്ചു

അമ്മയല്ലോ എന്നും കൂട്ടിരുന്നു, കുഞ്ഞു-
പഞ്ഞി തലയിണ പിന്നെയല്ലോ
മുത്തി വന്നക്കൈ പിടിച്ചിടുമ്പോൾ, തേങ്ങും-
മുത്തിനെ മാറോടു ചേര്‍ത്തതല്ലോ

നോക്കിയിരിക്കരുതെന്നു ചൊല്ലി, നിദ്ര-
പൂകുകിൽ ഉണ്ണി ഹാ! എന്തു ചേലു്
കണ്ണിമ ചേരാതെ നോക്കിടുവാനെന്റെ-
ഉള്ളം കൊതിപ്പപരാധമാണോ ?

26 അഭിപ്രായങ്ങൾ:

  1. കുഞ്ഞിന്റെ ഉറങ്ങുന്ന മുഖവും കുഞ്ഞിക്കനവുള്ള മനസ്സും വരികളാക്കിയിരിയ്ക്കുന്നു. പണ്ടെന്നോ എന്റെ മകൾ ഉറങ്ങുമ്പോൾ എഴുതിയ പഴയ ഒരു കവിത.

    മറുപടിഇല്ലാതാക്കൂ
  2. കുഞ്ഞിളം കവിത മനോഹരമായി..! ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  3. നന്ദി അനിൽ... ആദ്യ അഭിപ്രായത്തിനും സൌഹൃദത്തിനും.

    മറുപടിഇല്ലാതാക്കൂ
  4. മനസ്സിൻ മടിയിലെ മാന്തളിരിൽ,
    മയങ്ങൂ മണിക്കുരുന്നേ...
    കനവായ് മിഴികളെത്തഴുകാം ഞാൻ,
    ഉറങ്ങൂ.. നീയുറങ്ങൂ...


    മാതൃവാത്സല്യത്തിന്റെ നന്മകളെല്ലാം ആവാഹിച്ച നല്ലൊരു കവിത.


    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
  5. പാല്‍മണൽ നീളെ നീ പാദം പെറുക്കി വ-
    ച്ചോടി നടന്നതു കണ്ടു നില്‍ക്കേ
    ചാരെയണഞ്ഞമ്മ കാല്‍ത്തള ചാര്‍ത്തിയ
    പാദത്തെ കണ്ണോടു ചേർത്തു വച്ചു വായിച്ചപ്പോൾ കുഞ്ഞായി പോയി പഞ്ഞി തലയിണ എല്ലായിടവും എന്ത് മാർദ്ദവം ഓരോ വാക്കിലും വരികളിലും ഒത്തിരി ഇഷ്ടം

    മറുപടിഇല്ലാതാക്കൂ
  6. സ്നേഹസാഗരം പോലെ അമ്മക്കവിത!!!!
    ഇഷ്ടത്തോടിഷ്ടം!!!!

    മറുപടിഇല്ലാതാക്കൂ
  7. സ്വന്തം മകള്‍ക്ക് വേണ്ടി എഴുതിയത് കൊണ്ടാവും നല്ല ഫീല്‍ തോന്നുന്നു , ഇഷ്ടമായി

    മറുപടിഇല്ലാതാക്കൂ
  8. സൌഗന്ധികം പതിവായി എന്റെ കവിതകളെ സുഗന്ധത്താൽ പുല്കുന്നു. സന്തോഷം സഖീ.

    മറുപടിഇല്ലാതാക്കൂ
  9. പ്രിയ ബൈജു, ഇതിലെ വരികളോടുംവാക്കുകളോടുംബൈജുവിനുള്ള ഇഷ്ട്ടം അമ്മയുടെ സ്നേഹവായ്പ്പുകൾ ആവോളം അറിഞ്ഞുള്ള ഹൃദയത്തിൽ നിന്നുമാണെന്ന് ഞാൻ തിരിച്ചറിയുന്നു. വളരെ വളരെ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  10. പ്രിയ അജിത്‌, പതിവ് പോലെ എന്റെ കവിതയ്ക്ക് തരുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എന്നും നന്ദി. സ്നേഹം. സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  11. ഈ വരികളിൽ വഴിയുന്ന അമ്മയുടെ സ്നേഹം ഉള്ളിൽ കൊണ്ടു എന്ന് പറയുന്ന ഫൈസലിന്റെ നല്ലവാക്കുകൾക്കും പ്രോത്സാഹനത്തിനും സൌഹൃദത്തിനും നന്ദി . ഒരുപാടു സന്തോഷം.

