വ്യാഴാഴ്‌ച

പിൻ നടത്തം
നിൻ കവിൾ ചോപ്പിത്ര പോരാഞ്ഞോ സന്ധ്യേയെൻ
മഞ്ചാടി മണി നീ  കവർന്നെടുത്തു
നിഴലിൻ മഷിക്കൂട്ട് പടരും നിലാവിന്ന് 
തിരി നീട്ടിടാൻ കാത്തു നിന്നിടാതെ
ഓർക്കാനിടം കൊടുക്കാതെന്റെ ചിന്താ-
ഘനം പെയ്ത് തോർന്ന വഴി കടന്ന്   
മുഗ്ദ്ധ നീ പൊന്നുഷസ്സന്ധ്യേയകന്നുവോ
ഒരു പിൻവിളിയ്ക്കായി നിന്നിടാതെ  


കെട്ടഴിഞ്ഞോടുവാൻ വെമ്പിടും പൈക്കിടാ-
മുത്തിന്നു പൈമ്പാലമൃതേകുവാൻ
അന്തിയ്ക്കു മേച്ചിൽപ്പുറത്തു നിന്നെന്നുടെ
നന്ദിനി വൈകാതണഞ്ഞുവെങ്കിൽ
കൂട്ടിലുണ്ടോ കേഴും കുഞ്ഞൊരെണ്ണം ചൊല്ലൂ
കൂട് തേടി പോകും പക്ഷീ
കൊക്കിലൊതുക്കും കനിയിലെ തേൻകണം
വറ്റിടും മുൻപേ നീ ചെല്ലൂ.        


കഞ്ഞിയും കറ്റയും ബാക്കി വച്ചല്ലയോ
നന്ദിനി പയ്യെങ്ങോ പോയി
അമ്മയെ വേർപെട്ട പൈക്കിടാ മുത്തിനെ
കണ്ടില്ലൊരു നോക്ക് ഞാനും 
ഇന്നില്ല കാണുവാൻ ബാക്കിയായിമണ്ണിൽ
കാലിക്കുളമ്പടി ചിത്രം
ഓർത്തെടുക്കാനെനിയ്ക്കാവാതെ നില്ക്കവേ 
കേൾക്കുമോ പൊന്മണി നാദം

മുറ്റത്ത്‌ കാത്തെന്നെ നിൽപ്പുണ്ട് തേന്മാവിൻ
ചില്ലമേലാടുന്ന പൂങ്കുലകൾ
രണ്ടുമൂന്നെണ്ണി ഞാൻ നാൾ തീർക്കവേ കാണാം
കണ്ണിമാങ്ങച്ചുണച്ചുണ്ടുകളെ
മൂന്ന് വിരൽ ചേർത്തെടുത്തോരു ഭസ്മത്തിൻ
കൂട്ടു വരഞ്ഞോരു മേനി
കാട്ടും മിടുക്കോടെ പൂവാലനണ്ണാറ-
ക്കണ്ണനോടും തൊടിയുണ്ടേ

കൽപ്പടവേറിയാൽ ഈറൻ മതിൽക്കെട്ടിൽ
സുസ്മിതം തൂകുമാ പുല്ലിൽ
രണ്ടെടുത്തൊന്നിനെ രാമാനാക്കീടണം
മറ്റേതു രാവണനാകും
ഇല്ലയീ യുദ്ധക്കളത്തിൽ വിജയമാ-
രാമന് തോൽവികൾ മാത്രം
സീതയെ കൈവിട്ട രാമരാജ്യത്തിനി
വേണ്ട ജയഭേരിയെങ്ങും

അക്ഷരം കൊത്തിയ കല്ലുപാളിനോവും
നെഞ്ചോടു ചേർത്ത് പടി കയറി
അങ്കണത്തിൻ നടുക്കന്നാദ്യമായ്  പൂത്തു-
ലഞ്ഞോരു ചെന്തളിർ വാക തേടി
ഒട്ടുനേരം ഇടനാഴിയിൽ നിൽക്കവേ
തൊട്ടു വിളിയ്ക്കുന്നോരോർമ്മകളിൽ
കണ്ടുനിന്നീടണം അന്നീ തെളിവാനിൽ
വിട്ടു ഞാൻ പോന്നോരു പക്ഷികളെ

അകലുന്നൊരോണവും അറിയാതെ പ്രണയവും
വിടയോതിടാൻ കാത്തു നിൽക്കേ
ഒറ്റക്കൊലുസ്സിൻ ചിരി മടുത്തിന്നെന്റെ
മറ്റേ കൊലുസ്സ് ഞാൻ തേടിടുന്നു
ഋതുവിൻ നിറച്ചാർത്ത് നിറയും വഴിയിത്
ഇനിബാക്കി കൂടി നടന്നു തീർക്കാൻ
ഇനി വരില്ലേ സ്നേഹമമൃതമായൂട്ടിയൊ-
രിരുകൈകളിൽ ചേർത്തു പുൽകിടുവാൻ 

11 അഭിപ്രായങ്ങൾ:

 1. ഒരവധിക്കാലം കൂടി കൽപ്പിച്ച് തന്ന് പ്രവാസം പുഞ്ചിരിയ്ക്കുന്നു.ഓരോ അവധിക്കാലവും പിന്നിട്ട വഴിയിലേയ്ക്കുള്ള യാത്രയാണ് എനിയ്ക്ക് .കൈവെള്ളയിൽ വീഴുവാൻ കാത്തിരിയ്ക്കുന്ന നഷ്ടങ്ങൾക്കുമപ്പുറം എനിയ്ക്കായി ഇത്തിരി സന്തോഷങ്ങൾ വീണുകിടക്കുന്ന വഴിയിലേയ്ക്കുള്ള നടത്തം. ഓർമ്മകളുടെ മഞ്ചാടി വിതറിയ വഴിയിലൂടെയുള്ള പിൻ നടത്തം. പോയി വരാം കൂട്ടുകാരേ.

