ചൊവ്വാഴ്ച

സ്വപ്നം
നിന്‍ നിദ്രയില്‍ സ്വപ്നമായ് വന്നിടും ഞാനെങ്കില്‍


കൊഞ്ചും കൊലുസ്സേ മൊഴി മറക്കൂ

എന്നരിയ പൂഞ്ചേലത്തുമ്പടിയവേ പൂമുഖ-

നിലമേ നീ കോരിത്തരിച്ചു നില്ക്കൂ
ഇനിയുമൊരു കരിയില പറത്തിടാതെ എൻ

തൊടിയിലെ കാറ്റേ ഈ വഴി മറക്കൂ

ഇനിയെന്റെ വാക്കുകള്‍ ഓർത്തിടാതെ, ഈ

വഴിയെ നീ വരികിലോ വിശറിയാകൂ
പ്രിയനരികിലായ് നില്ക്കുമ്പോള്‍ അളകങ്ങളില്‍, അണി -

വിരലാലെ കവിതകള്‍ നീയെഴുതൂ

എങ്ങു നിന്നോ നീ എങ്ങു നിന്നോ ഇങ്ങു


പോരവേ മാദക ഗന്ധമാകൂ
ഇനി വരില്ലെന്നു മൊഴിഞ്ഞകലുന്ന തൃ-

സന്ധ്യയാവാന്‍ തോഴാ കൂട്ടിരിയ്ക്കൂ

ഒരു കുങ്കുമപ്പട്ട് നൂലില് വേർപിരിയാതെന്

മേനിയ്ക്ക് സിന്ദൂര വര്ണ്ണമേകൂ
ഇനിയുമൊരു തിര വന്നു മായ്ച്ചിടും മുന്പെയെന്‍

കാലടിപ്പാടുകൾക്കൊപ്പമാകൂ


ചക്രവാകപ്പക്ഷി കേണകലുന്നൊരാ


ദിക്കിലേയ്ക്കെന്നെ നീ കൊണ്ടു പോകൂ


ഒരു ചേമ്പിലക്കുട കീഴിലെ നിഴലിലെന്‍

മെയ്യോടു ചേർന്നു നീ കവിത പാടൂ

ഹർഷ സംഗീത സമ്മോഹന മാരിയില്‍

ഒടുവിലെ തുള്ളിയ്ക്കും താപമമേകൂ
ഒടുവില്‍ നനഞ്ഞു നാമിരുപേരും നില്ക്കവേ

കടമായി കാറ്റിനാ കുടയെ നല്കൂ

ഒരു ദീർഘ മൌനത്തിനുള്ളിന്റെയുള്ളില്‍ നീ

എന്നെ പുണർന്നു സ്വയം മറക്കൂ


പിന്നെയാ ഇടവഴി നീളെ നീർച്ചാലതില്‍

തുള്ളിക്കളിയ്ക്കുമെന്‍ ബാല്യമാകൂ

കാറ്റലയില്‍, ഒഴുക്കില്‍ ഞാനന്ന് കൈവിട്ടൊരു


കടലാസ്സ് തോണിയെ കടവിലാക്കൂ
വേലിയിറമ്പില്‍ മുൾ ചൂടുന്ന പൊന്തയില്‍

ഹാസം വിടര്ത്തിടും മുല്ലയാവൂ

കോതി പിണഞ്ഞൊരെന്‍ വേണിയില്‍, നീ

അത് തൂകും സുഗന്ധ കൌമാരമാകൂ
എന്നില്‍ തിളയ്ക്കുമാ യൌവ്വനച്ചൂടില്‍ നീ


തീര്ത്ഥമാടും മഞ്ഞു ഹാരമാകൂ


എന്നുമെന്‍ വാല്ക്കണ്ണില്‍ പീലിയിടയുന്ന

താളത്തില്‍ ആടുന്ന സ്വപ്നമാകൂനീളുന്ന യാത്രയില്‍ തളരുമെന്‍ മേനിയെ

നിന്റെ തോളോടൊന്നു ചേർത്തു നിർത്തൂ

രുദ്രാക്ഷ മണികളിൽ സ്പന്ദിയ്ക്കുമെന്നുടെ

ഹൃദയത്തില്‍ ജപ മന്ത്ര പുണ്യമാകൂ , നീ

എന് ഹൃദയത്തില് ജപ മന്ത്ര പുണ്യമാകൂ ...