    മറുപടിഇല്ലാതാക്കൂ
  12. ഉണ്ണിക്കിനാവുകൾ മിന്നി മിന്നി തെളി-
    ഞ്ഞുണ്മയോലും താരകങ്ങളായി
    പിഞ്ചുകൈ നീട്ടിയെന്നുണ്ണി ചെല്ലേ , മിന്നാ-
    മിന്നിയായ് ദൂരെ പറന്നു പോയി

    മറുപടിഇല്ലാതാക്കൂ
  13. അക്ബർ എടുത്തെഴുതിയ വരികളിൽ അമ്മ കാണുന്നതു ഉണ്ണി നിദ്രയിൽ കാണുന്ന കാഴ്ചയാണ്. താരങ്ങളെയും അമ്പിളിമാമനെയുമെല്ലാം കയ്യെത്തും ദൂരെ കാണുന്ന കുഞ്ഞു, ഓടിയെത്തുമ്പോളേയ്ക്കും താരങ്ങൾ മിന്നമിന്നികളായി പറന്നകലുന്നു, ആ സങ്കടത്തിൽ ഉണ്ണി നിദ്രയിൽ വിതുമ്പുന്നു. സന്തോഷം ഈ വരവിനും പ്രോത്സാഹനത്തിനും.

    മറുപടിഇല്ലാതാക്കൂ
  14. മാതൃവാത്സല്യം നിറഞ്ഞു നില്‍ക്കുന്നു...മനോഹരം... :-)

    മറുപടിഇല്ലാതാക്കൂ
  15. സന്തോഷം സംഗീത്. ഇവിടേയ്ക്കുള്ള ആദ്യ വരവിനും ഈ നല്ല അഭിപ്രായത്തിനും.

    മറുപടിഇല്ലാതാക്കൂ
  16. നോക്കിയിരിക്കരുതെന്നു ചൊല്ലി, നിദ്ര-
    പൂകുകിൽ ഉണ്ണി ഹാ! എന്തു ചേലു്
    കണ്ണിമ ചേരാതെ നോക്കിടുവാനെന്റെ-
    ഉള്ളം കൊതിപ്പപരാധമാണോ ?

    മയില്‍‌പ്പീലി കണ്ണനോടു ചേര്‍ന്നു നില്‍ക്കുന്ന സ്നേഹമധുരം.
    ഞാനെന്തേ ഇതെല്ലാം കാണാതെ പോകുന്നു എന്നാലോചിക്കയായിരുന്നു.

    മറുപടിഇല്ലാതാക്കൂ

  17. പ്രിയ റാംജി, എത്ര സന്തോഷം നല്കുന്നു ഈ വാക്കുകൾ... നന്ദി ഈ പ്രോത്സാഹനത്തിന്.

    മറുപടിഇല്ലാതാക്കൂ
  18. വാത്സല്യം തുടിച്ചുനില്‍ക്കുന്ന വരികള്‍
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  19. മനോഹരമായ ഒരു കവിത. ഉണ്ണി ഉമ്മറ ത്തൂണിൽ പിടിച്ചു നിൽക്കേ ആരാണ് നിദ്രയിൽ ചിരിച്ചത്? അമ്മയോ? മുത്തി വന്നു കൈ പിടിച്ചപ്പോൾ തേങ്ങിയത് എന്തിനെന്നു മനസ്സിലായില്ല. അത് പോലെ ഉള്ളം കൊതിപ്പത് എന്താണ് അപരാധം?

    കവിത നന്നായി.അമ്മയുടെ സ്നേഹ വാത്സല്യവും കുഞ്ഞിൻറെ നിഷ്കളങ്കതയും നന്നായി വരച്ചിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  20. മിന്നി മിന്നി തെളിയുന്ന വാത്സല്ല്യങ്ങൾ...

    മറുപടിഇല്ലാതാക്കൂ
  21. സ്നേഹരശ്മികൾ പകർന്നു തുടിക്കുന്ന വരികൾ.

    മറുപടിഇല്ലാതാക്കൂ
  22. ഇവിടൊന്നുമില്ലേ? :)

    പുതുവത്സരാശംസകള്‍!

    മറുപടിഇല്ലാതാക്കൂ
  23. ഞാനിത്‌ കാണാതെ പോയി. ഇനിയും വരാം.

    മറുപടിഇല്ലാതാക്കൂ
  24. അമ്മ വാത്സല്ല്യം തുളുമ്പുന്ന വരികൾ

    മറുപടിഇല്ലാതാക്കൂ
  25. കവിത നന്നായിട്ടുണ്ട്

    മറുപടിഇല്ലാതാക്കൂ
  26. ബ്ലോഗുകളിൽ സർഗാത്മകത പൂത്തുലഞ്ഞ ആ നല്ല നാളുകൾ ഓർക്കുന്നു...

    മറുപടിഇല്ലാതാക്കൂ