  മറുപടിഇല്ലാതാക്കൂ
 2. ഗൃഹാതുരതയുടെ നാടന്‍ കാഴ്ച്ചകളാണല്ലോ കവിതയിലെ വരികളാകെ!!

  മനോഹരം തന്നെ

  മറുപടിഇല്ലാതാക്കൂ
 3. കഞ്ഞിയും കറ്റയും ബാക്കി വച്ചല്ലയോ
  നന്ദിനി പയ്യെങ്ങോ പോയി
  അമ്മയെ വേർപെട്ട പൈക്കിടാ മുത്തിനെ
  കണ്ടില്ലൊരു നോക്ക് ഞാനും

  പ്രവാസത്തിൽ നിന്നുള്ള ഓരോ മടക്കയാത്രയും ഓർമ്മകളുടെ തീരത്തേക്കുള്ള കുതിപ്പാണ്. നന്ദിനിയെ കുറിച്ച് പണ്ട് അമ്പിളി എഴുതിയത് ഞാനോർക്കുന്നു. ഒത്തിരി സങ്കടത്തോടെ. ഇവിടെ ഒന്നും വിടാതെ വരികളിൽ ഗതകാല സ്മരണകൾ പതുക്കെ തെളിഞ്ഞു വരുന്നത് കാണാം.

  ഒട്ടുനേരം ഇടനാഴിയിൽ നിൽക്കവേ
  തൊട്ടു വിളിയ്ക്കുന്നോരോർമ്മകളിൽ
  കണ്ടുനിന്നീടണം അന്നീ തെളിവാനിൽ
  വിട്ടു ഞാൻ പോന്നോരു പക്ഷികളെ :)

  മറുപടിഇല്ലാതാക്കൂ
 4. " അക്ഷരം കൊത്തിയ കല്ലുപാളി, നോവും
  നെഞ്ചോടു ചേർത്ത് പടി കയറി
  അങ്കണത്തിൻ നടുക്കന്നാദ്യമായ് പൂത്തു-
  ലഞ്ഞോരു ചെന്തളിർ വാക തേടി
  ഒട്ടുനേരം ഇടനാഴിയിൽ നിൽക്കവേ
  തൊട്ടു വിളിയ്ക്കുന്നോരോർമ്മകളിൽ
  കണ്ടുനിന്നീടണം അന്നീ തെളിവാനിൽ
  വിട്ടു ഞാൻ പോന്നോരു പക്ഷികളെ"

  മനോഹരം!

  ഓണത്തിന്റെ മാധുര്യത്തോടെ നല്ലൊരു അവധിക്കാലം ആശംസിയ്ക്കുന്നു...

  മറുപടിഇല്ലാതാക്കൂ
 5. മനോഹരമായ കവിത. പഴയ കാല കവികളുടെ കവിത വായിക്കുന്ന ഒരനുഭൂതി.

  മഞ്ചാടി മണി കവർന്നെടുത്ത സന്ധ്യയെ അവസാന വരികളിലെ നഷ്ട്ടപ്പെട്ട പ്രണയവുമായി ശരിയായി കൂട്ടി ചേർക്കാൻ കഴിഞ്ഞോ എന്നൊരു സംശയം.

  ആശംസകൾ.

  മറുപടിഇല്ലാതാക്കൂ
 6. കൊള്ളാലോ...
  ഒരതിഥിയായ് കാണാനെത്തിയതാ...
  മനോഹരം,,,
  എഴുത്തി൯റെ ലോകത്തെ നിലക്കാത്ത സ്വരമായി മാറട്ടെ...
  ആശംസകള്..

  മറുപടിഇല്ലാതാക്കൂ
 7. അവസാന വരികള്‍ സൂപ്പര്‍

  മറുപടിഇല്ലാതാക്കൂ
 8. മുറ്റത്ത്‌ കാത്തെന്നെ നിൽപ്പുണ്ട് തേന്മാവിൻ
  ചില്ലമേലാടുന്ന പൂങ്കുലകൾ
  രണ്ടുമൂന്നെണ്ണി ഞാൻ നാൾ തീർക്കവേ കാണാം
  കണ്ണിമാങ്ങച്ചുണച്ചുണ്ടുകളെ
  മൂന്ന് വിരൽ ചേർത്തെടുത്തോരു ഭസ്മത്തിൻ
  കൂട്ടു വരഞ്ഞോരു മേനി
  കാട്ടും മിടുക്കോടെ പൂവാലനണ്ണാറ-
  ക്കണ്ണനോടും തൊടിയുണ്ടേ

  നാടന്‍ കാഴ്ചകളുടെ ഓര്‍മ്മകള്‍ മനോഹരം.

  മറുപടിഇല്ലാതാക്കൂ