പണ്ടങ്ങളേറെയണിഞ്ഞുകൊണ്ടുമ്മറമുറ്റത്തു കൊന്നയൊരുങ്ങിനിൽപ്പൂ !
നിത്യം മിഴിക്കേകിടുന്നു കണി! വിഷുവെത്താൻ ദിനങ്ങളുണ്ടേറെ ബാക്കി!
ചപ്പിലയ്ക്കും സ്വരസിദ്ധിയേകി, മതിൽക്കെട്ടുകടന്നെത്തിടുന്ന കാറ്റിൻ-
സ്പർശനത്താൽ കുളിർകോരിനിൽക്കും സ്വർണ്ണവർണ്ണാംഗിയാമൊരു കന്യയെപ്പോൽ!
നീലക്കുടനീർത്തി മേലെ വിണ്ണും, നല്ല പീതാംബരംചാർത്തി താഴെ മണ്ണും;
നോക്കിനിൽപ്പൂ തമ്മിലാർക്കിന്നുചേലേറെ?!യെന്നമട്ടിൽ മത്സരിച്ചിടുംപോൽ!
വാസനയ്ക്കല്ല! പൂന്തേനിനല്ല! വലംവച്ചിടുന്നുന്മത്തരായളികൾ!
വിസ്മയംപൂണ്ടുള്ളോരെൻചിന്തയിൽ കടുംകെട്ടിടുന്നു മലർക്കിങ്ങിണികൾ!
അമ്മയില്ല കണിവച്ചൊരുക്കാൻ! മലർകണ്ണുപൊത്താൻ! കണ്ണനെക്കാട്ടിടാൻ!
നൽകുകില്ലൊറ്റ നാണ്യനിധിക്കൈനീട്ട,മില്ലിനിയുമ്മയും പൂങ്കവിളിൽ!
നൊമ്പരംനൽകിടും നേരിനെ ബന്ധനംചെയ്തു താണ്ടുന്നൊരാദൂരങ്ങളിൽ;
പോയകാലസ്മൃതിപ്പാതയിൽ ശീതളഛായതീർക്കുന്നുവെൻവേനലുകൾ!
മുറ്റത്തുനിന്നുംപകർത്തിവച്ച വേനൽചിത്രത്തിലുണ്ടു് തേൻമാവൊരെണ്ണം!
ചാഞ്ഞൊരുചില്ലയിലൂയലും തേനൂറുംമാമ്പഴമുണ്ണുമൊരണ്ണാറനും!
കുഞ്ഞിക്കിളിക്കൂടുമുണ്ടതി,ലമ്മയെകാത്തു കുഞ്ഞുങ്ങൾ മൂന്നെണ്ണമുണ്ടേൻ!
ബന്ധുവല്ലെങ്കിലും പുൽകിടുന്നുണ്ടിത്തിക്കണ്ണിയും മുല്ലച്ചെടിപ്പടർപ്പും!
സന്ധ്യപോൽചാരുവർണ്ണദ്വയസഞ്ചിതമെയ്യഴകുള്ള ചകോരങ്ങളും;
സൗഹൃദം പങ്കിടും കാക്കയും മൈനയുമോലവാലൻകിളിപ്പറ്റങ്ങളും ;
പൊന്മയും കൊറ്റിയും മത്സരിക്കാൻ ചെറുമീനുകളെപ്പോറ്റും പൊയ്കതന്നിൽ;
പായൽപ്പുതപ്പിന്നടിയിലെൻസ്വപ്‌നങ്ങൾ കോറിയിട്ട നീർഫലകമുണ്ടു്!
ഉച്ചമയക്കത്തിൽ ജാലകത്തിൽ നിത്യം മുട്ടുന്നയൽപ്പക്കസൗഹൃദങ്ങൾ!
പുത്തനോലക്കെട്ടുചൂലുകളായ് പരിവർത്തനംചെയ്യുമിടവേളകൾ!
പച്ചനിറപ്പേടകത്തിലെ പൊൻപണച്ചക്കചുളകളും ചായയോടു-
മൊപ്പമൊന്നിച്ചുകൂടുന്നകുടുംബത്തിൻ,ഹർഷസമൃദ്ധസായന്തങ്ങൾ!
കൊയ്ത്തുകഴിഞ്ഞപാടത്തിലിട്ട,വിത്തുപൊട്ടിമുളച്ചലതാഗൃഹത്തിൽ;
കൊച്ചുസൂര്യന്മാരനേകമുദിച്ചപോൽനിൽക്കുന്ന വെള്ളരിക്കാഫലങ്ങൾ!
നീർതൂവിടാനായൊരുങ്ങുന്ന വേനൽമഴക്കാർമുകിൽ വകഞ്ഞെത്തുന്നതാം-
സന്ധ്യ,പുതപ്പിച്ചിടുന്നരുണാംബരശ്രീയിൽമുങ്ങുന്നു ഞാനും തൊടിയും!
ഉത്സവത്തിൻമേളമോടെയെത്തും തേവരാനപ്പുറത്തെഴുന്നെള്ളി വീട്ടിൻ-
വാതിൽക്കൽ കോലവും ,ദീപവും, നെൽപ്പറനേദ്യവുമാമോദം സ്വീകരിക്കാൻ!
സ്വർണ്ണത്തിടമ്പേറ്റിനിൽക്കുംഗജവീരനേകാൻ ഗുളവും പനംപട്ടയു-
മാറാട്ടുതീർന്നുമടങ്ങുംവഴിക്കൊരുനോക്കുകാണാൻ കാത്തുവച്ചിടും ഞാൻ!
പൂരംകഴിഞ്ഞു പൊടുന്നനെ വാദ്യവും ദീപമണഞ്ഞിരുൾമൗനമേറും-
വീഥിയിലേകപഥികയാമെൻമർത്യജന്മോൽത്സവത്തിൻ കൊടിയിറക്കം!
നീളുകയാണെന്റെ പാതയുമേറിവരികയല്ലോ!?തമസ്സും ക്ഷണത്തിൽ -
കണ്ടുവെൺചന്ദ്രനൊന്നെൻവിഷാദദ്ധ്വാന്തദീപികയായിസ്ഫുരിപ്പൂവിണ്ണിൽ !
---------------------------------------------------------------------------------------------------------------------------
Photo Courtesy: Own Click
അമ്പിളി. കെ.